ഗോസ്റ്റ് ടൂറിസം, ഡിസാസ്റ്റർ ടൂറിസം...എന്തിലും വിനോദസഞ്ചാരസാധ്യതകൾ കാണുന്ന കാലത്ത്, പുതിയൊരു വിനോദസഞ്ചാരവുമായി എത്തുകയാണ് ജാർഖണ്ഡ് സർക്കാർ. മൈനിങ് ടൂറിസം അഥവാ ഖനികളിലെ വിനോദസഞ്ചാരം അതാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നിർദേശപ്രകാരമാണിത് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് മൈനിങ് ടൂറിസം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചുകഴിഞ്ഞു.

ബാർസിലോണയിലെ ഗാവാ മൈൻ മ്യൂസിയം കണ്ടപ്പോഴാണ്, ഇത്തരമൊരു ആശയത്തെക്കുറിച്ച് മുഖ്യമന്ത്രി ചിന്തിക്കുന്നത്. മൈനിങ് സംസ്ഥാനം എന്നാണ് ജാർഖണ്ഡ് അറിയപ്പെടുന്നത്. ഇന്ത്യയുടെ മൊത്തം ധാതുസമ്പത്തിന്റെ ഏകദേശം 40 ശതമാനത്തോളവുമുള്ളത് ജാർഖണ്ഡിലാണ്. കൽക്കരിക്കൊപ്പം ചുണ്ണാമ്പുകല്ല്, കളിമണ്ണ് എന്നിവയും ഇവിടെയുണ്ട്. ഖനനത്തിന്റെ സാധ്യതകൾ മുൻകൂട്ടിക്കണ്ട് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൽക്കരി ഖനികളുള്ളത് രാംഗഡ് ജില്ലയിലാണ്. ദാമോദർ വാലിയോട് ചേർന്നാണ് ജില്ലയിലെ കൽക്കരിപ്പാടങ്ങൾ കൂടുതലുമുള്ളത്. അതിൽ ഏറ്റവും പേരുകേട്ട നോർത്ത് ഉറിമറി ഖനിയിലാണ് ആദ്യമായി മൈനിങ് ടൂറിസം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. 10-20 പേരടങ്ങിയ സംഘമായിട്ടാണ് സഞ്ചാരികളെ കൊണ്ടുപോവുക. അതിനൊപ്പം ഖനികളോട് ചേർന്നുള്ള മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്ര കൂടി ഇതിലുൾപ്പെടും.

രണ്ട് റൂട്ടിലായിട്ടാണിത് പ്ലാൻ ചെയ്തിരിക്കുന്നത്. രാജ്‌റപ്പ, പത്രതു റൂട്ടുകളാണവ. രാജ്‌റപ്പയിൽ ഖനികൾക്കൊപ്പം ചിന്നമസ്തികക്ഷേത്രവും ഉൾപ്പെടുന്നു. 2800 രൂപയാണ് ഫീസ്. പത്രതു റൂട്ടിലെ ചാർജ് 2500 രൂപയാണ്.

ഖനിയിലെ പ്രവർത്തനങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, ഖനനത്തൊഴിലാളികളുടെ ദൈനംദിനജീവിതം എന്നിവ അടുത്തുനിന്ന് കാണാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിക്കുക. തുടക്കത്തിൽ വിദ്യാർഥികൾ, സാഹസികത ഇഷ്ടപ്പെടുന്നവർ തുടങ്ങിയവരെയാണ് ലക്ഷ്യമിടുന്നത്.

വിദേശത്ത് നേരത്തെ തന്നെ പ്രചാരത്തിലുള്ളതാണ് മൈനിങ് ടൂറിസം. ഇംഗ്ലണ്ടിലെ ഡോലൗക്കോത്തി സ്വർണഖനി, സ്വീഡനിലെ ഫാലുൺ ഖനി, എന്നിവയാണ് അതിൽ പ്രധാനം. 2000-ത്തിലേറെ വർഷം പഴക്കമുള്ള റോമൻ സ്വർണഖനികളെക്കുറിച്ച് ഇവിടെ ചെന്നാൽ മനസ്സിലാക്കാൻ കഴിയും. ഭക്ഷണം, ഷോപ്പിങ്, സ്വർണം കണ്ടെത്താനുള്ള അവസരം വരെ ഇവിടെ അവസരമുണ്ട്.

സ്വീഡനിലെ ഏറ്റവും വലിയ ചെമ്പ് ഖനിയാണ് ഫാലുൺ. യൂറോപ്പിലേക്കാവശ്യമായ ചെമ്പിന്റെ പകുതിയിലേറെയും ഇവിടെനിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലിടം പിടിച്ചിട്ടുണ്ട് ഫാലുൺ. ഒരു മൈൻ മ്യൂസിയവുമുണ്ട് ഇവിടെ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ :https://mbi.page.link/grihalakshmi