
ഒരു ബന്ധത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ളത് ആ വ്യക്തിയെ മറക്കുന്നതല്ല. 'എനിക്ക് സംഭവിച്ചത് യഥാർഥത്തിൽ എന്തായിരുന്നു?' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ്. ഒരിക്കൽ അമിതമായി സ്‌നേഹിച്ച അതേ വ്യക്തി പിന്നീട് എങ്ങനെ തന്നെ വേദനിപ്പിച്ചു? എന്തുകൊണ്ടാണ് വീണ്ടും വീണ്ടും അതേ ബന്ധത്തിലേക്ക് തിരിച്ചുപോകുന്നത്? എന്തുകൊണ്ടാണ് ബന്ധം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടും മനസ്സ് അതിന് തയ്യാറാകാത്തത്? ഇങ്ങനെ ഒരു കുന്നോളം ചോദ്യങ്ങളും സംശയങ്ങളുമായി മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും.
അടുത്തിടെ നടി അനുപമ പരമേശ്വരൻ തന്റെ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് ബന്ധങ്ങളിലെ വൈകാരിക നിയന്ത്രണവും നാർസിസിസ്റ്റിക് അബ്യൂസും വീണ്ടും ചർച്ചയായത്. എന്നാൽ ഒരാളുടെ പെരുമാറ്റത്തെ മാത്രം അടിസ്ഥാനമാക്കി അയാൾക്ക് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) ഉണ്ടെന്ന് തീരുമാനിക്കാനാകില്ല. രോഗനിർണയം വിദഗ്ധർ മാത്രമാണ് നടത്തേണ്ടത്. അതേസമയം, ഒരു ബന്ധത്തിൽ narcissistic traits അല്ലെങ്കിൽ emotional abuse ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ സഹായിക്കുന്ന ചില പെരുമാറ്റരീതികളുണ്ട്.
Also Read
എന്താണ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ?
ആത്മാനുരാഗ വ്യക്തിത്വ വൈകല്യം, അതാണ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ. ഈ വ്യക്തിത്വ വൈകല്യമുള്ളവർക്ക് അവരവരെ മാത്രമേ സ്‌നേഹിക്കാൻ പറ്റൂ. മറ്റുള്ളവരെയൊന്നും അംഗീകരിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല എന്നുള്ളതാണ് ഇവരുടെ പ്രത്യേകത. തങ്ങൾ മനുഷ്യവംശത്തിന് ലഭിച്ച അനുഗ്രഹമാണ്, തങ്ങളുടെ ചുറ്റും നിൽക്കുന്നവർക്ക് ഒരു വരദാനമാണ് എന്നെല്ലാം അവർ അടിയുറച്ച് വിശ്വസിക്കുന്നു.
മറ്റു പലരുടെയും നേട്ടങ്ങളോടും വിജയങ്ങളോടും കടുത്ത അസഹിഷ്ണുത അവരുടെ മനസ്സിലുണ്ടാകും. എന്നാൽ പറഞ്ഞുനടക്കുന്നതോ, മറ്റുള്ളവർക്ക് തന്നോട് അസൂയയാണെന്ന തരത്തിലും.
ഗ്രീക്ക് മിത്തോളജിയിലെ 'നാർസിസസ്' എന്നു പറയുന്ന ഒരു കഥാപാത്രത്തിന്റെ സ്വഭാവത്തിൽ നിന്നാണ് ഈ വ്യക്തിത്വ വൈകല്യത്തിന് പേരുവന്നത്. ഗ്രീസിലെ സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു നാർസിസസ്. അദ്ദേഹം അതീവ സുന്ദരനായിരുന്നു. ഒരുപാട് പെൺകുട്ടികൾക്ക് അദ്ദേഹത്തോട് തീവ്രമായ പ്രണയമുണ്ടായിരുന്നു. പക്ഷേ നാർസിസസ് കരുതിയിരുന്നത് ഈ സ്ത്രീകൾക്കൊന്നും തന്റെ കാമുകിയാകാനുള്ള യോഗ്യതയില്ല എന്നായിരുന്നു. അതുകൊണ്ട് നിഷ്‌കരുണം ആ പ്രണയാഭ്യർത്ഥനകളെയൊക്കെ അദ്ദേഹം നിരസിക്കുകയും അവരെ പരിഹസിക്കുകയും ചെയ്തു.
ഒരിക്കൽ ഒരു ഗ്രീക്ക് ദേവതയുടെ മകൾ ഇതേപോലെ നാർസിസസിൽ അനുരക്തയായി പ്രണയാഭ്യർത്ഥന നടത്തി. പക്ഷേ ആ സ്ത്രീയെ അവഹേളിച്ചുകൊണ്ട് അദ്ദേഹം അത് നിരസിച്ചു. ആ വേദന സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു. ആ സമയത്ത് ഗ്രീക്ക് ദേവത നാർസിസസിനെ ശപിച്ചു, 'നിങ്ങൾ നിങ്ങളുടെ സ്വന്തം സൗന്ദര്യത്തിൽ അഭിരമിച്ച് വെള്ളം പോലും കുടിക്കാതെ മരിച്ചുപോകട്ടെ' എന്ന്. പിന്നീട് അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു.
ഒരിക്കൽ ഒരു കാട്ടിൽ യാത്രയ്ക്ക് പോയപ്പോൾ ഒരു അരുവിയുടെ അടുത്തേക്ക് നാർസിസസ് എത്തിച്ചേർന്നു. വെള്ളം കുടിക്കാൻ വേണ്ടി ആ അരുവിയിലേക്ക് ചെന്നപ്പോൾ സ്വന്തം മുഖത്തിന്റെ പ്രതിച്ഛായ ആ തെളിനീരുറവയിൽ കണ്ട്, അതിലേക്ക് അദ്ദേഹം പൂർണ്ണമായും മുഴുകിപ്പോയി. വെള്ളം കുടിക്കാൻ മറന്നുപോയ നാർസിസസ് ദാഹിച്ച് മരിച്ചുവീണു എന്നാണ് കഥ.
നാർസിസിസ്റ്റ് ആയ ഒരു വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ:
ഒന്ന്, അവർ എപ്പോഴും അവരവരെക്കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരിക്കും. 'ഞാൻ കൈവരിച്ച നേട്ടങ്ങൾ', 'എന്റെ കഴിവുകൾ'...തുടങ്ങി ഇത്തരം കാര്യങ്ങളായിരിക്കും. തുടക്കത്തിൽ വളരെ മനോഹരമായി സംസാരിക്കുകയും തത്വചിന്തയും സാഹിത്യവും ജീവിതദർശനങ്ങളും ഒക്കെ മനോഹരമായ ഭാഷയിൽ പറയുകയുമൊക്കെ ചെയ്ത് ഒരു ഇനിഷ്യൽ ഇംപ്രഷൻ ഇവർ ഉണ്ടാക്കിയെടുക്കും. എന്നാൽ ക്രമേണ ഇക്കൂട്ടർ ഈ പുറംമോടി മാത്രമാണ് ഇതിലൂടെ പ്രദർശിപ്പിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും. അവരുടെ മികച്ച വായനാശീലവും അറിവുമൊക്കെ നമ്മുടെ മുൻപിൽ പ്രദർശനത്തിന് വിധേയമാക്കുന്നു എന്നുള്ളതിനപ്പുറം ആഴത്തിലുള്ള ഒരു അനുതാപമോ മനുഷ്യത്വമോ സ്‌നേഹമോ ഇവർക്കില്ല എന്ന് പതിയേ മനസ്സിലാകും.
മറ്റേതെങ്കിലും വ്യക്തിയുടെ നല്ല കാര്യങ്ങൾ നമ്മൾ ഇവരോട് പറഞ്ഞാൽ ഇവർ അസഹിഷ്ണുക്കളാകും, ദേഷ്യപ്പെടും. അല്ലെങ്കിൽ ഈ പറഞ്ഞ, ഏത് വ്യക്തിയെക്കുറിച്ചാണോ നല്ലത് പറഞ്ഞത് ആ വ്യക്തിയുടെ സ്വഭാവത്തിലുള്ള മറ്റാർക്കും അറിഞ്ഞുകൂടാത്ത കുറെ ദൂഷ്യങ്ങൾ (പലപ്പോഴും സാങ്കൽപ്പികമായ കാര്യങ്ങൾ) പറയും. പലപ്പോഴും തങ്ങളുടെ പൂർണ്ണമായ വിധേയത്വത്തിലാണ് മറ്റുള്ളവർ എന്ന് ഉറപ്പുവരുത്താൻ ഇവർ പലതും ചെയ്യും. അതിനുള്ള ഒരു മാർഗ്ഗമാണ് ‘ഗ്യാസ് ലൈറ്റിംഗ്’.
ഗ്യാസ് ലൈറ്റിംഗ് എന്നാൽ, ഇന്ന് ഇപ്പോൾ ഉച്ചയ്ക്ക് രണ്ട് മണി സമയത്ത് 'ഇത് രാത്രി 10മണിയാണ്, കണ്ടില്ലേ വലിയ ഇരുട്ട്?' എന്ന് ആധികാരികമായി ആത്മവിശ്വാസത്തോടെ പറയും. ഇത് കേൾക്കുന്ന മറുവശത്തുള്ള വ്യക്തി, അദ്ദേഹം നല്ല വെളിച്ചം കാണുന്നുണ്ടെങ്കിൽ പോലും 'എന്റെ കണ്ണിന് എന്തെങ്കിലും കുഴപ്പം പറ്റിയതാണോ? ഇപ്പോൾ രാത്രി തന്നെയാണോ?' എന്ന് ആശങ്കപ്പെട്ടുപോകും. ഇത്തരത്തിൽ വളരെ തികഞ്ഞ ആത്മവിശ്വാസത്തോടെ കള്ളം പറഞ്ഞ്, സത്യവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മറുവശത്തുള്ള വ്യക്തിയുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു രീതിയാണ് ഗ്യാസ് ലൈറ്റിംഗ്. അത് ഈ ആത്മാനുരാഗ വ്യക്തിത്വ വൈകല്യം ഉള്ളവർ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്.
അതുപോലെ മറ്റൊരു തന്ത്രമാണ് 'കാറ്റ് ആൻഡ് മൗസ് ഗെയിം'. അതായത് പലപ്പോഴും ഇവർ ചില വ്യക്തികളോട് ആദ്യഘട്ടത്തിൽ അമിതമായ സ്‌നേഹം പ്രകടിപ്പിക്കും. പൂർണ്ണമായും അവരെ മാനസികമായി വിധേയരാക്കി മാറ്റും. അത് കഴിയുമ്പോൾ പിന്നീട് ചിലപ്പോൾ അവരെ പൂർണ്ണമായി അവഗണിക്കും. അവരുടെ മുൻപിൽ വച്ച് മറ്റ് സ്ത്രീകളോട് പരിധിവിട്ട അടുപ്പം കാണിക്കും. ചിലപ്പോൾ അവരുടെ കോളുകൾക്കും മെസ്സേജുകൾക്കും ഒന്നും മറുപടി കൊടുക്കാതിരിക്കും. കുറച്ചുദിവസമായിട്ടും താൻ ഇഷ്ടപ്പെടുന്ന വ്യക്തി ഒരുതരത്തിലുള്ള ഒരു പ്രതികരണവും നൽകാതെയാകുമ്പോൾ ആ പെൺകുട്ടി മാനസികമായി തകരും. മനസ്സുകൊണ്ട് ഈ ബന്ധത്തിൽ നിന്ന് പുറത്തുകടക്കാം എന്ന് വിചാരിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം രാവിലെ കാമുകൻ വീണ്ടും വിളിക്കും. ആ വിളി കേട്ടിട്ട് കാമുകി ഓടിച്ചെല്ലും. അതാണ് അദ്ദേഹത്തിന് വേണ്ടത്. താൻ എത്ര ദിവസം അവഗണിച്ച് അകറ്റി നിർത്തിക്കഴിഞ്ഞാലും തന്റെ ഒരു വിളി കേൾക്കുമ്പോൾ അവൾ വീണ്ടും ഓടിവരുന്നു, അത്രയ്ക്ക് മാനസികമായി അവൾ എനിക്ക് കീഴ്‌പ്പെട്ടുപോയി എന്ന് തിരിച്ചറിയുന്നിടത്താണ് അവർക്കൊരു ആഹ്ലാദവും ഉത്തേജനവും കിട്ടുന്നത്.
നാർസിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോർഡേഴ്‌സ് രണ്ടുതരം:
സെറിബ്രൽ നാർസിസിസ്റ്റ് (അല്ലെങ്കിൽ ബൗദ്ധിക ആത്മാനുരാഗി): തന്റെ ബുദ്ധിപരമായ കഴിവുകൾ, വായനാശീലം, ബുദ്ധിശക്തി, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, ജീവിത സാഹചര്യങ്ങളിൽ കൃത്യമായ ലക്ഷ്യബോധം പകർന്നു കൊടുക്കാനുള്ള കഴിവ് തുടങ്ങിയവ മറ്റാർക്കുമില്ലാത്തതാണ് എന്ന് കരുതി അതിൽ അഭിരമിച്ചു നടക്കുന്ന ഒരു വിഭാഗമാണ് ഇവർ.
സൊമാറ്റിക് നാർസിസിസ്റ്റ് (അല്ലെങ്കിൽ ശാരീരിക ആത്മാനുരാഗി): തന്റെ ശരീര സൗന്ദര്യം, ശരീരത്തിലെ പേശികൾ, തന്റെ ഉയരം, നിറം, ലൈംഗിക ശേഷി തുടങ്ങിയത് മറ്റാർക്കുമില്ലാത്തതാണ് എന്ന് കരുതി സ്വയം അഭിരമിച്ചു നടക്കുന്ന വിഭാഗമാണ്.
ഈ ആത്മാനുരാഗിയായ ഒരു വ്യക്തിക്ക് മറ്റൊരാളെ സ്‌നേഹിക്കാൻ കഴിയില്ല എന്നത് നമ്മൾ എപ്പോഴും മനസ്സിലാക്കേണ്ടതാണ്. അവർക്ക് വേണ്ടത് തന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുന്ന ആരാധകവൃന്ദത്തെ മാത്രമാണ്. ജീവിതപങ്കാളിയായാലും മക്കളാണെങ്കിലും തങ്ങളെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്താൽ മാത്രമേ അവരോട് എന്തെങ്കിലും തരത്തിലുള്ള ഒരു പോസിറ്റീവ് സമീപനം ഇദ്ദേഹത്തിന് ഉണ്ടാവൂ. എല്ലാത്തരം വിമർശനങ്ങളോടും തികഞ്ഞ അസഹിഷ്ണുത ഇദ്ദേഹം വെച്ചുപുലർത്തും. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിൽ കുറ്റപ്പെടുത്താൻ പോയാൽ അദ്ദേഹം പൊട്ടിത്തെറിക്കും. കുറ്റപ്പെടുത്തുന്ന വ്യക്തികളെ ജീവിതത്തിൽ നിന്ന് അകറ്റാനും സാധ്യതയുണ്ട്.
നാർസിസിസ്റ്റിക് വിക്ടിം സിൻഡ്രോം
ഈ ആത്മാനുരാഗ വ്യക്തിത്വമുള്ള വ്യക്തിയുമായി അടുപ്പത്തിലാകുന്ന പെൺകുട്ടിക്ക്, ക്രമേണയായിരിക്കും അദ്ദേഹം യഥാർത്ഥത്തിൽ തന്നെ സ്‌നേഹിക്കുന്നില്ല, ഒരു ഉപകരണമായി തന്നെ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുക. അത്തരം സന്ദർഭങ്ങളിൽ ആ ബന്ധത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമെങ്കിലും തീവ്രമായ മാനസിക സമ്മർദം അലട്ടും. പലപ്പോഴും അത് ഒരു ലഹരി വസ്തു പെട്ടെന്ന് ഉപയോഗിക്കാതെയാകുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള പിൻവാങ്ങൽ ലക്ഷണങ്ങൾ സൃഷ്ടിക്കും. തീവ്രമായ വിഷാദവും അമിത ഉത്കണ്ഠയും ഉറക്കമില്ലായ്മയും ആത്മവിശ്വാസക്കുറവുമൊക്കെ അവരെ വേട്ടയാടും.
ക്രമേണ താൻ ഈ വ്യക്തിക്ക് പൂർണ്ണമായും അടിമപ്പെട്ടുപോയി എന്ന് തിരിച്ചറിഞ്ഞ് ആ പെൺകുട്ടിയുടെ ആത്മവിശ്വാസം സമ്പൂർണ്ണമായി തകരുന്ന അവസ്ഥ വരും. പലപ്പോഴും ഈ ഘട്ടത്തിൽ തീവ്ര വിഷാദരോഗം ബാധിച്ച് ആത്മഹത്യാ പ്രവണത വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത്തരം ഘട്ടങ്ങളിൽ ഒരു സൈക്യാട്രിസ്റ്റിനെ നേരിട്ട് കണ്ട് കൃത്യമായ ചികിത്സയിലൂടെ അതിൽ നിന്ന് മോചനം നേടേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി ഒരു ആത്മാനുരാഗിയാണ് എന്ന് ബോധ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് ആ ബന്ധത്തിൽ നിന്ന് പുറത്തുകടക്കുക. ഒരു സൗഹൃദം പോലും പിന്നീട് ആ വ്യക്തിയുമായി സൂക്ഷിക്കാൻ ശ്രമിക്കരുത്. കാരണം ആ സൗഹൃദം നിലനിർത്തിക്കഴിഞ്ഞാൽപോലും വീണ്ടും നിങ്ങളെ അയാളുടെ പരിധിയിലേക്ക് വരുത്താനുള്ള ശ്രമങ്ങൾ പല രൂപത്തിൽ അയാൾ നടത്താം. ഒരുപക്ഷേ അയാളുടെ ജീവിതത്തിലെ കദനകഥകൾ പറഞ്ഞോ ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ചോ ഒക്കെ മനസ്സിൽ ഒരു സഹതാപം സൃഷ്ടിച്ചെടുത്ത് വീണ്ടും നിങ്ങളെ അവരുടെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഒരു ആത്മാനുരാഗിയുമായുള്ള ബന്ധത്തിൽ നിന്ന് പുറത്തുകടന്നാൽ പിന്നെ ആ വ്യക്തിയുമായി ഒരു തരത്തിലുള്ള ബന്ധവും പുലർത്താതെ എത്രയും സുരക്ഷിതമായ അകലം പാലിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: narcissistic-abuse-signs-gaslighting-relationships
Published: 18 Aug 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented