കഥയിലെ നായികമാർ എന്ന കോളത്തിന് ഈയാഴ്ചയോടെ തിരശ്ശീല വീഴുകയാണ്. അവസാനത്തെ അധ്യായത്തിൽ ഞാൻ അവതരിപ്പിക്കുന്നത് 1980കളിൽ ഒരു കൊച്ചു സുന്ദരിക്കുട്ടിയായ് വന്ന് ജനമനസ്സുകൾ കീഴടക്കിയ ബേബിശാലിനി എന്ന ബാലതാരത്തെയാണ്. അന്നത്തെ നായികമാരേക്കാൾ കച്ചവടമൂല്യമുണ്ടായിരുന്ന, ഓരോ കുടുംബത്തിലെയും ഒരു അംഗത്തെപ്പോലെ ജനം മനസ്സിൽകൊണ്ടുനടന്നിരുന്ന ഒരു ബാലതാരം ഇന്ത്യൻ സിനിമയിൽ വേറെയുണ്ടായിട്ടില്ല എന്നുവേണം പറയുവാൻ.
ഫാസിലിന്റെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന മൂന്നര വയസ്സുകാരിയായ ഈ കൊച്ചുതാരത്തെ അറിയാത്തവരായി അന്ന് കേരളത്തിൽ വേറെ ആരും ഉണ്ടാകുമെന്നും തോന്നുന്നില്ല.
Also Read
എന്റെ മാമാട്ടിക്കുട്ടിയമ്മയുടെ വൻ വിജയത്തിനു ശേഷം ഞാൻ തിരക്കഥയെഴുതിയ 'ചക്കരയുമ്മ'യിലെ ശാലുമോൾ എന്ന കുസൃതിക്കുട്ടിയായി കളംനിറഞ്ഞാടിയതോടെ ഒരു ബേബിശാലിനി തരംഗംതന്നെയാണ് ഉണ്ടായത്. ചക്കരയുമ്മക്കു ശേഷം ഞാൻ എഴുതിയ ഒന്നാണ് നമ്മൾ, കോടതി, സന്ദർഭം, കൂട്ടിനിളംകിളി, പ്രത്യേകം ശ്രദ്ധിക്കുക, മുഹൂർത്തം 11.30, ഒരു കുടക്കീഴിൽ, ഇനിയും കഥതുടരും, ഒന്നിങ്ങുവന്നെങ്കിൽ തുടങ്ങി പതിമൂന്നോളം ചിത്രങ്ങളിൽ ശാലിനി അഭിനയിച്ചു. ബേബിശാലിനിക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് സിനിമകൾ ചെയ്യണമെന്നുള്ള നിർമാതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയതുകൊണ്ടാണ് ഇത്രയും ചിത്രങ്ങൾ എനിക്ക് എഴുതേണ്ടിവന്നത്. എന്നെപോലെ തന്നെ ജോഷിക്കും മമ്മൂട്ടിക്കും ഈ ബേബിശാലിനി ചിത്രങ്ങളുടെ കൂടെ നിൽക്കേണ്ടിവന്നതുകൊണ്ട് ചില പഴികളും കേൾക്കേണ്ടിവന്നിട്ടുണ്ട്.

ജർമ്മനിയിലും വത്തിക്കാനിലും വച്ച് ഷൂട്ടുചെയ്ത ‘മിനിമോൾ വത്തിക്കാനിൽ’ എന്ന ചിത്രത്തിലേയും പ്രധാന കഥാപാത്രം ശാലിനിയായിരുന്നു. 1984 സെപ്റ്റംബറിലാണ് ഞങ്ങൾ ജർമ്മനിയിലേക്ക് പോയത്. മദ്രാസിൽ നിന്നും ജർമനിയിലേക്കുള്ള വിമാനയാത്ര വളരെ രസകരമായ ഒരു അനുഭവമായിരുന്നു. ആദ്യത്തെ എന്റെ വിദേശയാത്രയാണ്. ജോഷി, ഞാൻ, സരിത, സ്വപ്‌ന, സോമൻ, ബേബിശാലിനി, ശാലിനിയുടെ അച്ഛൻ ബാബു, രവീന്ദ്രൻ, ലാലു അലക്‌സ്, കെ.പി.എ.സി. സണ്ണി, ക്യാമറാമാൻ ആനന്ദക്കുട്ടൻ, ജോഷിയെ സഹായിക്കാനായി സംവിധായകൻ തമ്പികണ്ണന്താനം, നിർമാതാക്കളിൽ ഒരാളായ സ്വപ്‌നാ ഫിലിംസ് ബേബിച്ചേട്ടനടക്കമുള്ള ഒരു വലിയ സംഘമാണ് വിമാനത്തിലുള്ളത്. ക്യാപ്റ്റൻ രാജു പിറ്റേന്ന് ബോംബെയിൽ നിന്നാണ് പുറപ്പെട്ടത്.
മദ്രാസ്സിൽ നിന്നും ജർമനിയിലേക്കുള്ള യാത്രാദൈർഘ്യം പത്തുമണിക്കൂറാണ്. ഇത്രയും സമയം എങ്ങനെ കഴിച്ചുകൂട്ടുമെന്നുള്ള മനപ്രയാസത്തിലാണ് ഞാൻ വിമാനത്തിന്റെ സൈഡ് സീറ്റിൽ ഇടംപിടിച്ചതെങ്കിലും ബേബിശാലിനിയുടെ കുസൃതിയും കുറുമ്പും രതീഷ്, രവീന്ദ്രൻ, ലാലു അലക്‌സ്, സ്വപ്‌ന തുടങ്ങിയവരുടെ പാട്ടും പരസ്പരമുള്ള വാരലും ചിരിയുമെല്ലാംകൊണ്ടും ചെറിയൊരു ഉത്സാവാഘോഷത്തിന്റെ പ്രതീതിയായിരുന്നതുകൊണ്ട് ജർമ്മനിയിൽ എത്താനുള്ള പത്തുമണിക്കൂർ ദൂരം അഞ്ചുമണിക്കൂറായി കുറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്.

നേരം മിനുമിനാ വെളുത്തു തുടങ്ങിയപ്പോഴാണ് ഞങ്ങൾ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ ചെന്നിറങ്ങുന്നത്. എയർപോർട്ട് കണ്ടാൽ ഏതോ ഒരു മായികലോകത്ത് എത്തിപ്പെട്ടതുപോലെയാണ് എനിക്ക് തോന്നിയത്. വലിയ വിശാലമായ എയർപോർട്ടിൽ വിമാനം നിരന്നുകിടക്കുന്നതു കാണാൻതന്നെ നല്ല ചന്തമാണ്. ഞങ്ങൾ എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങി വരുമ്പോൾ നിർമാതാക്കളിലൊരളായ അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളിയും സംഘവും നാലഞ്ചു കാറുകളുമായി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. 300കിലോമീറ്ററോളം ദൂരമുള്ള താമസസ്ഥലത്തേക്ക് ഓടിയെത്താൻ രണ്ടേകാൽ മണിക്കൂർ സമയം മാത്രമേ വേണ്ടിവന്നുള്ളൂ.
ഞങ്ങൾക്ക് താമസസൗകര്യമൊരുക്കിയിരുന്നത് അവിടത്തെ സെന്റ് ജോസഫ് ക്രാങ്കൺ ഹോസ്പിറ്റലിനടുത്തുള്ള ഒരു വലിയ കെട്ടിടത്തിലായിരുന്നു. എന്റെ റൂമിന്റെ തൊട്ടടുത്ത മുറിയിലായിരുന്നു ബേബിശാലിനിയും അച്ഛൻ ബാബുവും താമസിച്ചിരുന്നത്. എതിർവശത്തുള്ള മുറികളിൽ സോമനും രതീഷും. ശാലിനി ഇടയ്ക്കിടയ്ക്ക് എന്റെ മുറിയിലേക്ക് വരും. മൂന്നരവയസ്സുപ്രായമേയുള്ളൂവെങ്കിലും ചെറിയവായിൽ നിന്നും വലിയവലിയ ചോദ്യങ്ങളും ചിരിയും ആക്ഷനുമൊക്കെയായി അങ്ങനെ ഓടിനടക്കും. ശാലിനി പറയേണ്ട സിനിമയിലെ സംഭാഷണങ്ങൾ ആദ്യം പഠിക്കുന്നത് അച്ഛൻ ബാബുവാണ്. പിന്നെ അത് പതുക്കെ മകളെ പഠിപ്പിക്കും.
ജർമ്മനിയിൽ ഷൂട്ടിംഗ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് മാർപ്പാപ്പ ബേബിശാലിനിയെ അനുഗ്രഹിക്കുന്ന സീൻ എടുക്കാനായി ഞങ്ങൾ വത്തിക്കാനിലേക്ക് പോയത്. ഞാനും ജോഷിയും സോമനും സരിതയും ബേബിശാലിനിയും ക്യാമറമാൻ ആനന്ദക്കുട്ടനും നിർമാതാവായ അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളിയും മറ്റു രണ്ടുമൂന്നുപേരും മാത്രമേ വത്തിക്കാനിലേക്കു പോയുള്ളൂ. സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ ഷൂട്ടുചെയ്യാൻ അനുവാദം കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്നത്തെ മാർപ്പാപ്പ ജോൺപോൾ രണ്ടാമനായിരുന്നു. ജർമ്മനിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള അഗസ്റ്റിൻ ഇലഞ്ഞിപ്പിള്ളിയുടെ സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ് മറ്റാർക്കും കിട്ടാത്ത ഒരു പരിഗണന ഞങ്ങൾക്ക് ലഭിച്ചത്.
മാർപ്പാപ്പ ബേബിശാലിനിയെ ആശീർവദിക്കുന്ന ഒരു ചെറിയ സീനാണ് പള്ളിക്കകത്തുവെച്ച് എടുക്കാനുള്ളത്. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും രാവിലെതന്നെ ഒരുക്കിയിരുന്നു. സരിതയുടെ മകളുടെ വേഷമായിരുന്നു ശാലിനിക്ക്. സരിതയും സോമനും ശാലിനിയും ജോഷിയും ക്യാമറാമാൻ ആനന്ദക്കുട്ടനും ഒന്നുരണ്ട് ടെക്‌നീഷ്യൻസും മാത്രമാണ് പള്ളിക്കകത്തുണ്ടായിരുന്നത്. ഷൂട്ടിങ്ങാണ് നടക്കുന്നതെന്ന് അധികമാരും അറിയാതെവേണം ചിത്രീകരിക്കാൻ. സരിത ശാലിനിയെ എടുത്തുകൊണ്ട് നിൽക്കുമ്പോൾ മാർപ്പാപ്പ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ഈ ഒരു ചെറിയ സീൻ മാത്രമേ പള്ളിക്കകത്ത് ഷൂട്ടുചെയ്യാൻ അനുവദിച്ചിട്ടുള്ളൂ.
ഇതിനിടയിൽ ശാലിനി ചെറിയൊരു കുസൃതി ഒപ്പിക്കുകയുംചെയ്തു. മാർപ്പാപ്പ തലയിൽ കൈവച്ച് അനുഗ്രഹിച്ചതിനുശേഷം വാത്സല്യപൂർവം കവിളിൽ തട്ടുമ്പോൾ പെട്ടെന്നുതന്നെ അവളും മാർപ്പാപ്പയുടെ കവിളിലും തട്ടാൻ പോകുന്നു. അങ്ങനെ ഒന്നും മാർപ്പാപ്പയെ സ്പർശിക്കാൻ പാടില്ലെന്ന് പാവം അവൾക്ക് അറിഞ്ഞുകൂടല്ലോ. പള്ളിക്കകത്തെ ആ സീൻ കഴിഞ്ഞ് വത്തിക്കാനിലെ തെരുവിലൂടെ സോമനും ബേബിശാലിനിയും സരിതയും കൂടി നടന്നുവരുന്ന ഒന്നുരണ്ട് പാസ്സിങ് ഷോട്ടുകൾ കൂടി എടുത്തിട്ട് അന്ന് വൈകുന്നേരംതന്നെ ഞങ്ങൾ ജർമ്മനിയിലേക്ക് തിരിച്ചു.
രണ്ടരാഴ്ചത്തെ ഷൂട്ടായിരുന്നു ജർമ്മനിയിലുണ്ടായിരുന്നത്. സോമൻ, സരിത, ബേബിശാലിനി, സ്വപ്‌ന, രതീഷ് തുടങ്ങിയവരുടെ ഷൂട്ടിംഗ് നേരത്തെ തീർന്നതുകൊണ്ട് പിറ്റേന്നുതന്നെ അവരെ നാട്ടിലേക്ക് അയക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു. ഈ സിനിമ കഴിഞ്ഞാൽ ജോഷിയും ഞാനുംകൂടി ചെയ്യേണ്ടത് ഓറിയന്റൽ സാജൻ നിർമിക്കുന്ന ‘മുഹൂർത്തം 11:30’ ആണ്. മമ്മൂട്ടിയെയും മറ്റ് എല്ലാ ആർട്ടിസ്റ്റിനെയും ബുക്കുചെയ്തുകഴിഞ്ഞു. നാട്ടിൽ ചെന്നിട്ടുവേണം എനിക്ക് തിരക്കഥ ജോലി തുടങ്ങാൻ.
''നീയും ഇവരോടൊപ്പം നാട്ടിലേക്ക് പോയ്‌ക്കോളൂ ഇവിടെ മൂന്നാലുദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ട്. നീ വേഗം ചെന്ന് എഴുത്തുപണി തുടങ്ങിക്കോളൂ.'' ജോഷി പറഞ്ഞു.
പിറ്റേന്നു രാവിലെതന്നെ ഞങ്ങൾ എല്ലാവരുംകൂടി എയർപോർട്ടിലേക്ക് പോന്നു. അവിടെവെച്ച് ക്യാപ്റ്റൻ രാജുവും രവീന്ദ്രനും തമ്മിലുള്ള ഒരു സീൻ എടുക്കാനുള്ളതുകൊണ്ട് ഷൂട്ടിംഗ് യൂണിറ്റ് എല്ലാവരും നേരത്തെതന്നെ അവിടെ എത്തിയിട്ടുണ്ട്. കുറേനേരം ഷൂട്ടിങ് കണ്ടുനിന്നതിനുശേഷം ഞങ്ങൾ ഫ്ളൈറ്റിൽ കയറാനായി പോയി. ഏത് ചാനലിലൂടെയാണ് പോകേണ്ടതെന്നറിയാതെ ഞങ്ങൾ ചെറുതായിട്ടൊന്ന് വട്ടംചുറ്റി. ബേബിശാലിനി ഉച്ചത്തിൽ ‘അപ്പാ’ എന്നുവിളിച്ചുകൊണ്ടു ബാബുവിന്റെ പിറകെ ഓടി അവിടം ശബ്ദമുഖരിതമാക്കി. എയർപോർട്ടിലുള്ള വിദേശികൾക്ക് അത് പുതിയൊരു അനുഭവമായിരുന്നു.
ഞങ്ങൾ നാട്ടിലെത്തി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ജോഷിയുമെത്തി. ഒക്ടോബർ മൂന്നാംവാരത്തിൽ തന്നെ മുഹൂർത്തം 11.30 ന്റെ ഷൂട്ടിംഗ് കോട്ടയത്താരംഭിച്ചു. സ്‌ക്രിപ്റ്റ് എഴുതിത്തീരാതിരുന്നതുകൊണ്ട് ഞാൻ രണ്ടുദിവസം മുൻപേ കോട്ടയത്തേക്ക് പോന്നു. മമ്മൂട്ടിയോടൊപ്പം ഇതിലും സരിതയും ബേബിശാലിനിയും രതീഷുമുണ്ടായിരുന്നു.
1985 ജനുവരിയിലാണ് മുഹൂർത്തം 11.30 റിലീസായത്. 125 ദിവസമാണ് കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളിൽ ഈ ചിത്രം നിറഞ്ഞോടിയത്. ഞാനും ജോഷിയുംകൂടി ഇതേവർഷംതന്നെ ചെയ്ത സാജന്റെ ഒരുകുടക്കീഴിൽ, ഒന്നിങ്ങുവന്നെങ്കിൽ, വന്നു കണ്ടു കീഴടക്കി എന്നീ ചിത്രങ്ങളിൽ ‘ഒന്നിങ്ങുവന്നെങ്കിൽ’ ഒഴികെയുള്ള മറ്റെല്ലാ ചിത്രങ്ങളിലും ബേബിശാലിനി ഉണ്ടായിരുന്നു.
കോട്ടയത്ത് ഒരു കുടക്കീഴിലിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ബേബിശാലിനിയുടെ കുസൃതിയുടെ നിറഞ്ഞാട്ടം ഒന്നുകാണേണ്ടതായിരുന്നു. ജഗതി ശ്രീകുമാർ ശാലിനിക്ക് പാട്ടുപാടിക്കൊടുക്കുന്നതും അവൾ അതനുസരിച്ച് ഡാൻസുചെയ്യുന്ന ഒരു രംഗമുണ്ട്. ശാലിനി ഡാൻസ് ചെയ്യുമ്പോൾ അങ്ങനെയല്ല ചെയ്യേണ്ടതെന്ന് ജഗതി പറഞ്ഞുതീരുമ്പോൾ അവൾ ജഗതിയെ പറഞ്ഞുതിരുത്തിയത് രസകരമാണ്. ലൊക്കേഷനിൽ എല്ലാവരെയും ശാലിനി അത്ഭുതപ്പെടുത്തുകയുണ്ടായി.
പിന്നീട് ഞാൻ എഴുതിയ ‘ഒരു നോക്കുകാണാൻ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും അംബികയുടെയും മകളായി ഇരട്ട വേഷത്തിലാണ് ശാലിനി അഭിനയിച്ചത്. സ്ത്രീ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആർഷിച്ച ഇരട്ടവേഷത്തിൽ ശാലിനി നിറഞ്ഞാടുകയായിരുന്നു. ഇതിനിടയിൽ വർഷങ്ങൾ പലതു കടന്നുപോയി. ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യിലൂടെ ശാലിനിയെ ബാലതാരമായി അവതരിപ്പിച്ച ഫാസിൽതന്നെയാണ് ‘അനിയത്തിപ്രാവി’ലൂടെ ശാലിനിയെ നായികയായികൊണ്ടുവന്നത്. ആദ്യനായികാ ചിത്രവും വൻ വിജയമായിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി ‘കുമാരി ശാലിനി’യായി മാറുകയായിരുന്നു.
ഈ സമയത്താണ് അനിൽ ബാബു സംവിധാനം ചെയ്ത ‘കളിയൂഞ്ഞാൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിക്കുന്നത്. ഒരുദിവസം അനിലിനെയും ശാലിനിയെയും കാണാൻ വേണ്ടി ഞാൻ അവരുടെ ലൊക്കേഷനിൽ ചെന്നു. മമ്മൂട്ടിയും ദിലീപും നായകന്മാരായിട്ടഭിനയിക്കുന്ന ചിത്രമാണ്. വളരെ വർഷങ്ങൾക്കുശേഷമാണ് ശാലിനിയുടെ അച്ഛൻ ബാബുവിനെ ഞാൻ കാണുന്നത്. പഴയ ആ സ്‌നേഹാദരങ്ങളോടെ ബാബു എന്റെയടുത്തേക്ക് ഓടിവന്നു. കുശലാന്വേഷണങ്ങൾക്കുശേഷം ബാബു ശാലിനിയെയും വിളിച്ചുകൊണ്ട് എന്റെ അടുത്തേക്കുവന്നു. ശാലിനിക്ക് എന്നെ മനസ്സിലായതേയില്ല. ബേബിശാലിനി കുമാരി ശാലിനിയായി വളർന്ന് ശാലീന സുന്ദരിയായിട്ടുണ്ട്. ബാബു ശാലിനിയോട് ചോദിച്ചു ''ഈ അങ്കിളിനെ അറിയുമോ?'' ശാലിനി മനസ്സിലാകാത്ത ഭാവത്തിൽ എന്നെ നോക്കുന്നതു കണ്ടപ്പോൾ ബാബു പറഞ്ഞു.
“ചക്കരയുമ്മ മുതൽ മിനിമോൾ വത്തിക്കാനിൽ വരെ നിന്റെ 13 ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുള്ള അങ്കിളാണ്. കലൂർ ഡെന്നീസ്.” ശാലിനി എന്നെ നോക്കി വിസ്മയം കൂറിയിട്ടു പറഞ്ഞു.
''സോറി അങ്കിൾ ഞാൻ കുട്ടിയായിരിക്കുമ്പോൾ കണ്ടതല്ലേ, എനിക്ക് മനസ്സിലായില്ല''
ഞങ്ങൾ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ‘ഷോട്ട് റെഡി’ എന്നുപറഞ്ഞുകൊണ്ട് അനിലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയുടെ അടുത്തേക്ക് വന്നു. ‘ഞാനിപ്പോൾ വരാം അങ്കിൾ’ എന്നു പറഞ്ഞുകൊണ്ട് ശാലിനി വേഗംതന്നെ അകത്തേക്ക് പോയി.
പിന്നീട് രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ ആ വിശേഷവാർത്ത അറിയുന്നത്. തമിഴിലെ സൂപ്പർ താരമായ അജിത്തും ശാലിനിയും തമ്മിൽ വിവാഹിതരായിരിക്കുന്നു. അവർ തമ്മിൽ ഒന്നുരണ്ടു സിനിമകളിൽ അഭിനയിച്ചപ്പോൾ അജിത്തിന് ശാലിനിയോട് തോന്നിയ ഇഷ്ടമാണ് വിവാഹത്തിലെത്തിയത്. മറ്റുനടീനടന്മാരെപ്പോലെയല്ലായിരുന്നു അവരുടെ ദാമ്പത്യം. യാതൊരുവിധ അലോസരങ്ങളുമില്ലാതെ ആദർശപൂർണമായ ഒരു കുടുംബജീവിതം നയിച്ചുവരികയാണവർ.
(അവസാനിച്ചു)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kaloor-dennis-remembers-baby-shalini-child-prodigy
Published: 07 Aug 2026, 03:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented