ആരാധകരോടും മാധ്യമപ്രവർത്തകരോടും നന്നായി ആശയവിനിമയം നടത്തുന്ന ചുരുക്കം ചില ബോളിവുഡ് താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. എന്നാൽ, ഒരുകാലത്ത് മാധ്യമങ്ങളുമായി ഏറെ മോശം ബന്ധമായിരുന്നു അമിതാഭിനുണ്ടായിരുന്നത്. അന്ന് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഒരു വാർത്തയും കൊടുക്കാൻ തയ്യാറായിരുന്നില്ല. അതും ബച്ചന്റെ പ്രതാപകാലത്താണെന്നതാണ് അദ്ഭുതകരം.

1975-ലെ അടിയന്തരാവസ്ഥക്കാലത്തെ ഒരു സംഭവമാണ് ഇതിനുകാരണമായത്. അക്കാലത്ത് മാധ്യമങ്ങളുടെ മേൽ നടപ്പാക്കിയ സെൻസർഷിപ്പിൽ അമിതാഭ് ബച്ചനും പങ്കുണ്ടെന്ന് ചിന്തിച്ച് ഒരുവിഭാഗം മാധ്യമപ്രവർത്തകർ അദ്ദേഹത്തെ ബഹിഷ്‌കരിച്ചു. അതോടെ തന്റെ സിനിമകളുടെ സെറ്റിൽനിന്ന് അമിതാഭ് മാധ്യമങ്ങളെയും വിലക്കി. ''ഞാൻ സ്‌ക്രീനിൽ പറയുന്നത് എന്നതൊഴികെ എനിക്ക് മറ്റൊന്നും പറയാനില്ലായിരുന്നു'', ആ വിലക്കിനെക്കുറിച്ച് ഒരിക്കൽ ബിഗ് ബി പറഞ്ഞതിങ്ങനെ.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, അടിയന്തരാവസ്ഥയ്ക്കൊപ്പം വന്ന മാധ്യമസെൻസർഷിപ്പ് ബച്ചന്റെ പ്രവർത്തിയാണെന്ന് മാധ്യമപ്രവർത്തകർ തെറ്റിദ്ധരിച്ചു. അന്ന് ജനപ്രിയമാസികകളിൽ അച്ചടിച്ചുവരുന്ന വാർത്തകളും മറ്റും ബച്ചനാണ് എഡിറ്റ് ചെയ്ത് കളയുന്നതെന്നുവരെ വാർത്തകളുണ്ടായി. അടിയന്തരാവസ്ഥ കഴിയുന്നതുവരെ അവർ കാത്തിരുന്നു. അതിനുശേഷം ബച്ചനെക്കുറിച്ച് എഴുതാതെയായി.

'ഈ മനുഷ്യൻ ഇന്ദിരാഗാന്ധിയുമായി അടുപ്പമുള്ളയാളാണ്, അദ്ദേഹം പത്ര സെൻസർഷിപ്പ് എന്ന തീരുമാനത്തിനുപിന്നിലുണ്ട്. അതുകൊണ്ട് അമിതാഭിനെ നിരോധിക്കണം എന്നാണ് അവർ പറഞ്ഞത്. അവർ എന്നെക്കുറിച്ച് എഴുതുന്നതും എന്റെ ചിത്രങ്ങൾ അച്ചടിക്കുന്നതും നിർത്തി.

ഒരു സിനിമയുടെ താരനിരയെ കുറിച്ച് എഴുതുകയാണെന്നിരിക്കട്ടെ, എന്റെ പേരിനുപകരം അവരൊരു കോമയിടുമായിരുന്നു', അമിതാഭ് ഓർക്കുന്നു. ഇതറിയുന്നതുകൊണ്ട് ഗ്രൂപ്പ് ഫോട്ടോകളിൽ ഏതെങ്കിലും കോണിൽ നിൽക്കാൻ ബച്ചൻ ശ്രദ്ധിച്ചു. എഡിറ്റ് ചെയ്ത് മാറ്റാൻ മാധ്യമങ്ങൾക്ക് എളുപ്പമായിക്കോട്ടെ എന്ന് കരുതിയാണ് ബച്ചൻ അങ്ങനെ ചെയ്തിരുന്നതത്രെ.

പിന്നാലെ സിനിമാസെറ്റുകളിൽ പ്രവേശിക്കുന്നതിൽനിന്ന് അമിതാഭ് മാധ്യമപ്രവർത്തകരെയും വിലക്കി. വർഷങ്ങളോളം അവർക്ക് അഭിമുഖങ്ങൾ നൽകിയതുമില്ല. ''മാധ്യമങ്ങൾക്ക് എന്നെ വിലക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ, അവരെ എന്റെ സെറ്റുകളിൽനിന്ന് വിലക്കാനുള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ടായിരിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഷൂട്ടിങ് നടത്തുമ്പോഴോ റിപ്പോർട്ടർമാർ എന്നെ കാണാൻ ആഗ്രഹിക്കുമ്പോഴോ ഞാൻ വിസമ്മതിച്ചത്. ഇത് ഏകദേശം 15 വർഷത്തോളം തുടർന്നു''. ഇത് തന്നെ വേദനിപ്പിച്ചുവെങ്കിലും ഒന്നും പ്രതികരിക്കാതെ നിൽക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചശേഷമാണ് മാധ്യമങ്ങൾക്കുള്ള വിലക്ക് താൻ നീക്കിയതെന്ന് അമിതാഭ് ഓർക്കുന്നു. 1984-ൽ അലഹബാദിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അമിതാഭ് മൂന്ന് വർഷം പാർലമെന്റ് അംഗമായി. 1987-ൽ അദ്ദേഹം രാജിവെക്കുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi