ലോകത്താകമാനം  നൂറോളം പൂച്ചജനുസ്സുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയാണ് പൂച്ച ബ്രീഡുകളുടെ കാര്യത്തില്‍ സമ്പന്നന്‍. സയാമീസ്, പേര്‍ഷ്യന്‍, അബിസിനീയന്‍, മാന്‍ക്സ്, അങ്കോറ, ബിര്‍മന്‍, ബ്രിട്ടീഷ് ഷോര്‍ട്ട് ഹെയര്‍, സോമാലി സ്പിന്‍ക്സ്, റെക്സ്, റോഗ്, ബലിനീസ് തുടങ്ങിയ വിദേശികളും, ബംഗാള്‍, ബോംബെ, ഹിമാലയന്‍ തുടങ്ങിയ സ്വദേശികളും ഇവയില്‍ ചിലതുമാത്രം. രോമക്കുപ്പായത്തിന്റെ നീളത്തിലും നിറഭേദങ്ങളിലുമാണ് ജനുസ്സുകള്‍ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. കൂടാതെ വാല്‍, കണ്ണിന്റെ കൃഷ്ണമണിയുടെ നിറം, ശരീര വലിപ്പം എന്നിവയിലും വ്യത്യാസങ്ങള്‍ കാണാം. കേരളത്തില്‍ ലഭ്യമായ വിരലിലെണ്ണാവുന്ന വിദേശ ജനുസ്സുകളില്‍ പൂച്ച പ്രേമികളുടെ ഇടയില്‍ ഏറ്റവും പ്രിയങ്കരമായത് പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ടവയാണ്.

ഇറാനില്‍ നിന്നുള്ള, നീളന്‍ രോമങ്ങളുള്ള  പേര്‍ഷ്യന്‍ പൂച്ചകള്‍ യൂറോപ്പില്‍ എന്നും സ്റ്റാറ്റസ് സിംബലായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിന്‍ ബ്രിട്ടനിലാണ് പേര്‍ഷ്യന്‍ ബ്രീഡിനെ വികസിപ്പിച്ചെടുത്തത്. ബ്രിട്ടനിലെ ആദ്യ പൂച്ച ബ്രീഡായ ഇവയെ 'ബ്രിട്ടീഷ് ലോങ് ഹെയര്‍' എന്നും വിളിക്കാറുണ്ട്. വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഇവരുടെ പ്രത്യേകത കമ്പിളി പോലെയുള്ള നീളന്‍ രോമങ്ങളാണ്. കുറിയ ഉരുണ്ട ശരീരം, ചെറിയ കഴുത്ത്, വലിയ തല, പരന്ന മുഖം, കുറുകിയ തടിച്ച കാലുകള്‍, വിശാലമായ നെഞ്ച്, ചെറിയ ചെവികള്‍ ഇവയൊക്കെ പേര്‍ഷ്യന്‍ പൂച്ചകളുടെ പ്രത്യേകതകളാണ്. സ്നേഹസമ്പന്നരായ ഇവര്‍ ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല. വീടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ താല്‍പര്യപ്പെടുന്ന ഇവ മടിയന്‍മാരാണ്. മൂന്നു മുതല്‍ ആറു കിലോഗ്രാം വരെ ശരീരഭാരമുള്ളവയാണ് പേര്‍ഷ്യന്‍ പൂച്ചകള്‍. ഇവരുടെ നീണ്ട രോമക്കുപ്പായം ചീകി മിനുക്കുന്നതിന് സമയവും, ശ്രദ്ധയും വേണം.

(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)