പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് മുട്ട. പോഷകാവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈനംദിന ഭക്ഷണത്തിൽ മുട്ടയുൾപ്പെടുത്തുന്നവരാണ് ഇന്ന് ഭൂരിഭാഗവും. പല വീടുകളിലും ഇത് പ്രഭാതഭക്ഷണത്തിനുള്ള ഒരു നല്ല തിരഞ്ഞെടുപ്പ് കൂടിയാണ്. ദിവസേന ആവശ്യമുള്ളതുകൊണ്ടു തന്നെ വലിയ അളവിൽ മുട്ടവാങ്ങി വീട്ടിൽ സൂക്ഷിക്കേണ്ടി വരും. എന്നാൽ അത് ശരിയായ രീതിയിലാണോ നിങ്ങൾ ചെയ്യുന്നത്? മുട്ട കൃത്യമായി സൂക്ഷിച്ചുവെച്ചില്ലെങ്കിൽ അതിൽ അണുബാധ വരാനുള്ള സാധ്യതയുണ്ടെന്ന് പറയുകയാണ് ഖത്തറിലുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയായ അഹാന നാസർ ഹാഫിസ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മുട്ട ശരിയായി സൂക്ഷിക്കേണ്ട രീതിയും അവർ പറയുന്നുണ്ട്. അഹാനയുടെ അഭിപ്രായത്തിൽ നമ്മളിൽ പലരും മുട്ട സൂക്ഷിക്കാൻ പിന്തുടരുന്ന സാധാരണ രീതികൾ യഥാർത്ഥത്തിൽ അവ കേടുവരുത്തുകയും നമ്മെ രോഗികളാക്കുകയും ചെയ്യും.

To advertise here,

മുട്ടകൾ തുറന്ന സ്ഥലത്തോ ഫ്രിഡ്ജിന്റെ വാതിലിലോ സൂക്ഷിക്കുന്നത് എല്ലായിടത്തും കാണുന്ന സാധാരണ തെറ്റുകളിൽ ചിലതാണെന്ന് അഹാന പറയുന്നു. "മുട്ടത്തൊണ്ടുകൾ സുഷിരങ്ങളുള്ളവയാണ്. അവയ്ക്ക് ഗന്ധം വലിച്ചെടുക്കാൻ കഴിയും, ഇത് cross-contamination-ന് കാരണമാകും. ഫ്രിഡ്ജിന്റെ വാതിലിൽ മുട്ടകൾ സൂക്ഷിക്കുമ്പോൾ ഓരോ തവണ വാതിൽ തുറക്കുമ്പോഴും താപനില മാറിക്കൊണ്ടിരിക്കും.

മുട്ടകൾ ഒരു അടഞ്ഞ പാത്രത്തിലാണ് സൂക്ഷിക്കേണ്ടത്. അവ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുക, വാതിലിലല്ല. കൂടാതെ മുട്ടയുടെ കൂർത്തഭാഗം താഴേക്ക് വെക്കുകയും വേണം. ഇത് മുട്ടകളുടെ പുതുമ നിലനിർത്താൻ സഹായിക്കും."-അവർ പറഞ്ഞു. മലിനമാകുന്നത് തടയുന്നതിനൊപ്പം മുട്ടകളുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കാനും ഈ രീതികൾ സഹായിക്കുമെന്നും അവർ പറയുന്നു. ഫുഡ് ടെക്നോളജിസ്റ്റും ഫുഡ് കണ്ടന്റ് ക്രിയേറ്ററും കൂടിയാണ് അഹാന. ഖത്തറിൽ ഭക്ഷ്യ സുരക്ഷാ ഓഡിറ്ററായും പ്രവർത്തിക്കുന്നു.

(ശ്രദ്ധിക്കുക, ഈ ലേഖനം വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, കൃത്യമായ ഉപദേശങ്ങൾക്കായി ആരോഗ്യവിദഗ്ധരെ സമീപിക്കുക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi