ജോലിയില്ലാതെ വിഷമിക്കുന്നവരാണോ നിങ്ങൾ...? അതോ നിലവിലെ ജോലി മടുപ്പിക്കുന്നുണ്ടോ...? ജോലിത്തിരക്ക് കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കാത്തതും സ്ഥിരമായ ഒരു വരുമാനമാർഗ്ഗമില്ലാത്തതുമാണ് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്‌നം. ഇതുണ്ടാക്കുന്ന സമ്മർദം പലപ്പോഴും ഇവർക്ക് ഒരു തലവേദനയാണ്.

To advertise here,

എന്നാൽ, ഏതെങ്കിലും കൈത്തൊഴിലോ കലാപരമായ കഴിവുകളോ ഉള്ള സ്ത്രീകൾക്ക് വീട്ടിലിരുന്ന് തന്നെ സ്വന്തം കാലിൽ നിൽക്കാനും മികച്ച വരുമാനം നേടാനും സാധിക്കും. കൈകൊണ്ട് വസ്തുക്കൾ നിർമ്മിക്കാൻ കഴിയുന്നവർക്ക് ഇന്ന് ഓൺലൈനിൽ വലിയ വിപണിയുണ്ട്. അല്പം ക്ഷമയും പഠിച്ചെടുക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും ഈ രംഗത്ത് സ്വന്തമായൊരിടം കണ്ടെത്താനാകും. ഇങ്ങനെ വീട്ടിലിരുന്ന് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ഇന്ന് അനന്ത സാധ്യതകൾ നമുക്ക് മുന്നിലുണ്ട്. ഇഷ്ടമുള്ളപ്പോൾ ജോലി ചെയ്ത് ആരുടെയും സമ്മർദ്ദമില്ലാതെ സ്വന്തമായി വരുമാനം കണ്ടെത്താനാകും എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

ഒരു കാലത്ത് ഗ്രാമീണ സ്ത്രീകളുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്ന് തയ്യൽ മെഷീനുകളായിരുന്നു. ഇന്ന് ഗ്രാമ-നഗരഭേദമന്യേ നാനാവിധത്തിലുള്ള വരുമാന സ്രോതസ്സുകൾ സ്ത്രീകൾ കണ്ടെത്തിക്കഴിഞ്ഞു. അടുക്കളയിൽ സ്ഥിരമായി ചെയ്തിരുന്ന പാചകം പോലും സോഷ്യൽമീഡിയയുടെ സഹായത്തോടെ വരുമാനമാക്കി മാറ്റിയ സ്ത്രീകൾ നിരവധിയാണ്. ഇങ്ങനെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം വലിയ മുതൽമുടക്കില്ലാതെ തുടങ്ങാനും സ്വന്തം താല്പര്യത്തിനനുസരിച്ച് കൂടുതൽ വരുമാനം നേടാനും കഴിയുന്ന ചില സംരംഭങ്ങൾ പരിചയപ്പെടാം.

1. ക്രോഷേ (Crochet)
സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ക്രോഷേ ഉത്പന്നങ്ങളുടെ നിർമ്മാണം. മാനസിക സമ്മർദം കുറയ്ക്കാനും ഒരു ഹോബിയെന്ന നിലയിലും ഇന്ന് നിരവധി സ്ത്രീകൾ ക്രോഷേ ഉത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ ഇതൊരു മികച്ച വരുമാന മാർഗ്ഗമാണെന്ന് പലർക്കും അറിയില്ല. വലിയ മുതൽമുടക്കില്ലാതെ വീട്ടിൽ നിന്നുതന്നെ ഇത് ചെയ്ത് വിജയം നേടാനാകും.

ക്രോഷേ ഉത്പന്നങ്ങൾക്ക് വിപണിയിൽ വലിയ ഡിമാൻഡ് ആണുള്ളത്. വലിയവർക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങൾ, ഷർട്ടുകൾ, ടോപ്പുകൾ, ഷ്രഗുകൾ, മഫ്ളറുകൾ, ബാഗുകൾ, പേഴ്‌സുകൾ, നവജാത ശിശുക്കൾക്ക് ആവശ്യമായിട്ടുള്ള സോക്‌സുകൾ, തൊപ്പികൾ, കുഞ്ഞുടുപ്പുകൾ, മാല, ഹെയർബാൻഡ്, കുഞ്ഞുപാവകൾ, ജാക്കറ്റ്, ഡോർ മാറ്റുകൾ, ടേബിൾ റണ്ണറുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങി ക്രോഷേയിൽ നിരവധി ഉത്പന്നങ്ങൾ നെയ്‌തെടുക്കാനാകും. ബേബി ഷവർ, പിറന്നാൾ, നൂല്‌ക്കെട്ട് തുടങ്ങിയ ചടങ്ങുകളിലും ഇന്ന് ക്രോഷേ ഉത്പന്നങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങൾക്കുള്ള വിപണന സാധ്യതകളാണ്.

ആർക്കും എളുപ്പത്തിൽ ക്രോഷേ പഠിക്കാം. ഇതിനായുള്ള ഓൺലൈൻ ക്ലാസുകൾ നിലവിലുണ്ട്. ചെലവില്ലാതെ പഠിക്കാൻ ധാരാളം യുട്യൂബ് വീഡിയോകളും ലഭ്യമാണ്. തുടക്കക്കാർക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാൻ സഹായിക്കുന്ന വീഡിയോകളുമുണ്ട്. തുടക്കത്തിൽ ചെറിയ ക്രോഷേ ഉത്പന്നങ്ങൾ നിർമ്മിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി വിപണി കണ്ടെത്താം. മനോഹരമായ ഡിസൈനുകൾ വിൽക്കുന്നതിന് ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, യുട്യൂബ് തുടങ്ങിയവയിലെ വിപണന സാധ്യതകളും ഉപയോഗപ്പെടുത്താം. ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയും നിങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനാകും. ഓൺലൈനിൽ 500-600 രൂപയ്ക്ക് ക്രോഷേ സെറ്റ് വാങ്ങി നിങ്ങൾക്കും സംരംഭകരാകാം.

ആഭരണ നിർമ്മാണം (Handmade Jewellery)
വലിയ മുതൽമുടക്കില്ലാതെ വീട്ടിലിരുന്ന് മികച്ച വരുമാനം നേടാൻ സഹായിക്കുന്ന മറ്റൊരു മനോഹരമായ കലയാണ് ആഭരണ നിർമ്മാണം. ഫാഷൻ ലോകത്ത് ആർട്ടിഫിഷ്യൽ ആഭരണങ്ങൾക്കും കൈകൊണ്ട് നിർമ്മിച്ച ജൂവലറികൾക്കും വലിയ ആവശ്യക്കാരുണ്ട്. ടെറാക്കോട്ട, റെസിൻ, മുത്തുകൾ, തുണി എന്നിവ ഉപയോഗിച്ച് നിങ്ങൾക്കും ആഭരണ നിർമ്മാണത്തിലേക്ക് കടക്കാം. ആഘോഷ സീസണുകളിൽ ഇത്തരം ഉത്പന്നങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ട്. കസ്റ്റമൈസ്ഡ് ആഭരണങ്ങൾ നിർമ്മിച്ച് വിശാലമായ വിപണി സാധ്യതകൾ കണ്ടെത്താനും സാധിക്കും.

സാരികൾക്കും എത്‌നിക്‌ വസ്ത്രങ്ങൾക്കും ഇണങ്ങുന്ന ടെറാക്കോട്ട ആഭരണങ്ങൾക്ക് വിപണിയിൽ നല്ല ഡിമാൻഡുണ്ട്. കളിമണ്ണ് ആണ് ഇതിനായി ആവശ്യമായി വരുന്നത്. വിവിധതരത്തിലുള്ള മുത്തുകൾ, സ്റ്റോണുകൾ, മെറ്റൽവയറുകൾ എന്നിവ ഉപയോഗിച്ച് മാലകൾ, കമ്മലുകൾ, ബ്രേസ്ലെറ്റുകൾ എന്നിവ നിർമ്മിക്കാം.

ആവശ്യമായ വസ്തുക്കൾ വാങ്ങാനുള്ള തുക മാത്രമാണ് ഇതിന് നിക്ഷേപമായി വേണ്ടിവരുന്നത്. ചെറിയ സ്റ്റേഷനറി കടകളിലും ഫാൻസി ഷോപ്പുകളിലുമെല്ലാം ആഭരണ നിർമ്മാണത്തിനായുള്ള ഉത്പന്നങ്ങൾ ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ഓൺലൈനിലും ഇവ വാങ്ങാം. ആഭരണ നിർമ്മാണത്തിനായുള്ള ട്യൂട്ടോറിയൽ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. നിർമ്മിച്ച ആഭരണങ്ങളുടെ മനോഹരമായ ഫോട്ടോകൾ എടുത്ത് വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയോ ഇൻസ്റ്റഗ്രാം പേജ് വഴിയോ വിപണനം ചെയ്യാം. കോളെജുകളിലും ഓഫീസുകളിലും നേരിട്ട് വിൽക്കാനും സാധിക്കും.

റെസിൻ ആർട്ട് (Resin Art)
വീട്ടിലിരുന്ന് വളരെ എളുപ്പത്തിൽ ചെയ്യാനാകുന്ന ഒരു ബിസിനസ് ആശയമാണിത്. റെസിൻ ആർട്ട് ഉത്പന്നങ്ങൾക്ക് ഇന്ന് വലിയ പ്രചാരമുണ്ട്. പേരുകളോ അക്ഷരങ്ങളോ പൂക്കളോ വച്ച് റെസിൻ ഉപയോഗിച്ച് കീചെയിനുകൾ നിർമ്മിക്കാം. റെസിൻ കമ്മലുകൾ, പെൻഡന്റുകൾ, മോതിരങ്ങൾ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. വിവാഹമാലകൾ, പൂക്കൾ, കുട്ടികളുടെ ആദ്യത്തെ സാധനങ്ങൾ എന്നിവ റെസിനിൽ പ്രിസർവ് ചെയ്തുവെക്കുന്ന ഫ്രെയിമുകൾക്കും നല്ല വിലയും ലാഭവും ലഭിക്കും. വാൾ ക്ലോക്കുകൾ, കോസ്റ്ററുകൾ, ട്രേകൾ, ബുക്ക്മാർക്കുകൾ എന്നിവയും റെസിനിൽ നിർമ്മിക്കാം.

3000 രൂപ മുതൽ മുടക്കി റെസിൻ ആർട്ടിനാവശ്യമായ കിറ്റുകൾ വാങ്ങാം. ഉത്പന്നങ്ങൾ നിർമ്മിക്കാനാവശ്യമായ സിലിക്കൺ മോൾഡുകളും വിപണിയിൽ ലഭ്യമാണ്. ചെറിയ ഉത്പന്നങ്ങൾ ചെയ്ത് തുടങ്ങുന്നതാണ് നല്ലത്. പിന്നീട് വലിയ ഫ്രെയിമുകളിലേക്ക് കടക്കാം. റെസിൻ നേരിട്ട് ശ്വസിക്കാതിരിക്കാൻ കൈയ്യുറകളും മാസ്‌കും ധരിച്ച് വായുസഞ്ചാരമുള്ള മുറിയിലിരുന്ന് വേണം ഉത്പന്നങ്ങൾ നിർമ്മിക്കാൻ. നിറങ്ങളും അളവ് ഉപകരണങ്ങളും ഇതിനാവശ്യമായ മറ്റ് അസംസ്‌കൃത വസ്തുക്കളും വിപണിയിൽ ലഭ്യമാണ്. ട്യൂട്ടോറിയൽ വീഡിയോകൾ കണ്ട് മനസ്സിലാക്കി ചെറിയ ഉത്പന്നങ്ങൾ ചെയ്തുനോക്കി നിങ്ങൾക്കും ഒരു സംരംഭം തുടങ്ങാൻ റെസിൻ മികച്ച ഒരു ഓപ്ഷനാണ്.

മെഴുകുതിരി നിർമ്മാണം (Candle Making)
വീട്ടിലിരുന്നുചെയ്ത് വിജയിപ്പിക്കാൻ സാധിക്കുന്ന മികച്ചൊരു ചെറുകിടസംരംഭമാണ് മെഴുകുതിരി നിർമ്മാണം. പല രൂപത്തിലും നിറത്തിലും മണത്തിലുമുള്ള മെഴുകുതിരികൾ വീട്ടിലിരുന്ന് നിർമ്മിക്കാം. ഗിഫ്റ്റ് ഹാമ്പറുകളായും ഇവ വിപണനം ചെയ്യാം. അലങ്കാര മെഴുകുതിരികൾ ഇന്ന് വീടുകളിലും മറ്റ് പല ആഘോഷങ്ങളിലും ഉപയോഗിക്കുന്നുണ്ട്. വീടുകളിൽ സുഗന്ധത്തിനായും ചിലർ ഇവ വാങ്ങാറുണ്ട്. മെഴുകുതിരി നിർമ്മാണം വളരെ എളുപ്പത്തിൽ ഓൺലൈൻ വഴി പഠിച്ചെടുക്കാനാകും. അസംസ്‌കൃത വസ്തുക്കൾ വാങ്ങി ചെറിയ നിക്ഷേപത്തിൽ ആദ്യം നിർമ്മാണം ആരംഭിക്കാം. പിന്നീട് സംരംഭം വിപുലീകരിക്കുമ്പോൾ ആവശ്യമായ ലൈസൻസ് എടുക്കാവുന്നതാണ്. പ്രാദേശിക കടകൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഇവ വിപണനം ചെയ്യാം. ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതകളും ഇതിനായി ഉപയോഗപ്പെടുത്താം. ദീപാവലി പോലുള്ള സീസണുകളിൽ അലങ്കാര മെഴുകുതിരികൾക്ക് വൻ ഡിമാൻഡ് ആണ്. ഗിഫ്റ്റ് ഷോപ്പുകൾ വഴിയും ഇവ വില്പന നടത്താം.

ഭക്ഷ്യോത്പന്നങ്ങളുടെ നിർമ്മാണം (Food Products)
പാചകവും ഒരു കലയാണ്. രൂചികരമായി പാചകം ചെയ്യാൻ കഴിവുള്ളവർക്ക് വീടിനെ തന്നെ ഒരു മിനി കിച്ചൺ യൂണിറ്റാക്കാം. ജന്മദിനങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ആവശ്യമായ കസ്റ്റമൈസ്ഡ് കേക്കുകൾ, ചോക്ലേറ്റുകൾ പലഹാരങ്ങൾ എന്നിവ ഓർഡർ അനുസരിച്ച് തയ്യാറാക്കി നൽകാം. രുചിയും ഗുണനിലവാരവും നിലനിർത്തിയാൽ ചെറിയ സമയത്തിനുള്ളിൽ തന്നെ സംരംഭം വിജയിപ്പിക്കാനും ഉപഭോക്തൃ അടിത്തറ ഉണ്ടാക്കിയെടുക്കാനും സാധിക്കും. അച്ചാറുകൾ വീട്ടിൽ തയ്യാറാക്കി വിൽക്കാനും സാധിക്കും. പാചകത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തുകമാത്രമാണ് മുതൽ മുടക്ക്. നിങ്ങളുടെ കുക്കിംഗ് വീഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. സോഷ്യൽ മീഡിയ, സൂപ്പർ മാർക്കറ്റുകൾ പ്രാദേശിക കടകൾ എന്നിവ വഴി വില്പന നടത്താം.

ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ലൈസൻസ് നിർബന്ധമാണ്. ബിസിനസ് വിപുലീകരിക്കുമ്പോൾ ജിഎസ്ടി, എംഎസ്എംഇ രജിസ്‌ട്രേഷനും എടുക്കേണ്ടതുണ്ട്. വൃത്തിയുള്ള സാഹചര്യത്തിൽ ഉത്പന്നങ്ങൾ നിർമ്മിച്ച് മികച്ച പാക്കിംഗിൽ വിതരണം ചെയ്യുക. നിങ്ങൾക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന ഉത്പന്നം തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. നിങ്ങൾക്ക് അടുപ്പമുള്ളവരോടും അയൽപക്കക്കാരോടും സുഹൃത്തുക്കളോടും സംസാരിച്ച് തുടക്കം കുറിക്കുക. ഗുണമേന്മയുള്ള ചേരുവകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ നിലനിർത്താൻ സഹായിക്കും.

മൈക്രോ ഗ്രീൻസ് (Microgreens)
വീട്ടിലിരുന്ന് മികച്ച വരുമാനം നേടാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ് മൈക്രോ ഗ്രീൻസ് കൃഷിരീതി. വളരെ കുറഞ്ഞ ചെലവിൽ ചെയ്‌തെടുക്കാനും എളുപ്പത്തിൽ വിജയിപ്പിക്കാനും സാധിക്കുന്ന ഒന്നാണിത്. ധാന്യങ്ങളുടെയും ഇലക്കറികളുടെയും വിത്തുകൾ മുളപ്പിച്ച് ചെറിയ ഇലകൾ വന്നുതുടങ്ങുമ്പോൾ തന്നെ വിളവെടുക്കുന്ന രീതിയാണ് മൈക്രോഗ്രീൻസ്. ഹോട്ടലുകൾ, കഫേകൾ, സൂപ്പർ മാർക്കറ്റുകൾ, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ എന്നിവരിൽ നിന്നെല്ലാം ഇവയ്ക്ക് വലിയ ഡിമാൻഡുണ്ട്. കടുക്, ചെറുപയർ, ഉലുവ, ചീര തുടങ്ങിയവയുടെ ഗുണമേന്മയുള്ള വിത്തുകൾ ഈ രീതിയിൽ മുളപ്പിക്കാം. ചെടിക്ക് 2-3 ഇഞ്ച് ഉയരം എത്തുമ്പോൾ വേരിന് മുകളിൽ വച്ച് മുറിച്ചെടുത്ത് വില്പന നടത്താം. ഇവ വളർത്തുന്നതിനാവശ്യമായ ട്രേകളും ചകിരിച്ചോറും വിത്തുകളും വാങ്ങുന്നതിനുള്ള തുക മാത്രമാണ് നിക്ഷേപമായി വേണ്ടി വരുന്നത്.

ഇന്ന് മിക്ക ആളുകളും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണ്. ചെറിയ ഗ്രാമങ്ങളിൽ പോലും ജിം സൗകര്യങ്ങളും വന്നുകഴിഞ്ഞു. ജിം, അടുത്തുള്ള സൂപ്പർമാർക്കറ്റുകൾ, പ്രാദേശിക കടകൾ, ജൈവ പച്ചക്കറി കടകൾ എന്നിവ വഴി എളുപ്പത്തിൽ മൈക്രോഗ്രീൻസിന് വിപണി കണ്ടെത്താനാകും. ആഴ്ചയിൽ വീട്ടിലെത്തിച്ചു നൽകുന്ന രീതിയും സ്ഥിരവരുമാനം ഉറപ്പാക്കാൻ സഹായിക്കും. റെസിഡൻസ് അസോസിയേഷനുകൾ പോലുള്ള വാട്‌സാപ്പ് കൂട്ടായ്മകളും നിങ്ങൾക്ക് സംരംഭം വിജയിപ്പിക്കാനായി ഉപയോഗപ്പെടുത്താം. വിപണിയിൽ 100 ഗ്രാം മൈക്രോഗ്രീൻസിന് ഇനമനുസരിച്ച് 80 രൂപ മുതൽ 250 രൂപ വരെ വില ലഭിക്കാറുണ്ട്.

ഇതോടൊപ്പം തന്നെ ചെയ്യാവുന്ന മറ്റൊരു സാധ്യതയാണ് പച്ചക്കറികൾ മുറിച്ച് വൃത്തിയാക്കി പാക്കറ്റുകളാക്കി വിൽക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഇതിന് നല്ല ഡിമാൻഡാണ്. സമ്പാർ മിക്‌സ്, തോരൻ കട്ടുകൾ (ബീൻസ്, ക്യാരറ്റ്, കാബേജ്), ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ തൊലി കളഞ്ഞത്, തേങ്ങ ചിരകിയത് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. ഏറെ ലാഭകരവും എന്നാൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതുമായ സംരംഭ ആശയമാണിത്.

എങ്ങനെ തുടക്കം കുറിക്കാം?

  • നിങ്ങളുടെ കൈയ്യിലുള്ള കഴിവുകൾ തിരിച്ചറിയുക എന്നതാണ് ആദ്യം വേണ്ടത്. മേൽപറഞ്ഞ മാർഗ്ഗങ്ങളിൽ നിങ്ങൾക്ക് താല്പര്യമുള്ള മേഖല തിരഞ്ഞെടുക്കുക.
  • വീട്ടിലെ ചെറിയൊരു സ്‌പേസിൽ നിങ്ങൾക്ക് ചെറിയ രീതിയിൽ നിർമ്മാണം ആരംഭിക്കാം.
  • ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വിപണനത്തിനായി ഉപയോഗപ്പെടുത്തുക. വീട്ടിലുള്ളവരുടെ സഹായത്തോടെ തന്നെ തുടക്കത്തിൽ ഇക്കാര്യങ്ങൾ ചെയ്യുക.
  • സുഹൃത്തുക്കൾ, ബന്ധുക്കൾ, ഓഫീസ്, പ്രാദേശിക വാ്‌സാപ്പ് ഗ്രൂപ്പുകൾ എന്നിവ വഴി ഉത്പന്നങ്ങൾ ആദ്യം വില്പന നടത്താം.
  • കുടുംബശ്രീ മേളകൾ, പ്രാദേശിക എക്‌സിബിഷനുകൾ എന്നിവയിൽ പങ്കെടുക്കുന്നതും സംരംഭത്തിന്റെ വിജയത്തിന് ഗുണം ചെയ്യും.
  • എല്ലാ സംരംഭങ്ങൾക്കും തുടക്കത്തിൽ പൊതുവായ ചില ലൈസൻസുകൾ നേടേണ്ടതുണ്ട്. ഉദ്യം രജിസ്‌ട്രേഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി എന്നിവ അതിൽപ്പെടുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില്പനയ്ക്ക് FSSAI രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് ആവശ്യമാണ്.
  • ഉത്പന്നങ്ങൾ ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴി വില്പന നടത്തുന്നുണ്ടെങ്കിലോ വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷം രൂപ കവിഞ്ഞാലോ ജിഎസ്ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻ ട്യൂട്ടോറിയൽ പോലുള്ള സർവീസ് സംരംഭങ്ങൾക്ക് വാർഷിക വിറ്റുവരവ് പരിധി 20 ലക്ഷം രൂപ കവിഞ്ഞാൽ ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കണം.
  • ഈ ലൈസൻസുകളിൽ ഭൂരിഭാഗവും അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ കുറഞ്ഞ ചെലവിൽ സ്വന്തമായി അപേക്ഷിച്ച് നേടാവുന്നതാണ്.

വീട്ടിലിരുന്നുകൊണ്ടുതന്നെ വരുമാനം നേടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ചെറിയ രീതിയിൽ തുടങ്ങി വലിയ വിജയം കൈവരിക്കാൻ ഇത്തരം സംരംഭങ്ങൾ മികച്ചൊരു വഴിയാണ്. നിങ്ങളുടെ കൈയ്യിലുള്ള കഴിവിനെ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഏതൊരാൾക്കും സംരംഭകയാകാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi