കോടതിയിൽ എതിരാളിയെ നേരിടുന്നതുപോലെ ജീവിതത്തിലും ചില ഘട്ടങ്ങളിൽ നമ്മൾ പോരാടേണ്ടിവരും. ചിലപ്പോൾ തോൽക്കും. ചിലപ്പോൾ തളരും. എല്ലാം അവസാനിപ്പിച്ചാലോ എന്നുപോലും തോന്നാം. അത്തരം നിമിഷങ്ങളിൽ വീണ്ടും എഴുന്നേറ്റ് നിൽക്കാൻ നമ്മെ പഠിപ്പിക്കുന്ന ഒന്നാണ് കായികം(Sports). വിഷാദത്തിലൂടെ കടന്നുപോയ കാലത്ത് താൻ ഏതാണ്ട് എല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ദീപിക പദുക്കോൺ. എന്നാൽ ആ ഇരുണ്ട കാലത്ത് തിരിച്ചുവരാനുള്ള കരുത്ത് നൽകിയതിൽ കായികത്തിനും വലിയ പങ്കുണ്ടെന്നാണ് താരം പറയുന്നത്.
2016ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് വേദിയിൽ സംസാരിക്കുമ്പോൾ ദീപിക ഒരു നടിയായിരുന്നില്ല, കായികതാരമായാണ് തന്റെ അനുഭവം പങ്കുവച്ചത്. ചെറുപ്പം മുതൽ ബാഡ്മിന്റണിൽ പരിശീലനം നേടിയ ദീപികയ്ക്ക് സ്‌പോർട്‌സ് ശരീരത്തെ ഫിറ്റാക്കാനുള്ള ഒരു മാർഗം മാത്രമായിരുന്നില്ല. ജീവിതത്തെ നേരിടാനുള്ള ഒരു പരിശീലനം കൂടിയായിരുന്നു.
Also Read
അച്ഛൻ പഠിപ്പിച്ച 3D's
മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരവും ദീപികയുടെ പിതാവുമായ പ്രകാശ് പദുക്കോണാണ് ചെറുപ്പത്തിൽ തന്നെ ദീപികയ്ക്ക് സ്പോർട്സിന്റെ ചില അടിസ്ഥാന പാഠങ്ങൾ പകർന്നുനൽകിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂന്ന് 'ഡി'കളായിരുന്നു.
Dedication (അർപ്പണബോധം)
Discipline (അച്ചടക്കം)
Determination (ദൃഢനിശ്ചയം)
ഒരു മത്സരത്തിൽ വിജയിക്കാനുള്ള ഗുണങ്ങൾ മാത്രമായിരുന്നില്ല ഇവ. ജീവിതത്തിൽ മുന്നോട്ടുപോകാനും ഈ ഗുണങ്ങൾ ആവശ്യമാണ്. “തോൽവിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്‌പോർട്‌സ് എന്നെ പഠിപ്പിച്ചു. വിജയത്തെയും അതുപോലെ നേരിടാൻ പഠിപ്പിച്ചു. എനിക്ക് ഏതാണ്ട് എല്ലാം ഉപേക്ഷിക്കാമെന്ന് തോന്നിയിരുന്ന കാലമുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടമായിരുന്നുവത്. വിഷാദത്തോട് പോരാടിയിരുന്ന ആ കാലത്ത് എനിക്ക് മുന്നോട്ടുപോകാനുള്ള ശക്തി നഷ്ടപ്പെട്ടു. എന്നാൽ അപ്പോഴാണ് ഉള്ളിലെ കായികതാരം എന്നെ വീണ്ടും പിടിച്ചുയർത്തിയത്. മത്സരത്തിൽ വീണാൽ വീണ്ടും എഴുന്നേറ്റ് കളിക്കണമെന്ന മനോഭാവം ജീവിതത്തിലും സഹായിച്ചു. ഒരിക്കലും പിന്മാറരുത് എന്ന പാഠം എനിക്ക് കരുത്തേകി” ദീപിക തുറന്നുപറഞ്ഞു.
പല പെൺകുട്ടികളുടെയും ജീവിതത്തിൽ പഠനവും പിന്നീട് ജോലിയും കുടുംബവും ഉത്തരവാദിത്വങ്ങളുമൊക്കെയായി അവരുടെ ഇഷ്ട വിനോദങ്ങളിൽനിന്ന് അല്ലെങ്കിൽ കായിക ഇനങ്ങളിൽനിന്ന് പതിയെ പിന്നോട്ട് വലിയാറുണ്ട്. വിവാഹം, മാതൃത്വം, ജോലി, വീട്ടിലെ ചുമതലകൾ...അങ്ങനെ ഓരോ ഘട്ടത്തിലും സ്വന്തം ശരീരത്തിനും മനസ്സിനുമായി മാറ്റിവയ്ക്കുന്ന സമയവും കുറയും. എന്നാൽ കായികമെന്നത് ശരീരത്തിന് വേണ്ടിയുള്ളത് മാത്രമല്ല. സ്വന്തം കഴിവുകളെ തിരിച്ചറിയാനും, തെറ്റുകൾ വരുത്താനും, തോൽക്കാനും, വീണ്ടും ശ്രമിക്കാനുമൊക്കെ അത് നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒരു മത്സരത്തിൽ തോൽക്കുന്നതുകൊണ് ഒരിക്കലും നമ്മൾ തോറ്റ മനുഷ്യരാകുന്നില്ല. അടുത്ത ദിവസം വീണ്ടും പരിശീലനത്തിന് ഇറങ്ങുന്നു. വീണ്ടും ശ്രമിക്കുന്നു. ജീവിതത്തിലും അതേ മനോഭാവം ആവശ്യമാണ്. ജോലിയിലെ ഒരു പരാജയം, ബന്ധത്തിലെ തകർച്ച, അമ്മയെന്ന നിലയിലെ ഒരു പിഴവ്, സ്വന്തം ലക്ഷ്യങ്ങളിൽ സംഭവിക്കുന്ന വീഴ്ച... ഇവയൊന്നും ജീവിതത്തിന്റെ അവസാനമല്ല. വീണ്ടും തുടങ്ങാനുള്ള അവസരങ്ങളാണ്.
അതുകൊണ്ടുതന്നെ ദീപികയുടെ കായികാനുഭവം അത്ലറ്റുകൾക്ക് മാത്രമുള്ള സന്ദേശമല്ല. ജീവിതത്തിൽ പലതവണ വീണുപോയിട്ടും വീണ്ടും തുടങ്ങാൻ ശ്രമിക്കുന്ന ഓരോ സ്ത്രീക്കുമുള്ള പാഠം കൂടിയാണ്. വീഴുന്നത് പരാജയമല്ല, വീണിടത്ത് തന്നെ തുടരുന്നതാണ് പിന്മാറ്റം. ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലായ്പോഴും നമുക്ക് നിയന്ത്രിക്കാനാകില്ല. പക്ഷേ ഒരു കാര്യം പരിശീലിക്കാം; വീണ്ടും എഴുന്നേറ്റ് നിന്ന്, വീണ്ടും ശ്രമിക്കാം, വീണ്ടും മുന്നോട്ടുപോകാം...
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: deepika-padukone-sports-depression-resilience-lessons
Published: 19 Aug 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented