ദമ്പതിമാരില്‍ രണ്ടു പേര്‍ക്കും സ്ഥിരമാസ വരുമാനമൊക്കെയുണ്ടാവും. എന്നാലും വരവുചിലവുകള്‍ കൂട്ടികിഴിക്കലൊന്നും കൈയിലൊതുങ്ങാറില്ല. മാസാവസാനമാകുമ്പോളാണ് കീശകാലിയാകുന്നതറിയുക. ഒരാളുടെ വരുമാനം മൊത്തം മാസചെലവുകള്‍ക്ക് ഉപയോഗിക്കും. മറ്റേയാളുടേതോ ഒരു പ്ലാനിങുമില്ലാതെ പാഴാക്കും. ആശുപത്രിച്ചിലവുകള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ വന്നാലോ? കടം വാങ്ങുക തന്നെ മാര്‍ഗം. പിന്നെ നിങ്ങളാണ് അധികം ചെലവാക്കുന്നത് എന്ന് പരസ്പ്പരം പഴിക്കും. അത് വഴക്കിലെത്തും. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ നീങ്ങിയാല്‍ ഇവയെല്ലാം ഒഴിവാക്കാം.

1.ജോയിന്റ് അക്കൗണ്ട്
രണ്ടാളും ഒന്നിച്ചു വഹിക്കുമ്പോള്‍ ചെലവുകള്‍ എളുപ്പമാകും. ഇതിനായി ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നത് നല്ലതാണ്. എല്ലാ മാസവും ഇരുവരുടെയും വരുമാനത്തിലെ നിശ്ചിത തുക ഇതില്‍ നിക്ഷേപിക്കുകയും ചെയ്യാം. ഒരാള്‍ക്ക് വരുമാനം കുറവാണെങ്കിലും കുഴപ്പമില്ല. ഇതിനൊപ്പം ജോയിന്റ് സേവിങ്‌സ് അക്കൗണ്ട് കൂടിയുണ്ടെങ്കില്‍ നാളേയ്ക്കുള്ള കരുതലുമായി. എല്ലാമാസവും ഈ  അക്കൗണ്ടില്‍ കൃത്യമായ ചെക്കിങ് നടത്തണം. ചെലവുകളും അമിത ചെലവുകളും അറിയാന്‍ ഇത് നല്ലതാണ്.അടുത്തമാസത്തേയ്ക്കുള്ളവ കൃത്യമായി പ്ലാന്‍ ചെയ്യാനും കഴിയും. 

2. എമര്‍ജന്‍സി ഫണ്ട് 
അടുത്ത ബന്ധുവിന് വിവാഹമാണ്. ചുരുങ്ങിയത് ഒരു പവനെങ്കിലും കൊടുക്കണം. പക്ഷെ ശമ്പളം കിട്ടി ആദ്യ ആഴ്ചയില്‍തന്നെ പോക്കറ്റ് കാലിയാകുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. പിന്നെ പെട്ടെന്നൊരു ആവശ്യം വന്നാല്‍ പണയമോ ലോണോ ഒക്കെയാവും ശരണം. പെട്ടെന്നുള്ള ഇത്തരം ആവശ്യങ്ങള്‍ എപ്പോഴും വരാം. ഇതൊഴിവാക്കാനുള്ള നല്ല മാര്‍ഗമാണ് കുറച്ച് തുക എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കുന്നത്. ആശുപത്രി ചെലവ് പോലുള്ള പ്രതിസന്ധികളില്‍ ഈ ഫണ്ട് രക്ഷക്കെത്തും. മാസവരുമാനത്തില്‍ എന്തെങ്കിലും കുറവ് വന്നാലും ഈ ഫണ്ടില്‍ നിന്ന് തുകയെടുക്കാം. എല്ലാ മാസവും ഒരു ചെറിയ തുക രണ്ടാളും ഇതിലേയ്ക്ക് നിക്ഷേപിക്കാന്‍ മറക്കേണ്ട.  ഒന്നിച്ച് നിക്ഷേപിക്കുമ്പോള്‍ ഭാരമാവില്ല. 

3. പങ്കാളിയുടെ പണചെലവു ശീലങ്ങള്‍ മനസിലാക്കാം 
'അനാവശ്യമായി ചെലവഴിക്കുന്നു, പാഴാക്കുന്നു'...ആരോപണങ്ങള്‍ വലിയ വഴക്കിലുമെത്താം. പങ്കാളിയുടെ പണചെലവുശീലങ്ങള്‍ ഒന്നറിയുന്നത് നല്ലതാണ്. സമ്പാദ്യം, പേഴ്‌സണല്‍ ചിലവുകള്‍, നിക്ഷേപങ്ങള്‍, ലോണുകള്‍ എന്നിവയെ പറ്റി പരസ്പരം പങ്കുവയ്ക്കാം. ചെലവാക്കുന്നതിലെ ദുശീലങ്ങള്‍ക്കും കടിഞ്ഞാണിടാം. ഫിനാന്‍ഷ്യല്‍ ഐഡിയാസും പങ്കുവയ്ക്കാം.

4. പേഴ്‌സണല്‍ അക്കൗണ്ടുകളും നിലനിര്‍ത്താം
വീട്ടുചെലവുകള്‍ കഴിഞ്ഞാലും കാണും ചില സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍. മാതാപിതാക്കളുടെ ആവശ്യങ്ങള്‍, സഹോദരങ്ങളുടെ പഠനം, വിവാഹം, പേഴ്‌സണല്‍ ലോണുകള്‍ ഇങ്ങനെയെല്ലാം. ഭര്‍ത്താവിന് മാത്രമല്ല ഭാര്യയ്ക്കും ഉണ്ടാവും ഇത്തരം ബാധ്യതകള്‍. ഇവയ്ക്കു വേണ്ടി പണം കണ്ടെത്താന്‍ പേഴ്‌സണല്‍ അക്കൗണ്ട് സഹായിക്കും. മറ്റു ചെലവുകള്‍ക്ക് ശേഷവും ചെറിയൊരു തുക കരുതാന്‍ ഈ അക്കൗണ്ടുകള്‍ ഉപകരിക്കും. 

5.സാമ്പത്തിക രഹസ്യങ്ങള്‍ ഒഴിവാക്കാം
അന്‍പതു രൂപയുടെ ലോട്ടറി വാങ്ങിയാല്‍ അതിന് ഇരുപതേ വിലയുള്ളൂ എന്ന് പറയുന്ന സ്വഭാവമുണ്ടോ? പണം ചിലവാക്കുന്നതിലെ കള്ളങ്ങള്‍ ദാമ്പത്യത്തില്‍ വില്ലന്‍മാരാണ്. അത് പരസ്പ്പര വിശ്വാസത്തെ തകര്‍ത്തേക്കും. എന്ത് സാധനങ്ങള്‍ വാങ്ങിയാലും പങ്കാളിയോട് യഥാര്‍ത്ഥ വില മറച്ചു വയ്ക്കുന്നവരുണ്ട്. വിശദീകരണം നല്‍കാനുള്ള മടി, ദുശ്ശീലങ്ങള്‍ ഒളിക്കാന്‍, ഭയം ഇതൊക്കെകൊണ്ടാവാം നുണ പറയുന്നത്. 

6.ഫാമിലി ബഡ്ജറ്റ് 
മാസാവസാനം ചെലവുകള്‍ പരസ്പരം ചര്‍ച്ച ചെയ്യാം. അന്നന്നുള്ള ചെലവുകള്‍ എഴുതിവയ്ക്കുകയാണെങ്കില്‍ ഇത് എളുപ്പമാണ്. ഇതിനായി ഒരു ഡയറിയോ മൊബൈല്‍ ആപ്പോ ഉപയോഗിക്കാം.  ഒപ്പം ഒരു ഫാമിലി ബഡ്ജറ്റും പ്ലാന്‍ ചെയ്യാം. ഇതിന്റെ പ്രയോജനങ്ങളേറെയാണ്
1. ഷോപ്പിങ് വിലയറിഞ്ഞ് ആവശ്യമുള്ളവ മാത്രം. 
2. കൈയിലില്ലാത്ത പണം ചിലവഴിക്കുന്ന ശീലമുണ്ടാവില്ല. ക്രഡിറ്റ് കാര്‍ഡ് ഷോപ്പിങ്, ലോണ്‍ എന്നിവ കുറയും
3. റിട്ടയര്‍മെന്റ് കാലത്തേയ്ക്ക് ചെറിയൊരു സമ്പാദ്യം ഉറപ്പാക്കാം
4. അത്യാവശ്യങ്ങള്‍ വരുമ്പോള്‍ പേടിക്കേണ്ടല്ലോ
5. പണം ചിലവഴിക്കുന്നതിലെ ദുശീലങ്ങള്‍ തടയാം. 
6. ബില്‍ പേമെന്റുകളുടെ തലവേദന ഒഴിവാക്കാം. 

7.ലക്ഷ്യങ്ങള്‍ എഴുതി വയ്ക്കാം
പുതിയ കാര്‍, വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, യാത്രകള്‍, നിക്ഷേപങ്ങള്‍...ഒന്നിച്ചു പൂര്‍ത്തിയാക്കാന്‍ ധാരാളം ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമുണ്ടാവും. ഇവയെല്ലാം ഒരു ഡയറിയില്‍ എഴുതി വയ്ക്കാം. ഇവ നടപ്പാക്കാന്‍ വേണ്ടി വരുന്ന  ചെലവും കാലവും എല്ലാം. അതിന് പ്രതിമാസം എത്ര തുക വീതം മാറ്റി വയ്ക്കണമെന്നും തീരുമാനിക്കാം. 

8.നിക്ഷേപം കരുതലോടെ
മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണ്ണം,ഓഹരി...കാശ് എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം സ്വാഭാവികം. പലപ്പോഴും ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ട് അഭിപ്രായമായിരിക്കും. റിസ്‌കെടുക്കാനുള്ള ധൈര്യവും നിക്്‌ഷേപങ്ങളോടുള്ള താല്‍പ്പര്യവും വ്യത്യസ്തവും. ഇക്കാര്യത്തില്‍ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദ്ദേശം തേടാം. പരസ്പരം സംസാരിച്ച് മാത്രം നിക്ഷേപ പദ്ധതികളെ തിരഞ്ഞെടുക്കുക.

9. സാമ്പത്തിക അറിവുകള്‍ പങ്കു വയ്ക്കാം
നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തിക മേഖലയില്‍ ധാരാളം മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേമെന്റുകള്‍, മണി ആപ്പുകള്‍ എന്നിങ്ങനെയുള്ള പുത്തന്‍ അറിവുകള്‍ പരസ്പരം പങ്കിടാം.സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഓരോരുത്തര്‍ക്കും ഇൗ അറിവുകള്‍ ലഭിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ മടി വിചാരിക്കേണ്ട.
 
10. ജോയിന്റ് ക്രെഡിറ്റ് കാര്‍ഡ്
വെവ്വേറെ ക്രെഡിറ്റ് കാര്‍ഡുള്ളതിനേക്കാള്‍ നല്ലത് ജോയിന്റ് ക്രഡിറ്റ് കാര്‍ഡ് ഉണ്ടാകുന്നതാണ്. ഫാമിലി ഷോപ്പിങുകളും ബില്‍പേമെന്റുകളും ഒന്നിച്ചുള്ള മറ്റ് ചെലവുകളും ഇതിലൂടെയാക്കാം. അമിതച്ചെലവുകളില്‍ ഒരു കണ്ണുണ്ടാവുകയും ചെയ്യും. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ആര്‍ക്കെങ്കിലും പിഴച്ചാല്‍ മറ്റേയാള്‍ക്ക് തിരുത്താനും കഴിയും. 

കടപ്പാട്- കെ.കെ ജയകുമാര്‍ 
പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധന്‍