കുളിപ്പിച്ചും പല്ലുതേച്ചും മുടിയും നഖവും വെട്ടിയും നായകളെ ഗ്രൂമിങ്ങ് ചെയ്യേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്. സ്വയം ചെയ്യുകയോ പ്രൊഫഷണല്‍ പെറ്റ് ഗ്രൂമിങ്ങ് സെന്ററുകളുടെ സഹായം തേടുകയോ ചെയ്യാം. ആരോഗ്യമുള്ള നായകളെ സാധാരണ നായഷാംപൂ ഉപയോഗിച്ച് കുളിപ്പിച്ച്, ബ്ലോ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കി പെര്‍ഫ്യൂം പൂശി ഒരുക്കുകയാണ് ചെയ്യാറുള്ളത്.
ഫംഗല്‍ രോഗം, പരാദബാധ, മറ്റു ചര്‍മരോഗങ്ങള്‍ എന്നിവയുള്ള നായകളെ ഡോക്ടറുടെ നിര്‍ദേശപ്രകാരം അവരുടെ ചര്‍മത്തിന്നു യോജിച്ച മെഡിക്കേറ്റഡ് ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കണം. രണ്ടുമാസം പ്രായംവരെ നായക്കുട്ടികളെ കുളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.നായക്കുട്ടിയെ വാങ്ങുന്ന സമയത്ത് ശരീരത്തില്‍ അഴുക്കുണ്ടെങ്കില്‍ വൈപ്സ് ഉപയോഗിച്ചോ തുണി നനച്ചോ തുടയ്ക്കുക. തലയില്‍ വെള്ളം ഒഴിച്ചു കുളിപ്പിക്കുന്നത് ഒഴിവാക്കുക. വെള്ളം നനയുമ്പോള്‍ നായക്കുട്ടിയുടെ ശരീരോഷ്മാവ് കുറഞ്ഞുപോവാതെ പെട്ടെന്നു കുളിപ്പിച്ചെടുക്കണം. രണ്ടുമാസം പ്രായമായ നായക്കുട്ടിയെ 15-20 ദിവസം കൂടുമ്പോള്‍ കുളിപ്പിക്കാം. രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ നായക്കുട്ടികള്‍ക്കായുള്ള ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുക. അതിനുശേഷം തുണി ഉപയോഗിച്ച് ശരീരത്തിലെ ഈര്‍പ്പം തുടച്ചുകളയണം. ഇളംവെയിലത്തു നിര്‍ത്തിയാല്‍ ഈര്‍പ്പം പൂര്‍ണ്ണമായും മാറും.
ആറുമാസത്തിലേറെ പ്രായമുള്ളവയെ ഒന്നു രണ്ടാഴ്ച കൂടുമ്പോള്‍ കുളിപ്പിക്കാം. നായകളെ ദിവസേന കുളിപ്പിക്കുന്നത് അവരുടെ ശരീരത്തിലെ എണ്ണമയം നഷ്ടപ്പെടുത്തും. ശരീരത്തിലുള്ള എണ്ണമയമാണ് അവരുടെ ചര്‍മത്തിന് പ്രതിരോധശേഷിയും തിളക്കവും നല്‍കുന്നതെന്ന് ഓര്‍ക്കുക. ജനിച്ച് രണ്ടു മാസം പ്രായമായ കുഞ്ഞുങ്ങളെയും, രോഗബാധിതരായവയെയും കുളിപ്പിക്കരുതെന്നു പറയുന്നതിന്റെ പ്രധാന കാരണം ഇതാണ്. നായകള്‍ക്ക് ഡ്രൈബാത്തും ബ്രഷിങ്ങും ചെയ്യുന്നത് നല്ലതാണ്. ഡ്രൈഗ്രൂമിങ് ഷാംപൂ ഉപയോഗിച്ച് ബ്രഷ് ചെയ്തു വൃത്തിയാക്കുന്നതാണ് ഉത്തമം.
ജനിക്കുമ്പോള്‍ നായക്കുട്ടികള്‍ക്ക് പല്ല് ഉണ്ടാവില്ല. ഒരു മാസം ആകുമ്പോള്‍ പാല്‍പല്ലുകള്‍ വരും. ആറേഴു മാസമാകുമ്പോള്‍ പാല്‍പല്ലുകള്‍ പോയി സ്ഥിരമായ പല്ലു വരും. നായക്കുട്ടികള്‍ക്കായുള്ള പേസ്റ്റും ബ്രഷും വിപണിയില്‍ ലഭ്യമാണ്. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ബ്രഷ് ചെയ്തു കൊടുക്കണം.. വൃത്തിയാക്കുന്നതുമൂലം പല്ലിനെ ബാധിക്കുന്ന രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാം. നായകളുടെ ചെവിയും നഖവും വൃത്തിയായി സൂക്ഷിക്കുക. യഥാസമയത്തുള്ള നഖംവെട്ടല്‍, കാലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വിശേഷിച്ച് പിന്‍കാലുകളില്‍ നിലംതൊടാതെ അല്‍പ്പം മുകളിലായി കാണുന്ന നഖം അഥവാ ഡ്യൂക്ലോ കൃത്യമായി വെട്ടിനിര്‍ത്തിയില്ലെങ്കില്‍ നായയുടെ ശരീരത്ത് മുറിവേല്‍ക്കാന്‍ കാരണമാകും. നായകളുടെ ചെവികളില്‍ അമിതമായി നിറയുന്ന വാക്സ് നീക്കി വൃത്തിയാക്കണം. നീളമുള്ള രോമത്തോടു കൂടിയ നായകളുടെ രോമം കെട്ടുപിണയുന്നു. കെട്ട് കൂടിയ രോമങ്ങള്‍ നിവര്‍ത്തി വൃത്തിയാക്കണം. രോമമുള്ള നായകളുടെ മുടി പുതിയ ശൈലികളില്‍ ഭംഗിയായി വെട്ടിക്കൊടുക്കണം. ശരീരത്തോടു ചേര്‍ത്ത് രോമം മുറിച്ചു വൃത്തിയാക്കണം.
(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)
Content Highlights: dog grooming
Published: 02 Aug 2024, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented