ലോകമെമ്പാടുമുള്ള അടുക്കളകളിലെ സ്ഥിരസാന്നിധ്യമാണ് മുട്ട. പോഷകസമൃദ്ധം, എളുപ്പത്തിൽ പാചകം ചെയ്യാം, ചെലവും കുറവ്. ഈ പ്രത്യേകതകൾതന്നെയാണ് മുട്ടയെ ജനപ്രിയമാക്കുന്നത്. വണ്ണംകുറയ്ക്കാനാഗ്രഹിക്കുന്നവരുടെ ഡയറ്റ്‌മെനുവിലെ പ്രധാനതാരവും മുട്ട തന്നെയാണ്.
ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ വേഗത്തിലാക്കാൻ മുട്ടയ്ക്ക് കഴിയും. ഇതിന് സഹായിക്കുന്ന കോളിൻ എന്ന പോഷകം മുട്ടയിൽ ധാരാളമായുണ്ട്. ഉയർന്ന അളവിലുള്ള പ്രോട്ടീനും താരതമ്യേന കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നതിനാൽ മുട്ട കഴിച്ചാൽ കൂടുതൽ നേരം വയറുനിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. ഇതിലൂടെ അമിതവിശപ്പും ഇടവേളയിലുള്ള ലഘുഭക്ഷണങ്ങളും നിയന്ത്രിക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
Also Read
അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം ദിവസവും എത്ര മുട്ട കഴിക്കാമെന്നതിൽ തീരുമാനിക്കാം.
മുട്ട കഴിക്കുന്ന രീതിയും പ്രധാനം
മുട്ടയുടെ ആരോഗ്യഗുണങ്ങൾ ലഭിക്കണമെങ്കിൽ പാകം ചെയ്യുന്ന രീതിയിലും ശ്രദ്ധ വേണം. പുഴുങ്ങിയതോ, പോച്ച് ചെയ്തതോ, കുറഞ്ഞ എണ്ണയിൽ ചിക്കിയെടുത്തതോ ആയ മുട്ട താരതമ്യേന ആരോഗ്യകരമാണ്. എന്നാൽ ധാരാളം വെണ്ണയോ എണ്ണയോ ഉപയോഗിച്ച് പാകം ചെയ്‌തെടുത്താൽ കലോറിയുടെ അളവ് ഗണ്യമായി വർധിക്കും.
മുട്ടയ്ക്കൊപ്പം ചീര, തക്കാളി, സവാള, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളും ഉൾപ്പെടുത്തിയാൽ കൂടുതൽ പോഷകസമൃദ്ധമാകും. ഇതിലൂടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ലഭിക്കും.
മുട്ട വണ്ണം കുറയ്ക്കാനുള്ള അദ്ഭുതമരുന്നല്ല. ശരീരം ഒരു ദിവസം ചെലവഴിക്കുന്ന കലോറിയെക്കാൾ കുറവ് കലോറി ഭക്ഷണത്തിലൂടെ ലഭിക്കുമ്പോഴാണ് ക്രമേണ വണ്ണം കുറയുന്നത്. അതിനാൽ സ്ഥിരമായ വ്യായാമം, മതിയായ ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണക്രമം എന്നിവയും ഒരുപോലെ പ്രധാനമാണ്.
എന്നിരുന്നാലും, ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകൾക്കും മുട്ട സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. പ്രോട്ടീനും വിവിധ പോഷകങ്ങളും കുറഞ്ഞ കലോറിയും ഒരുമിച്ച് നൽകുന്ന മുട്ട, ആരോഗ്യകരമായി വണ്ണം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ്.
മുട്ട കേടാവാതിരിക്കാൻ…
ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് മുട്ടയിടുക, നല്ല മുട്ടയാണെങ്കിൽ വെള്ളത്തിൽ താഴുകയും പഴകിയ മുട്ടയാണെങ്കിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യും. മുട്ട കേടാകാതെ കുറച്ചധികം ദിവസമിരിക്കാൻ ഇളം ചൂടുവെള്ളത്തിൽ അഞ്ച് മിനിറ്റ് കഴുകി തുടച്ചുവയ്ക്കാം. അതുപോലെ എണ്ണമയം പുരട്ടി രണ്ടുമാസം വരെ പുറത്ത് സൂക്ഷിക്കാം. ഫ്രിഡ്ജിലെ എഗ്ഗ് ഷെൽഫിൽ സൂക്ഷിക്കുന്ന മുട്ട മൂന്നാഴ്ചവരെ കേടുകൂടാതെയിരിക്കും. പുഴുങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ വെള്ളത്തിൽ ഉപ്പ് ചേർക്കുന്നതും നല്ലതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: can-eating-eggs-help-weight-loss-diet-tips
Published: 03 Jun 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented