ഉലകനായകൻ കമൽഹാസന് ഇന്ന് 71-ാം പിറന്നാൾ. അഞ്ചാം വയസ്സിൽ 'കളത്തൂർ കണ്ണമ്മ' എന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയജീവിതം ഇന്നും ഒഴുക്കോടെ മുന്നോട്ടുപോവുകയാണ്. ബാലതാരമായി അഭിനയിച്ച ആദ്യപടത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി അദ്ദേഹം. അവിടുന്നങ്ങോട്ട് തമിഴും മലയാളവും കന്നഡയും തെലുഗും ബംഗാളിയും കടന്ന് ബോളിവുഡ് വരെയെത്തിയ അഭിനയജീവിതം. അഭിനയത്തിനൊപ്പം തിരക്കഥ, സംവിധാനം, നിർമാണം എന്നീ രംഗങ്ങളിലേക്കും അദ്ദേഹം കടന്നു.

To advertise here,

ഇന്നും ആ പഴയ ഊർജത്തോടെയാണ് അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നതും ഓരോ കഥാപാത്രങ്ങളെ കാണുന്നതും. ഈ പ്രായത്തിലും ഊർജസ്വലതയോടെ അദ്ദേഹം നിൽക്കുന്നത് എങ്ങനെയാവാം? ജിമ്മിലെ വ്യായാമത്തോടെ തന്റെ ഓരോ ദിവസവും തുടങ്ങുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. രണ്ടുമണിക്കൂർ വരെ ജിമ്മിൽ ചെലവഴിക്കും. ക്രഞ്ചസ്, വെയ്റ്റ്‌ലിഫ്റ്റിങ് എന്നിവയിലാണ് കൂടുതലായി ശ്രദ്ധിക്കുന്നത്. ഷൂട്ടിങ്ങിനിടയിലും യാത്രയിലാണെങ്കിലും ജിം മുടക്കാറില്ല.

അതിനൊപ്പം യോഗ ചെയ്യാനും അദ്ദേഹം സമയം ചെലവഴിക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥയും ആരോഗ്യവും വഴക്കവും നിലനിർത്തുന്നതിനായി ദിവസവും അരമണിക്കൂറാണ് യോഗയ്ക്കായി കമൽ ചെലവഴിക്കുന്നത്. മാനസികാരോഗ്യത്തിനായി മെഡിറ്റേഷനും സമയം കണ്ടെത്തുന്നു അദ്ദേഹം. കമലിന് ദിവസവും ഒരുപാട് ദൂരം നടക്കാനും ഇഷ്ടമാണ്. 14 കിലോമീറ്റർ വരെ നടക്കുമായിരുന്നു കമൽ. എന്നാൽ ഒരപകടത്തിനുശേഷം അത് കുറച്ചു.

ആദ്യമൊക്കെ ഒരുപാട് ഭക്ഷണം കഴിക്കുമായിരുന്നു. ഒരിക്കൽ വിജയ് സേതുപതിയുമായുള്ള അഭിമുഖത്തിനിടെ കമൽ അതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ''ഞാൻ നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. എന്റെ കൂട്ടുകാർക്കൊക്കെ ഇത് കാണുമ്പോൾ അദ്ഭുതമാണ്. ഭക്ഷണം കണ്ടാൽ നിയന്ത്രിക്കാൻ പറ്റില്ല. എന്നെ അറിയുന്നവരെല്ലാം എന്റെ വിശപ്പിനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കണ്ട് ശിവാജി ഗണേശനും ഞെട്ടിപ്പോയി''.

'ആളവന്താനി'ൽ അഭിനയിക്കുന്ന സമയത്ത് കഥാപാത്രത്തിനായി ദിവസവും 32 മുട്ടയുടെ വെള്ളയാണ് അദ്ദേഹം കഴിച്ചിരുന്നത്, അതിനൊപ്പം വേവിച്ച ചിക്കനും. ഷൂട്ടിങ് കഴിഞ്ഞ് ഒരുവർഷത്തേക്ക് അദ്ദേഹം മുട്ട കഴിച്ചതേയില്ല.

പ്രായമാകുന്തോറും കഴിക്കാനുള്ള ഭക്ഷണത്തിന്റെ അളവ് അദ്ദേഹം കുറച്ചു. ഇപ്പോൾ പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്താറുണ്ട്. രാവിലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് കഴിക്കുക. ടോസ്റ്റ് ഫ്രെഷായിട്ടുള്ള പഴങ്ങൾ മുട്ട എന്നിവയാണ് അധികവും തിരഞ്ഞെടുക്കുക. ഉച്ചയ്ക്കും രാത്രിയിലും ലഘുവായിട്ടുള്ള ഭക്ഷണവും. പ്രൊസസ് ചെയ്ത ഭക്ഷണം അദ്ദേഹം തീരെ കഴിക്കാറില്ല. അതിനൊപ്പം മധുരവും ഒഴിവാക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi