രാജസ്ഥാനിലെ ജയ്പ്പൂരിൽ നാലു ദിവസം ചെലവഴിച്ചപ്പോൾ പെട്ടെന്നൊരു മോഹം-അജ്‌മേർ രാജസ്ഥാനിൽ അല്ലെ? ഇനിയുള്ള മൂന്നു ദിവസം അവിടെ ആയാലെന്താ? കുറച്ചു നാളായി അജ്‌മേർ ഇങ്ങനെ മനസ്സിൽ കിടക്കുന്നു. ഈ യാത്രക്ക് തൊട്ടു മുൻപ് ദില്ലി നിസ്സാമുദ്ദീൻ ദർഗ്ഗയിൽ ഖവാലി കേട്ടുകൊണ്ടിരിക്കെ അലിഗഡിൽ പഠിക്കുന്ന ഒരു പയ്യനെ പരിചയപ്പെടുകയുണ്ടായി. പേരോർമ്മ കിട്ടുന്നില്ല. ദില്ലിയിലെ ഖവാലിയേക്കാൾ ആത്മാവുള്ളത് അജ്‌മേർ ദർഗയിലെ ഖവാലിക്കാണ് എന്ന് അവൻ പറഞ്ഞ നാൾ മുതൽ അജ്‌മേർ ഉള്ളിൽ കയറിക്കൂടിയതാണ്. സമയമായി എന്നൊരു തോന്നൽ.
ദൂരം നോക്കിയപ്പോൾ വെറും 132 കിലോമീറ്റർ. ഒന്നും ആലോചിച്ചില്ല, പുറപ്പെട്ടു. അവസാനനിമിഷത്തെ പ്ലാനിങ്. പോരാത്തതിന് വെള്ളിയാഴ്ചയും. ഹോട്ടലുകാർക്കെല്ലാം വൻ ജാഡ! ഒടുവിൽ 1700 രൂപക്ക് ഒരു മുറിയുമെടുത്ത് കുളിച്ചിറങ്ങിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. ദർഗ്ഗയിലേക്ക് നടക്കാവുന്ന ദൂരമേയുള്ളു. റോഡ് മുഴുവൻ പൂരത്തിനുള്ള ആളുണ്ട്. പർദ്ദകളുടെയും കുർത്തകളുടെയും കച്ചവടം വഴിയുടെ ഇരുവശങ്ങളിലും തകൃതിയായി നടക്കുന്നു. ഭിക്ഷക്കാർ യഥേഷ്ടം. വടക്കേന്ത്യൻ പായസമായ ഖീറും ഫിർണിയും ഫാലൂദയുമൊക്കെ വിൽക്കുന്ന ധാരാളം കടകൾ. ''പോക്കറ്റടി സർവസാധാരണമാണ്, സൂക്ഷിക്കണം'' എന്ന് ഹോട്ടൽ റിസപ്ഷനിസ്റ്റ് പറഞ്ഞ ഓർമയിൽ ബാഗ് ഇറുക്കിപ്പിടിച്ചാണ് എന്റെ നടപ്പ്. പെട്ടെന്നെന്റെ കുർത്തയുടെ തുമ്പ് പിന്നിൽ നിന്ന് ആരോ പിടിച്ചുവലിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. പിന്നെയും വലിച്ചു. തലയല്പം കുനിച്ചപ്പോൾ കണ്ടു-രണ്ടു കുഞ്ഞിക്കൈകൾ. തവിട്ടുനിറത്തിലുള്ള സൽവാർ ആണ് വേഷം. നിറയെ പൊടിയും അഴുക്കും പിടിച്ചിട്ടുണ്ട്. പറ്റെ വെട്ടിയ ചെമ്പൻ മുടി വെള്ളം കണ്ടിട്ട് നാളുകളായി. ഏകദേശം ഒരു മൂന്നാല് വയസ്സ് പ്രായമുള്ള പെൺകുഞ്ഞ്.
''മുഛെ പൈസ ചാഹിയെ''(എനിക്ക് പണം വേണം) അവൾ അല്പം ഗൗരവത്തോടെ പറഞ്ഞു.
''ക്യോ?'' ഞാൻ ചോദിച്ചു
''മുഛെ ഫാലൂദാ ഖാനി ഹെ''
''നിന്റെ അമ്മയും അച്ഛനും എവിടെ''
അവൾ ചൂണ്ടിക്കാണിച്ചു. ഒരു സ്ത്രീ നിലത്തിരുന്നു ചീപ്പും കണ്ണാടിയുമൊക്കെ വിൽക്കുന്നു.
''തണുത്ത ഫാലൂദ കഴിച്ചാൽ അമ്മ വഴക്ക് പറയില്ലേ''
''ഇല്ല'' ചെറുചിരിയോടെ മുഖം താഴ്ത്തി അവൾ മറുപടി പറഞ്ഞു.
''നിന്റെ പേരെന്താ?''
''സമ''
ഞാൻ ആ കുഞ്ഞിക്കൈ പിടിച്ച് റോഡ് മുറിച്ച് കടന്നു. അവൾക്ക് ഒരു ഗ്ലാസ് ഫാലൂദ പറഞ്ഞു. നമ്മുടെ നാട്ടിലെ പോലെ ഐസ് ക്രീമും പഴങ്ങളുമൊക്കെ കുത്തി നിറച്ചതല്ല. അല്പം കൂടെ നീട്ടിയ പരുവത്തിൽ എളുപ്പം കുടിക്കാവുന്ന പാകത്തിൽ ആണ്.
''ഇരുപതു രൂപ.''
കടക്കാരൻ ഗ്ലാസ് എനിക്ക് തന്നു. കൊതിയോടെ അവൾ എന്റെ കൈയ്യിൽ നിന്നത് വാങ്ങി.
''ദീദി! നിങ്ങൾക്ക് വേണോ?''
''വേണ്ട, സമ കുടിച്ചോളൂ'' കേൾക്കേണ്ട താമസം അവൾ ആസ്വദിച്ച് അതു കുടിച്ച് തുടങ്ങി. അവൾ കുടിക്കുന്നത് നോക്കിനിൽക്കെ ഞാൻ ചോദിച്ചു, ''സമയ്ക്ക് പാവക്കുട്ടി വേണോ?''
വിടർന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി. ഫാലൂദ അതിവേഗം കുടിച്ച് ചിറി തുടച്ചശേഷം അവൾ തലയാട്ടി. തൊട്ടടുത്തു ഒരാൾ പാവകളും മറ്റു കളിക്കോപ്പുകളും വിൽക്കുന്നുണ്ടായിരുന്നു.
''സമയ്ക്ക് ഏതു പാവയാണ് വേണ്ടത്?''
''സബ്‌സെ സസ്താ'' (ഏറ്റവും വിലകുറഞ്ഞത് )
ഇത്ര ചെറിയ പ്രായത്തിൽ ഈ കുഞ്ഞിങ്ങനെ പറയണമെങ്കിൽ! അവൾക്കിഷ്ടപ്പെട്ട പാവയും വാങ്ങിക്കൊടുത്തു, അവളെ തിരിച്ച് അമ്മയുടെ അടുത്തേൽപ്പിച്ചു ഞാൻ മുന്നോട്ട് നടന്നു.
തിരക്കുകൾക്കിടയിലൂടെ കുറച്ചു ദൂരെ ഒരു കവാടം കണ്ടു. എങ്ങനെയൊക്കെയോ അവിടെ എത്തിപ്പെട്ടതും നാലുപാട് നിന്നും മനുഷ്യർ ചാടി വീണു, ''ചെരുപ്പ് ഇവിടെ ഇട്ടോളൂ''
''ഇവിടെ ചെരുപ്പ് ഇടുന്നതാണ് നല്ലത്. ഒന്നും തരേണ്ട''
ഇവരുടെ സ്ഥിരം നമ്പർ ആണിത്. ചെരുപ്പ് നമ്മൾ ഇട്ടുകഴിയുന്ന പിറകെ ഒരു കൊട്ട കൈയ്യിൽ പിടിപ്പിക്കും കുറച്ചു പൂവും ചന്ദനത്തിരിയുമൊക്കെയായി. ഇരുന്നൂറും മുന്നൂറും വാങ്ങുകയും ചെയ്യും. പിന്നെ മറ്റൊരു കലാപരിപാടി ഉണ്ട്. പണം വേണ്ട, വീട്ടിലേക്ക് ഒരു പാക്കറ്റ് ഗോതമ്പു പൊടിയും അല്പം എണ്ണയും വാങ്ങിത്തന്നാൽ മതിയെന്ന് പറയും. പുണ്യപ്രവർത്തി ചെയ്തു എന്ന നിർവൃതിയിൽ ഇതു വാങ്ങിക്കൊടുക്കുന്നവർ അറിയാറില്ല ഇത് യാചകനും കടക്കാരനും തമ്മിലുള്ള ഡിങ്കോൾഫി ആണെന്ന്. വാങ്ങിക്കൊടുത്തയാൾ തിരിഞ്ഞുനടക്കുമ്പോഴേക്കും വാങ്ങിയ സാധനങ്ങൾ കടക്കാരനെ തിരിച്ചേൽപ്പിക്കും. കിട്ടിയ കാശിന്റെ ഒരു പങ്ക് യാചകന് കടക്കാരൻ കൊടുക്കും. പിന്നെ അടുത്ത ഇരയ്ക്കുള്ള കാത്തിരിപ്പാണ്.
അങ്ങനെ ബഹുവിധതട്ടിപ്പുകളെയെല്ലാം എങ്ങനെയൊക്കെയോ വകഞ്ഞു മാറ്റി ഞാൻ ദർഗ്ഗയിലെത്തി. ഖവാലി തുടങ്ങിയിട്ടില്ല. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. ജനസാഗരം! വലതുവശത്തായി ഒരു വലിയ കിണറുപോലെയുള്ളൊരു ചെമ്പ്. വിശ്വവിഖ്യാതമായ അജ്‌മേർ ചെമ്പ്. നല്ല പോലെ കഴിക്കുന്നവരോട് ചിലരൊക്കെ ചോദിക്കുന്നത് കേട്ടിട്ടില്ലേ? ''നിന്റെ വയറെന്താ അജ്‌മേർ ചെമ്പാണോ'' എന്ന്? ആ അജ്‌മേർ ചെമ്പാണ് ഈ അജ്‌മേർ ചെമ്പ്. ഏറ്റവും വലിയ ചെമ്പിൽ 4800 കിലോ ഭക്ഷണം പാകം ചെയ്യാം. 'ദേഗ്' എന്ന് വിളിക്കുന്ന ആ ചെമ്പിലേക്ക് ഞാനൊന്ന് എത്തി നോക്കി. അതിൽ നിറയെ വിശ്വാസികളിട്ട അരിയും മറ്റു പലവ്യഞ്ജനങ്ങളും പണവും ആണ്.
ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ പേരിലുള്ള ഈ ദർഗ്ഗയിൽ ഏറ്റവും പ്രാധാന്യം ഭക്ഷണത്തിനാണ്. പാവങ്ങളുടെ സംരക്ഷകൻ എന്നർത്ഥം വരുന്ന 'ഗരീബ് നവാസ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിക്ക് നിർബന്ധമായിരുന്നു ആരും പട്ടിണി കിടക്കരുതെന്ന്. അതുകൊണ്ട് ഇവിടെ വന്ന് പ്രാർഥിച്ച കാര്യം നടന്നാൽ ഭക്തർ ഭക്ഷണമാണ് കൂടുതലും സമർപ്പിക്കുന്നത്.
അല്പം മുന്നോട്ട് ഞാൻ നടന്നു. ഖ്വാജ മൊയ്നുദ്ദീന്റെ മസർ (ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലം) കാണണം ഇനി. മസറിനടുത്തേക്ക് പോകുന്തോറും ഊദിന്റെയും ചന്ദനത്തിരിയുടേയുമൊക്കെ ദിവ്യമായൊരു സുഗന്ധം മൂക്കിലേക്ക് തുളച്ചുകയറി. പലരും മസറിൽ 'ചാദർ' അഥവാ പട്ടുകൊണ്ടുള്ള പുതപ്പ് പുതക്കുന്നുണ്ട്. പൂക്കൾ സമർപ്പിക്കുന്നുണ്ട്. നാനാജാതിമതത്തിലുള്ള മനുഷ്യർ. എന്തുകൊണ്ടെന്നറിയില്ല കണ്ണിങ്ങനെ നിറഞ്ഞു ധാരധാരയായി ഒഴുകി. ഒരുപാടാഗ്രഹിച്ച സ്ഥലത്തു വന്നതുകൊണ്ടാകാം. അല്ലെങ്കിലും ഇങ്ങനത്തെ സ്ഥലങ്ങളിൽ എത്തുമ്പോ കണ്ണു നിറയാറുണ്ട്. നിസ്സഹായരായ നിരാലംബരായ എത്ര മനുഷ്യരുടെ പ്രാർഥനകൾ ദിനവും മുഴങ്ങുന്ന സ്ഥലമാണ്! അവിടെ നമസ്‌കരിച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി. പല സ്ഥലങ്ങളിലായി മനുഷ്യർ ഭക്ഷണം കൊടുക്കുന്നുണ്ട്. ചിലർ മട്ടൺ ബിരിയാണി, ചിലർ സോയ പുലാവ് മറ്റു ചിലർ കേസരി അങ്ങനെ പലതും. വരിവരിയായി നിന്നു മനുഷ്യർ വാങ്ങിക്കഴിക്കുന്നുണ്ട്. ആരും തന്നെ പട്ടിണി കിടക്കരുത് എന്ന സദുദ്ദേശത്തിൽ നടന്നുവരുന്ന ഈ ആചാരത്തെയും വിശ്വാസത്തേയും ഏതോ ബുഫെ പോലെ കണ്ട ചിലരും ആ കൂട്ടത്തിലുണ്ടായിരുന്നു. മാറി മാറി പല വരികളിലും കേറി എല്ലാം വാരിവലിച്ചെടുത്തവർ. പലപ്പോഴും നല്ല വകയുള്ള വീട്ടിലെ മനുഷ്യരാണ് ഇങ്ങനെ എടുക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടത്. വെളുത്ത താടി നീട്ടി വളർത്തി തലയിൽ തൊപ്പി വെച്ചൊരു മനുഷ്യൻ എന്റെ അടുത്തേക്ക് വന്നു. നെറ്റിയിൽ വലിയൊരു നിസ്‌കാരതഴമ്പ്.
''കഴിക്കുന്നില്ലേ കുഞ്ഞേ?''
''നല്ല തിരക്കുണ്ട്. അല്പം ഒതുങ്ങട്ടെ''
''ഇനി തിരക്ക് കൂടുകയേ ഉള്ളു. അവിടുന്നിന്റെ ദർഗ്ഗയിൽ നിന്ന് ഒരു പിടി ഭക്ഷണം കഴിച്ചിട്ടേ മടങ്ങാവു!''
ഞാൻ മറുപടിയായി ഒന്നു ചിരിച്ചു. അത്രയും തിരക്കിനിടയിൽ ഇടിച്ചു കുത്തി ഭക്ഷണം വാങ്ങാനൊരു മടി. ആ മനുഷ്യനോട് ഇത് പറയാൻ അതിലേറെ മടി. അദ്ദേഹം അവിടുന്ന് പോയി. ഞാൻ മെല്ലെ ഒരു മൂലയിലിരുന്നു. ഖവാലി തുടങ്ങുന്നതും കാത്ത്. അൽപനേരം കഴിഞ്ഞ് ആ മനുഷ്യൻ ഒരു കവർ നിറയെ ബിരിയാണിയുമായി വന്നു!
''അയ്യോ! ഞാൻ അങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു. എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിയത്?'' ഞാൻ ചോദിച്ചു
''നമുക്ക് രണ്ടാൾക്കും അറിയാം നീ അങ്ങോട്ടേക്ക് വരില്ലെന്ന്. ഇതെന്റെ ഭാര്യ ഞങ്ങളുടെ കുടുംബത്തിനായി എടുത്തു വെച്ചതിലൊരു പങ്കാണ്. ഒരു ബുദ്ധിമുട്ടുമില്ല, സന്തോഷമേയുള്ളൂ''
യാതൊരു പരിചയവുമില്ലാതെ എന്നോടീ കരുണ കാട്ടിയ നല്ലവനായ ആ മനുഷ്യനോടും കുടുംബത്തോടും ഞാൻ നന്ദി പറഞ്ഞു. ആ ഭക്ഷണത്തിന്റെ സ്വാദ് ചേരുവകൾക്കും മസാലകൾക്കുമപ്പുറം സ്‌നേഹത്തിന്റെയും കരുണയുടെയും സഹിഷ്ണുതയുടെയും സ്വാദ് ആയിരുന്നു! ദൈവവും മനുഷ്യനും അകലം നന്നേ കുറയുന്ന അപൂർവം ചില നിമിഷങ്ങൾ! സ്വാദോടെ ഒരു അരിമണി പോലും പാഴാക്കാതെ ഞാൻ ആ ഭക്ഷണം കഴിച്ചു. ശേഷം ഖവാലി നടക്കുന്ന സ്ഥലത്തേക്ക് നടന്നു നീങ്ങി. ആളുകൾ മെല്ലെ കൂടി വരുന്നതേയുള്ളു. എല്ലാവരും കഴിക്കുന്ന തിരക്കിലാണ്. ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് അവിടെ മുഴുവൻ ആളുകൾ നിറഞ്ഞു. നിലാവുള്ളൊരു രാത്രി. കാറ്റിനു ചന്ദനത്തിന്റെയും ഊദിന്റെയും സുഗന്ധം. എല്ലാ തിരക്കിന്റെയും ബഹളത്തിന്റെയും ഇടയിലും മനസ്സ് ശാന്തമാണ്. സമാധാനത്തിലാണ്. ഗായകർ മെല്ലെ പാടിത്തുടങ്ങി.
'ഭർ ദോ ഛോളി മേരി യാ മുഹമ്മദ്....'
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Ajmer Sharif, a spiritual haven in Rajasthan. Discover the Dargah of Khwaja Moinuddin Chishti, experience soulful Qawwali, and witness the community`s devotion
Published: 31 Dec 2025, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented