ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന തേങ്ങ എന്തുചെയ്യുമെന്നത് അടുക്കളയിലെ സ്ഥിരം പ്രശ്‌നമാണ്. തേങ്ങ മുറിച്ച് അൽപസമയം കഴിയുമ്പോൾ തന്നെ അതിന്റെ നിറംമാറാൻ തുടങ്ങും. കുറച്ചുകഴിയുമ്പോൾ രുചിമാറ്റവും സംഭവിക്കുന്നു. തേങ്ങ പെട്ടെന്ന് കേടുകൂടാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

To advertise here,

മുറിച്ച തേങ്ങ കേടാവാതിരിക്കാൻ അതിൽ അല്പം ഉപ്പ് പുരട്ടിവെക്കാം. പെട്ടെന്ന് കേടാവില്ല. വിനാഗിരി പുരട്ടിവെക്കുന്നതും ഗുണംചെയ്യും.

ചിരവിയശേഷം തേങ്ങ ബാക്കിയാണെങ്കിൽ, അത് തണുത്തവെള്ളത്തിലിട്ടുവെക്കാം. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലിട്ടുവെക്കുന്നതാണ് നല്ലത്.

തേങ്ങയുടെ കണ്ണുള്ള ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. തേങ്ങ പൊട്ടിച്ചുകഴിഞ്ഞാൽ ആ ഭാഗം ആദ്യം ഉപയോഗിക്കാം. പൊട്ടിക്കാത്ത തേങ്ങയുടെ കണ്ണുഭാഗത്തുള്ള ചകിരി അങ്ങനെത്തന്നെ വെക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ ആ തേങ്ങ കുറേനാൾ കേടുകൂടാതിരിക്കും.

ചിരവിയ തേങ്ങ ഒരു എയർടൈറ്റ് കണ്ടെയിനറിൽ സൂക്ഷിക്കുന്നതും ഗുണംചെയ്യും. പെട്ടെന്ന് കേടാവാതിരിക്കാൻ ഇത് സഹായിക്കും. ചിരവിയ തേങ്ങ ഫ്രീസർ സേഫ് ബാഗിലിട്ട്, ഫ്രീസറിൽ വെക്കുന്നതും നല്ലതാണ്. ഒരുമിച്ച് വെക്കുന്നതിനുപകരം കുറേശ്ശെയായി പല ബാഗുകളിൽവെക്കുന്നതാണ് നല്ലത്. ചിരവുന്നതിനുപകരം ചെറുതായി നുറുക്കി, സിപ്പ്‌ലോക്ക് ബാഗിലിട്ട് ഫ്രീസറിൽ വെക്കുകയും ചെയ്യാം. ബാക്കിയുള്ള തേങ്ങാപ്പാൽ സൂക്ഷിക്കാനും വഴികളുണ്ട്. ഒന്നുകിൽ ഐസ് ക്യൂബ് ട്രേയിലൊഴിച്ച് വെക്കാം. അല്ലെങ്കിൽ ഒരു എയർടൈറ്റ് കണ്ടെയിനറിലൊഴിച്ച് വെക്കുകയും ചെയ്യാം.

പല വിഭവങ്ങൾക്കും ഉണക്കത്തേങ്ങ ഉപയോഗിക്കുന്നവരുണ്ട്. ഉണക്കത്തേങ്ങയും പെട്ടെന്ന് കേടാവാം. ഉണക്കത്തേങ്ങ വീണ്ടും വെയിലത്തിട്ട് നന്നായി ഉണക്കുക. എന്നിട്ട് രണ്ടായി മുറിച്ച് അരിപ്പാത്രത്തിൽ വെക്കാം. പെട്ടെന്ന് കേടാവില്ല. ഉണക്കത്തേങ്ങ നുറുക്കിയതാണെങ്കിൽ അതൊരു എയർടൈറ്റ് കണ്ടെയിനറിൽ നന്നായി അടച്ചുസൂക്ഷിക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi