മഹാ കുംഭമേളയ്ക്കിടെ ഐ.ഐ.ടി.ബാബ (IIT Baba) എന്ന പേരിൽ വൈറലായ അഭയ് സിങ് വിവാഹിതനായെന്ന് റിപ്പോർട്ടുകൾ. കർണാടകസ്വദേശിയായ പ്രീതികയാണ് ഭാര്യ. മഹാശിവരാത്രി ദിവസമായ ഫെബ്രുവരി 15-ന് ഹിമാചൽ പ്രദേശിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു തങ്ങളുടെ വിവാഹമെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് വിവാഹം രജിസ്റ്റർ ചെയ്തു.

ഫെബ്രുവരിയിൽ വിവാഹം നടന്നെങ്കിലും, ഇപ്പോഴാണ് ഇതിനെക്കുറിച്ച് മറ്റുള്ളവർ അറിയുന്നത്. ചില വീഡിയോകളിലൂടെ വിവാഹം കഴിഞ്ഞ കാര്യം അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു. ഭാര്യയെ പരിചയപ്പെടുത്തുന്ന വീഡിയോയുമുണ്ട്. 'ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കാനാണ് വിവാഹം കഴിച്ചത്' എന്നും അദ്ദേഹം പറയുന്നു.

അതിനിടെ വിവാഹശേഷം തന്റെ ജൻമസ്ഥലമായ, ഹരിയാണയിലെ ഝജർ സന്ദർശിക്കുകയും ചെയ്തു. തന്റെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാനാണ് നാട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സൗഹൃദത്തിൽ തുടങ്ങിയ തങ്ങളുടെ ബന്ധം, വിവാഹത്തിലെത്തുകയായിരുന്നുവെന്ന് പ്രീതിക പറഞ്ഞു. സത്യസന്ധനും ലാളിത്യമുള്ള വ്യക്തിയെന്നുമാണ് പ്രീതിക സ്വന്തം ഭർത്താവിനെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം നൽകിയൊരു അഭിമുഖത്തിൽ തനിക്ക് വിവാഹത്തിൽ വിശ്വാസമില്ലെന്ന് അഭയ് വെളിപ്പെടുത്തിയിരുന്നു. സ്വന്തം മാതാപിതാക്കളുടെ ദാമ്പത്യപ്രശ്‌നങ്ങൾ കണ്ടപ്പോഴാണ് തനിക്ക് വിവാഹത്തിൽ വിശ്വാസം നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തനിക്ക് ഒരു കാമുകി ഉണ്ടായിരുന്നുവെന്നും, നാലുവർഷമായി താൻ ആ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും, എന്നാൽ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കണ്ടതിനാൽ വിവാഹം കഴിച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മുമ്പ് കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്നു അദ്ദേഹം.

2025-ൽ പ്രയാഗ് രാജിൽ നടന്ന കുംഭമേളയിലൂടെയാണ് ബാബ അറിയപ്പെടാൻ തുടങ്ങിയത്. മാധ്യമപ്രവർത്തകർ പലരുടെയും അഭിമുഖങ്ങൾ എടുക്കുകയായിരുന്നു. അതിനിടെയാണ് അവിടെത്തിയ സന്യാസിയായ അഭയ്‌നോടും അവർ സംസാരിച്ചത്. അതിനിടെയാണ് താൻ ഐ.ഐ.ടി ബോംബെയിൽനിന്ന് എയ്‌റോസ്‌പേസ് എഞ്ചിനിയറിങ് പൂർത്തിയാക്കിയ കാര്യം അഭയ് വെളിപ്പെടുത്തിയത്. അതിനുശേഷം ഉയർന്ന ശമ്പളത്തിൽ കാനഡയിൽ കുറച്ചുകാലം ജോലിചെയ്തു. അന്ന് മാസം മൂന്നുലക്ഷം രൂപയായിരുന്നുവത്രെ അഭയ്‌യുടെ ശമ്പളം.

കാനഡയിൽ വച്ച് തന്നെ വിഷാദരോഗം ബാധിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ജീവിതത്തിന്റെ അർത്ഥം അന്വേഷിക്കാൻ പ്രേരിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പിന്നീടാണ് ആത്മീയപാതയിലേക്ക് തിരിഞ്ഞത്.

പ്രശസ്തിക്കൊപ്പം തന്നെ വിവാദങ്ങളും അഭയ്‌നെ വിടാതെ പിന്തുടർന്നു. കഞ്ചാവ് കൈവശം വച്ചുവെന്ന കേസിൽ കഴിഞ്ഞവർഷമാണ് അദ്ദേഹം അറസ്റ്റിലായത്. എന്നാൽ, അത് പ്രസാദമായി തനിക്ക് ലഭിച്ചതാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi