ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവരുടെ സോളോ ട്രാവൽ റീലുകൾ കണ്ട് 'അടുത്ത ട്രിപ്പ് ഞാനും ഒറ്റയ്ക്ക് പോകും' എന്ന് മനസ്സിൽ വിചാരിച്ച് ലൈക്കടിച്ചിട്ടിരിക്കുന്ന ഒരു പെൺകുട്ടിയാണോ നിങ്ങൾ? ബാഗ് പാക്ക് ചെയ്യാനും ലൊക്കേഷൻ ഇൻഫോ സേവ് ചെയ്യാനും നമുക്കൊക്കെ ഭയങ്കര ആവേശമാണ്. പക്ഷേ, 'പൈസ എവിടെന്ന് വരും?' എന്ന കാര്യം ഓർക്കുമ്പോൾ ആ ആവേശത്തിന്റെ കാറ്റ് പോകും!, വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ, നിങ്ങളുടെ സ്വപ്നയാത്രകൾക്ക് നിങ്ങൾ തന്നെ ഫണ്ട് ചെയ്യുന്നതിനേക്കാൾ വലിയൊരു 'മാസ്സ്' വേറെയില്ല. അതിനൊരു സൂത്രപ്പണിയുണ്ട്...പറയാം.

To advertise here,

പലരുടെയും ഇത്തരം യാത്രകൾ വെറും ആഗ്രഹങ്ങളായി ഒതുങ്ങിപ്പോകുന്നത് കൃത്യമായ സാമ്പത്തിക ആസൂത്രണം ഇല്ലാത്തതുകൊണ്ടാണ്. വരുമാനത്തിൽ നിന്ന് ബാക്കി വരുന്നത് കൊണ്ട് യാത്ര പോകാം എന്ന് വിചാരിച്ചാൽ അത് നടക്കില്ല. യാത്രകൾക്കായി പണം മുൻകൂട്ടി മാറ്റിവെക്കുന്ന ശീലം ഇപ്പോൾ മുതലേ തുടങ്ങണം.

  • ബക്കറ്റ് ലിസ്റ്റിലെ യാത്രാ പ്ലാനുകൾക്ക് മുൻഗണ നിശ്ചയിക്കുക: അടുത്ത 6 മാസത്തിനുള്ളിൽ പോകേണ്ട ചെറിയ യാത്രകൾ (ഉദാഹരണത്തിന്: വയനാട്, വാഗമൺ), അടുത്ത വർഷം പോകേണ്ട വലിയ യാത്രകൾ (ഉദാഹരണത്തിന്: ഹിമാചൽ, ലഡാക്ക് അല്ലെങ്കിൽ വിയറ്റ്‌നാം പോലുള്ള വിദേശ രാജ്യങ്ങൾ) എന്നിങ്ങനെ തിരിക്കുക.
  • 50:30:20 റൂളിൽ മാറ്റം വരുത്താം. എന്താണാ റൂൾ നിങ്ങളുടെ ചോദ്യം. പലരും ഈ റൂളിനെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല. അങ്ങനെയൊക്കെ ചിലതുണ്ട് ബ്രോ. നമ്മുടെ കായ് പോകുന്ന വഴിയെക്കുറിച്ചാണ് ഈ റൂൾ പറയുന്നത്. ഇതനുസരിച്ച് നമ്മുടെ വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ അത്യാവശ്യങ്ങൾക്ക് ചെലഴിക്കരുത്. 30 ശതമാനത്തിൽ കൂടുതൽ ആഗ്രഹങ്ങൾക്ക് വണ്ടി ചെലവഴിക്കരുത്. 20 ശതമാനം എങ്കിലും സമ്പാദിക്കുകയും നിക്ഷേപിക്കുകയും വേണം. 
  • സാധാരണയായി 30 ശതമാനം പണം ലൈഫ്‌സ്‌റ്റൈൽ ആവശ്യങ്ങൾക്കാണ് മാറ്റിവെക്കാറ്. യാത്രകൾക്ക് പ്രാധാന്യം നൽകുന്നവർ ഈ 30 ശതമാനത്തിൽ നിന്ന് ഒരു പങ്ക് (ഉദാഹരണത്തിന് 10 ശതമാനം) 'ട്രാവൽ ഫണ്ട്' ആയി മാറ്റിവെക്കുക. സുഹൃത്തുക്കൾക്കൊപ്പം ഒരു ലക്ഷ്വറി കഫേയിൽ പോയി ആവശ്യമില്ലാത്ത കാപ്പുച്ചിനോയ്ക്ക് 300 രൂപ കളയുമ്പോൾ ഒന്നുലോചിച്ചിട്ടുണ്ടോ, ഈ പൈസയുണ്ടെങ്കിൽ എനിക്ക് മൂന്നാറിലേക്കോ വാഗമണ്ണിലേക്കോ വണ്ടി കയറാമല്ലോ എന്ന്? അനാവശ്യ ചിലവുകളോട് 'നോ' പറഞ്ഞ്, ആ പണം സ്വന്തം യാത്രാസ്വപ്നങ്ങൾക്കായി മാറ്റിവെക്കുന്ന പുതിയ കാലത്തെ ട്രെൻഡാണ് 'ലൗഡ് ബഡ്ജറ്റിങ്'. 'എനിക്ക് ഇപ്പോൾ ഇതിന് ബഡ്ജറ്റില്ല, ഞാൻ എന്റെ സോളോ ട്രിപ്പിനായി പണം കൂട്ടിവെക്കുകയാണ്' എന്ന് കൂട്ടുകാരോട് ധൈര്യമായി പറയാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒന്നാം പടി കടന്നുകഴിഞ്ഞു.
  • യാത്രകൾക്കായി ഒരു ഡിജിറ്റൽ പിഗ്ഗി ബാങ്ക്: നിലവിലുള്ള ബാങ്ക് അക്കൗണ്ടിൽ പണം കിടന്നാൽ അത് ചെലവായിപ്പോകും. യാത്രകൾക്കായി മാത്രം മറ്റൊരു അക്കൗണ്ട് (സീറോ ബാലൻസ് അക്കൗണ്ട് ആയാലും മതി) തുടങ്ങുക. ദിവസേനയുള്ള ചില്ലറ പൈസ നിക്ഷേപമാക്കി മാറ്റുന്ന ഫിൻ-ടെക് ആപ്പുകളും ഉപയോഗിക്കാം.
  • 'ഡോപ്പമിൻ സ്‌പെൻഡിങ്' കുറയ്ക്കാം: ആഴ്ച തോറുമുള്ള ഓൺലൈൻ ഷോപ്പിംഗും അനാവശ്യ കഫെ സന്ദർശനങ്ങളും കുറച്ചാൽ തന്നെ ഒരു മാസത്തെ യാത്രയ്ക്കുള്ള പണം കണ്ടെത്താം. 'ഇപ്പോൾ ഈ ഡ്രസ്സ് വാങ്ങിയില്ലെങ്കിൽ അടുത്ത മാസം എനിക്ക് മൂന്നാറിലേക്ക് വണ്ടി കയറാം' എന്ന ചിന്ത മനസ്സിനെ ശീലിപ്പിക്കുക.

ഫണ്ട് റെഡിയായല്ലോ. ഇനി യാത്രാ വേളകളിൽ പണം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം എന്നതുകൂടി അറിഞ്ഞിരിക്കണം. ഒരു പെൺകുട്ടി തനിയെ യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വത്തിനാണ് ഏറ്റവും മുൻഗണന നൽകേണ്ടത്. പണത്തിന്റെ കാര്യത്തിൽ വരുത്തുന്ന ചെറിയ അശ്രദ്ധകൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

  • എല്ലാ പണവും ഒരിടത്ത് വെക്കരുത് : പണം മുഴുവൻ ഒറ്റ പഴ്‌സിലോ ബാഗിലോ സൂക്ഷിക്കരുത്. ഒരു പങ്ക് മെയിൻ ബാഗിലും, ഒരു പങ്ക് ഹാൻഡ് ബാഗിലും, കുറച്ചു പണം വസ്ത്രത്തിന്റെ ഉള്ളിലെ പോക്കറ്റിലോ മറ്റോ സൂക്ഷിക്കുക.
  • ഫോൺ നഷ്ടപ്പെട്ടാലും പണം സുരക്ഷിതമായിരിക്കണം: ഇന്ന് നമ്മൾ പൂർണ്ണമായും യുപിഐ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ഫോൺ നഷ്ടപ്പെടുകയോ ചാർജ് തീരുകയോ ചെയ്താൽ വഴിമുട്ടിപ്പോകും. അതിനാൽ അടിയന്തിര ആവശ്യങ്ങൾക്കായി എപ്പോഴും കുറച്ച് എമർജൻസി കാഷ് കയ്യിൽ കരുതുക.
  • ഡെബിറ്റ് കാർഡിനേക്കാൾ സുരക്ഷിതം ക്രെഡിറ്റ് കാർഡ്: ഓൺലൈൻ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. എന്തെങ്കിലും തട്ടിപ്പ് നടന്നാൽ ബാങ്കിൽ വിളിച്ച് ആ ട്രാൻസാക്ഷൻ തടയാൻ ക്രെഡിറ്റ് കാർഡിൽ എളുപ്പം സാധിക്കും. എന്നാൽ ഡെബിറ്റ് കാർഡിൽ നിന്ന് പണം നേരിട്ട് നഷ്ടപ്പെടും.
  • ട്രാവൽ ഇൻഷുറൻസ് : ലഗേജ് നഷ്ടപ്പെടുക, ഫ്‌ളൈറ്റ് വൈകുക, യാത്രാവേളകളിൽ പെട്ടെന്ന് അസുഖം വരിക തുടങ്ങിയ സാഹചര്യങ്ങളിൽ സാമ്പത്തിക ബാധ്യത വരാതിരിക്കാൻ ഒരു ചെറിയ തുകയ്ക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ശീലമാക്കുക. ഇക്കാലത്ത് ആപ്പുകൾ വഴി വളരെ എളുപ്പത്തിൽ ഇത് സാധ്യമാണ്.
  • ഒരു ബാക്കപ്പ് കാർഡ് വേണം: പ്രധാന എടിഎം കാർഡ് നഷ്ടപ്പെട്ടാൽ ഉപയോഗിക്കാൻ മറ്റൊരു ബാങ്ക് കാർഡ് കൂടി ബാഗിന്റെ സുരക്ഷിതമായ മറ്റൊരു കോണിൽ സൂക്ഷിക്കുക. വിദേശയാത്രയാണെങ്കിൽ ഫോറെക്‌സ് ഉപയോഗിക്കുന്നതാണ് പണം ലാഭിക്കാൻ നല്ലത്.

ഒരു പെൺകുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് വെറുമൊരു കൺട്രി വിസിറ്റോ കാഴ്ചകൾ കാണലോ മാത്രമല്ല; അതൊരു കോൺഫിഡൻസ് ബൂസ്റ്ററാണ്, സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസമാണ്. എന്നാൽ പലപ്പോഴും 'സാമ്പത്തികം' എന്ന വലിയ മതിൽക്കെട്ടിന് മുന്നിൽ നമ്മുടെ യാത്രാസ്വപ്നങ്ങൾ തളർന്നുപോകാറുണ്ട്. അച്ഛന്റെയോ ചേട്ടന്റെയോ പങ്കാളിയുടെയോ പോക്കറ്റ് മണിയെയോ കാരുണ്യത്തെയോ ആശ്രയിക്കാതെ, സ്വന്തം അധ്വാനത്തിൽ നിന്നും സ്മാർട്ടായി മാറ്റിവെക്കുന്ന പണം കൊണ്ട് ലോകം ചുറ്റാൻ ഇറങ്ങുന്നതിനേക്കാൾ വലിയൊരു സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകൾക്ക് വേറെന്തുണ്ട്? ഒരു 'സോളോ ട്രാവൽ ഫണ്ട്' എങ്ങനെ മാജിക്കലായി ഉണ്ടാക്കാമെന്ന് പഠിച്ചല്ലോ. 

സോളോ ട്രാവലേഴ്‌സിന്റെ മണി ചെക്ക് ലിസ്റ്റ്

1. ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള കൃത്യമായ ബഡ്ജറ്റ് പ്ലാൻ (താമസം, ഭക്ഷണം, യാത്ര).

2. ഫോണിലെ ബാങ്കിങ് ആപ്പുകൾക്ക് ശക്തമായ പാസ്‌വേർഡും ബയോമെട്രിക് ലോക്കും.

3. ഒരിടത്തും പരസ്യമായി പണം എണ്ണി തിട്ടപ്പെടുത്താതിരിക്കുക.

4. ഒരു ദിവസത്തേക്ക് പരമാവധി ചിലവാക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കുക.

5. അടിയന്തിര ഘട്ടങ്ങളിൽ നാട്ടിൽ നിന്ന് പണം അയച്ചു തരാൻ വിശ്വസ്തരായ ഒരാളെ ചുമതലപ്പെടുത്തുക.

 

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi