ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയതമയായ മുംതാസിനായി പണിതുയർത്തിയ പ്രണയസൗധമാണ് ആഗ്രയിലെ താജ്മഹൽ (Taj mahal). എന്നാൽ മധ്യപ്രദേശിലെ ബുർഹാൻപൂരിൽ ആനന്ദ് പ്രകാശ് ചൗക്‌സെ എന്ന വ്യവസായി തന്റെ ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി നിർമ്മിച്ചതും അതേ മാതൃകയിലെ വീടാണ്. ആഗ്രയിലെ താജ്മഹലിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വീട്, സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

നിർമ്മാണത്തിന് പിന്നിൽ

കണ്ടന്റ് ക്രിയേറ്ററായ ശുഭം പ്രജാപ്പത് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വീടിന്റെ അകത്തളങ്ങൾ ആളുകളിലേക്ക് എത്തിയത്. ആനന്ദ് പ്രകാശ് ചൗക്‌സെയുടെ മകനും കുടുംബവുമാണ് വീടിന്റെ ഓരോ പ്രത്യേകതകളും പരിചയപ്പെടുത്തിയത്.

യഥാർത്ഥ താജ്മഹലിന്റെ മൂന്നിലൊന്ന് വലിപ്പത്തിലാണ് ഈ രണ്ടുനില വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം രണ്ടു വർഷത്തോളമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. "യഥാർത്ഥ താജ്മഹലിന്റെ അളവുകൾ മീറ്ററിലായിരുന്നു, ഞങ്ങൾ അത് അടിയിലേക്ക് (feet) മാറ്റി മാപ്പുകൾ തയ്യാറാക്കി. അതിനാൽ ഇത് താജ്മഹലിന്റെ കൃത്യമായ പകർപ്പാണ്," എന്ന് ചൗക്‌സെ പങ്കുവെക്കുന്നു.

വീടിന്റെ രാജകീയത

വീടിന്റെ പുറംഭാഗം പൂർണ്ണമായും വെളുത്ത നിറത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചുറ്റും മനോഹരമായി വെട്ടിനിർത്തിയ പുൽത്തകിടിയും പൂന്തോട്ടവുമുണ്ട്. പ്രധാന മകുടവും (dome) അതിന് ചുറ്റുമുള്ള നാല് തൂണുകളും, മനോഹരമായ ആർച്ചുകളും ജാലി വർക്കുകളും കൊണ്ട് അലങ്കരിച്ച കവാടം എന്നിങ്ങനെ താജ്മഹലിന്റെ ബാഹ്യരൂപത്തിലെ എല്ലാ ഘടകങ്ങളും ചെയ്തിട്ടുണ്ട്.

24 അടി ഉയരമുള്ള ഡബിൾ സീലിങ്ങാണ് വീടിന്. സിനിമാ സെറ്റുകളെ ഓർമ്മിപ്പിക്കുന്ന ഇരട്ട ഗോവണികളും (double staircase) മാർബിളും ടൈലുകളും ചേർന്ന വെള്ള പശ്ചാത്തലവും വീടിന് രാജകീയ പ്രൗഢി നൽകുന്നു. ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന വലിയ സോഫകളും മനോഹരമായ ഡൈനിങ് ടേബിളും, വെളിച്ചം കടക്കാൻ സീലിങ്ങിനോട് ചേർന്ന് പ്രത്യേകമായി നിർമ്മിച്ച വലിയ ജനാലകൾ, ചുമരുകളിലെ വെയിൻസ്‌കോട്ടിങ് (Wainscotting), ആകർഷകമായ ചിത്രങ്ങൾ, ലൈറ്റിങ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

പ്രണയത്തിന്റെ ഉദാത്തമായ പ്രതീകമായി മാറിയ ഈ വീട് സോഷ്യൽ മീഡിയയിൽ മുൻപും പല തവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi