സിനിമാതാരങ്ങളായ അനുപമ പരമേശ്വരനും (Anupama Parameswaran) ധ്രുവ് വിക്രമും (Dhruv Vikram) പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത് 2025-ലാണ്. എന്നാൽ കുറച്ചുദിവസങ്ങൾക്കുമുമ്പ് അനുപമയിട്ടൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ചർച്ചകൾക്ക് വഴിവെച്ചു. 'ഇനി അനുവാദങ്ങൾ വേണ്ട, ഭയമില്ല. വളരെക്കാലമായി പറയാൻ എനിക്ക് അനുവാദമില്ലാതിരുന്ന ഒരു കാര്യം' എന്നുതുടങ്ങുന്ന കുറിപ്പോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തത്. അതോടെ അനുപമ ഒരു ടോക്‌സിക് റിലേഷൻഷിപ്പിലായിരുന്നുവെന്നും സോഷ്യൽമീഡിയ തിരിച്ചറിഞ്ഞു. അത് ധ്രുവ് തന്നെയാണോ എന്നതായിരുന്നു പിന്നീടുള്ള ചർച്ച. അപ്പോഴൊന്നും ആ ബന്ധത്തെക്കുറിച്ചോ അതിലെ ടോക്‌സിസിറ്റിയെക്കുറിച്ചോ അനുപമ ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആ ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അനുപമ. 'I am with Dhanya Varma' എന്ന അഭിമുഖത്തിലാണ് അവരുടെ തുറന്നുപറച്ചിൽ.
താൻ പ്രണയിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, ആ ബന്ധത്തിലായിരുന്നപ്പോൾ താൻ ക്രമേണ ഒതുങ്ങിപ്പോകാൻ തുടങ്ങിയെന്ന് അനുപമ പറഞ്ഞു. താൻ വല്ലാതെ മെലിഞ്ഞുപോയെന്നും, തന്റെ ജീവിതം തന്നെ ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ഉണ്ടായതെന്നും താരം പറയുന്നു.
Also Read
ആ ബന്ധത്തെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ, ''രണ്ട് വർഷത്തോളം ഞാൻ നാർസിസിസ്റ്റിക് അബ്യൂസിന് (narcissistic abuse) ഇരയായിട്ടുണ്ട്. ഇക്കാര്യത്തിൽ ആളുകളെ പ്രധാനമായും ചില വിഭാഗങ്ങളായി തിരിക്കാമെന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് എന്നെപ്പോലെയുള്ളവരാണ്. ഒരു ഇൻസ്റ്റഗ്രാം റീലിൽ മഡോണ സെബാസ്റ്റ്യൻ നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്കുണ്ടായ ശാരീരിക പ്രതികരണം അത്ര തീവ്രമായിരുന്നു, ഞാൻ വിറയ്ക്കാൻ തുടങ്ങി. പീഡനം അനുഭവിച്ചവരും, തങ്ങളുടെ പ്രിയപ്പെട്ടവർ അത് അനുഭവിക്കുന്നത് കണ്ടിട്ടുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്നതാണ് ഈ വിഭാഗം. രണ്ടാമത്തെ വിഭാഗം ഇതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ്. അവർ ഒരുപക്ഷേ ഈ പദം കേട്ടിട്ടുണ്ടാകാം, പക്ഷേ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ട സാഹചര്യം അവർക്കുണ്ടായിട്ടില്ല. മൂന്നാമത്തെ വിഭാഗം ഇതിനെ ലിംഗാധിഷ്ഠിതമായ ഒന്നായി കാണുകയും, വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ നെഗറ്റീവ് കമന്റുകൾ ഇടുകയും ചെയ്യുന്നവരാണ്. എന്നാൽ, ഞാൻ പ്രത്യേകം സംസാരിക്കാൻ ആഗ്രഹിക്കുന്ന അടുത്ത വിഭാഗം, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും അത് തിരിച്ചറിയാൻ കഴിയാത്തവരാണ്. അതാണ് ഏറ്റവും അപകടകരമായ വിഭാഗം''.
ആ ബന്ധം തന്നെ എങ്ങനെയൊക്കെ മാറ്റിയെന്നും താരം വിശദീകരിക്കുന്നു. ''ഒന്നുരണ്ട് ഡേറ്റുകൾക്കുശേഷം അദ്ദേഹം എന്നെ വീട്ടിലേക്ക് കൊണ്ടുപോയി, തന്റെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തി. ഞാൻ അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽത്തന്നെ അദ്ദേഹം വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി. ചടങ്ങ് എവിടെ നടത്തണം, എത്രപേരെ ക്ഷണിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബം ചോദിച്ചുതുടങ്ങുകയും ചെയ്തു''. എന്നാൽ താൻ ആ വിവാഹനിശ്ചയത്തിനുള്ള നിർദേശം നിരസിക്കുകയും കൂടുതൽ സമയം ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് അവർ പറയുന്നു.
'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ച അവർ, എന്തുകൊണ്ടാണ് അതിന്റെ പ്രചാരണ പരിപാടികളിൽ താൻ പങ്കെടുക്കാതിരുന്നത് എന്നതിനെക്കുറിച്ചും സംസാരിച്ചു. ''ഡ്രാഗൺ എന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഞാൻ അതിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാതിരുന്നത്? ഞാൻ പല സിനിമകളും വേണ്ടെന്നുവെച്ചു. എന്റെ ജോലിയെ മാത്രമല്ല, എന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അയാൾ നിയന്ത്രിക്കാൻ തുടങ്ങി. അതൊരു 'അന്യൻ' സിനിമയിലെ കഥാപാത്രത്തിനൊപ്പം ജീവിക്കുന്നത് പോലെയായിരുന്നു. ചില ദിവസങ്ങളിൽ, ജീവിതത്തിൽ ഇത്രയും നല്ലൊരു വ്യക്തിയെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണെന്നുതോന്നും. എന്നാൽ പിറ്റേന്ന് അയാൾ വളരെ ക്രൂരമായി പെരുമാറും. തൊട്ടടുത്ത ദിവസം അയാൾ ക്ഷമ ചോദിക്കുകയും, അപേക്ഷിക്കുകയും, ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് ഒരു കുട്ടിയെപ്പോലെ കരയുകയും ചെയ്യും. ഈ അവസ്ഥ ആവർത്തിച്ചുകൊണ്ടേയിരുന്നു''.
സംഭാഷണത്തിനിടെ, താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആ പോസ്റ്റിന് ലഭിച്ച വിവിധ പ്രതികരണങ്ങളെക്കുറിച്ചും താരം മനസ്സുതുറന്നു. ''രണ്ടുതരം ആളുകളാണുള്ളത്. ഒന്ന്, 'അവൾ മുറിവുകളിൽ നിന്ന് മുക്തയാവുകയാണ്' എന്ന് തിരിച്ചറിഞ്ഞവർ. ഞാൻ ഒടുവിൽ സുഖം പ്രാപിക്കുകയും ജീവിതത്തിൽ സമാധാനം കണ്ടെത്തുകയും ചെയ്യുന്നു എന്നത് വളരെ നല്ല കാര്യമാണെന്ന് മനസ്സിലാക്കുന്നവർ. സ്വാഭാവികമായും, വെറുതെ എന്തൊക്കെയോ പറയുന്ന മറ്റൊരു വിഭാഗവുമുണ്ട്. ആ പോസ്റ്റ് പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല; അതിനു പിന്നിൽ വലിയൊരു കഥയുണ്ട്. ആ ഒരൊറ്റ പോസ്റ്റിനു പിന്നിൽ രണ്ട് വർഷത്തെ വേദനയും ശാരീരികവും മാനസികവുമായ തകർച്ചയുമുണ്ട്. വെറുതെ ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല; ഞാൻ പൂർണ്ണമായും സുഖം പ്രാപിക്കുകയും അതിനായി മാനസികമായി തയ്യാറാവുകയും ചെയ്തപ്പോൾ മാത്രം എന്തെങ്കിലും പങ്കുവെക്കാനാണ് ഞാൻ ആഗ്രഹിച്ചത്. തന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെ പ്രധാനപ്പെട്ട ഒരു കാര്യം തിരിച്ചറിയുകയും, മുറിവുകൾ ഉണങ്ങാൻ സമയം എടുത്ത്, സുപ്രധാനമായ ഒരു കാര്യം ലോകത്തോട് വിളിച്ചുപറയുകയും ചെയ്ത ഒരു പെൺകുട്ടിയുടെ യാത്രയായിരുന്നു അത്''. രണ്ടു വർഷം നീണ്ടുനിന്ന ശാരീരികവും മാനസികവുമായ ദുരിതങ്ങളുടെയും തകർച്ചയുടെയും ഫലമായിരുന്നു ആ പോസ്‌റ്റെന്നും അവർ പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anupama Parameswaran revealed she endured two years of narcissistic abuse in a toxic relationship. She explained how the relationship caused her to shrink, lose weight, and controlled her career and life.
Published: 13 Aug 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented