തമിഴ് സൂപ്പർതാരം ദളപതി വിജയ്‌യുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വിവാഹമോചന ഹർജിയിൽ ആരുടെയും പേര് സംഗീത പരാമർശിച്ചിട്ടില്ലെങ്കിലും, വിജയ്ക്ക് ബന്ധമുണ്ടെന്നു പറയുന്ന നടി തൃഷയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതിനിടെ, വിജയ്‌യും തൃഷ കൃഷ്ണനും ഒന്നിച്ചുള്ള നോർവേയിൽ നിന്നുള്ള ഒരു പഴയ ചിത്രവും പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് ഷോപ്പിങ് നടത്തുന്നതിനിടെയുള്ള ചിത്രമാണിത്. ചിത്രം പഴയതാണെങ്കിലും ഇരുവരും പ്രണയത്തിലായിരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകരുകയാണിത്. 

തന്റെ യൂറോപ്യൻ യാത്രയുടെ ചില ദൃശ്യങ്ങൾ അക്കാലത്ത് തൃഷ പങ്കുവെച്ചിരുന്നു. ഒരു ക്രൂയിസ് യാത്രയ്ക്കിടയിൽ മറ്റൊരാളുടെ കൈ പിടിച്ചുനിൽക്കുന്ന ചിത്രവും അതിലുണ്ടായിരുന്നു. "കടലിന്റെ മണം ആസ്വദിക്കൂ, ആകാശത്തെ അനുഭവിക്കൂ... വേനൽക്കാലമേ നീ അത്ഭുതകരമായിരുന്നു," എന്നായിരുന്നു അന്ന് തൃഷ നൽകിയ അടിക്കുറിപ്പ്. അന്ന് അതൊരു സാധാരണ അവധിക്കാല ചിത്രമായിരുന്നെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ ആരാധകർ ഇതിനെ മറ്റൊരു രീതിയിലാണ് നോക്കിക്കാണുന്നത്.

2004-ലെ 'ഗില്ലി' മുതൽ 'തിരുപ്പാച്ചി', 'ആതി', 'കുരുവി' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഈ ജോഡി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. 2023-ൽ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി അത്രത്തോളം മികച്ചതായിരുന്നു.

സോഷ്യൽ മീഡിയയിൽ ഈ വാർത്തയോട് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. വിജയ്‌യെ വിമർശിച്ചും കുറ്റപ്പെടുത്തിയുമുള്ള കമന്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചെങ്കൽപ്പെട്ട് ഫാമിലി കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരം, ഒരു നടിയുമായുള്ള വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത സ്വർണ്ണലിങ്കം ചൂണ്ടിക്കാട്ടുന്നത്. വിജയ്‌യുമായി മാനസികമായി അകന്നതിനെക്കുറിച്ചും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

1999 ഓഗസ്റ്റിൽ വിവാഹിതരായ വിജയ്ക്കും സംഗീതയ്ക്കും ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അതേസമയം, വിവാദങ്ങളിൽ ദളപതി വിജയ്‌യോ തൃഷ കൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi