സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആളുകൾക്ക് സുപരിചിതനായ താരമാണ് ശരദ് കപൂർ. സ്വാഭിമാൻ എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകമനസ്സിൽ താരം ഇടംപിടിക്കുന്നത്. ജയ് ഹോ, ഏക് ഖിലാഡി ഏക് ഹസീന, എൽഒസി കാർഗിൽ, യേ ഹേ ജൽവാ, ജോഷ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങൾ. 2022-ൽ റിലീസായ 'ദി ഗുഡ് മഹാരാജ' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവുമൊടുവിലായി അഭിനയിച്ചത്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
അതിനിടയ്ക്കാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സഹായം ആവശ്യമാണെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോ വൈറലാവുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും ഒരു സന്നദ്ധസംഘടനയുടെ സ്ഥാപകയുമായ ഹേമ ചൗധരിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. തൊഴിലിനായും സാമ്പത്തിക സഹായത്തിനായും സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരോട് അഭ്യർത്ഥന നടത്തുന്ന ശരദ് കപൂറിന്റെ വീഡിയോയും പിന്നാലെ പുറത്തുവന്നു.
തനിക്കുണ്ടായ ചില ദുരനുഭവങ്ങളും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ചിലർ വന്ന് തന്റെ കൈയിൽ പണം നൽകുകയും, അതുവെച്ച് വീഡിയോ ചിത്രീകരിക്കുകയും, തുടർന്ന് ആ പണം തിരികെ വാങ്ങുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യവും ഹേമ ചൗധരി സ്ഥിരീകരിച്ചു. പല സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരും ശരദ് കപൂറിന്റെ ആരോഗ്യസ്ഥിതിയെ ചൂഷണം ചെയ്ത് ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന് അവർ ആരോപിച്ചു.
''അദ്ദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. അധികനേരം സംസാരിക്കാൻ അദ്ദേഹത്തിന് കഴിയില്ല; എന്തെങ്കിലും പറയാൻ ആഗ്രഹിക്കുമ്പോൾ മറ്റെന്തോ ആണ് പറഞ്ഞുപോകുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് ഞാൻ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ പറ്റി പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വളരെ മോശമായ അവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഞങ്ങൾ രക്ഷപ്പെടുത്തുകയായിരുന്നു. സഹായിക്കുന്നതിനായി, ആ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടി വന്നു. അതിൽ ഞങ്ങൾ വിജയിച്ചു; പലരും അദ്ദേഹത്തെ കാണാൻ മുന്നോട്ടുവന്നു, എന്നാൽ ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും അതേ അവസ്ഥയിൽ തന്നെയാണ്''.
ആരോ ശരദ് കപൂറിനെ പുറത്തുകൊണ്ടുപോയെന്നും വഞ്ചിച്ചെന്നും അവർ പറഞ്ഞു, ''ആരോ അവനെ വിളിച്ച് ഉച്ചഭക്ഷണം കഴിക്കാനെന്ന വ്യാജേന പുറത്തേക്ക് കൊണ്ടുപോയി. മറ്റൊരാൾ അവനെ എവിടെയോ കൊണ്ടുപോയി പണം നൽകുകയും, താൻ അവനെ സഹായിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇതിനെ 'സഹായം' എന്നല്ല, 'പ്രചാരണം' (പബ്ലിസിറ്റി) എന്നാണ് പറയേണ്ടത്''. മൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടനയുടെ സ്ഥാപകയാണ് ഹേമ. അത്തരം ഒരു ശ്രമത്തിനിടെയാണ് ശരദ് കപൂറിനെ കണ്ടെത്തിയതെന്നും അവർ പറയുന്നു.
'ദി ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒരു പോഡ്കാസ്റ്റിൽ ഹേമ ഇങ്ങനെ പറഞ്ഞു, ''അപ്പോഴേക്കും അദ്ദേഹത്തിന് സിനിമകളിൽ അവസരങ്ങൾ ലഭിക്കുന്നത് നിന്നുപോയിട്ടുണ്ടാകാം. അദ്ദേഹത്തിന്റെ സഹോദരനോട് സംസാരിച്ചപ്പോൾ, മറ്റൊരു സഹോദരനെ കാണാനായി ശരദ് പോയതായി പറഞ്ഞു. പിന്നീട് സഹോദരനെ വീണ്ടും വിളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. 'അദ്ദേഹത്തിന് നിങ്ങളുടെ സഹായം ആവശ്യമാണ്' എന്ന് ഞാൻ പറഞ്ഞിട്ടും, അദ്ദേഹം തിരികെ വിളിച്ചില്ല. ഒരുപക്ഷേ സഹോദരന് ഇതിൽ താത്പര്യമില്ലായിരിക്കാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കമോ മറ്റെന്തെങ്കിലുമോ ആകാം കാരണം''.
താരത്തിന്റെ മരണം കാത്തായിരുന്നു പലരും നിന്നിരുന്നതെന്നും ഹേമ പറയുന്നു. ''മൂന്നോ നാലോ പേർ അദ്ദേഹം മരിക്കുന്നത് കാത്തിരിക്കുകയായിരുന്നു. അദ്ദേഹം ഏതാണ്ട് മരണത്തിന്റെ വക്കിലെത്തിയിരുന്നു, 99 ശതമാനവും മരണം ഉറപ്പായ അവസ്ഥയിൽ. നായകളാണ് എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിച്ചത്. നായകളെ രക്ഷിക്കാൻ ചെന്നപ്പോഴാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കുളിച്ചിട്ടില്ല, കിടക്കയിൽ നിന്ന് എഴുന്നേറ്റിട്ടുമില്ല. ആരും അദ്ദേഹത്തെ വിളിക്കുകയോ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുകയോ ചെയ്തില്ല; അതുകൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യനില ക്രമേണ വഷളായിക്കൊണ്ടിരുന്നു''.
ഏകദേശം രണ്ട് വർഷമായി അദ്ദേഹം ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും, നാഡീസംബന്ധമായ അസുഖവുമുണ്ടെന്നും ഹേമ പറയുന്നു. കാൽ ഒടിഞ്ഞിട്ടുമുണ്ട്. എന്തായാലും ഒരുകാലത്ത് ഏറെ തിളങ്ങിനിന്ന താരത്തിന്റെ ഒറ്റപ്പെട്ട ജീവിതവും ആരോഗ്യപ്രശ്‌നങ്ങളും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ തന്നെ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ശരദ് പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Sharad Kapoor has been bedridden for two years due to severe health issues and a broken leg., Animal activist Hema Choudhary rescued him from a pathetic condition and revealed his plight., Several individuals and influencers exploited his condition for publicity without providing real help
Published: 19 Nov 2026, 06:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented