കുട്ടികള്‍ വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുമ്പോള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലെ കുട്ടികളായിരിക്കും ഇവയുടെ ഏറ്റവും അടുത്ത കൂട്ടുകാര്‍. വീട്ടിലേക്ക്‌ മൃഗങ്ങളെയോ പക്ഷികളെയോ വാങ്ങുന്നതുപോലും കുട്ടികളുടെ ആഗ്രഹവും നിര്‍ബന്ധവും കാരണമാകും. കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും സ്വഭാവരൂപീകരണത്തിലും സ്വാധീനം ചെലുത്താന്‍ ഇവയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. അഞ്ചു വയസ്സില്‍ താഴെയുള്ളവരെ നായയും, പൂച്ചയുമൊക്കെയായി അടുത്തുപെരുമാറാന്‍ അനുവദിക്കാതിരിക്കുകയാണ് നല്ലത്.

നായകള്‍ക്ക് ഭക്ഷണം, പരിശീലനം, വ്യായാമം, ഗ്രൂമിങ് എന്നിവയൊക്കെ ചെയ്യാന്‍ അവരെ പഠിപ്പിക്കുന്നതില്‍ തെറ്റില്ല. എത്ര അടുപ്പമുള്ളവരായാലും ഒരിക്കലും കുട്ടിയുടെയും നായയുടെയും മുഖങ്ങള്‍ തമ്മില്‍ ചേര്‍ത്തുപിടിക്കാന്‍ സമ്മതിക്കരുത്. ഒരിക്കലും നായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയെ ശല്യപ്പെടുത്തരുത്. കൂടാതെ ഉറങ്ങുന്ന നായയെ തൊടാനോ, പേടിപ്പിക്കാനോ പാടില്ല. അതുപോലെതന്നെ അപകടകരമാണ് നായ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണമോ, കളിക്കുന്ന കളിപ്പാട്ടമോ എടുത്തുകൊണ്ടുപോകുവാന്‍ ശ്രമിക്കുന്നത്. അവയെ വളരെ സൗമ്യമായും, സ്നേഹത്തോടെയും കൈകാര്യം ചെയ്യണം. കര്‍ശനമായി പെരുമാറാനോ, അലോസരപ്പെടുത്താനോ, ഉറക്കെ ബഹളം വെച്ച് പേടിപ്പിക്കാനോ പോകരുത്.

അശ്രദ്ധമായി ഓടിയും ചാടിയും നടന്ന് നായയെ ചവിട്ടുന്നതും അവയുടെ മുകളില്‍ വീഴുന്നതുമൊക്കെ അപകടം ക്ഷണിച്ചുവരുത്തും. നായയും പൂച്ചയുമൊന്നും വെറും കളിപ്പാട്ടങ്ങളല്ലെന്ന് കുട്ടികള്‍ അറിയണം. ചെവിയിലും, വാലിലും, കാലിലുമൊക്കെ പിടിച്ച് എടുക്കാന്‍ ശ്രമിക്കുന്നത് അവയെ പ്രകോപിപ്പിക്കും. നായയുടെ പുറത്ത് കയറിയിരിക്കുന്നതും ശരിയായ ശീലമല്ല. കളിപ്പാട്ടവും, കല്ലും മറ്റും എറിഞ്ഞ് നായയെ ഉപദ്രവിക്കുന്നത് അപകടകരമാണ്. മൃഗങ്ങളുടെ വായില്‍ കയ്യിടുന്നതും ഒഴിവാക്കണം. നായകള്‍ കുട്ടികളുടെ മുഖത്തോ മറ്റു ശരീരഭാഗങ്ങളോ നക്കിത്തുടയ്ക്കാന്‍ അനുവദിക്കരുത്. വളര്‍ത്തുമൃഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും ശരീരഘടനയെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം.

നായയെ വാങ്ങുമ്പോള്‍ കുട്ടികള്‍ക്കിണങ്ങിയ ജനുസ്സിനെ വാങ്ങുക. ടെറിയര്‍, ടോയ് വിഭാഗത്തില്‍പ്പെട്ട ഇനങ്ങളെ കുട്ടികളുള്ള വീട്ടിലേക്ക് വാങ്ങുന്നത് ശ്രദ്ധയോടെ വേണം. വലിപ്പം കൂടിയ ജനുസ്സുകള്‍ ചിലപ്പോള്‍ ചെറിയ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഇടത്തരം വലിപ്പമുള്ള ആക്രമണസ്വഭാവമുള്ള ഇനങ്ങളെ ഒഴിവാക്കണം. എങ്കിലും നല്ല പരിശീലനവും, പരിചരണവും, സ്നേഹവും ലഭിക്കുന്ന വീട്ടില്‍, നായകള്‍ കുട്ടികളുമായി എളുപ്പം ഇണങ്ങും. ഓമനമൃഗങ്ങളെ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രം വീട്ടില്‍ വാങ്ങിക്കൊണ്ടുവരിക. കുറച്ചുദിവസം മാറ്റിപ്പാര്‍പ്പിച്ചതിനുശേഷമാവാം വീട്ടിലേക്ക് പ്രവേശനം. 

വിര മരുന്നുകളും, വാക്സിനേഷനും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കണം. രോഗലക്ഷണങ്ങളുള്ള നായകളെ മാറ്റിപ്പാര്‍പ്പിക്കണം. ഗുണമേന്മയുള്ള ഭക്ഷണവും ശുദ്ധജലവും നായകള്‍ക്ക് ഉറപ്പാക്കണം. പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങളില്ലാതെ ചില രോഗങ്ങളുടെ വാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കണം. നായകളുടെ ശരീരശുചിത്വം, ഗ്രൂമിങ്‌ എന്നിവ കൃത്യമായി ശ്രദ്ധിക്കുക. മൃഗങ്ങളില്‍ നിന്നുണ്ടാകുന്ന അപകടങ്ങള്‍, രോഗബാധ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള കരുതലാണ് ആവശ്യം. അതിനുപകരം ഭയംകൊണ്ട് മൃഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനും പാടില്ല.

പൂര്‍ണ്ണമായ രോഗപ്രതിരോധ സംവിധാനം കുട്ടികള്‍ക്കില്ലായെന്നത് ഓര്‍ക്കുക. അതുപോലെ കുട്ടികള്‍ എപ്പോഴും ശുചിത്വബോധമുള്ളവരായിരിക്കണമെന്നുമില്ല. വളര്‍ത്തുമൃഗങ്ങളുടെ പല്ലോ, നഖമോ ഉപയോഗിച്ചുണ്ടാക്കുന്ന മുറിവുകള്‍ ശ്രദ്ധിക്കണം. രോഗബാധയുള്ള നായകളുടെ കടിയും മാന്തുമൊക്കെ അപകടകരമാകാം. വയറിളക്കം പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന മൃഗങ്ങളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുക. മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. മൃഗങ്ങളെ സ്പര്‍ശിച്ചശേഷം നഖം കടിക്കുന്നതും, കൈ വായിലിടുന്നതുമൊക്കെ വ്യക്തി ശുചിത്വത്തിന് നിരക്കുന്നതല്ല.

മൃഗങ്ങളുടെ വിസര്‍ജ്ജ്യത്താല്‍ മലിനമായ ഭക്ഷ്യവസ്തുക്കള്‍, അവയുടെ കാഷ്ഠം വീണ മണ്ണ് എന്നിവിടങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് വിരബാധ ഉണ്ടാകാനിടയുണ്ട്. ഉരുണ്ട വിര, കൊക്കപ്പുഴു, നാടവിരബാധ ഇവയ്ക്കും സാധ്യതകളുണ്ട്. നായയുടെയും, പൂച്ചയുടെയും കൂടെയുള്ള ഉറക്കം ഒഴിവാക്കണം. ഓമനമൃഗങ്ങളുടെ ത്വക്കിലും, രോമത്തിലും ഉള്ള ചെള്ള്, പട്ടുണ്ണി, മണ്ഡരി തുടങ്ങിയവ കുട്ടികളുടെ ശരീരത്തിലെത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കാം. പൂച്ചക്കാഷ്ഠവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. എലിപ്പനി ബാധയുള്ള നായകളുടെ മൂത്രവുമായുള്ള സമ്പര്‍ക്കം രോഗകാരണമാകാം.

ഓമനമൃഗങ്ങളുടെ ത്വക്കും, ഉമിനീരും, മൂത്രവും ഒക്കെ ദേഹത്തു പറ്റിയാല്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. ചുരുക്കത്തില്‍ വീട്, മൃഗങ്ങളുടെ കൂട് എന്നിവയുടെ ശുചിത്വത്തോടൊപ്പം കുട്ടികളുടെ വ്യക്തിശുചിത്വവും ഉറപ്പാക്കണം. ഒപ്പം മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിലും ശ്രദ്ധ നല്‍കണം. കുട്ടികളും മൃഗങ്ങളുമായുള്ള ഇടപെടലില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം കൂടിയായാല്‍ അവരെ നല്ല ചങ്ങാതിമാരാകാന്‍ കഴിയും.