ആദ ശർമ്മയുടെ കേരള സ്റ്റോറിയാവാം ഒരു പക്ഷേ മലയാളികൾക്കിടയിൽ ഏറ്റവും ശ്രദ്ധ നേടിയ ഹിന്ദി ചിത്രം. കേരളത്തിൻ്റെ സംസ്കാരത്തെ ഒന്നാകെ മാറ്റിനിർത്തി, വർഗീയത പ്രചരിപ്പിക്കലാണ് ചിത്രത്തിൻ്റെ ലക്ഷ്യമെന്ന് വിമർശനങ്ങൾ ഉയർന്നു. എന്നാൽ, കേരളസ്റ്റോറിയെ ചേർത്തുപിടിച്ചത് വടക്കേ ഇന്ത്യൻ ജനതയായിരുന്നു. ഒടുവിൽ, ദേശീയ പുരസ്കാരം വരെ എത്തിനിന്നപ്പോഴും മലയാളക്കര ഈ ചിത്രത്തെ മാറ്റിനിർത്തിയിരുന്നു. 

To advertise here,

‘ദി കേരള സ്റ്റോറി', 'ബസ്തർ: ദി നക്സൽ സ്റ്റോറി' ചിത്രങ്ങളിലെ അഭിനയത്തിന് താൻ നേരിട്ട ഭീഷണികളെയും വിവാദങ്ങളെയും കുറിച്ച് നടി ആദ ശർമ്മ വെളിപ്പെടുത്തുകയാണിപ്പോൾ. ഇന്ത്യ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റ ഈ വെളിപ്പെടുത്തൽ.

"രാജ്യത്തിന്റെ പകുതിയും എന്നെ സംരക്ഷിക്കാൻ ആഗ്രഹിച്ചു, ബാക്കി പകുതി എന്നെ കൊല്ലാൻ ആഗ്രഹിച്ചു, രണ്ട് ഗ്രൂപ്പുകളും ഒരുപോലെ പ്രതിബദ്ധതയുള്ളവരായി തോന്നി," അവർ പറഞ്ഞു.

ആളുകളുടെ ഈ പ്രവർത്തി തന്റെ കരിയറിനെ മൂല്യവത്താക്കുന്നതായും നടി കൂട്ടിച്ചേർത്തു.

 "ഞാൻ '1920' എന്ന ചിത്രത്തിലൂടെയാണ് തുടങ്ങിയത്, അത് ഇപ്പോഴും എന്റെ ഏറ്റവും ധീരമായ സിനിമയാണെന്ന് ഞാൻ കരുതുന്നു."

'റീത്ത സന്യാൽ സീസൺ 2' എന്ന ചിത്രത്തിൽ ആദ വീണ്ടും  ടൈറ്റിൽ റോളിൽ എത്തുന്നുണ്ട്. അതിൽ അഭിഭാഷകയായ റീത്തയുടെ വേഷമാണ് ആദ കെെകാര്യം ചെയ്യുന്നത്. ഒരു നീതിന്യായ വ്യവസ്ഥയെ പ്രതിനിധീകരിക്കുമ്പോൾ, കലാകാരിയെന്ന നിലയിലുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തെയും ആശങ്കകളെയും കുറിച്ച് ചോദിച്ചപ്പോൾ ആദയുടെ മറുപടി ഇങ്ങനെയായിരുന്നു:

"ഫാന്റസി, ആക്ഷൻ, സാഹസികത, കോമഡി എന്നിവ അടങ്ങിയ ഒരു ഷോയിലെ സാങ്കൽപ്പിക കഥാപാത്രമാണ് റീത്ത സന്യാൽ. സെൻസർബോർഡ്, കോടതിയിൽ ഞാൻ പച്ച ഷൂസ് ധരിച്ചിരുന്ന ഒരു ഗാനരംഗം മുറിച്ചുമാറ്റി. റീത്ത ഒരു റിബലാണെന്ന് കാണിക്കാനായിരുന്നു ഞങ്ങളത് ഉപയോഗിച്ചത്.

ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് കരുതി സെൻസർബോർഡ് ധാരാളം കോമഡി രംഗങ്ങൾ ഒഴിവാക്കി. ആക്ഷൻ രംഗങ്ങൾ കുറച്ചു. ചില രസകരമായ കാര്യങ്ങൾ ഒഴിവാക്കുമോ എന്നാണ്  എന്റെ ആശങ്ക. പക്ഷേ, കഴിയുന്നത്ര സത്യസന്ധമായി ഞാൻ എന്റെ വേഷം ചെയ്യുന്നു, ബാക്കിയുള്ളത് ബോര്‍ഡിന് വിടുന്നു," ആദ വ്യക്തമാക്കി.

'തുംകോ മേരി കസം' ആണ് ആദയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ പ്രോജക്ട്. ഒപ്പം 'റീത്ത സന്യാൽ സീസൺ 2', '1920' -ന്റെ രണ്ടാം ഭാഗം, യാമി ഗൗതം സഹതാരമായെത്തുന്ന 'തമസുർ' എന്നിവയാണ് ആദ ശർമയുടേതായി വരാനിരിക്കുന്ന മറ്റു സിനിമകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi