
പ്രാവുകള്‍, ബഡ്ജറിഗര്‍, ആഫ്രിക്കന്‍ ലൗവ് ബേര്‍ഡ്സ്, കൊക്കറ്റീലുകള്‍, ഫിഞ്ചുകള്‍ തുടങ്ങി വീടുകളില്‍ വളര്‍ത്തുന്ന ഒട്ടുമിക്ക പക്ഷികള്‍ക്കും കനത്ത ചൂട് താങ്ങാവുന്നതിനപ്പുറമാണ്. പക്ഷികളുടെ ശരീര താപനില പൊതുവെ ഉയര്‍ന്നതാണെങ്കിലും കൂടിയ അന്തരീക്ഷ ഈര്‍പ്പവും താപനിലയും അവയുടെ ശരീരത്തിന്റെ താപനിയന്ത്രണം തകരാറിലാക്കും. ചൂടില്‍ നിന്ന് ഓമനപ്പക്ഷികളെ സംരക്ഷിക്കുന്നതിനായി വേനല്‍ക്കാല പരിചരണം ആവശ്യമാണ്. വളര്‍ത്തുപക്ഷികളില്‍ ഉഷ്ണസമ്മര്‍ദ്ദമേറുമ്പോള്‍ ശ്വാസോച്ഛ്വാസത്തിന്റെ നിരക്കും വേഗതയും കൂടും. ക്ഷീണം, ഉന്മേഷക്കുറവ്, പറക്കാനുള്ള മടി, തളര്‍ച്ച, ചിറകുകളും തൂവലും വിടര്‍ത്തുക, വരണ്ട് വിളറിയ കണ്ണുകള്‍, തീറ്റയോടുള്ള മടി, ധാരാളം വെള്ളം കുടിക്കല്‍, തണലുപറ്റി ഇരിക്കുക, കഴുത്തിലെ പേശികളില്‍ വിറയല്‍, പ്രത്യേക ശബ്ദമുണ്ടാക്കല്‍ തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. പക്ഷികള്‍ ഉഷ്ണസമ്മര്‍ദ്ദത്തിലാണെങ്കില്‍ അവയുടെ ചിറകിനടിയിലെ തൂവലുകള്‍ കുറവുള്ള ഭാഗത്തും കാലുകളിലും കൈവെച്ച് പരിശോധിച്ചാല്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടും. വേനല്‍ സമ്മര്‍ദ്ദമേറിയാല്‍ പക്ഷികളുടെ വളര്‍ച്ചയും മുട്ടയിടലും പ്രജനനവുമെല്ലാം അവതാളത്തിലാവും. ഉഷ്ണസമ്മര്‍ദ്ദം മൂലം മക്കാവുതത്തകളെ പോലുള്ള വലിയ പക്ഷികളില്‍ തൂവല്‍ കൊഴിയുന്നത് സാധാരണയാണ്.
കുടിവെള്ളം പ്രധാനം
വേനലില്‍ പക്ഷികള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുതലായതിനാല്‍ ശുദ്ധജലം യഥേഷ്ടം കൂടുകളില്‍ തന്നെ ലഭ്യമാക്കണം. കൂടുകളില്‍ ഒരുക്കിയിരിക്കുന്ന പാത്രത്തില്‍ ഐസ്‌ക്യൂബുകളിട്ട് കുടിവെള്ളം തണുപ്പിക്കാം. മണ്‍കലങ്ങളില്‍ വെള്ളം നിറച്ച് കൂടുകളില്‍ വയ്ക്കുക. പാരക്കീറ്റുകളെ പോലുള്ള പക്ഷികളില്‍ ഐസ് പൊടിച്ചുചേര്‍ത്ത തണുത്ത വെള്ളം കുടിച്ചാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനമാണെങ്കില്‍ ടാങ്കും പൈപ്പുകളും നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് മൂടണം. തല താഴ്ത്താന്‍ പാകത്തിന് വിസ്തൃതിയും ആഴവുമുള്ള മണ്‍കുടങ്ങളില്‍ തണുത്ത വെള്ളം നിറച്ച് കൂട്ടില്‍ ഒരുക്കിയാല്‍ പക്ഷികള്‍ക്ക് തലയും കൊക്കും നനച്ച് ശരീരം തണുപ്പിക്കാന്‍ അത് സഹായകരമാവും.
Also Read
കുടിയ്ക്കാന്‍ നല്‍കുന്ന വെള്ളം പെട്ടെന്ന് ചൂടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇടയ്ക്ക് കുടിവെള്ളം മാറ്റി നല്‍കണം. കൂടുകളുടെ മുകളില്‍ ഓല മടഞ്ഞോ പനയോലകൊണ്ടോ ചെറിയ മേലാപ്പൊരുക്കിയാല്‍ ഒരു പരിധിവരെ ചൂട് കുറയ്ക്കാം. പക്ഷികളെ പാര്‍പ്പിച്ച ഷെഡിന്റെ മേല്‍ക്കൂര ആസ്ബസ്റ്റോസ്, അലൂമിനിയം ഷീറ്റ് എന്നിവ കൊണ്ടാണെങ്കില്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ വെള്ള പെയിന്റോ വൈറ്റ് സിമന്റോ ഇന്‍ഫ്രാറെഡ് റിഫ്ളക്ടര്‍ പെയിന്റുകളോ അടിച്ചാല്‍ ചൂടല്‍പ്പം നിയന്ത്രിക്കാം. ഇടയ്ക്ക് മേല്‍ക്കൂര നനച്ചും നല്‍കാം. കൂടുകള്‍ ഒരുക്കുമ്പോള്‍ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കണം. കൂടുകള്‍ ഒട്ടും തണലേല്‍ക്കാത്ത സ്ഥലങ്ങളിലാണെങ്കില്‍ തണലിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. വശങ്ങളില്‍ നനച്ച ചണച്ചാക്കുകള്‍ തറനിരപ്പില്‍ നിന്ന് മൂന്നടി ഉയരത്തില്‍ ലംബമായി തൂക്കിയിട്ടാല്‍ ഉഷ്ണക്കാറ്റിനെ തടയാം. ഒപ്പം ഫാനുകളും ഫോഗറുകളും കൂടി ക്രമീകരിച്ചാല്‍ കൂടുതല്‍ തണുപ്പ് ലഭിക്കും. കൂടിന്റെ വശങ്ങളിലും അഴികളിലും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകളും അവശിഷ്ടങ്ങളും മാറ്റി മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. കൂടുകള്‍ക്ക് ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ മരച്ചില്ലകള്‍ കൂട്ടിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടാതെ ശ്രദ്ധിക്കണം.
തീറ്റയും ചൂടും
ധാന്യതീറ്റകള്‍ കൂടുതലായി ഇഷ്ടപ്പെടുന്ന പക്ഷികളുടെ തീറ്റയില്‍ രണ്ടോ മൂന്നോ തരം ധാന്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുന്നതിന് പകരം വ്യത്യസ്തങ്ങളായ പലതരം ധാന്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ധാന്യങ്ങളുടെ എണ്ണം കൂടുന്തോറും പക്ഷികള്‍ക്ക് തീറ്റയോടുള്ള താല്‍പര്യം കൂടുമെന്ന് മാത്രമല്ല പോഷകലഭ്യതയും കൂടും. തത്തകളും, ഫിഞ്ചുകളും, പ്രാവുകളും, അലങ്കാരക്കോഴികളുമെല്ലാം ധാന്യം കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്. ധാന്യങ്ങള്‍ അടങ്ങുന്ന മുഖ്യാഹാരം രാവിലെയോ വൈകീട്ടോ ചൂട് കുറഞ്ഞ വേളകളില്‍ വേണം നല്‍കാന്‍. 'അല്‍ഫാല്‍ഫ' പോലുള്ള പയറുവര്‍ഗചെടികളും ഇലകളും മുളപ്പിച്ച ധാന്യങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉയര്‍ന്ന പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കാം.
അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് കൂടുന്നതിനാല്‍ ദീര്‍ഘനാള്‍ സംഭരിച്ചുവെച്ച തീറ്റകളിൽ കുമിള്‍ ബാധയ്ക്ക് സാധ്യത ഉണ്ട്. ഈ കുമിളുകള്‍ ഉത്പാദിപ്പിക്കുന്ന 'അഫ്‌ളാടോക്സിന്‍' എന്ന വിഷവസ്തു പക്ഷികള്‍ക്ക് മാരകമാണ്. തീറ്റ ഈര്‍പ്പരഹിതമായി സൂക്ഷിക്കാനും നനവില്ലാത്ത പാത്രങ്ങള്‍ ഉപയോഗിച്ച് തീറ്റകൊടുക്കാനും ശ്രദ്ധിക്കണം. സൂക്ഷിച്ച് വെച്ച തീറ്റകള്‍ ചുരുങ്ങിയത് നാല് മുതല്‍ ആറ് മണിക്കൂറെങ്കിലും ഉണക്കി പക്ഷികള്‍ക്ക് നല്‍കാം. തീറ്റ മുന്‍കൂട്ടി വാങ്ങി രണ്ടാഴ്ചയിലധികം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നത് വേല്‍ക്കാലത്ത് നല്ലതല്ല. ധാന്യങ്ങള്‍ക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഇഷ്ടപ്പെടുന്ന മിശ്രഭോജികളായ ലോറികള്‍, ലോറികിറ്റുകള്‍, മക്കാവു തത്തകള്‍, ആഫ്രിക്കന്‍ ചാരതത്തകള്‍, കൊക്കറ്റു തുടങ്ങിയ ഇനം പക്ഷികളുടെ തീറ്റയില്‍ തണുപ്പിച്ച് അരിഞ്ഞപഴവും പച്ചക്കറികളും കൂടുതലായി നല്‍കണം. ഓറഞ്ച്, പേരയ്ക്ക, ആപ്പിള്‍, മാങ്ങ, പപ്പായ, ഏത്തപ്പഴം, മാതളനാരങ്ങ, തക്കാളി, കാരറ്റ്, ബീന്‍സ്, അച്ചിങ്ങ, പച്ചമുളക്, ബീറ്റ്റൂട്ട്, വെള്ളരിക്ക, മത്തന്‍ എന്നിവയെല്ലാം ഈ പക്ഷികള്‍ക്കിഷ്ടപ്പെടുന്ന പഴങ്ങളും, പച്ചക്കറികളുമാണ്.
മൃദുവായ പച്ചപ്പുല്ലും, പനികൂര്‍ക്ക, തുളസി, മുരിങ്ങയില, ചീര, ചുവന്ന ചീര, അസോള, മള്‍ബറിയില, പപ്പായയില, മല്ലിയില, കറുക, അല്‍ഫാല്‍ഫ, കീഴാര്‍നെല്ലി തുടങ്ങിയ പച്ചിലകളും ചെറുതായി അരിഞ്ഞ് പകല്‍ സമയങ്ങളില്‍ പക്ഷികള്‍ക്ക് നല്‍കാം. ധാരാളം ജലാംശം അടങ്ങിയ പുല്ലും പച്ചിലകളും പക്ഷികളുടെ ശരീരത്തിന് ഒരു 'കൂളിങ് ഇഫക്ട്' നല്‍കും. പ്രജനനവേളയിലുള്ള പക്ഷികള്‍ക്ക് നിര്‍ബന്ധമായും മൃദു തീറ്റ നല്‍കണം. റൊട്ടിപ്പൊടി, പുഴുങ്ങിയ മുട്ട, സോയാബിന്‍ പിണ്ണാക്ക്, എള്ളെണ്ണ, ധാതുമിശ്രിതങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്ത് മൃദു തീറ്റ തയ്യാറാക്കാം. വേനല്‍ക്കാലത്ത് തീറ്റകള്‍ പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളുമടക്കമുള്ള ജലാംശം ഏറെയുള്ള തീറ്റകള്‍ 2 മണിക്കൂറിലധികം കഴിയ്ക്കാതെ കൂട്ടില്‍ സൂക്ഷിച്ചാല്‍ ബാക്ടീരിയല്‍ അണുക്കള്‍ പെരുകാന്‍ സാധ്യത കൂടുതലാണ്. തീറ്റയും അവശിഷ്ടങ്ങളും കൃത്യസമയങ്ങളില്‍ കൂട്ടില്‍നിന്ന് മാറ്റാന്‍ ശ്രദ്ധിക്കണം.
തണുപ്പിക്കല്‍ എളുപ്പമാക്കാം
ശരീരസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ധാതുജീവക മിശ്രിതങ്ങള്‍ പതിവായി തീറ്റയിലോ വെള്ളത്തിലോ ചേര്‍ത്ത് നല്‍കണം. ജീവകം എ,ബി,സി,ഡി,ഇ എന്നിവയും കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ പോഷകങ്ങള്‍ എല്ലാ ദിവസവും ഉള്‍പ്പെടുത്താം. കണവനാക്ക്, കക്കപ്പൊടി, മരക്കരി, കരികട്ടപ്പൊടി, ചുടുകട്ടപ്പൊടി, ചുവന്ന മണ്ണ്, ചെങ്കല്‍പ്പൊടി എന്നിവ കൂട്ടില്‍ നിറയ്ക്കുന്നതുവഴി ധാതു അപര്യാപ്തത പരിഹരിക്കാം. ലിവര്‍ ടോണിക്കുകളും (കരള്‍ ഉത്തേജന മരുന്നുകള്‍), യീസ്റ്റ്. ലാക്ടോബാസില്ലസ് തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്കുകള്‍ എന്നിവയും തീറ്റയില്‍ നല്‍കാം.
ഫിഞ്ചുകള്‍, ആഫ്രിക്കന്‍ ലൗവ് ബേര്‍ഡ്സ്, പ്രാവുകള്‍ അടങ്ങിയ ചെറുപക്ഷികളിലേറെയും ചിറകുവിരിച്ച് വെള്ളത്തില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ആഴം കുറഞ്ഞ് വിസ്തൃതി കൂടിയ ചെറിയ മണ്‍പാത്രങ്ങളിലോ പ്ലാസ്റ്റിക് ട്രേകളിലോ വെള്ളം നിറച്ച് ഇവര്‍ക്ക് കൂട്ടില്‍ സജ്ജീകരിക്കാം. ഇത്തിരി കുഞ്ഞന്‍മാര്‍ക്ക് നീന്തിത്തുടിക്കാന്‍ കൂടിന്റെ വാതിലിനോട് ചേര്‍ന്ന് ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് സജ്ജീകരിക്കാം.
തത്തകളടക്കമുള്ള പക്ഷികളുടെ ചിറകില്‍ പകല്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം സ്പ്രേ ചെയ്യുന്നത് പകല്‍ ചൂടില്‍ വലിയ ആശ്വാസം പകരും. ചെറുമഞ്ഞുതുള്ളികളെ പോലെ ജലകണികകള്‍ തൂവലില്‍ ഇറ്റിറ്റു വീഴുന്ന മിസ്റ്റ് കൂളിംഗ് സിസ്റ്റം വലിയ കൂടുകളിൽ ഒരുക്കാം. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേളയില്‍ ഒന്നോ രണ്ടോ മിനിറ്റ് മിസ്റ്റ് പ്രവര്‍ത്തിപ്പിക്കാം. സ്പ്രിംഗ്ലറുകളോ, മിസ്റ്റോ, ഫോഗറുകളോ ഉപയോഗിച്ച് വെള്ളം നനയ്ക്കുമ്പോള്‍ തീറ്റയും തീറ്റപാത്രങ്ങളും മാറ്റണം. പച്ചയുടെ നിറച്ചാര്‍ത്ത് തീര്‍ക്കുന്ന ചെറുമരങ്ങളും മുളകളും അലങ്കാരച്ചെടികളും വള്ളിച്ചെടികളുമൊക്കെ കൂടിന് ചുറ്റും നട്ടുപിടിപ്പിച്ചാല്‍, കൂടുകൾ വേനലില്‍ പക്ഷികള്‍ക്ക് ഒരു സുഖവാസ കേന്ദ്രമായിത്തീരും.
Content Highlights: how to take care of pet birds in summer
Published: 16 Mar 2024, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented