ഒരു കാസിനോവ ഇമേജുമായിട്ടാണ് ഇമ്രാൻ ഹാഷ്മി കുറേനാൾ ബോളിവുഡിൽ നിറഞ്ഞുനിന്നത്. അതിനുശേഷം നല്ല റോളുകളുമായി ഗംഭീരമാക്കി തന്റെ സിനിമാഭിനയത്തിന്റെ രണ്ടാം ഘട്ടം. 'ഹക്ക്' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ റോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

To advertise here,

എന്നാൽ, ഒരു കാലത്ത് സീരിയൽ കിസ്സർ എന്നായിരുന്നു ഇമ്രാൻ അറിയപ്പെട്ടിരുന്നത്. അനുരാഗ് ബസുവിന്റെ 'മർഡർ' (2004) എന്ന സിനിമയാണ് ഇമ്രാന്റെ കരിയറിൽ ബ്രേക്കാവുന്നത്. ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും വളരെ കൂടുതലായിരുന്നു സിനിമയിൽ. 20-ഓളം ചുംബനരംഗങ്ങൾ. അതിനുശേഷം വന്ന ഓരോ സിനിമയിലും ഒരു ചുംബനരംഗമെങ്കിലുമുണ്ടായിരുന്നു, ഇമ്രാന്റേതായിട്ട്. വൈകാതെ സീരിയൽ കിസ്സർ എന്ന പേര് വന്നു അദ്ദേഹത്തിന്. എല്ലാ നടിമാരെയും ചുംബിക്കുന്ന താരം, ചുംബനത്തിനായി നിർബന്ധിക്കപ്പെടുന്നു...അങ്ങനെ പലതും അന്ന് പറഞ്ഞുകേട്ടു. ഇമ്രാന്റെ പിന്നീടിറങ്ങിയ സിനിമകളെല്ലാം ആ പേര് ഊട്ടിയുറപ്പിച്ചു. സെഹർ, തുംസാ നഹീ ദേഖാ, ആഷിഖ് ബനായാ ആപ്നെ, അക്സർ, മർഡർ 2, മർഡർ 3, ഗ്യാങ്സ്റ്റർ: എ ലവ് സ്റ്റോറി, ക്രൂക്ക്...ലിസ്റ്റ് നീളും. ആ ഇമേജിൽനിന്ന് എങ്ങനെ പുറത്തുകടന്നുവെന്ന് തുറന്നുപറയുകയാണിപ്പോൾ ഇമ്രാൻ.

തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ ഒരു മോശം ആൺകുട്ടി, റൊമാന്റിക് ഹീറോ എന്നിങ്ങനെയുള്ള ഇമേജിൽ താൻ ഒതുങ്ങി നിന്നിരുന്നുവെന്ന് ഇമ്രാൻ സമ്മതിക്കുന്നു. ''എന്നാൽ അതൊന്നും എനിക്ക് മാത്രം സംഭവിച്ചതല്ല. ഇന്ത്യയിലും വിദേശത്തുമായി പലരും ഇത്തരം സ്റ്റീരിയോടൈപ്പ് റോളുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്''.

എന്നിരുന്നാലും, ആ ഇമേജും 'സീരിയൽ കിസ്സർ' എന്ന ടാഗും തനിക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് ഇമ്രാൻ സമ്മതിക്കുന്നു. ''ആ സിനിമകളെല്ലാം വാണിജ്യവിജയങ്ങളായിരുന്നു. ഞാൻ സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചതും ആ പേരിൽ തന്നെ. എനിക്ക് സിനിമകൾ കിട്ടാൻ ആ ടാഗ് ഒരുപാട് ഉപകാരപ്പെട്ടു''.

എന്നാൽ വർഷങ്ങളോളം ആ വേഷങ്ങൾ ചെയ്തതിന് ശേഷം, പുതിയ പ്രേക്ഷകർ വരുന്നതായി കണ്ടപ്പോൾ, ഒരു മാറ്റത്തിനുള്ള സമയമാണിതെന്ന് ഇമ്രാൻ മനസ്സിലാക്കി. ''ഒരു ദശാബ്ദക്കാലത്തെ അഭിനയത്തിന് ശേഷം, പ്രേക്ഷകർ മാറുന്നുവെന്ന് ഞാൻ മനസ്സിലാക്കി. അടുത്ത തലമുറ തിയേറ്ററുകളിലേക്ക് വരുന്നു. ആ പുതിയ പ്രേക്ഷകർക്കായി സ്വയം പുനർനിർമ്മിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ മാറേണ്ടത് എനിക്ക് വളരെ പ്രധാനമായിരുന്നു'' അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആവാരാപൻ 2, ജി2, ഗൺമാസ്റ്റർ ജി9 എന്നിവയാണ് ഇമ്രാന്റെ റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi