'ധുരന്ധർ' എന്ന ചിത്രത്തിലെ 'ഷരാരത്ത്' എന്ന ഗാനരംഗത്തിലെ നൃത്തച്ചുവടുകളുമായി ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അയേഷ ഖാൻ. കറാച്ചിയിലെ ഒരു വിവാഹാഘോഷത്തിൽനിന്നുള്ള നൃത്ത രംഗങ്ങളായിരുന്നു അത്. തന്റെ ശരീരത്തിന്റെ പേരിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന്, താരം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പാട്ടിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചും, ഇൻസ്റ്റഗ്രാമിൽ ദിവസവും നേരിടുന്ന ലൈംഗികാധിക്ഷേപങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് അവരിപ്പോൾ.
താൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ടി-സീരീസ് ഗാനത്തിൽ സെക്കൻഡ് ലീഡ് വേഷത്തിൽ അഭിനയിക്കേണ്ടിയിരുന്നതാണെന്നും, എന്നാൽ താൻ ‘തടിച്ചവളാണ്’ എന്ന് പറഞ്ഞ് ഷൂട്ടിങ്ങിന് തൊട്ടുമുമ്പുള്ള രാത്രി തന്നെ മാറ്റിയെന്നും അയേഷ പറഞ്ഞു. ഒതുങ്ങിയ രൂപം കാത്തുസൂക്ഷിക്കാൻ സമ്മർദ്ദമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, തന്റെ രൂപത്തിൽ ആത്മവിശ്വാസം തോന്നാൻ തനിക്ക് സമയമെടുത്തു എന്നാണ് അവർ പറഞ്ഞത്. 'വീ ദ വിമൻ' (We The Women) എന്ന പരിപാടിയിൽ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Also Read
"ഇൻസ്റ്റഗ്രാമിൽ എന്റെ ശരീരത്തിന്റെ പേരിൽ ഞാൻ ദിവസവും ലൈംഗികാധിക്ഷേപങ്ങൾ നേരിടുന്നു. ഞാൻ സാധാരണ വസ്ത്രം ധരിച്ചാലും, പാവാട ധരിച്ചാലും ആളുകൾക്ക് പ്രശ്നമാണ്. എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഞാൻ ആലോചിക്കണം. മറ്റൊരാൾ എന്നെ ലൈംഗികവസ്തുവായി കാണുമെന്ന ഭയത്താൽ വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചോ പോസ്റ്റുകളെക്കുറിച്ചോ ചിന്തിക്കേണ്ടി വരുന്നത് തീർച്ചയായും സങ്കടകരമായ ഒരവസ്ഥയാണ്. എനിക്കറിയില്ല, ഞാൻ എപ്പോഴും ഒരു നേർത്ത വരയിലൂടെയാണ് സഞ്ചരിക്കുന്നത്. എനിക്ക് തോന്നുന്നത് പോസ്റ്റ് ചെയ്യണം എന്ന് ചിലപ്പോൾ തോന്നും, എന്നാൽ മറ്റു ചിലപ്പോൾ ഇവർ പറയുന്ന കാര്യങ്ങൾ വായിക്കാൻ എനിക്ക് തോന്നാറില്ല."
"നിങ്ങൾ പറയുന്ന ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കരുത്തുണ്ടെങ്കിൽ നിങ്ങൾ റേപ്പിസ്റ്റാണ്. നമ്മുടെ ചുറ്റുമുള്ള മനുഷ്യരാണ് ഇതെല്ലാം പറയുന്നത് എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇത് വെറും കമന്റുകളല്ല. എനിക്ക് ദിവസവും ബലാത്സംഗ ഭീഷണികൾ ലഭിക്കാറുണ്ട്. ഇതിനെതിരെ കർശനമായ നടപടികൾ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചില ദിവസങ്ങളിൽ ഇത് എന്നെ വേദനിപ്പിക്കാറുണ്ട്. ഞാൻ ഇന്ന് ഉള്ളതുപോലെ പ്രശസ്തയോ ശക്തയോ ആയിരുന്നില്ലെങ്കിൽ ഇതിൽ പലതും സംഭവിക്കാമായിരുന്നു എന്ന് ഓർക്കുമ്പോൾ ഭയം തോന്നാറുണ്ട്" അവർ കൂട്ടിച്ചേർത്തു.
ഏക്ത കപൂർ നിർമ്മിച്ച 'കസൗട്ടി സിന്ദഗി കേ' എന്ന പരമ്പരയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് അയേഷ തന്റെ കരിയർ ആരംഭിച്ചത്. 'ബാൽവീർ റിട്ടേൺസ്' എന്ന പരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്. 2022-ൽ 'മുഖചിത്രം' എന്ന തെലുങ്ക് ചിത്രത്തിൽ സഹനടിയായി വേഷമിട്ടു.
2023-ൽ സൽമാൻ ഖാൻ അവതാരകനായ 'ബിഗ് ബോസ് 17'-ൽ പങ്കെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ബിഗ് ബോസിന് ശേഷം യൂട്യൂബിൽ സംപ്രേഷണം ചെയ്ത 'ദിൽ കോ റഫു കർ ലേ' എന്ന ഷോയിലൂടെ അവർ കുടുംബപ്രേക്ഷകർക്ക് സുപരിചിതയായി.
തുടർന്ന് 'ജാട്ട്' എന്ന ചിത്രത്തിൽ സഹവേഷത്തിൽ അഭിനയിച്ചു. കൃസ്റ്റൽ ഡിസൂസയ്ക്കൊപ്പം 'ധുരന്ധർ' എന്ന ചിത്രത്തിലെ 'ഷരാരത്ത്' എന്ന ഗാനരംഗത്തിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏറ്റവും ഒടുവിലായി കപിൽ ശർമ്മയുടെ 'കിസ് കിസ്കോ പ്യാർ കരൂൺ 2' എന്ന ചിത്രത്തിലാണ് അയേഷ അഭിനയിച്ചത്. 35 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 16.23 കോടി രൂപ മാത്രമാണ് നേടിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Ayesha Khan reveals she receives daily rape threats and sexual harassment online., Recalls being dropped from a T-Series song project for being considered 'fat'., Gained significant fame after participating in 'Bigg Boss 17' and her dance in the 'Shararat' song., Calls for stricter laws and actions against cyberbullies and online abusers.
Published: 04 Mar 2026, 03:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented