ബിഗ് ബജറ്റ് റിലീസുകളെയും ബ്രാൻഡഡ് ഫാഷനെയും വെല്ലുന്ന കച്ചവടതന്ത്രങ്ങളുമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഇന്ന് നമുക്ക് മുന്നിൽ നിരത്തുന്ന ഏറ്റവും ആകർഷകമായ ഒരു വാക്യമുണ്ട്-'ബൈ നൗ, പേ ലേറ്റർ'. അതായത് ഇപ്പോൾ വാങ്ങിക്കോളൂ, പണം പിന്നീട് തന്നാ മതിയെന്നേ... എത്ര സുന്ദരമായ വാക്യങ്ങളല്ലേ. നമ്മൾ കേൾക്കാൻ കൊതിച്ചത്. പരസ്യങ്ങളുടെ ചടുലതയിലും 'സീറോ കോസ്റ്റ് ഇഎംഐ' എന്ന മധുരവാക്കിലും മയങ്ങിപ്പോകുന്ന പുതിയ തലമുറ, പ്രത്യേകിച്ച് യുവതികൾ, ചെന്നുവീഴുന്നത് ആരും കാണാത്ത ഒരു വലിയ കടക്കെണിയിലേക്കാണ്. പലിശയില്ലെന്ന വാഗ്ദാനത്തിന്റെ പിന്നിലെ യഥാർത്ഥ ചിത്രം എന്താണെന്ന് ഓരോ സ്ത്രീയും കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

To advertise here,

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇന്റർനെറ്റും സ്മാർട്ട്‌ഫോണും വിരൽത്തുമ്പിൽ എത്തിച്ച ഏറ്റവും വലിയ ആപത്തുകളിൽ ഒന്നാണ് അനാവശ്യമായ ക്രെഡിറ്റ് സംസ്‌കാരം. കയ്യിൽ കാശുള്ളപ്പോൾ മാത്രം സാധനങ്ങൾ വാങ്ങുക എന്നതായിരുന്നു നമ്മുടെ ശീലം. എന്നാൽ ഇന്നത്തെ ഓൺലൈൻ ഷോപ്പിംഗ് ആപ്പുകൾ നമ്മെ പഠിപ്പിക്കുന്നത് കയ്യിൽ പൈസയില്ലെങ്കിലും ആഗ്രഹിക്കുന്നത് എന്തും അപ്പോൾത്തന്നെ സ്വന്തമാക്കാനാണ്. വരുമാനമില്ലാത്ത വിദ്യാർത്ഥിനികൾക്കും വീട്ടമ്മമാർക്കും വരെ വൺ-ക്ലിക്ക് ലോണുകൾ ലഭ്യമാക്കുന്നതാണ് 'ബൈ നൗ, പേ ലേറ്റർ' (BNPL) സൗകര്യം.

ഒറ്റനോട്ടത്തിൽ ഇത് വലിയൊരു സഹായമായി തോന്നാം. എന്നാൽ കയ്യിൽ പണമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ഈ അമിത സ്വാതന്ത്ര്യം പലരിലും അനാവശ്യമായ ഷോപ്പിംഗ് ആസക്തി വളർത്തുന്നു. ക്രെഡിറ്റ് കാർഡുകൾ നേടാൻ കൃത്യമായ വരുമാന രേഖകൾ വേണമെങ്കിൽ, ഇത്തരം ആപ്പുകൾക്ക് തിരിച്ചറിയൽ രേഖകൾ മാത്രം മതിയാകും. ഈ എളുപ്പവഴിയാണ് യുവതലമുറയെ ഏറ്റവും വേഗത്തിൽ ഇതിലേക്ക് ആകർഷിക്കുന്നത്.

ഒരു രൂപ പോലും പലിശയില്ലാതെ തവണകളായി പണമടയ്ക്കാം എന്ന പരസ്യവാചകത്തിന് പിന്നിൽ വലിയൊരു ബിസിനസ്സ് ബുദ്ധിയുണ്ട്. കൃത്യസമയത്ത് പണമടച്ചില്ലെങ്കിൽ ഈ കമ്പനികൾ ഈടാക്കുന്ന പിഴയും (Late fee) പ്രോസസിംഗ് ചാർജുകളും സാധാരണ ബാങ്ക് പലിശയേക്കാൾ എത്രയോ മുകളിലാണ്. പലപ്പോഴും മുപ്പതും നാൽപ്പതും ശതമാനം വരെയായിരിക്കും ഈ മറഞ്ഞിരിക്കുന്ന ചാർജുകൾ. ഇതിലും വലിയ അപകടം മറ്റൊന്നാണ്; നാം അറിയാതെ തന്നെ നമ്മുടെ സിബിൽ (CIBIL) അല്ലെങ്കിൽ ക്രെഡിറ്റ് സ്‌കോറിനെ ഇത് ദോഷകരമായി ബാധിക്കുന്നു.

ഇത്തരം ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ഒരു 'ചെറുകിട വ്യക്തിഗത വായ്പ' എടുക്കുകയാണ് ചെയ്യുന്നത്. ഒന്നിലധികം ആപ്പുകളിൽ നിന്ന് ഇങ്ങനെ സാധനങ്ങൾ വാങ്ങി ഏതെങ്കിലും ഒരു തവണ മുടങ്ങിയാൽ പോലും നമ്മുടെ ക്രെഡിറ്റ് സ്‌കോർ കുത്തനെ ഇടിയും. ഭാവിയിൽ ഒരു ഭവന വായ്പയോ, വിദ്യാഭ്യാസ വായ്പയോ അല്ലെങ്കിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ സ്റ്റാർട്ടപ്പ് ലോണോ ഒക്കെ എടുക്കാൻ ഒരുങ്ങുമ്പോൾ ബാങ്കുകൾ നമുക്ക് നേരെ വാതിൽ കൊട്ടിയടയ്ക്കാൻ ഈ ഒരു ചെറിയ വീഴ്ച മതിയാകും.

സാമ്പത്തികസ്വാതന്ത്ര്യം എന്നാൽ പണം ചിലവഴിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, മറിച്ച് പണത്തിന്മേൽ കൃത്യമായ നിയന്ത്രണം ഉണ്ടാവുക എന്നത് കൂടിയാണ്. ഡിജിറ്റൽ യുഗത്തിലെ ഈ മായക്കാഴ്ചകളിൽ വീഴാതിരിക്കാൻ സ്ത്രീകൾ ചില മുൻകരുതലുകൾ എടുത്തേ തീരൂ. വരുമാനപരിധിക്ക് അപ്പുറമുള്ള ആഗ്രഹങ്ങളെ താല്ക്കാലികമായി മാറ്റിവെക്കാൻ പഠിക്കുക എന്നതാണ് പ്രധാനം. ഒരു സാധനം കണ്ടാലുടൻ വാങ്ങാതെ 48 മണിക്കൂർ കാത്തിരിക്കുക (48-hour rule). ആ സമയം കഴിയുമ്പോഴും അത് അത്യാവശ്യമാണെന്ന് തോന്നിയാൽ മാത്രം, കയ്യിൽ സമ്പാദ്യമുണ്ടെങ്കിൽ സ്വന്തമാക്കുക. ക്രെഡിറ്റ് ആപ്പുകളുടെ പരസ്യങ്ങൾ തരുന്ന താല്ക്കാലിക സന്തോഷത്തേക്കാൾ വലുതാണ് കടമില്ലാത്ത ജീവിതം നൽകുന്ന സമാധാനം. പരസ്യങ്ങളുടെ കെണിയിൽ വീഴാതെ, സമ്പാദ്യ ശീലത്തിലൂടെയും കൃത്യമായ ബജറ്റിംഗിലൂടെയും മാത്രമേ സ്ത്രീകൾക്ക് യഥാർത്ഥ സാമ്പത്തിക ഭദ്രതയും സ്വാതന്ത്ര്യവും നേടിയെടുക്കാൻ സാധിക്കൂ.

ഒരു ഓൺലൈൻ പരസ്യച്ചതിയുടെ കേസ് സ്റ്റഡി
നമുക്ക് ചുറ്റും നടക്കുന്ന ഒരു യാഥാർത്ഥ്യം മനസ്സിലാക്കാൻ ഓൺലൈൻ ഷോപ്പിങിലെ ഒരു സാധാരണ 'ബൈ നൗ, പേ ലേറ്റർ' ഓഫർ പരിശോധിക്കാം.

കോളേജ് വിദ്യാർത്ഥിനിയായ അഞ്ജലിക്ക് ഒരു സ്മാർട്ട്‌ഫോൺ വാങ്ങണം. വില 15,000. കയ്യിൽ പണമില്ല. അപ്പോഴാണ് ആപ്പിൽ 'No Cost EMI - 5000 വീതം മൂന്ന് മാസം കൊണ്ട് പലിശയില്ലാതെ അടയ്ക്കാം' എന്ന ഓഫർ കാണുന്നത്. ഒപ്പം ആദ്യ തവണയായ 5000 അടുത്ത മാസം മാത്രം അടച്ചാൽ മതി. അഞ്ജലി ഫോൺ ഓർഡർ ചെയ്തു.

മറഞ്ഞിരുന്ന ചതിക്കുഴികൾ

  • വൺ-ടൈം പ്രോസസിംഗ് ഫീ: പലിശയില്ലെന്ന് പറഞ്ഞെങ്കിലും വായ്പ അനുവദിക്കാൻ 399 പ്രോസസിംഗ് ഫീസും അതിന്റെ 18 ശതമാനം ജിഎസ്ടിയും (72 രൂപ) ആപ്പ് ഈടാക്കി.
  • രണ്ടാം മാസത്തെ വീഴ്ച: രണ്ടാം മാസം അഞ്ജലിക്ക് പോക്കറ്റ് മണി കൃത്യമായി കിട്ടാത്തതിനാൽ 5000 അടയ്ക്കാൻ അഞ്ച് ദിവസം വൈകി.
  • ലേറ്റ് ഫീ & പലിശക്കണി: ദിവസം 100 രൂപ വെച്ച് അഞ്ച് ദിവസത്തേക്ക് 500 ലേറ്റ് ഫീ ഇനത്തിൽ കമ്പനി ഈടാക്കി. കൂടാതെ തുക വൈകിയതിനാൽ ബാക്കി തുകയ്ക്ക് മേൽ 36 ശതമാനം വാർഷിക പലിശയും ചുമത്തി.

അവസാനം അഞ്ജലിക്ക് എത്ര രൂപ ചിലവായി?

  • ഫോണിന്റെ യഥാർത്ഥ വില: 15,000
  • പ്രോസസിംഗ് ഫീ + ജിഎസ്ടി: 471
  • ലേറ്റ് ഫീ (Late Fee): 500
  • വൈകിയതിനുള്ള പലിശയും പെനാൽറ്റിയും: 350
  • ബാങ്കിന്റെ ബൗൺസ് ചാർജ്: അക്കൗണ്ടിൽ പണമില്ലാതെ ഇഎംഐ മുടങ്ങിയപ്പോൾ ബാങ്ക് ഈടാക്കിയ പെനാൽറ്റി: 500
  • ആകെ ചിലവായ തുക: 16,821
  • പണം മാത്രമല്ല നഷ്ടം; ക്രഡിറ്റ് സ്‌കോറും പോയി

ഈ 1,821 രൂപയുടെ അധിക ബാധ്യതയിൽ കാര്യങ്ങൾ തീർന്നില്ല. കേവലം അഞ്ച് ദിവസം ഒരു തവണ മുടങ്ങിയതു കൊണ്ട് അഞ്ജലിയുടെ സിബിൽ സ്‌കോർ (Credit Score) 750-ൽ നിന്നും 620-ലേക്ക് കുത്തനെ ഇടിഞ്ഞു. ഭാവിയിൽ അഞ്ജലി സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനോ ഉന്നത വിദ്യാഭ്യാസത്തിനോ ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചാൽ ഈ ഒരൊറ്റ വീഴ്ച കാരണം ബാങ്കുകൾ ലോൺ നിഷേധിക്കും.

ഓർക്കുക: 'No Cost' എന്ന് എഴുതിവെച്ചിരിക്കുന്ന പരസ്യങ്ങൾക്ക് പിന്നിൽ നമ്മൾ ഒപ്പിടാത്ത പല 'Extra Cost'-കളും ഒളിഞ്ഞിരിപ്പുണ്ട്. കയ്യിൽ പണമുണ്ടാകുമ്പോൾ മാത്രം സാധനങ്ങൾ വാങ്ങുക-അതാണ് ഏറ്റവും വലിയ സാമ്പത്തിക സുരക്ഷിതത്വം.

അതിരുകടക്കാതെ ഉപയോഗിച്ചാൽ 'ബൈ നൗ, പേ ലേറ്റർ' നൽകുന്ന 3 ഗുണങ്ങൾ
'ബൈ നൗ, പേ ലേറ്റർ' (BNPL) സംവിധാനം ഒരു കെണിയാകുന്നത് നമ്മുടെ അശ്രദ്ധ കൊണ്ടാണ്. എന്നാൽ കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെ ഉപയോഗിച്ചാൽ ഇതൊരു മികച്ച സാമ്പത്തിക ആയുധമാക്കി മാറ്റാം:

1. അടിയന്തിരഘട്ടങ്ങളിലെ ആശ്വാസം: മെഡിക്കൽ ആവശ്യങ്ങളോ, പെട്ടെന്നുണ്ടാകുന്ന വീട്ടുസാധനങ്ങളുടെ അറ്റകുറ്റപ്പണികളോ പോലെ കയ്യിൽ പണമില്ലാത്ത അത്യാവശ്യ ഘട്ടങ്ങളിൽ, സമ്പാദ്യത്തെ തൊടാതെ തന്നെ കാര്യങ്ങൾ മാനേജ് ചെയ്യാൻ ഇത് സഹായിക്കും.

2. പലിശയില്ലാത്ത വായ്പ: കൃത്യസമയത്ത് (ഡ്യൂ ഡേറ്റിന് മുൻപ്) പണം തിരിച്ചടയ്ക്കാൻ സാധിക്കുമെങ്കിൽ, ഒരു രൂപ പോലും പലിശ നൽകാതെ 15 മുതൽ 30 ദിവസം വരെ കമ്പനിയുടെ പണം നമുക്ക് ഉപയോഗിക്കാം.

3. ക്രെഡിറ്റ് സ്‌കോർ മികച്ചതാക്കാം: ചെറിയ തുകകൾക്ക് ഈ സൗകര്യം ഉപയോഗിക്കുകയും, അത് കൃത്യമായി വീട്ടുകയും ചെയ്താൽ ചെറുപ്പത്തിൽത്തന്നെ നല്ലൊരു ക്രെഡിറ്റ് സ്‌കോർ കെട്ടിപ്പടുക്കാം. ഭാവിയിൽ വലിയ ബിസിനസ്സ് ലോണുകളോ ഭവന വായ്പകളോ എടുക്കുമ്പോൾ ഇത് വളരെ ഉപകാരപ്പെടും.

സൂത്രവാക്യം: വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിനുള്ള പണം അക്കൗണ്ടിൽ നിലവിലുണ്ടെങ്കിൽ മാത്രം BNPL വഴി വാങ്ങുക; അടുത്ത മാസത്തെ ശമ്പളം പ്രതീക്ഷിച്ച് ഒരിക്കലും ഷോപ്പിംഗ് നടത്തരുത്.

ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

1. 'അത്യാവശ്യവും' 'ആഗ്രഹവും' വേർതിരിക്കുക: ഒരു സാധനം വാങ്ങുന്നതിന് മുൻപ് ഇത് എനിക്ക് ഇപ്പോൾ 'അത്യാവശ്യമാണോ' അതോ വെറുമൊരു 'ആഗ്രഹമാണോ' എന്ന് സ്വയം ചോദിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം കടം ആശ്രയിക്കുക.

2. 48 മണിക്കൂർ നിയമം: ഓൺലൈനിൽ ഒരു സാധനം കണ്ട് ഇഷ്ടപ്പെട്ടാൽ അത് ഉടൻ വാങ്ങാതെ കാർട്ടിലേക്ക്‌ മാറ്റിവെക്കുക. 48 മണിക്കൂറിന് ശേഷവും അത് വേണമെന്ന് തോന്നുകയാണെങ്കിൽ മാത്രം വാങ്ങുക. പലപ്പോഴും ആ സമയത്തിനുള്ളിൽ ആ ആഗ്രഹം താനേ മാറും.

3. കൃത്യമായ തിരിച്ചടവ് പ്ലാൻ ഉണ്ടാവുക: അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ അടയ്ക്കാം എന്ന പ്രതീക്ഷയിൽ ഓഫറുകൾ എടുക്കരുത്. നിലവിൽ കയ്യിൽ പണമുണ്ടെങ്കിൽ മാത്രം 'പേ ലേറ്റർ' സൗകര്യങ്ങൾ ഉപയോഗിക്കുക.

4. ഡ്യൂ ഡേറ്റ് കലണ്ടറിൽ കുറിച്ചിടുക: തിരിച്ചടയ്‌ക്കേണ്ട അവസാന തീയതി മറന്നുപോകാതിരിക്കാൻ ഫോണിൽ റിമൈൻഡറോ കലണ്ടറിൽ അടയാളപ്പെടുത്തലോ നൽകുക. ഒറ്റ ദിവസം വൈകിയാൽ പോലും വലിയ പിഴ നൽകേണ്ടി വരും.

5. ക്രെഡിറ്റ് സ്‌കോർ നിരീക്ഷിക്കുക: ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ സൗജന്യമായി പരിശോധിക്കുക. വായ്പകൾ നിങ്ങളുടെ സ്‌കോറിനെ ബാധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

6. 'കൺസെന്റ്' ടിക്ക് ബോക്‌സുകൾ ശ്രദ്ധിക്കുക: ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും പേയ്മെന്റ് നടത്തുമ്പോഴും കാണുന്ന 'Terms & Conditions' ശ്രദ്ധിക്കാതെ 'I Agree' നൽകരുത്. നമ്മളറിയാതെ ഇൻഷുറൻസോ മറ്റ് ചാർജുകളോ ഇതിലൂടെ ഈടാക്കിയേക്കാം.

7. ഒന്നിലധികം ആപ്പുകൾ ഒരേസമയം ഉപയോഗിക്കരുത്: ആമസോൺ പേ ലെറ്റർ, ഫ്‌ളിപ്പ്കാർട്ട്‌ പേ ലെറ്റർ, മറ്റ് വായ്പ ആപ്പുകൾ എന്നിങ്ങനെ പലയിടങ്ങളിൽ നിന്നായി ഒരേസമയം കടമെടുക്കരുത്. ഇത് നമ്മളെ വലിയൊരു കടബാധ്യതയിലേക്ക് എത്തിക്കും.

8. ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കുക: ഇഎംഐ തുക ബാങ്കിൽ നിന്ന് ഓട്ടോമാറ്റിക് ആയി കട്ടാകുന്ന രീതിയിലാണ് (Auto-debit) സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ, ആ തീയതിയിൽ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ ബാങ്ക് വൻ തുക പെനാൽറ്റി ഈടാക്കും.

9. പരസ്യവാചകങ്ങളിലെ 'സ്റ്റാർ' ചിഹ്നം (*) ശ്രദ്ധിക്കുക: 'No Cost EMI', '0% Interest' എന്നിവയ്ക്ക് മുകളിലുള്ള ചെറിയ സ്റ്റാർ ചിഹ്നങ്ങളെ അവഗണിക്കരുത്. അതിനർത്ഥം അവിടെ മറഞ്ഞിരിക്കുന്ന ചാർജുകൾ ഉണ്ടെന്നാണ്.

10. ഒരു എമർജൻസി ഫണ്ട് (Emergency Fund) കരുതുക: പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്ക് വായ്പ ആപ്പുകളെ ആശ്രയിക്കുന്നതിന് പകരം, നിങ്ങളുടെ മൂന്ന് മുതൽ ആറ് മാസത്തെ ചിലവുകൾക്കുള്ള തുക ഒരു പ്രത്യേക അക്കൗണ്ടിൽ 'അടിയന്തിര ഫണ്ട്' ആയി സൂക്ഷിക്കുക. ഇതാണ് ഏറ്റവും വലിയ സാമ്പത്തിക സുരക്ഷ.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi