ഇക്കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ ഒരു വീഡിയോ വൈറലായത്. ഭജനയ്ക്കിടെ നിയന്ത്രണം വിട്ട് താരം പെരുമാറുന്ന വീഡിയോയാണത്. ആദ്യം പ്രാർഥനയിൽ മുഴുകിയിരുന്ന അവർ പിന്നീട് കസേരയിൽനിന്ന് ചാടി എണീക്കുകയും അലറിക്കരയുകയും ചെയ്യുകയായിരുന്നു. പിടിച്ചുവെക്കാൻ ശ്രമിക്കുന്ന ആളുടെ കൈയിൽ പല തവണ അവർ കടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

പലരും ആദ്യം ഏതോ സീരിയൽ ചിത്രീകരണമെന്നായിരുന്നു കരുതിയിരുന്നത്. പിന്നീടാണ് ഭജനയാണെന്ന് തിരിച്ചറിഞ്ഞത്. നടിയുടെ അഭിനയമാണെന്നും നാടകമാണെന്നുമൊക്കെ പലരും പറഞ്ഞു. ഒടുവിൽ തന്റെ പ്രതികരണവുമായി സുധാ ചന്ദ്രൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ പുറത്തുവന്നശേഷം താൻ ഏറെ ട്രോളുകൾക്ക് ഇരയായെന്നും അവർ പറയുന്നു. പലരും ഇത് നാടകമാണെന്ന് പറഞ്ഞ് കളിയാക്കിയെങ്കിലും, തനിക്കിത് ആരോടും ന്യായീകരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സുധ പറയുന്നു. തന്റെ 'സ്പിരിച്വൽ ട്രാൻസി'നെ പലരും നാടകം, വ്യാജം എന്നെല്ലാം പറഞ്ഞാണ് കളിയാക്കുന്നതെന്നും സുധ പറയുന്നു.

''ന്യായീകരിക്കാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. എന്റെ ജീവിതത്തെക്കുറിച്ചുള്ള ധാരണ എനിക്കുണ്ട്. എനിക്ക് ചില കാര്യങ്ങളോട് ഏറെ ബഹുമാനവും ആദരവുമുണ്ട്. ട്രോൾ ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. എനിക്ക് അവരോട് ഒന്നും പറയാനുമില്ല. ട്രോൾ ചെയ്യുന്നത് നല്ല കാര്യം. അവർ അവരുടെ ജീവിതത്തിൽ സന്തോഷമായിരിക്കട്ടെ. എന്നാൽ ആത്മീയതയോട് ബന്ധപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ കാര്യമോ? എന്നെ സംബന്ധിച്ചിടത്തോളം അതാണ് പ്രധാനം''. സൂമിന് നൽകിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആരുടെയും ചോദ്യങ്ങൾക്കും ട്രോളുകൾക്കും താൻ മറുപടി നൽകേണ്ട കാര്യമില്ലെന്നും സുധ തുറന്നുപറയുന്നു. ''ഞാനൊരു സെൽഫ് മെയ്ഡ് ലേഡിയാണ്. ദൈവത്തിന്റെ അനുഗ്രഹത്തോടെ അന്തസ്സായി ജീവിതം നയിക്കുന്നയാളാണ് ഞാൻ'', അവർ കൂട്ടിച്ചേർക്കുന്നു.

''എന്റെ ജീവിതത്തിലൊരിക്കലും ആളുകൾ എന്തു പറയുന്നുവെന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറേയില്ല. എനിക്കുണ്ടായ അപകടത്തിനുശേഷവും ആളുകൾ പലതും പറഞ്ഞു. ഇവൾ എന്തൊക്കെ വിഡ്ഢിത്തരങ്ങളാണ് ചെയ്യുന്നതെന്നാണ് ആളുകൾ കളിയാക്കിയത്. പക്ഷേ, അതൊരു വിജയകഥയായിക്കഴിഞ്ഞാൽ, ആളുകൾ അതിനെക്കുറിച്ച് തന്നെ ചർച്ച ചെയ്യും''.

16-ാം വയസ്സിലാണ് സുധയ്ക്ക് അപകടമുണ്ടാകുന്നതും, അതിൽ ഒരു കാൽ നഷ്ടപ്പെടുന്നതും. അതിനുശേഷം കുറച്ചുകാലം കഴിയുമ്പോഴേക്കും അവർ നൃത്തത്തിലേക്ക് സജീവമായി തന്നെ തിരിച്ചുവന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi