ഫെസ്റ്റിവൽ ഷോപ്പിങ്ങിനും യാത്രകൾക്കുമായി കൂടുതൽ പണം ചെലവഴിക്കുന്നവരാണ് പലരും. ദീപാവലി അവധിയും കുടുംബസംഗമങ്ങളും നീണ്ട വാരാന്ത്യങ്ങളുമെല്ലാം വിമാനടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിങ്ങിനും ആവശ്യക്കാരെ വർധിപ്പിക്കുന്നു. ഈ സമയത്ത് വിമാനക്കമ്പനികളും ഹോട്ടലുകളും ട്രാവൽ ബുക്കിങ് പ്ലാറ്റ്ഫോമുകളും ആകർഷകമായ ഓഫറുകളും പ്രത്യേക ഇളവുകളും അവതരിപ്പിക്കാറുണ്ട്.

എന്നാൽ വലിയ വിലക്കുറവ് ലഭിക്കുന്നുവെന്നതുകൊണ്ട് മാത്രം ഒരു ഡീൽ മികച്ചതാകണമെന്നില്ല. എന്താണ് വാങ്ങേണ്ടത്, എപ്പോൾ ബുക്ക് ചെയ്യണം, ഏതെല്ലാം ഓഫറുകൾ താരതമ്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടെങ്കിൽ പണം ലാഭിക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും കഴിയും. ചില വിദഗ്ധർ പങ്കുവെച്ച നിർദേശങ്ങളിതാ...

വാങ്ങേണ്ടവയുടെ പട്ടിക തയ്യാറാക്കാം: ഷോപ്പിങ്ങിന് ഇറങ്ങുന്നതിന് മുമ്പ് യഥാർഥത്തിൽ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക തയ്യാറാക്കുക. എത്ര രൂപ ചെലവഴിക്കാമെന്ന് നേരത്തേ തീരുമാനിക്കുകയും ചെയ്യാം. ഇത് അനാവശ്യ വാങ്ങലുകൾ ഒഴിവാക്കാനും യഥാർഥ വിലക്കുറവുകൾ തിരിച്ചറിയാനും സഹായിക്കും.

യാത്രാത്തീയതികളിൽ മാറ്റം വരുത്താം: ഉത്സവദിവസങ്ങളിലും തിരക്കേറിയ അവധിക്കാലത്തും യാത്രാനിരക്കുകൾ ഉയരാൻ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്ന തീയതിയിലോ മടങ്ങിവരുന്ന ദിവസത്തിലോ ചെറിയ മാറ്റം വരുത്തിയാൽ പോലും ചെലവ് കുറയ്ക്കാനാകും. സൗകര്യമുണ്ടെങ്കിൽ വ്യത്യസ്ത തീയതികളിലെ നിരക്കുകൾ താരതമ്യം ചെയ്തശേഷം ബുക്ക് ചെയ്യാം.

ഉപയോഗിക്കാത്ത റിവാർഡ് പോയിന്റുകൾ പരിശോധിക്കാം: ബാങ്ക് കാർഡുകൾ, വിമാനക്കമ്പനികൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകൾ എന്നിവയിലൂടെ ലഭിച്ച പോയിന്റുകൾ പലരുടെയും അക്കൗണ്ടുകളിൽ ഉപയോഗിക്കാതെ കിടക്കുന്നുണ്ടാകാം. പുതിയതായി പണം ചെലവഴിക്കുന്നതിന് മുമ്പ് ഇവ പരിശോധിച്ച് പ്രയോജനപ്പെടുത്താനാകുമോ എന്ന് നോക്കുക. ഉത്സവകാലത്ത് അധിക പോയിന്റുകളും പ്രത്യേക റിഡംപ്ഷൻ ഓഫറുകളും ലഭിക്കാനും സാധ്യതയുണ്ട്.

പ്രൈസ് അലർട്ടുകൾ ഉപയോഗിക്കാം: വിമാനടിക്കറ്റുകളുടെ നിരക്ക് ആവശ്യകതയ്ക്കും ലഭ്യതയ്ക്കും ബുക്കിങ് സമയത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഓരോ ദിവസവും നിരക്കുകൾ നേരിട്ട് പരിശോധിക്കുന്നതിനുപകരം പ്രൈസ് അലർട്ടുകൾ ഉപയോഗിക്കാം. നിരക്കിൽ മാറ്റമുണ്ടാകുമ്പോൾ അറിയിപ്പ് ലഭിക്കുന്നത് മികച്ച ഓഫറുകൾ കണ്ടെത്താൻ സഹായിക്കും.

ബാങ്ക് ഓഫറുകളും പ്രമോഷണൽ ഡിസ്‌കൗണ്ടുകളും പ്രയോജനപ്പെടുത്താം: ഉത്സവകാലത്ത് ബാങ്ക് കാർഡ് ഡിസ്‌കൗണ്ടുകൾ, ക്യാഷ്ബാക്ക്, പ്രമോഷണൽ കൂപ്പണുകൾ എന്നിവ ലഭിക്കാറുണ്ട്. എന്നാൽ ഓരോ ഓഫറിനും പ്രത്യേക നിബന്ധനകളുണ്ടാകാം. കുറഞ്ഞ വാങ്ങൽത്തുക, പരമാവധി ഇളവ്, ഉപയോഗിക്കാവുന്ന കാർഡുകൾ, ഓഫറിന്റെ കാലാവധി എന്നിവ പരിശോധിച്ചശേഷം മാത്രം വാങ്ങൽ പൂർത്തിയാക്കുക.

പോയിന്റും പണവും ചേർത്ത് പണമടയ്ക്കാം: ചില റിവാർഡ് പ്രോഗ്രാമുകളിൽ പോയിന്റുകൾക്കൊപ്പം പണവും ഉപയോഗിച്ച് പേയ്മെന്റ് നടത്താം. വലിയ തുക ചെലവാകുന്ന വാങ്ങലുകൾക്കും യാത്രാബുക്കിങ്ങുകൾക്കും ഈ രീതി പ്രയോജനപ്പെട്ടേക്കാം. എന്നാൽ പോയിന്റുകൾ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന യഥാർഥ ലാഭം എത്രയാണെന്ന് കണക്കാക്കണം.

അനുയോജ്യമായ പേയ്മെന്റ് രീതി തിരഞ്ഞെടുക്കാം: കാർഡ് ഓഫറുകൾ, വാലറ്റ് ക്യാഷ്ബാക്ക്, തൽക്ഷണ വിലക്കുറവ് എന്നിവയിലൂടെ അധിക ലാഭം നേടാനാകും. എന്നാൽ പേയ്മെന്റ് രീതി തിരഞ്ഞെടുക്കുമ്പോൾ ഓഫറിന്റെ നിബന്ധനകൾക്കൊപ്പം ലഭിക്കുന്ന റിവാർഡുകളും പരിഗണിക്കുക. കുറഞ്ഞ ചെലവിൽ കൂടുതൽ നേട്ടം ലഭിക്കുന്ന മാർഗം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

യാത്രയ്ക്കുള്ള ആകെ ചെലവ് കണക്കാക്കാം: വിമാനടിക്കറ്റിന്റെയോ ഹോട്ടൽ മുറിയുടെയോ പരസ്യത്തിൽ കാണുന്ന വില മാത്രം നോക്കി തീരുമാനമെടുക്കരുത്. നികുതികൾ, അധിക ഫീസുകൾ, മറ്റ് നിരക്കുകൾ എന്നിവ കൂടി ഉൾപ്പെടുത്തി ആകെ ചെലവ് താരതമ്യം ചെയ്യുക. നേരത്തേ ബുക്ക് ചെയ്യുന്നതും യാത്രാത്തീയതികളിൽ മാറ്റം വരുത്തുന്നതും ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കാം. വിമാനയാത്രയ്ക്കും ഹോട്ടൽ ബുക്കിങ്ങിനും ലഭ്യമായ റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാനും ശ്രമിക്കാം.

 

ഓഫറുകളുടെ കാലാവധിയും നിബന്ധനകളും ശ്രദ്ധിക്കാം: റിവാർഡ് പോയിന്റുകൾക്ക് കാലാവധി കഴിഞ്ഞാൽ അവ ഉപയോഗിക്കാനാകില്ല. അതുപോലെ പല ഓഫറുകൾക്കും നിശ്ചിത കാലയളവും മറ്റ് നിയന്ത്രണങ്ങളുമുണ്ടാകും. പണമടയ്ക്കുന്നതിന് മുമ്പ് നിബന്ധനകൾ വായിച്ചുനോക്കുന്നത് അവസാന നിമിഷത്തെ നിരാശ ഒഴിവാക്കും.

വിശ്വസനീയമായ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാം: ഉത്സവകാല ഓഫറുകളുടെ മറവിൽ വ്യാജ പരസ്യങ്ങളും തട്ടിപ്പ് ലിങ്കുകളും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. അസാധാരണമാംവിധം കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്ന ഡീലുകൾ കാണുമ്പോൾ ജാഗ്രത പാലിക്കുക. ഔദ്യോഗികവും വിശ്വസനീയവുമായ വെബ്സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ മാത്രം ബുക്കിങ് നടത്തുക.

ഓൺലൈൻ ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കാം: വിശ്വസനീയമായ പ്ലാറ്റ്ഫോമുകളിൽ മാത്രം ഷോപ്പിങ്ങും ബുക്കിങ്ങും നടത്തുക. സ്ഥിരീകരിക്കാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഒ.ടി.പി., കാർഡ് വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യരുത്.

ഇന്നത്തെ ഉപഭോക്താക്കൾ ഒറ്റത്തവണ ലഭിക്കുന്ന വിലക്കുറവിനപ്പുറം, ഓരോ വാങ്ങലിലും ബുക്കിങ്ങിലും പേയ്മെന്റിലും ലഭിക്കുന്ന മൊത്തത്തിലുള്ള മൂല്യമാണ് ആഗ്രഹിക്കുന്നത്. ലോയൽറ്റി റിവാർഡുകളും മികച്ച പേയ്മെന്റ് രീതികളും യാത്രാ ഓഫറുകളും ഒരുമിച്ച് വിവേകത്തോടെ ഉപയോഗിക്കുമ്പോൾ ഉത്സവകാലം ആഘോഷങ്ങൾക്കപ്പുറവും നേട്ടങ്ങൾ നൽകും.

ആകർഷകമായ ഓഫർ കണ്ടയുടൻ വാങ്ങുന്നതിനു പകരം വിലയും നിബന്ധനകളും താരതമ്യം ചെയ്യുക. ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ബജറ്റിനുള്ളിൽ ഷോപ്പിങ്ങും യാത്രയും ആസൂത്രണം ചെയ്താൽ ഉത്സവകാല ചെലവുകൾ നിയന്ത്രിക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi