ഭൂത് ബംഗ്ലാ (Bhooth Bangla) എന്ന സിനിമയാണ് സംവിധായകൻ പ്രിയദർശന്റേതായി അടുത്ത് റിലീസാവാനിരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. സിനിമ നിർമിക്കുന്നത് അക്ഷയ് കുമാർ, ഏക്താ കപൂർ, ശോഭ കപൂർ തുടങ്ങിയവരും. ഇപ്പോൾ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പ്രിയദർശൻ. അതിനിടെ വിവിധതാരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

To advertise here,

ബോളിവുഡിലെ സൂപ്പർസ്റ്റാറാണെങ്കിലും ഷാരൂഖിന് ചില റോളുകളിൽ ചെയ്യുന്നതിൽ പരിമിതികളുണ്ടെന്ന് പറയുകയാണ് പ്രിയദർശൻ. എന്നാൽ, അക്ഷയ് കുമാറിന് അത്തരം പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

''ഒരു സാധാരണക്കാരനെപ്പോലെ തോന്നിക്കാൻ കഴിയുന്നുവെന്നതാണ് അക്ഷയ്‌യുടെ പ്ലസ് പോയിന്റ്. അദ്ദേഹത്തിന്റെ ശരീരഭാഷ, നടത്തം...അതെല്ലാം സാധാരണക്കാരനെ പോലെയാണ്. പ്രത്യേകിച്ച് ഞാൻ 'ഖാട്ടാ മീഠാ' എന്ന സിനിമ ചെയ്യുമ്പോൾ അതിലെ അക്ഷയ്‌നെ കണ്ടപ്പോൾ, അദ്ദേഹം യഥാർഥത്തിൽ ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കോൺട്രാക്ടറാണെന്ന് എനിക്ക് തോന്നി''.

അക്ഷയ് ഒരു സാധാരണക്കാരനെ പോലെയാണ് ജീവിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ''അക്ഷയ്ക്ക് ഒരു സാധാരണക്കാരന്റെ ശരീരഭാഷയുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിലെത്തിയത്. ഒരു സാധാരണജീവിതമാണ് അദ്ദേഹം നയിച്ചതും. അതിനാൽ ഒരു സാധാരണ മനുഷ്യന്റെ സൂക്ഷ്മതകൾ അദ്ദേഹത്തിന് മനസ്സിലാവും'', അദ്ദേഹം പറയുന്നു.

എന്നാൽ, ഷാരൂഖ് സാധാരണക്കാരുടെ വേഷങ്ങൾ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രിയദർശൻ സംവിധാനം ചെയ്ത, ഷാരൂഖ് പ്രധാന വേഷത്തിൽ അഭിനയിച്ച 'ബില്ലു ബാർബർ' എന്ന സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള കഥയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ''ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾ കുറേ കാര്യങ്ങൾ സംസാരിച്ചു. അതിനിടയിൽ ഷാരൂഖ് ഇങ്ങനെ പറഞ്ഞു, 'ഞാൻ ഡൽഹിയിലാണ് വളർന്നത്. അതിനാൽ എനിക്ക് ഒരിക്കലും ഒരു ഗ്രാമവുമായി ബന്ധപ്പെടുത്താൻ കഴിയില്ല'. ഷാരൂഖിന് ഒരിക്കലും ഒരു ഗ്രാമീണനായി അഭിനയിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തിന്റെ ശരീരഭാഷ വളരെ മിനുസമാർന്നതും (polished) വളരെ നാഗരികവുമാണ് (urban)''.

'കിങ്' എന്ന സിനിമയാണ് ഷാരൂഖിന്റെ അടുത്ത റിലീസ്. വെൽക്കം ടു ദ ജംഗിൾ, ഹയ്‌വാൻ, ഗോൽമാൽ 5 എന്നിവയാണ് അക്ഷയ് കുമാറിന്റെതായി റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi