ഒരുകാലത്ത് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു നൂപുർ അലങ്കാർ. 150-ലേറെ സീരിയലുകളിൽ അഭിനയിച്ച താരം. വെള്ളിവെളിച്ചത്തിൽ നിറഞ്ഞുനിന്ന അവരുടെ ജീവിതം വളരെ പെട്ടെന്നാണ് മാറിമറിഞ്ഞത്. ഇന്ന് എല്ലാത്തിൽനിന്നും മാറി മറ്റൊരു ലോകത്താണ് നൂപുർ ജീവിക്കുന്നത്.

ശക്തിമാൻ, ഘർ കി ലക്ഷ്മി, ബേട്ടിയാം, റീത്ത് ഓർ ദിയ തുടങ്ങിയവയാണ് അവർ അഭിനയിച്ച പ്രധാന സീരിയലുകൾ. പല വേഷങ്ങളിലൂടെ നൂപുർ ആളുകളുടെ മനസ്സിലിടം പിടിച്ചു. എന്നാൽ പെട്ടെന്നൊരുനാൾ അവർ അഭിനയത്തിൽനിന്ന് വിടപറയാൻ തീരുമാനിച്ചു. അതിനുകാരണമായത് കുറേ സംഭവങ്ങളാണ്.

പിഎംസി ബാങ്ക് അഴിമതികൾ അവരുടെ സാമ്പത്തികനിലയാകെ തകർത്തു. 2019-ൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പിഎംസി ബാങ്കിന്റെ ബോർഡ് ആർബിഐ പിരിച്ചുവിട്ടിരുന്നു. ഉപഭോക്തൃ പിൻവലിക്കലുകൾക്ക് പരിധികൾ നിശ്ചയിച്ചതുൾപ്പെടെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതിനൊപ്പം നൂപുറിന്റേതുൾപ്പെടെയുള്ള കുറേ അക്കൗണ്ടുകൾ മരവിപ്പിച്ചു. പിന്നാലെ അവരുടെ അമ്മയും സഹോദരിയും മരിച്ചു. ''എന്റെ സമ്പാദ്യങ്ങളെല്ലാം ബാങ്കിൽ കുടുങ്ങിക്കിടന്നു. അമ്മയുടെയും സഹോദരിയുടെയും മരണമായിരുന്നു അവസാനത്തെ തിരിച്ചടി. സഹോദരിയുടെ മരണം പെട്ടെന്നായിരുന്നു. അതായിരുന്നു ഏറ്റവും വലിയ വേദന. അതിനു മുമ്പുതന്നെ ഞാൻ ലോകവുമായുള്ള ബന്ധം വിച്ഛേദിക്കാൻ തുടങ്ങിയിരുന്നു. ലൗകികജീവിതത്തിൽ എനിക്ക് താത്പര്യമില്ലായിരുന്നു. അതിനാൽ എനിക്കൊപ്പമുള്ളവരുടെ അനുവാദം വാങ്ങി. അവർ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു, തുടർന്ന് ആത്മീയപാത സ്വീകരിച്ചു''. അന്നൊക്കെ ആഭരണങ്ങൾ വിറ്റും കടംവാങ്ങിയുമാണ് വീട്ടുകാര്യങ്ങൾ നടത്തിയതെന്ന് നൂപുർ പറയുന്നു.

ഭർത്താവും നടനുമായ അലങ്കാർ ശ്രീവാസ്തവയിൽനിന്ന് പിരിഞ്ഞു. ആത്മീയത വിളിച്ചപ്പോഴാണ് താൻ ആ തീരുമാനമെടുത്തതെന്ന് അവർ പറയുന്നു. മുംബൈ നഗരത്തോട് വിടപറഞ്ഞു, ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. പിന്നീടുള്ള അവരുടെ ജീവിതം ഗുഹകളിലും കാടുകളിലും വിദൂരപ്രദേശങ്ങളിലുള്ള ആശ്രമങ്ങളിലുമായിരുന്നു. കൊടുംതണുപ്പും രോഗങ്ങളും അവർ അതിജീവിച്ചു. ''ഒരു സുഖങ്ങളുമില്ലാതെ ജീവിക്കാനാണ് ഞാനാഗ്രഹിച്ചത്. പ്രകൃതിയോട് അടുത്തിരിക്കുമ്പോൾ പല കാര്യങ്ങളിലും എനിക്ക് വ്യക്തത ലഭിച്ചു''.

പിന്നീടവർ മുംബൈയിലേക്ക് തിരിച്ചുവന്നു. പഴയ ജീവിതത്തിലേക്ക് തിരിച്ചുപോവാനല്ല. പകരം ആത്മീയതയെക്കുറിച്ച് ആളുകൾക്ക് പറഞ്ഞുകൊടുക്കാനായിരുന്നു ഈ വരവ്. ''ഓരോ ദിവസവും പല സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചു. ഏറിയ സമയവും ധ്യാനത്തിൽ മുഴുകി. ദൈവവുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കി. ആ മൂന്നുവർഷവും ദൈവത്തിൽ മാത്രം അർപ്പിച്ചുകഴിഞ്ഞു'', തിരിച്ചെത്തിയപ്പോൾ അവർ പറഞ്ഞതിങ്ങനെ. തന്റെ ഗുരുവായ ശംഭു ശരൺ ഝായാണ് തനിക്ക് പീതാംബര മാ എന്ന പുതിയ പേരിട്ടതെന്നും അവർ പറയുന്നു.

''ലൗകികജീവിതത്തിൽനിന്ന് വിട്ടുപോരാൻ എളുപ്പമായിരുന്നു. ബില്ലുകളും, ഡയറ്റും, മറ്റ് ചെലവുകളും മാത്രം ഭരിച്ചിരുന്ന ജീവിതമായിരുന്നു ആദ്യത്തേത്''.

പിന്നീട് അഞ്ചു ജോഡി വസ്ത്രങ്ങളുമായിട്ടാണ് അവർ പുതിയ ജീവിതം തുടങ്ങിയത്. ''ആശ്രമത്തിൽ വരുന്നവർ ഭക്ഷണം തരും, ചിലപ്പോൾ വസ്ത്രവും. അതുമതിയെനിക്ക്. മറ്റുചിലപ്പോൾ ഭിക്ഷ യാചിച്ചു. അങ്ങനെ കിട്ടുന്ന ഭക്ഷണം ഗുരുവിനും പങ്കുവെച്ചു. പലപ്പോഴും ദിവസത്തിൽ ഒരുതവണ മാത്രം ഭക്ഷണം കഴിച്ചു. എന്റെയുള്ളിലെ അഹങ്കാരം ഇല്ലാതാക്കാൻ അതിനു കഴിഞ്ഞു''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi