ചെന്നായയില്‍ നിന്നും നായയിലേക്കുള്ള പരിണാമചരിത്രം മനുഷ്യന്‍ ആദ്യമായി നടത്തിയ ജനിതകമാറ്റ (Genetic modification) പ്രക്രിയ കൂടിയാണ്. മനുഷ്യനൊപ്പം കൂടാന്‍ ചരിത്രപരമായ തീരുമാനം കുറിച്ച ഒരുപറ്റം ചെന്നായ്ക്കളും പ്രകൃതിയും ഇതിനു സഹായമായി ഒപ്പം നിന്നു. മനുഷ്യനൊപ്പം ചേരാന്‍ സ്വയം സമ്മതിച്ച നായകളെ നമുക്ക് വേണ്ട ഗുണങ്ങള്‍ ചേര്‍ത്ത് നാം മാറ്റിയെടുത്തു. വ്യത്യസ്തമായ രണ്ടു ജീവിയിനങ്ങള്‍ തമ്മിലുള്ള സംവേദനം (Interspecific communication) സാധ്യമായതിന്റെ അപൂര്‍വ്വമായ ഉദാഹരണമാണ് മനുഷ്യന്‍-നായ ബന്ധം. നായ പരിണമിച്ചത് മനുഷ്യനൊപ്പമുള്ള ജീവിതം നയിക്കുന്നതിനാണ്. അതുകൊണ്ട് അവയെ തെരുവിലേക്ക് ഇറക്കിവിട്ടാല്‍ കാടിനും നാടിനുമിടയിലൊരു ജീവിതം അവര്‍ക്ക് എളുപ്പമാവില്ല. സൃഷ്ടാവായ മനുഷ്യന്റെ  ഉത്തരവാദിത്വമുള്ള ഉടമസ്ഥതയാണ് (Responsible ownership),നായ നമ്മോടാവശ്യപ്പെടുന്ന ചരിത്രദൗത്യം.

ചെന്നായയുടെ നായയിലേക്കുള്ള പരിണാമത്തിന്റെ ശാസ്ത്രരഹസ്യങ്ങള്‍ പുറത്തുവന്നത് ഈ നൂറ്റാണ്ടിലാണ്. മനുഷ്യനൊപ്പം ജീവിക്കുന്നതിന്റെ ഭാഗമായി നായകളുടെ  തലയോട്ടിയുടെയും തലച്ചോറിന്റെയും പല്ലുകളുടെയും ആകൃതിയിലും വലുപ്പത്തിലും വന്ന മാറ്റങ്ങള്‍ നാം മുന്‍പേ മനസ്സിലാക്കിയിരുന്നു. ചെന്നായയുടെ സഹജമായ അക്രമണ സ്വഭാവത്തില്‍  മാറ്റമുണ്ടായതിനൊപ്പം  പുത്തന്‍ സാമൂഹികബോധജ്ഞാനവും (Cognition) നായകള്‍ നേടിയെടുത്തിട്ടുണ്ട്. 

ചെന്നായ വളര്‍ത്തുനായയായ പരിണാമവഴിയില്‍ ഏറ്റവും സുപ്രധാനഘട്ടം ഏതാണ്?  ബാഹ്യപ്രകൃതിയിലും സ്വഭാവ പ്രത്യേകതകളിലും വന്നതായി നാം കാണുന്ന മാറ്റങ്ങളേക്കാള്‍  പ്രധാനമായ ഒരു ജനിതകമാറ്റം  ഗവേഷകര്‍  കണ്ടെത്തിയിരിക്കുന്നു. അന്നജസംപുഷ്ടമായ (starch rich) ആഹാരം  ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍  കഴിയുന്നവിധം നായയുടെ  മൂന്നു ജീനുകളിലുണ്ടായ മാറ്റമാണ് അത്. അന്നജത്തെ ദഹിപ്പിക്കുന്ന അമൈലേസ് (Amylase) എന്‍സൈമിന്റെ അളവ് ചെന്നായയുടേതിനേക്കാള്‍ 28 മടങ്ങായി ഉയര്‍ത്തപ്പെട്ടില്ലായിരുന്നെങ്കില്‍ മനുഷ്യനൊപ്പമുള്ള നായയുടെ സഹാവാസം എന്നേ അവസാനിക്കുമായിരുന്നു

ഞങ്ങളെ ഇണക്കിയെടുത്തുകൊള്ളുക' എന്ന ആവശ്യവുമായി മനുഷ്യനെ സമീപിച്ചവയാണ് നായകള്‍. മനുഷ്യന്റെ അടുത്തേക്ക് വരാന്‍ ഭയം കുറവുകാണിച്ച ചെന്നായ്ക്കൂട്ടത്തിലെ  അംഗങ്ങളാണ് മനുഷ്യന്റെ ആദ്യ മൃഗസ്നേഹിതര്‍. രണ്ടുപേരും കൂട്ടമായി സഹവര്‍ത്തിച്ച്  വേട്ടയാടുന്ന സാമൂഹ്യജീവികളായിരുന്നതിനാല്‍ നല്ല ചേര്‍ച്ചയുമായിരുന്നു. പേടി കുറഞ്ഞ ചെന്നായ്ക്കള്‍ നിരന്തരമായ പ്രജനനത്തിനു വിധേയരായപ്പോള്‍ പേടിയുണ്ടാക്കുന്ന തലച്ചോര്‍ കേന്ദ്രങ്ങളും സ്വാഭാവികമായി  മാറിത്തുടങ്ങി. മാറിയ തലച്ചോറും രൂപവും ഭാവവും മാറിയ ശരീരവും തലയും കൈകാലുകളുമായി പുത്തനൊരു ജീവിയായി നായ പരിണമിക്കുകയായിരുന്നു. ഒപ്പം മനുഷ്യന്റെ ചിന്തയും പെരുമാറ്റവും എങ്ങനെയെന്ന് മനസ്സിലാക്കാനുള്ള കഴിവും അവര്‍ നേടിയെടുത്തു. 

തീ കണ്ടുപിടിച്ചതുപോലെയൊരു വിപ്ലവകരമായ മാറ്റം നേടിയെടുത്ത നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ പരാജയപ്പെട്ട, ഭൂമിയിലെ അതിജീവനസമരത്തില്‍ ഹോമോ സാപ്പിയന്‍സ് വിജയക്കൊടി പാറിച്ചതിന്റെ  പ്രധാന കാരണം, നായ്ക്കളെ ഇണക്കി വളര്‍ത്താന്‍ സാധിച്ചതിലുള്ള  മിടുക്കായി പല നരവംശശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നു. ഇരയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നിരുന്ന നിയാന്‍ഡര്‍ത്താല്‍ സുരക്ഷിതനല്ലായിരുന്നു. എന്നാല്‍ സാപിയാന്‍സിനാകട്ടെ മുന്നില്‍ പരിചയായി തന്റെ നായയുണ്ടായിരുന്നു. പൂര്‍വ്വമനുഷ്യരെ ഭൂമുഖത്തു നിന്ന്  തൂത്തെറിഞ്ഞ, കാലാവസ്ഥാ മാറ്റത്തെപോലും അതിജീവിക്കാന്‍  സാപിയന്‍സിനെ സഹായിച്ചത് നായകളായിരുന്നു. ഈ സഹായസഹകരണങ്ങള്‍ക്കിടയില്‍ വലിയൊരു ത്യാഗം അല്ലെങ്കില്‍ നഷ്ടം നായകള്‍ സഹിക്കുകയും ചെയ്തുവെന്നു കാണാം. സ്വയം ഇരതേടാനുള്ള  നൈസര്‍ഗിക  കഴിവുകള്‍  പലതും ക്രമേണ നഷ്ടമായി. ഇന്ന് നായകളെ നാം തെരുവിലേക്ക് ഇറക്കിവിടുമ്പോള്‍ ആ പഴയത്യാഗം അവരെ നിരായുധരാക്കുന്നു.

മനുഷ്യനോടുള്ള ഭയവും ആക്രമണസ്വഭാവവും തലച്ചോറില്‍ നിന്നു തുടച്ചുനീക്കാനുള്ള പ്രജനനത്തിന് വിധേയനായതോടെ നായകള്‍ ചെന്നായ്ക്കളുടേതിന് വിഭിന്നമായ ചലനങ്ങള്‍ സ്വായത്തമാക്കി. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാന്‍ കഴിയുന്ന ബോധജ്ഞാനത്തിന്റെ മാറ്റങ്ങള്‍ തലച്ചോറിലുണ്ടായി. വീട്ടില്‍  ശാന്തനും നാട്ടില്‍  ശൂരനുമാകാന്‍ അവന്‍ പഠിച്ചു. അതായത്  മനുഷ്യന്റെ തലച്ചോറിന് ചേരുന്ന വിധത്തിലുള്ള  ബൗദ്ധിക വികാസം ഒരു പരിധിവരെ സാധ്യമാക്കി. ഓര്‍മകള്‍ നിലനിര്‍ത്താന്‍ കഴിയുന്നവിധമുള്ള  മാറ്റങ്ങളും തലച്ചോറില്‍ രൂപപ്പെട്ടു. മനുഷ്യന്റെ ഭയവും സന്തോഷവും മാത്രമല്ല ശരീരത്തില്‍ രൂപപ്പെടുന്ന അര്‍ബുദകോശങ്ങളെവരെ മണത്തറിയാനുള്ള കഴിവ് നായകള്‍ നേടിയെടുത്തതായി ഗവേഷണങ്ങള്‍ പറയുന്നു. 

എന്നും എപ്പോഴും മനുഷ്യനെ സ്നേഹിക്കാന്‍ കഴിയുന്ന വിധത്തില്‍ സെറടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്റുകളുടെ സ്വീകരണികളിലുണ്ടായ വ്യത്യാസവും നായയുടെ പരിണാമത്തില്‍ ഏറെ പ്രധാനമായിരുന്നു. മനുഷ്യനോട് ചേര്‍ന്നുജീവിക്കാന്‍ മാത്രമായി 53-ഓളം ജീനുകള്‍ പുതുതായി ഉണരുകയോ നവീകരിക്കപ്പെടുകയോ ചെയ്തതായി പഠനങ്ങള്‍ പറയുന്നു. ജീനുകളില്‍ വന്ന മാറ്റം അവരുടെ ലൈംഗിക ജീവിതത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ആണ്ടിലൊരിക്കലുണ്ടായിരുന്ന പ്രത്യുത്പാദന സമയം രണ്ടുമൂന്നുമൊക്കെയായി മാറിയിരുന്നു.

മനുഷ്യനെയും നായയേയും ചിരകാല സുഹൃത്തുക്കളാക്കി മാറ്റിയത് എന്താണ് എന്നതിനും ശാസ്ത്രജ്ഞര്‍ക്ക് ഇന്ന് ഉത്തരമുണ്ട്. നായയും മനുഷ്യനും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ ഇരുവരുടെയും ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന്‍ ഹോര്‍മോണിന്റെ കൂടിയ ഉത്പാദനമാണ് അരുമ-ഉടമ ബന്ധത്തിലെ കാതല്‍ സ്പര്‍ശം. ഓക്സിടോസിന്‍ വഴി ഡോപമിന്റെയും എന്‍ഡോര്‍ഫിന്റെയും  ശരീരത്തിലെ അളവ് ഉയരുന്നതോടെ മനസ് ആനന്ദത്തിലേക്കും ശാന്തതയിലേക്കും വഴി മാറും. അമ്മയും കുഞ്ഞും, കാമുകനും കാമുകിയും കണ്ണില്‍ കണ്ണില്‍നോക്കിയിരിക്കുമ്പോള്‍ സംഭവിക്കുന്ന അതേ രാസമാറ്റങ്ങള്‍ നടക്കുന്നവിധം മനുഷ്യന്റെയും നായയുടെയും നാഡീവ്യവസ്ഥകളില്‍ പരിണാമമുണ്ടായതായി ഗവേഷണങ്ങള്‍ പറയുന്നു. 

2016 സെപ്റ്റംബര്‍ മാസത്തിലെ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം നായകളെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന എല്ലാ വിശ്വാസങ്ങളെയും തകര്‍ത്തെറിഞ്ഞു. മനുഷ്യന്‍ പറയുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ശേഷിയുള്ളവരത്രേ ഇന്നത്തെ നായകള്‍. വാക്കുകളുടെ അര്‍ത്ഥമല്ല, അവയുടെ ധ്വനിയാണ് ജീവികള്‍ മനസിലാക്കുന്നതെന്ന പഴയ ചിന്ത അങ്ങനെ മാറ്റിമറിക്കപ്പെട്ടു. വാക്കിന്റെ തനതായ അര്‍ഥവും സ്വരഭേദത്തോടെയുള്ള അര്‍ഥവും മനസ്സിലാക്കാന്‍ നായകള്‍ക്ക് കഴിയുമെന്ന് ഈ പഠനം പറയുന്നു. 

നായയുടെയും മനുഷ്യന്റെയും പരസ്പരം ചേര്‍ന്നുപോകുന്ന പരിണാമ ചരിത്രം (Convergent evolution) നമുക്ക് നല്‍കുന്ന  പാഠമെന്താണ്? മനുഷ്യനുവേണ്ടി മനുഷ്യനൊപ്പമായിരിക്കാന്‍ പുതിയൊരു സൃഷ്ടിയായവയാണ് നായകള്‍. നായയുടെ ചങ്ങാത്തത്തിനായി പരിണാമം നമുക്കും ഉണ്ടായിട്ടുണ്ട്. അവരുടെ ജീവിതം തെരുവുകളിലാക്കി മാറ്റുന്നതിന്റെയും തെരുവിലെ അവരുടെ നിസഹായതയില്‍ നിന്നുണ്ടാകുന്ന  പ്രശ്നങ്ങളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് നമുക്ക് കൈകഴുകി മാറിനില്‍ക്കാനാവില്ല. കാരണം നായയെന്ന നിത്യസുന്ദരസൗഹൃദശില്‍പ്പത്തിന് മനുഷ്യനൊപ്പം ജീവിക്കാനാണ് തലവര.