അന്തരിച്ച ഗായിക ആശാ ഭോസ്‌ലെയോട് വിടപറയുകയാണ് ലോകം. അവരുടെ സംഗീതജീവിതവും സ്വകാര്യജീവിതവും വീണ്ടും ഓർമിക്കപ്പെടുമ്പോൾ, ആശയ്ക്കും മുന്നേ ലോകത്തോടു വിടപറഞ്ഞ രണ്ടു മക്കളുടെ ജീവിതവും ചർച്ചയാവുകയാണ്. മൂന്നുമക്കളായിരുന്നു അവർക്ക്. 2012-ലാണ് മകൾ വർഷാ ഭോസ്‌ലെ ആത്മഹത്യ ചെയ്യുന്നത്. 2015-ൽ മകൻ ഹേമന്ത് അർബുദം ബാധിച്ച് മരിച്ചു. വ്യക്തിജീവിതത്തിൽ ആശ ഒരുപാട് ദുരിതമനുഭവിച്ചിരുന്നു. ആദ്യ ഭർത്താവ് ഗണപത്റാവുമായുള്ള പ്രശ്നങ്ങൾ നിറഞ്ഞ ദാമ്പത്യത്തിനിടെ, മക്കൾക്കു നൽകിയ ശ്രദ്ധയിലും അവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിരുന്നു. മകൾ വർഷ അമ്മയെപ്പോലെ ഒരു കരിയർ പിന്തുടർന്നിരുന്നില്ല. ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് അമ്മ തന്നോട് പറഞ്ഞിരുന്നതെന്ന് വർഷ തുറന്നുപറഞ്ഞിട്ടുണ്ട്, ആശ ഒരിക്കലും മറ്റൊരാളുടെ ദയയിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും.

ഒരു സമയം കഴിഞ്ഞപ്പോൾ ഗണപത്റാവുവുമായുള്ള ബന്ധമവസാനിപ്പിക്കേണ്ടിവന്നു ആശയ്ക്ക്. ഭർതൃവീട്ടുകാർ ഇറക്കിവിട്ടപ്പോൾ അമ്മ തങ്ങളെയും കൊണ്ട് മുത്തശ്ശിയുടെ അടുത്തേക്കാണ് മടങ്ങിയതെന്ന് വർഷ ഒരിക്കൽ മനസ്സുതുറന്നു. സുരക്ഷയെക്കുറിച്ചും തങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവിടാനുമൊക്കെ അമ്മയോട് ഒരിക്കൽ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്തിരുന്നു. മക്കൾക്കായി കുറച്ചുകൂടി സമയം കണ്ടെത്താൻ അമ്മയ്ക്ക് കഴിയുമായിരുന്നെങ്കിലും ആരെയും ആശ്രയിക്കരുതെന്ന് അമ്മ അവരെ പറഞ്ഞുപഠിപ്പിച്ചു.

"മറ്റൊരാളുടെ ദയയിൽ വീണ്ടും ജീവിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അത് നിങ്ങൾ മൂന്നുപേർക്കും ഒരുപോലെ ദോഷകരമാകുമായിരുന്നു. നിങ്ങൾ നിങ്ങളുടെ സ്വന്തം വീട്ടിൽ വളരേണ്ടതുണ്ട്, എനിക്കു മാത്രം നൽകാൻ കഴിയുന്ന സ്വാതന്ത്ര്യത്തോടെ. നമ്മളത് ചെയ്തു." എന്നാണ് ആശ മക്കൾ മൂന്നുപേരോടുമായി പറഞ്ഞത്.

അമ്മ തങ്ങളെയും സഹോദരങ്ങളെയും സ്കൂളിൽ അയക്കുകയും ആഡംബരങ്ങളിൽ വളർത്തുകയും ചെയ്തു. സിംഗിൾ പാരന്റ് (single parent) ആയി, പണം സമ്പാദിച്ചും അതേസമയം, വീട്ടിലെ കാര്യങ്ങൾ കൈകാര്യം ചെയ്തും അഭിനന്ദനീയമായ കാര്യങ്ങളാണ് അമ്മ ചെയ്തത്. തനിക്ക് മതിയായി എന്ന് ആശ തിരിച്ചറിഞ്ഞ സമയവും വർഷ ഓർത്തു. മൂന്നാമത്തെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് ആക്രമണങ്ങളെ നേരിടാൻ കഴിഞ്ഞേക്കില്ലെന്ന് അവർക്ക് തോന്നി. സമ്പാദിച്ച ഓരോ പൈസയും, ബംഗ്ലാവും, കാറും, വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ ആശ അഭയം തേടി.

വർഷയുടെ വാക്കുകളിൽ: "എൻ്റെ ഇളയ സഹോദരൻ ആനന്ദ് ജനിക്കാൻ പോകുന്ന സമയത്തേ അമ്മയ്ക്ക് അങ്ങനെയൊരു ധൈര്യം കിട്ടിയുള്ളൂ എന്നത് എൻ്റെ ജീവിതത്തിലെ ഒരു വേദനയുള്ള കാര്യമാണ്. ആ സമയത്ത് അമ്മ വീടുവിട്ടിറങ്ങിയതു സംബന്ധിച്ച് ഉടനടി ഇൻഡസ്ട്രിയിൽ പല കെട്ടുകഥകളും പ്രചരിച്ചിരുന്നു, ആനന്ദ് എന്റെ അച്ഛന്റെ ഛായയിൽ വളർന്നുവന്നതിൽ (ഭാഗ്യവശാൽ രൂപത്തിൽ മാത്രം) പലരും നിരാശരായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്."-അവർ പറഞ്ഞു.

അമ്മയ്ക്ക് ഇൻഡസ്ട്രിയിൽ ജീവിക്കുക എളുപ്പമായിരുന്നില്ല, ഒരു വീണ സ്ത്രീയായി ആളുകൾ മുദ്രകുത്തി, ഏറ്റവും അടുത്ത എതിരാളി സ്വന്തം സഹോദരി ലതാ മങ്കേഷ്കർ ആയിരുന്നുവെന്നത് ഒട്ടും സഹായിച്ചില്ലെന്നും വർഷ പറഞ്ഞു.

"ഇപ്പോഴും എന്നെ ആകർഷിക്കുന്നത് അവർ ജീവിച്ച തികഞ്ഞ സത്യസന്ധതയും നിർഭയത്വവുമാണ്, എൻ്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്, നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്ന് പറയുന്നതുപോലെ."-വർഷ ആശയെ അഭിമാനത്തോടെ ഓർത്തു. വർഷങ്ങളോളം വിഷാദരോഗവുമായി പൊരുതിയിരുന്ന വർഷ 2012-ലാണ് സ്വന്തം അപ്പാർട്ട്മെന്റിൽ വെച്ച് സ്വയം വെടിയുതിർത്തു മരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi