വയനാട് ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായത്. പകരം പാലം നിര്‍മിക്കുകയെന്നതായിരുന്നു പ്രതിസന്ധി. കനത്തമഴയും കല്ലും ചെളിയുമെല്ലാം അതിന് പ്രതിബന്ധങ്ങളായി. പക്ഷേ, വെറും 31 മണിക്കൂര്‍ കൊണ്ട് ഇന്ത്യന്‍ സൈന്യം ബെയ്‌ലി പാലം നിര്‍മിച്ചതോടെ ഇനി കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവും.
ബെംഗളൂരുവില്‍നിന്നുള്ള മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പാണ് (എം.ഇ.ജി) ഈ പാലം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ചത്. എന്‍ജിനീയര്‍ വിഭാഗത്തിലെ ഏക വനിതാ ഉദ്യോഗസ്ഥ കൂടിയായ മേജര്‍ സീത ഷെല്‍ക്കെയുടെ നേതൃത്വത്തിലായിരുന്നു പാലം നിര്‍മാണം. 160-ഓളം പേരുടെ കഠിനാധ്വാനമായിരുന്നു ഇതിനുപിന്നില്‍. പാലത്തിലൂടെ സൈന്യത്തിന്റെ ട്രക്കുകളോടിച്ച് അതിന്റെ ബലം ഉറപ്പുവരുത്തുകയും ചെയ്തു സൈന്യം. അതോടെ മേജര്‍ സീത ഷെല്‍ക്കെയെയും എം.ഇ.ജി.യെയും പ്രശംസകൊണ്ട് മൂടുകയാണ് ആളുകള്‍.
സൈന്യത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന വിഭാഗമാണ് എം.ഇ.ജി. മദ്രാസ് സാപ്പേഴ്‌സ് എന്നും ഇവര്‍ അറിയപ്പെടുന്നു. ബംഗാള്‍ സാപ്പേഴ്‌സ്, ബോംബെ സാപ്പേഴ്‌സ് എന്നീ എന്‍ജിനീയര്‍ വിഭാഗവും സൈന്യത്തിനുണ്ടെങ്കിലും, ഏറ്റവും പഴക്കമേറിയത് മദ്രാസ് സാപ്പേഴ്‌സ് തന്നെയാണ്. 1780-ലാണ് ഇത് രൂപീകരിക്കപ്പെട്ടത്. അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള സൈന്യത്തെ സഹായിക്കാനായാണ് എം.ഇ.ജി ഉണ്ടാവുന്നത്. തുടക്കകാലത്ത് പേര് മദ്രാസ് പയനീര്‍ ആയിരുന്നു. പിന്നീടത് മദ്രാസ് സാപ്പേഴ്‌സ് ആന്‍ഡ് മൈനേഴ്‌സ് എന്നായി.

പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് എം.ഇ.ജി.യുടേത്. യുദ്ധമുഖത്ത് സൈന്യത്തിന് വഴിയൊരുക്കുക, കിടങ്ങുകള്‍ കുഴിക്കുക, പാലങ്ങള്‍ നിര്‍മിക്കുക, കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുക, പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുക, റോഡുകളും പാലങ്ങളും നിര്‍മിക്കുക...ഇതെല്ലാം ഇവരുടെ പ്രവര്‍ത്തനത്തില്‍ പെടുന്നു.
മദ്രാസ് സാപ്പേഴ്‌സിലെ ഏക വനിത കൂടിയാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്നുള്ള മേജര്‍ സീത. അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കയുടെ നാലുമക്കളില്‍ ഒരാളാണ് മേജര്‍. അഹമ്മദ് നഗറിലെ എന്‍ജിനിയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷം, 2012-ലാണ് അവര്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്.
Content Highlights: major sita shelke, who leads the group to construct bailey bridge in chooralmala
Published: 02 Aug 2024, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented