ഭാരം കുറയ്ക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന അന്വേഷണങ്ങളിലായിരിക്കും എല്ലാവരും. കൃത്യമായി മനസ്സിലാക്കാതെ ഭക്ഷണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ അത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവ്വകലാശാലകളിൽ നിന്ന് പരിശീലനം നേടിയ വ്യക്തിയാണദ്ദേഹം. പത്തുഭക്ഷണങ്ങളെടുത്ത്, അവ ഭാരംകുറയ്ക്കാൻ എത്രത്തോളം സഹായിക്കുമെന്ന് റാങ്ക് ചെയ്തിരിക്കുകയാണ് അദ്ദേഹം.
1. മുട്ട- ഒന്നാംസ്ഥാനത്ത് മുട്ടയാണ്. പത്തിൽ പത്താണ് മുട്ടയുടെ സ്കോർ. മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഡോ. സേഥി പങ്കുവെച്ചതനുസരിച്ച്, കഴിക്കുമ്പോൾ പരമാവധി സംതൃപ്തി നൽകുകയും വിശപ്പ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്ന ഒന്നുകൂടിയാണ് മുട്ട.
2. ഗ്രീക്ക് യോഗർട്ടും തൈരും- ഇതിന് പത്തിൽ ഒൻപതാണ് സ്കോർ. ഗ്രീക്ക് യോഗർട്ടും തൈരും പ്രോട്ടീനാൽ സമ്പന്നമാണ്, കുടലിന് വളരെ ഗുണകരവുമാണ്.
3. ലീൻ ചിക്കനും മീനും- ഇവയ്ക്കും പത്തിൽ ഒൻപതാണ് അദ്ദേഹം നൽകിയ സ്കോർ. ലീൻ ചിക്കനും മീനും ശരീരത്തിന് അധിക കലോറി ലോഡ് ചെയ്യാതെ തന്നെ സംതൃപ്തി നൽകുന്നുവെന്ന് അദ്ദേഹം പറയുന്നു.
4. പയറുവർഗ്ഗങ്ങൾ-പരിപ്പ്, കടല, ബീൻസ് തുടങ്ങിയ പയറുവർഗ്ഗങ്ങളിൽ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പത്തിൽ എട്ടാണ് സ്കോർ.
5. അന്നജമില്ലാത്ത പച്ചക്കറികൾക്ക് പത്തിൽ എട്ടാണ് സ്കോർ. ഇവ കൂടുതൽ അളവിൽ കഴിച്ചാലും കലോറി കൂടുമെന്ന ഭയം വേണ്ട.
6. ബെറികൾ-ബെറികളിൽ പഞ്ചസാര കുറവാണെങ്കിലും ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്, ഇത് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മികച്ചതാണ്. പത്തിൽ ഏഴാണ് സ്കോർ.
7. നട്‌സും വിത്തുകളും
നട്‌സുകളിലും വിത്തുകളിലും ശരീരത്തിനാവശ്യമായ മാക്രോ- മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് നല്ലതാണ്. അതേസമയം, അവയിൽ കലോറിയും കൂടുതലാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ, ഇവയുടെ ഉപഭോഗം പ്രതിദിനം ഒരു പിടിയെന്ന തോതിൽ പരിമിതപ്പെടുത്തണം. പത്തിൽ ആറാണ് സ്കോർ
8. വൈറ്റ് റൈസും വൈറ്റ് ബ്രഡും-പത്തിൽ രണ്ടാണിതിന്റെ സ്കോർ. കലോറി വളരെ കൂടുതലുള്ള ഭക്ഷണമാണിത്. പോരാത്തതിന് സംതൃപ്തി കുറവും. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇതൊഴിവാക്കുന്നതാണ് നല്ലത്.
9. പ്രോസസ് ചെയ്ത പാക്കേജ്ഡ് സ്നാക്ക്സ്-ഇവയ്ക്ക് പത്തിൽ ഒന്നുമാത്രമാണ് സ്കോർ. കഴിക്കുന്നത് ആരോഗ്യത്തിന് മോശമാണെന്നതിനു പുറമെ, ഇവ അമിതമായി കഴിക്കാനുള്ള പ്രവണത കൂടിയുണ്ടാക്കുന്നു.
10. മധുര പാനീയങ്ങൾ-പത്തിൽ പൂജ്യമാണ് മധുര പാനീയങ്ങളുടെ സ്ഥാനം. കലോറി കൂടുതലും കരളിന് വിഷവുമാണ്. ഭക്ഷണത്തിൽ പൂർണത നൽകുന്നുമില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the top 10 foods for weight loss, ranked by Dr. Saurabh Sethi. Learn which nutrient-rich foods boost satiety and support your slimming goals. Get expert tips!
Published: 31 Jan 2026, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented