രൺവീർ സിങ് നായകനായ ധുരന്ധർ സിനിമ തിയേറ്ററുകളിൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ചടുലമായ നൃത്തരംഗത്തിലൂടെ നടി അയേഷ ഖാനും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിനോദ വ്യവസായത്തിലെ അനാവശ്യ ഉപദേശങ്ങളെയും, രൂപത്തെ അടിസ്ഥാനമാക്കിയുള്ള വിധി കൽപ്പിക്കലുകളെയും കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് നടിയിപ്പോൾ. കൂടുതൽ അവസരം കിട്ടാൻ മൂക്കും പല്ലും ശരിയാക്കണമെന്ന് തന്നോടൊരാൾ പറഞ്ഞിരുന്നുവെന്നാണ് അയേഷ പറയുന്നത്.

ഓഡിഷനുകൾക്കിടയിലും കാസ്റ്റിങ് സെഷനുകൾക്കിടയിലും തന്റെ മുഖത്തും ശരീരത്തിലും കോസ്മെറ്റിക് മാറ്റങ്ങൾ വരുത്താൻ ചിലർ നിർദ്ദേശിച്ചുവെന്ന്  ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഒരു സന്ദർഭത്തിൽ, സംവിധായകൻ പോലുമല്ലാത്ത ഒരു കാസ്റ്റിംഗ് കോർഡിനേറ്റർ, കരിയർ സാധ്യതകൾ വർധിപ്പിക്കാൻ മൂക്കിൽ മാറ്റം വരുത്താന്‍ പറഞ്ഞിരുന്നു. തൻ്റെ ശരീരഭാഗങ്ങൾ ഇഷ്ടമാണെന്നും അവയെ വിധിക്കാൻ മറ്റുള്ളവർ ആരാണെന്നുമായിരുന്നു അപ്പോൾ തന്റെ പ്രതികരണം.

ഒരു ഹൊറർ സിനിമയുടെ ഓഡിഷനിൽ വെച്ച്, ഒരു പ്രത്യേക റോളിന് താൻ അനുയോജ്യയാണെന്ന് ഒരാൾ പറഞ്ഞു. മറ്റു റോളുകളായിരുന്നെങ്കിൽ എൻ്റെ പല്ലുകൾ മാറ്റേണ്ടി വരുമായിരുന്നുവെന്നും. ഓഡിഷനിൽ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് അയാളിൽ നിന്ന് രൂപത്തെക്കുറിച്ച് ഇങ്ങനെയുള്ള പരാമർശങ്ങളുണ്ടായത്. അത് തന്നെ ഞെട്ടിച്ചുവെന്നും അവർ പറയുന്നു. 

ബിഗ് ബോസ് 17-ലൂടെയാണ് അയേഷ ഖാൻ പ്രശസ്തിയിലേക്കുയരുന്നത്. ധുരന്ധർ പോലുള്ള വലിയ സിനിമകളിലെ നൃത്ത രംഗങ്ങളിലേക്കും മറ്റു കഥാപാത്രങ്ങളിലേക്കും അവർ വളരെവേഗം വളർന്നു.

അഭിനേതാക്കളുടെ കരിയറിൽ ശാരീരിക രൂപത്തിൻ്റെ പങ്കിനെക്കുറിച്ച് സിനിമാരംഗത്ത് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് അയേഷയുടെ തുറന്നുപറച്ചിൽ. ഒട്ടേറെ കലാകാരന്മാർ സമാനമായ സമ്മർദ്ദങ്ങൾ നേരിട്ടതായി പരസ്യമായി പറഞ്ഞിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi