നടൻ, ഗായകൻ, സംവിധായകൻ, ടിവി അവതാരകൻ...ഇങ്ങനെ പല റോളുകളിലൂടെ പ്രശസ്തനാണ് അന്നു കപൂർ. രണ്ട് ദേശീയപുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'അഭയ്' എന്ന ചിത്രം സംവിധാനം ചെയ്തതിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം 1994-ലാണ് അദ്ദേഹത്തെ തേടിയെത്തിയത്. 2013-ൽ വിക്കി ഡോണറിലെ അഭിനയത്തിന് മികച്ച സഹതാരത്തിനുള്ള ദേശീയപുരസ്‌കാരവും അന്നു കപൂറിന് ലഭിച്ചു.

To advertise here,

പക്ഷേ തന്റെ അഭിപ്രായങ്ങൾ മടിയില്ലാതെ തുറന്നുപറയുന്നയാളുമാണ് അന്നു. അതിലേറെയും വിവാദങ്ങളിൽ അകപ്പെടാറുമുണ്ട്. 2025-ൽ നടി തമന്ന ഭാട്ടിയയെക്കുറിച്ചും വളരെ വിവാദപരമായൊരു അഭിപ്രായപ്രകടനം അന്നു നടത്തി. ''ഓ, ദൈവമേ, എന്തൊരു പാൽ പോലെയുള്ള ശരീരമാണ് (milky body) അവരുടേത്'' ഇതായിരുന്നു അന്ന് അന്നു കപൂർ പറഞ്ഞത്. അതിന് സമാനമായ ഹിന്ദി വാക്കായ 'ദൂധിയാ ബദൻ' എന്നാണ് അന്നു അന്ന് ഉപയോഗിച്ചത്. ഇതേറെ വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തു. വിമർശനങ്ങളോട് മൗനം പാലിച്ചിരിക്കുകയായിരുന്നു അദ്ദേഹം ഇതുവരെ. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം.

സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അന്നു. ''കഴിഞ്ഞ വർഷം ഞാൻ അമേരിക്കയിൽ ഷോകൾ നടത്തിയിരുന്നു. അതിനിടയിലാണ് എന്റെ ടീം 'ആജ് കീ രാത്' എന്ന പാട്ട് എനിക്ക് കേൾപ്പിച്ചുതരുന്നത്. വളരെ മികച്ച ഗാനരചനയാണെന്ന് അതുകേട്ടപ്പോൾ ഞാനവരോട് പറഞ്ഞു. വളരെ ജനപ്രിയഗാനമാണെന്ന് ടീം എന്നോട് വിശദീകരിച്ചു. പിന്നാലെ പാട്ടിന്റെ വീഡിയോയും കാണിച്ചുതന്നു. അതുകണ്ടപ്പോൾ, അവൾ വളരെ നന്നായി നൃത്തം ചെയ്തിട്ടുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു. അത്രമാത്രമാണ് സംഭവിച്ചത്'', അന്നു വിശദീകരിക്കുന്നു.

തന്റെ ഭാഷ ഒരു തടസ്സമായി മാറിയതാണെന്നും അങ്ങനെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ''ഇംഗ്ലീഷിൽ പറഞ്ഞാൽ കുഴപ്പമില്ല, പക്ഷേ ഹിന്ദിയിൽ അത് ഒരു പ്രശ്‌നമായി മാറുന്നു. നമ്മുടെ സ്വന്തം ഭാഷയിൽ അധിക്ഷേപം കൂടുതൽ രൂക്ഷമാകും. പക്ഷേ ഇംഗ്ലീഷിൽ അതേ കാര്യം പറഞ്ഞാൽ ആർക്കും ഒരു പ്രശ്‌നവുമില്ല. ഞാൻ 'മിൽക്കി ബോഡി' എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. അവൾക്ക് എത്ര വയസ്സുണ്ടാകും- 28, 30? എന്റെ കുട്ടികൾ ആ പ്രായക്കാരാണ്. ഞാൻ 'ദൂധിയാ ബദൻ' എന്ന് പറഞ്ഞതുകൊണ്ട് മാത്രം ആളുകൾ എന്നെ വൃദ്ധനെന്ന് വിളിക്കാനും ട്രോളാനും തുടങ്ങി''.

ഒരാളുടെ രൂപത്തെക്കുറിച്ച് പറയുന്ന ഏതൊരു അഭിപ്രായവും അദ്ദേഹത്തോടുള്ള അഭിനന്ദനമാണെന്നും അന്നു കപൂർ വിശദീകരിച്ചു. ഒരാളുടെ ശാരീരിക രൂപത്തെ അഭിനന്ദിക്കുന്നതിന് കാമവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

തന്റെ വാക്കുകൾ തമന്നയെ വേദനിപ്പിച്ചെങ്കിൽ അവരോട് ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും അന്നു പറഞ്ഞു. ''അവർക്ക് മോശം തോന്നിയാൽ, ഞാൻ അവരുടെ കാലിൽ തൊടും. 71 വയസ്സുള്ള ഒരു പുരുഷൻ അവളുടെ കാലിൽ തൊട്ടാൽ, അവൾ എന്ത് പറയും? ഒന്നുമില്ല, കാരണം ഞാൻ അത് തെറ്റായ ഉദ്ദേശ്യത്തോടെയല്ല ചെയ്യുന്നത്''.

സംഭവങ്ങളുടെ തുടക്കമിങ്ങനെ. കഴിഞ്ഞവർഷം ശുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട അന്നു കപൂർ 'ആജ് കി രാത്' എന്ന ഗാനത്തിന്റെ ഒരു ക്ലിപ്പ് കണ്ടതിനെക്കുറിച്ച് സംസാരിച്ചു. അതിനുശേഷം അവതാരകൻ പാട്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുകയും തമന്നയെ താൻ ആരാധിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. അതിനോട് അന്നു പ്രതികരിച്ചതിങ്ങനെ, ''എന്തൊരു ദൂധിയാ ബദൻ ആണ് അവരുടേത്''. അദ്ദേഹത്തിന്റെ അഭിപ്രായം 'അനുചിതവും അശ്ലീലവും' എന്നാണ് ആളുകൾ വിശേഷിപ്പിച്ചത്. 'സ്ത്രീ 2' സിനിമയിലെ ഗാനമാണ് 'ആജ് കീ രാത്'.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi