കോളേജ് കാലത്തെ തന്‍റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. വീൽ ഓഫ് ഫോർച്യൂണിൻ്റെ വരാനിരിക്കുന്ന എപ്പിസോഡിലാണ് 40 വർഷം മുമ്പുണ്ടായ രസകരമായ അനുഭവം അക്ഷയ് തുറന്നു പറഞ്ഞത്. പരിപാടിയിൽ ആദർശ് എന്ന മത്സരാർഥി ഒരു കവിത ചൊല്ലിയിരുന്നു. ഒരാളുടെ ഹൃദയം നേടാൻ പുരുഷന്മാർ മതിയായ ശ്രമം നടത്തുന്നുണ്ടോ എന്ന ചർച്ചയ്ക്ക് ഇത് തുടക്കമിട്ടു. സഹ മത്സരാർഥിയായ അനിത് "പുരുഷന്മാർ ശ്രമം നടത്തണം, പക്ഷെ അവർ പലപ്പോഴും പിന്നിലാകുന്നു" എന്ന് അഭിപ്രായപ്പെട്ടു. ഇതിനിടെ, അക്ഷയ് കുമാറിന് തൻ്റെ ചെറുപ്പകാലത്തെ ഒരു വ്യക്തിപരമായ അനുഭവം പങ്കുവെക്കാതിരിക്കാനായില്ല.

To advertise here,

ദേശീയ ടെലിവിഷനിൽ ആദ്യമായി തൻ്റെ കോളേജ് കാലത്തെ ഇഷ്ടത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു നടൻ. "എനിക്ക് ഓർമ്മയുണ്ട്, ഞാൻ എൻ്റെ കാലത്തെക്കുറിച്ചാണ് പറയുന്നത്. ഏകദേശം 40 വർഷം മുൻപ് ഞാൻ കോളേജിൽ പഠിക്കുമ്പോൾ, ഞാൻ ഒരു പെൺകുട്ടിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ അവൾക്കായി ഒരു പാട്ട് പഠിച്ചു, ഗിറ്റാർ വായിക്കാൻ അറിയാവുന്ന ഒരു കൂട്ടുകാരനുമുണ്ടായിരുന്നു എനിക്ക്. ഞാൻ അവളുടെ വീട്ടുമുറ്റത്ത് പോയി പാട്ട് പാടി, എൻ്റെ കൂട്ടുകാരൻ ഗിറ്റാർ വായിക്കുകയായിരുന്നു. ഞാൻ പാട്ട് പാടി, അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാമോ?" 

അദ്ദേഹം ചിരിയോടെ തുടർന്നു, "അവളുടെ അയൽക്കാർ എല്ലാവരും വന്ന് എന്നെ അടിച്ചു. ഞങ്ങൾ രണ്ടുപേർക്കും അടി കിട്ടി." അക്ഷയുടെ വെളിപ്പെടുത്തൽ കേട്ട് പ്രേക്ഷകർക്ക് ചിരിയടക്കാനായില്ല. "കൂടുതൽ പ്രയത്നം ചെയ്താലും അടി കിട്ടും." എന്നും അദ്ദേഹം പറഞ്ഞു. ട്വിങ്കിൾ ഖന്നയെയാണ് അക്ഷയ് കുമാർ വിവാഹം ചെയ്തത്. രണ്ട് കുട്ടികളുണ്ട്. ഏപ്രിലിൽ റിലീസ് ചെയ്യുന്ന ഭൂത് ബംഗ്ലാവാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi