കുടുംബത്തിന്റെ കണ്‍മണി, അടുത്തുള്ള വീട്ടുകാരുടെ ഉത്തമ അയല്‍ക്കാരന്‍. നാട്ടുകാരുടെ മുന്‍പില്‍ മാന്യന്‍, മറ്റുള്ള നായകളുമായി   ആവശ്യത്തിന്  സഹവര്‍ത്തിത്വം, മാറുന്ന കാലത്തിന്റെ പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്. ഉത്തമനായ വളര്‍ത്തുനായയെക്കുറിച്ചുള്ള സങ്കല്‍പ്പം നീളുകയാണ്. സഹജ സ്വഭാവങ്ങളോടെ ജനിക്കുന്ന നായക്കുട്ടികള്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ലഭിക്കുന്ന അനുഭവങ്ങളും പരിശീലനവുമാണ് അവരെ സമൂഹത്തില്‍ മാന്യന്മാരായി ജീവിക്കാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ നായകളുടെ ജീവിതത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള അറിവ് ഏറെ പ്രധാനമാണ്. ഓരോ ഘട്ടത്തിലും നായക്കളുടെ ശരീര വളര്‍ച്ചയിലും, സ്വഭാവ രീതികളിലും സവിശേഷമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 

1.ആദ്യഘട്ടം-ഗര്‍ഭകാലം 

60-63 ദിനങ്ങള്‍ നീളുന്ന ഗര്‍ഭകാലമാണ് നായയുടേത്. നായകളുടെ സ്വഭാവരൂപീകരണത്തിന് തുടക്കം കുറിക്കുന്ന സമയം ഗര്‍ഭധാരണം മുതല്‍ ജനനംവരെയുള്ള സമയത്തെ അമ്മയുടെ മാനസികാവസ്ഥ കുട്ടിയുടെ പെരുമാറ്റരൂപീകരണത്തെ ഏറെ സ്വാധീനിക്കുന്നു. ഗര്‍ഭകാലത്ത് ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന അമ്മമാരുടെ കുട്ടികള്‍ ജീവിതകാലത്തില്‍ വൈകാരിക പ്രശ്നങ്ങളുള്ളവരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭസമയത്ത് അമ്മമാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ നായക്കുട്ടികളില്‍ പഠന വൈകല്യങ്ങള്‍ക്കും, പ്രത്യുത്പാദന സ്വഭാവത്തിലെ ന്യൂനതകള്‍ക്കും കാരണമാകുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ കിട്ടുന്ന പ്രത്യേക ഇഷ്ടാനിഷ്ടങ്ങളായി മാറുന്നുവത്രേ. ഗര്‍ഭകാലത്തുതന്നെ ലിംഗവ്യത്യാസത്തിലേക്ക് നയിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും തുടക്കം കുറിക്കപ്പെടുന്നു. ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ സ്ഥാനം, ഹോര്‍മോണുകളുടെ നില, വൈരൂപ്യജനകങ്ങളായ വസ്തുക്കള്‍ എന്നിവയ്ക്കൊക്കെ നായക്കുട്ടികളുടെ ശരീരഘടനയിലും, സ്വഭാവത്തിലും, ശാരീരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ വലിയ മാറ്റം വരുത്താന്‍ കഴിയും. അതിനാല്‍ നായക്കുട്ടിയുടെ സ്വഭാവരൂപീകരണത്തിന് മാറ്റം വരുത്താന്‍ ശ്രദ്ധിക്കേണ്ട പ്രഥമഘട്ടമാണ് ഗര്‍ഭകാലം. 

2.രണ്ടാം ഘട്ടം-ജനനം മുതല്‍ 12 ദിവസം പ്രായംവരെ

നവജാതശിശു അമ്മയെത്തന്നെ ആശ്രയിച്ചുകഴിയുന്ന രണ്ടാഴ്ചക്കാലമാണിത്. ഉറക്കവും പാലുകുടിയുമാണ് പ്രധാന പരിപാടി. കണ്ണും കാതും തുറന്നിട്ടില്ലാത്ത സമയമാണിത്. ശരീരതാപനില ക്രമീകരിക്കാനുള്ള ശേഷി കുറവായ സമയമായതിനാല്‍ കൂട്ടംകൂടി ചുരുണ്ടു കിടക്കുന്നു. തണുക്കുമ്പോഴും അമ്മയുടെ സാമീപ്യത്തിലും ചെറിയ മൂളല്‍ ശബ്ദം പുറപ്പെടുവിക്കും. നാഡീവ്യൂഹത്തിന്റെയും പേശികളുടെയും വികാസം പൂര്‍ത്തിയാകാത്തതിനാല്‍ വളരെ ചെറിയ ചലനങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. വളരെ സാവധാനം ഇഴയുകയോ, ചുരുളുകയോ മാത്രമേ ചെയ്യാന്‍ കഴിയൂ. 6-10 ദിവസം പ്രായംവരെ മുന്‍കാലുകളിലും 11-15 ദിവസങ്ങള്‍വരെ പിന്‍കാലുകളിലും ഭാരം താങ്ങാനാവാത്തതിനാല്‍ ചലനങ്ങള്‍ കേവലം നീന്തലിലും, തുഴയിലും ഒതുങ്ങുന്നു. എന്നാല്‍ സ്പര്‍ശനത്തോടും ചില ഗന്ധങ്ങള്‍, സ്വാദുകള്‍ എന്നിവ മാത്രം തിരിച്ചറിയും. 
 
ഏറെക്കുറെ പരിപൂര്‍ണ്ണ നിസഹായരായ ഈ സമയത്തുപോലും അല്‍പ്പസമയത്തേക്കെങ്കിലും നായക്കുട്ടികളെ കൈകാര്യം ചെയ്യുന്നത് അവരുടെ വളര്‍ച്ചയെയും സ്വഭാവരൂപവത്കരണത്തെയും ഏറെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ ഘട്ടത്തില്‍ അല്‍പ്പ സമയമെങ്കിലും കൈകാര്യം ചെയ്യപ്പെടുന്ന നായക്കുട്ടികളില്‍ നാഡീവ്യൂഹത്തിന്റയും പേശീചലനങ്ങളുടെയും വളര്‍ച്ച  ദ്രുതഗതിയിലാകുന്നു. കൂടാതെ  ശരീരരോമത്തിന്റെയും  ശരീരഭാരത്തിന്റെ വളര്‍ച്ചയെയും സഹായിക്കുന്നു. ഇങ്ങനെയുള്ള നായക്കുട്ടികള്‍ പിന്നീട് സാമൂഹ്യബന്ധങ്ങളിലും അന്വേഷണത്വരയിലും കൂടുതല്‍ ആത്മവിശ്വാസം കാണിക്കുന്നുവെന്ന് ചില പഠനങ്ങളില്‍ കാണുന്നു. ജീവിതാരംഭഘട്ടത്തില്‍ത്തന്നെ ദിവസവും 3-4 മിനിറ്റെങ്കിലും മിതമായി സൗമ്യതയോടെ സാവധാനം കയ്യിലെടുക്കപ്പെടുന്ന നായക്കുട്ടികളില്‍ വൈകാരിക പ്രതികരണം, പഠനക്ഷമത, പ്രശ്നപരിഹാരത്തിനുള്ള കഴിവ് എന്നിവയില്‍ കൂടുതല്‍ ഗുണപ്രദമായിരിക്കും. കയ്യിലെടുക്കുന്നതു കൂടാതെ പലരീതിയില്‍ പിടിക്കുന്നതും ഇവര്‍ക്ക് ഭാവിയിലെ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള ആദ്യ പരിശീലനമാകുന്നു. പുറത്തും, നെഞ്ചിലും പിടിക്കുക, തിരശ്ചീനമായി പിടിക്കുക, തലകീഴായി നിര്‍ത്തുക, വിരലുകളില്‍ മൃദുവായി ഇക്കിളിയിടുക തുടങ്ങിയ രീതികളാണ് ഇത്തരം പഠനങ്ങളില്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍. 

3.മൂന്നാം ഘട്ടം-12-21 ദിവസം

2-3 ആഴ്ച പ്രായത്തിലുള്ള ഈ പരിവര്‍ത്തന ഘട്ടത്തില്‍ നായക്കുട്ടിയുടെ ശാരീരിക- മാനസിക വളര്‍ച്ച ദ്രുതഗതിയിലാവുകയും പ്രായപൂര്‍ത്തിയെത്തിയ നായകളുടെ പല സ്വഭാവങ്ങളും കാണിച്ചുതുടങ്ങുന്നു. അമ്മയുടെ തണലില്‍ നിന്ന് കുട്ടികള്‍ സാവധാനം പുറത്തുവന്നു തുടങ്ങുന്ന സമയമാണിത്. കണ്ണുകളും, കാതുകളും തുറന്ന് ശബ്ദങ്ങളോട് പ്രതികരിച്ച് തുടങ്ങുന്നു. ഖരരൂപത്തിലുള്ള  ആഹാരം രുചിച്ചുതുടങ്ങുന്നു. സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍ പരിശീലിക്കുന്നു. മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ഇഴയാനും നടക്കാനും പഠിക്കുന്നു. അമ്മയുടെ സ്പര്‍ശനത്തിന്റെ  ഉത്തേജനമില്ലാതെ മലമൂത്ര വിസര്‍ജ്ജനം ചെയ്യാനും പ്രസവ അറയില്‍ നിന്നും പുറത്തുവരാനും കഴിയുന്നു. തണുപ്പിന്റെയും, വിശപ്പിന്റെയും പ്രശ്നങ്ങള്‍ കൂടാതെ ഒറ്റയ്ക്കാകുമ്പോഴും അപരിചിത സാഹചര്യങ്ങളില്‍ പെടുമ്പോഴും ശബ്ദമുണ്ടാക്കാന്‍ പഠിക്കുന്നു. കൂട്ടത്തിലെ നായക്കുട്ടികളുമായി കളിക്കാനും, ശണ്ഠകൂടാനും, മുറുമുറുക്കാനും, മുരളാനുമൊക്കെ തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്. ഈ  സമയത്തും ചെറിയ പ്രോത്സാഹനങ്ങള്‍, പ്രേരണകള്‍, ഉത്തേജനങ്ങള്‍ എന്നിവ നല്‍കി പഠനകാലം തുടരാവുന്നതാണ്. ഇത്തരം അവസരങ്ങള്‍ അവരുടെ വളര്‍ച്ചയെ ഏറെ സഹായിക്കുന്നു. പലതരത്തിലുള്ള പ്രതലങ്ങളില്‍കൂടി നടത്തിക്കുക, പലവിധ കാഴ്ചകള്‍, ശബ്ദങ്ങള്‍ എന്നിവ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ അവരുടെ ചലനം, കാഴ്ച, കേള്‍വി വികാസത്തെ ശക്തമാക്കുന്നു. 

നാലാംഘട്ടം-(3-12 ആഴ്ച)

സാമൂഹിക ബന്ധങ്ങള്‍ തുടങ്ങുന്ന ഈ കാലഘട്ടത്തെ സഹവാസക്രിയ കാലഘട്ടം എന്നാണ് വിളിക്കുന്നത്. അനുഭവങ്ങളും സാമൂഹ്യബന്ധങ്ങളും വളരുന്ന കാലമായതിനാല്‍ ഈ സമയം നായകളുടെ വളര്‍ച്ചയിലെ അതിസുപ്രധാനമായ കാലഘട്ടമാണ്. ഈ സമയത്തെ അനുഭവങ്ങളാണ് നായകളുടെ പില്‍ക്കാല ജീവിതത്തിലെ സ്വഭാവങ്ങളെ ഏറ്റവും സ്വാധീനിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് പലരും നായക്കുട്ടികളെ വാങ്ങാറുള്ളത്. മനുഷ്യനുമായുള്ള സാമൂഹ്യബന്ധം ഉണ്ടാകുന്ന സമയമായതിനാല്‍ ഈ കാലഘട്ടത്തിനുശേഷം നായകള്‍ തമ്മിലും മനുഷ്യനുള്‍പ്പെടെയുള്ള മറ്റു ജീവിവര്‍ഗ്ഗങ്ങളുമായുള്ള പെരുമാറ്റത്തെ മാറ്റുക അത്ര എളുപ്പമല്ല. മനുഷ്യന്മാരും സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളുമായുള്ള  പെരുമാറ്റ സംഹിത പഠിച്ചെടുക്കുന്ന കാലമാണിത്. ഈ സമയത്ത് നായക്കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാണ്. മലമൂത്രവിസര്‍ജ്ജനത്തിന് പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുന്ന സമയമായതിനാല്‍ കൃത്യസമയത്ത് ഇതുനടത്താന്‍ പരിശീലിപ്പിക്കാം. നാഡീപേശീവ്യൂഹങ്ങളുടെ വികാസത്തോടെ മുതിര്‍ന്ന നായകളുടേതിന് സമാനമായ ഭക്ഷണ, വിസര്‍ജ്ജന ചലന സ്വഭാവങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ചലിക്കുന്ന വസ്തുക്കള്‍ പ്രത്യേകിച്ച് മറ്റു  നായകള്‍, മനുഷ്യര്‍ എന്നിവരെ പിന്‍തുടരുന്നു. കളികള്‍ക്കിടയില്‍ കുരയ്ക്കാനും കടിയ്ക്കാനും തുടങ്ങുന്നു. സ്ഥലങ്ങളോടും  വ്യക്തികളോടും  വൈകാരിക ബന്ധം  സ്ഥാപിച്ചെടുക്കുന്ന സമയമാണിത്.

വിനോദങ്ങളും, കളികളും മുഴുവന്‍  സമയപ്രവര്‍ത്തനമാകുന്നു. ചലിക്കാനും, കൈകാര്യം  ചെയ്യാനുമുള്ള  കഴിവ്  കൂടുന്നതോടെ  കളികളിലെ വൈവിധ്യവും കൂടുന്നു. മറ്റു നായകളുടെ  ശരീരഭാഷ വായിക്കാന്‍ പഠിക്കുന്നതോടെ സഹനായ്ക്കളുമായുള്ള  ബന്ധത്തില്‍ ആത്മവിശ്വാസം വളരുന്നു. കൂടാതെ  കളികളിലൂടെതന്നെ സമൂഹത്തില്‍  പുലര്‍ത്തേണ്ട മര്യാദകളേക്കുറിച്ചും, സ്വീകാര്യവും, അസ്വീകാര്യവുമായ  പെരുമാറ്റങ്ങളേ ക്കുറിച്ചും  സ്വയം മനസ്സിലാക്കുന്നു.  കളികള്‍ക്കിടയില്‍ കളിക്കൂട്ടുകാരന് സമ്മാനിച്ച കടിയുടെ വീര്യമല്‍പ്പം കൂടിയാല്‍  കൂട്ടുകാരന്‍ കരയുന്നതും കളിനിര്‍ത്തുന്നതും മനസ്സിലാക്കുന്നതിലൂടെ കുട്ടിയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. അങ്ങനെ നല്ല പെരുമാറ്റത്തിന് സമ്മാനം നല്‍കിയും, മോശം പെരുമാറ്റത്തിന് ചെറിയ ശിക്ഷ നല്‍കിയും ചെറിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുന്ന സമയമാണിത്. സാമൂഹ്യജീവിതത്തിലെ അധികാരശ്രേണിയേക്കുറിച്ച് പഠിക്കുന്ന സമയമാണിത്. അനുഭവങ്ങളിലൂടെ സാമൂഹ്യബന്ധങ്ങള്‍ വളരുന്ന കാലമായതിനാല്‍ ഈ സമയത്തെ അനുഭവങ്ങളുടെ കുറവ് നായകളുടെ സ്വഭാവ വികാസത്തെ ബാധിക്കുന്നു. വളരെ നിയന്ത്രിത സാഹചര്യങ്ങളില്‍  4-7 ആഴ്ച പ്രായത്തില്‍ വളരുന്ന നായക്കുട്ടികള്‍ പുത്തന്‍സാഹചര്യങ്ങളില്‍ സ്വഭാവ വൈകല്യങ്ങള്‍ കാണിക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. 

മേല്‍പ്പറഞ്ഞ വിവരങ്ങളുടെ  അടിസ്ഥാനത്തില്‍ നായക്കുട്ടികളെ ഈ പ്രായത്തില്‍ പ്രത്യേകിച്ച് ഏഴാഴ്ച പ്രായം മുതലെങ്കിലും പുതിയ സാഹചര്യങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ലഭിക്കാനുള്ള  സാഹചര്യങ്ങളുണ്ടാക്കണം. പ്രത്യേകിച്ച് കാഴ്ചകള്‍, ശബ്ദങ്ങള്‍, നടക്കുന്ന  പ്രതലം, ഭക്ഷണം, ആളുകള്‍ സ്ഥലങ്ങള്‍ എന്നിവയില്‍ പുതിയ വ്യത്യസ്ത അനുഭവങ്ങള്‍ എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക ഇത്തരം അനുഭവങ്ങള്‍ മിതമായ രീതിയിലായിരിക്കണം. അമിതമായ അനുഭവങ്ങള്‍, ഭയം, മോശം പ്രതികരണങ്ങള്‍ എന്നിവയ്ക്കും കുറഞ്ഞ അനുഭവങ്ങള്‍, ആശങ്ക, മോശം മാനസികാവസ്ഥ എന്നിവയിലേക്കും നയിക്കാം.

നായകള്‍ മറ്റുള്ള നായകളുമായി 3-8 ആഴ്ചപ്രായത്തിലും, മനുഷ്യരുമായി 5-12 ആഴ്ച പ്രായത്തിലും പുതിയ പരിസ്ഥിതിയുമായി 10-18 ആഴ്ച സമയത്തിലുമാണ് ഇഴുകിച്ചേരുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത്. ഈ വിവരങ്ങളുടെ  അടിസ്ഥാനത്തില്‍ നായക്കുട്ടിയെ പുതിയ വീട്ടിലേക്ക് എത്തിക്കേണ്ട പ്രായം 8 ആഴ്ച പ്രായമുള്ളപ്പോഴാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒരേ പ്രസവത്തില്‍ ജനിച്ച നായക്കുട്ടികളുമായും, അമ്മയുമായും, മനുഷ്യന്‍മാരും മറ്റു നായകളുമായും ഇടപഴകാന്‍ അവസരം ലഭിക്കാത്തവ  പില്‍ക്കാലത്ത് മറ്റു നായകളോട് പേടിച്ചോ, അക്രമണസ്വഭാവമോ പുലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളരെ നേരത്തെ അമ്മയില്‍നിന്ന് മാറ്റി തീറ്റകൊടുത്ത് വളര്‍ത്തുകയാണെങ്കില്‍ നായക്കുഞ്ഞുങ്ങള്‍ക്ക് മനുഷ്യനുമായി സ്നേഹബന്ധം  സ്ഥാപിച്ചെടുക്കാമെങ്കിലും മറ്റു നായകളുമായി അടുപ്പം കുറവായിരിക്കും. നേരെമറിച്ച്, മറ്റു നായകളുമായി  ഇടപഴകാന്‍ കുറച്ചു സമയം നല്‍കിയശേഷം മാത്രം അമ്മയില്‍നിന്നു മാറ്റുന്നത് മനുഷ്യരും, മറ്റു നായകളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്നു. മുതിര്‍ന്നു പോയാല്‍ സ്വന്തം വര്‍ഗ്ഗത്തോടു മാത്രം അടുപ്പവും, മനുഷ്യബന്ധം കുറവായിരിക്കുമെന്ന പ്രശ്നമുണ്ട്.  ചുരുക്കിപ്പറഞ്ഞാല്‍ 3-12 ആഴ്ച നീണ്ടുനില്‍ക്കുന്ന സഹവാസപ്രിയ കാലഘട്ടം (Social status) ആണ് നായക്കുട്ടി ഭാവിയില്‍ എങ്ങനെയുള്ളതായിത്തീരണമെന്ന് തീരുമാനിക്കുന്നത്.

5.അഞ്ചാം ഘട്ടം (12 ആഴ്ച മുതല്‍-ലൈംഗിക ശേഷിവരെ)

അടിസ്ഥാന പെരുമാറ്റ രീതിയില്‍ മാറ്റങ്ങളൊന്നും വരുന്നില്ലെങ്കിലും ചലനങ്ങളിലും, വേഗത്തിലും വ്യത്യാസം വരുന്നു. ഈ ഘട്ടത്തിന്റെ  തുടക്കത്തില്‍ നായക്കുട്ടികള്‍ പഠന കഴിവില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. ഈ ഘട്ടത്തില്‍ പ്രത്യുത്പാദനക്ഷമത കൈവരിക്കുന്നു. ഇത് 6-14 മാസക്കാലയളവിൽ സംഭവിക്കാം. 18-36 മാസം പ്രായത്തില്‍ സാമൂഹ്യപരമായി നായകള്‍ പൂര്‍ണ്ണവികാസം പ്രാപിക്കുന്നു. മനുഷ്യന്‍ ഇണക്കി വളര്‍ത്തിയതിനാല്‍ പ്രായപൂര്‍ത്തിയെത്തിയാലും ചില കുട്ടിത്തങ്ങളും, കളികളും നായകളില്‍ കാണപ്പെടുന്നു.
(കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകൻ)