
'എനിക്ക് നല്ല ശമ്പളമുണ്ട്. എന്നിട്ടും മാസാവസാനം കയ്യിലൊരു രൂപപോലും ബാക്കിയുണ്ടാകില്ല. ഇത് ഇന്ന് മിക്കവരുടെയും പരാതിയാണ്. പ്രത്യേകിച്ചും സ്ത്രീകളുടേത്. ജോലി ചെയ്യുന്നവരായാലും, ബിസിനസ് നടത്തുന്നവരായാലും, വീട്ടമ്മമാരായാലും ഒരുപോലെ നേരിടുന്ന പ്രശ്‌നം. ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുന്നു, ചെലവുകൾ നടക്കുന്നു, ഓൺലൈൻ പേയ്മെന്റുകൾ നടക്കുന്നു, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. പക്ഷേ മാസാവസാനം കൈയിൽ ഒന്നുമില്ല.
സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും ആദ്യം ചിന്തിക്കുന്നത് നിക്ഷേപങ്ങളെക്കുറിച്ചാണ്. മ്യൂച്വൽ ഫണ്ട്, ഓഹരി, സ്വർണം, ഇൻഷുറൻസ്, പെൻഷൻ പദ്ധതി എന്നിവയെക്കുറിച്ചാണ് കൂടുതൽ കേൾക്കുന്നത്. എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആദ്യപാഠം അതിലൊന്നുമല്ല. ആദ്യപാഠം നമ്മുടെ പണം എവിടേക്ക് പോകുന്നു എന്ന് അറിയുക എന്നതാണ്. എത്ര നേരത്തെ ഇത് അറിയാൻ കഴിയുന്നോ അത്ര നേരത്തെ നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാം.
ഒരു കാലത്ത് വീട്ടമ്മമാർ ചെറിയൊരു ഡയറി കൈവശം വച്ചിരുന്നു. അരി വാങ്ങിയത്, പാൽ വാങ്ങിയത്, വൈദ്യുതി ബിൽ അടച്ചത്, കുട്ടികളുടെ സ്‌കൂൾ ഫീസ് നൽകിയതൊക്കെ അവർ കൃത്യമായി കുറിച്ചുവെക്കും. ഇന്ന് ഡിജിറ്റൽ യുഗമാണ്. പണം കൈമാറാതെ തന്നെ ചെലവുകൾ നടക്കുന്നു. യുപിഐ, ഫോൺപേ ഗൂഗിൾ പേ, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്-എല്ലാം സൗകര്യപ്രദമാണ്. എന്നാൽ ഈ സൗകര്യത്തിനൊപ്പം ഒരു അപകടവുമുണ്ട്. ചെലവാക്കുന്നത് എളുപ്പമാകുമ്പോൾ ചെലവറിയുന്നത് ബുദ്ധിമുട്ടാകുന്നു.
ഒരു കോഫി, ഒരു ഓൺലൈൻ ഓർഡർ, ഒരു സബ്സ്‌ക്രിപ്ഷൻ, ഒരു ഊബർ യാത്ര... ഇവ ഓരോന്നും ചെറിയ തുകകളാണെങ്കിലും മാസാവസാനം കണക്കുകൂട്ടുമ്പോൾ വലിയൊരു തുകയായി മാറും.
കൊച്ചിയിൽ ജോലി ചെയ്യുന്ന ഒരു യുവതി പറഞ്ഞ അനുഭവം ശ്രദ്ധേയമാണ്.
അവൾ പ്രതിമാസം പണം ലാഭിക്കാനാകുന്നില്ലെന്ന് പരാതിപ്പെടുമായിരുന്നു. ശമ്പളം മോശമല്ല. എന്നിട്ടും സേവിങ്്‌സ് അക്കൗണ്ടിൽ പണമൊന്നും ബാക്കി ഉണ്ടാകില്ല. ഒരു ദിവസം അവൾ ഒരു ചെലവ് ട്രാക്കിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഒരു മാസത്തെ ചെലവുകൾ മുഴുവൻ പരിശോധിച്ചു.
ഫലം അവളെ ഞെട്ടിച്ചു.
ഓൺലൈൻ ഭക്ഷണ ഓർഡറുകൾ, ചെറിയ ഷോപ്പിംഗ്, സൗന്ദര്യവർധക വസ്തുക്കൾ, വിവിധ സബ്സ്‌ക്രിപ്ഷനുകൾ എന്നിവയ്ക്കായി അവൾ ചെലവഴിച്ചത് പ്രതിമാസം ഏകദേശം 12,000 രൂപ. അവയിൽ പലതും അവൾക്ക് ഓർമ്മപോലുമില്ലായിരുന്നു. അടുത്ത മാസം അവൾ ഈ വിഭാഗങ്ങളിൽ ചെലവ് കുറച്ചു. മാസാവസാനം 8,000 രൂപ അധികമായി സേവ് ചെയ്യാനായി.
ഇത് ചെറിയ മാറ്റമല്ല. ഒരു വർഷം കൊണ്ട് ഏകദേശം ഒരു ലക്ഷം രൂപ.
നമ്മുടെ സമൂഹത്തിൽ കുടുംബത്തിന്റെ സാമ്പത്തിക മാനേജർമാർ പലപ്പോഴും സ്ത്രീകളാണ്. വീട്ടുചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ആഘോഷങ്ങൾ, യാത്രകൾഇവയൊക്കെ ക്രമീകരിക്കുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്. പക്ഷേ പലപ്പോഴും സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകാറില്ല.
'എത്ര സമ്പാദിക്കുന്നു?' എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകും. എന്നാൽ, 'എത്ര ചെലവഴിക്കുന്നു?' എന്ന ചോദ്യത്തിന് പലർക്കും കൃത്യമായ ഉത്തരമുണ്ടാകില്ല. ഈ വിടവ് നികത്തുന്ന ആദ്യ ഉപകരണമാണ് ചെലവ് ട്രാക്കിങ്.
ഇന്ന് ചെലവ് നിരീക്ഷിക്കാൻ നിരവധി മാർഗങ്ങളുണ്ട്.
1. മൊബൈൽ ആപ്പുകൾ
Walnut, Money Manager, Spendee, ET Money തുടങ്ങിയ ആപ്പുകൾ ബാങ്ക് സന്ദേശങ്ങളും UPI ഇടപാടുകളും പരിശോധിച്ച് ചെലവുകൾ തരംതിരിക്കും.
ഭക്ഷണം, യാത്ര, ഷോപ്പിംഗ്, മെഡിക്കൽ, വിനോദം തുടങ്ങിയ വിഭാഗങ്ങളായി ചെലവുകൾ കാണാം.
2. എക്‌സൽ ഷീറ്റ്
സാങ്കേതിക വിദ്യയിൽ അധികം ആശ്രയിക്കാനില്ലെങ്കിൽ ഒരു ലളിതമായ എക്‌സൽ ഷീറ്റ് മതി.
വരുമാനം, സ്ഥിരച്ചെലവുകൾ, വേരിയബിൾ ചെലവുകൾ, നിക്ഷേപങ്ങൾ എന്നിവ വേർതിരിച്ച് രേഖപ്പെടുത്താം.
3. പഴയ ഡയറി രീതി
ഇന്നും ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ഇത്.
പ്രതിദിനം രാത്രി അഞ്ചു മിനിറ്റ് മാറ്റിവെച്ച് അന്നത്തെ ചെലവുകൾ കുറിച്ചുവെക്കുക. ചില ആഴ്ചകൾക്കുള്ളിൽ തന്നെ അനാവശ്യ ചെലവുകൾ വ്യക്തമായി കാണാൻ തുടങ്ങും.
സാമ്പത്തിക സ്വാതന്ത്ര്യം എന്നത് കോടീശ്വരിയാകുക എന്നല്ല. ആവശ്യമായ സമയത്ത് ആവശ്യമായ പണം കൈവശം ഉണ്ടായിരിക്കുക എന്നതാണ്.
- അപ്രതീക്ഷിതമായ ഒരു മെഡിക്കൽ ചെലവ് വന്നാൽ?
- കുട്ടിയുടെ ഉയർന്ന വിദ്യാഭ്യാസത്തിന് പണം വേണമെങ്കിൽ?
- സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് തോന്നിയാൽ?
- ജോലിയിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടി വന്നാൽ?
ഈ സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാൻ സാമ്പത്തിക സ്വാതന്ത്ര്യം ആവശ്യമാണ്. അതിനുള്ള അടിത്തറയാണ് സേവിങ്‌സ്. സേവിങ്‌സിന്റെ അടിത്തറയാണ് ചെലവ് നിയന്ത്രണം.
ചെലവ് നിയന്ത്രണത്തിന്റെ തുടക്കം ചെലവ് അറിയുന്നതിലാണ്. ഇന്ന് തന്നെ തുടങ്ങാം.
ഒരു പേപ്പർ എടുക്കൂ. അല്ലെങ്കിൽ ഫോണിൽ ഒരു നോട്ട്പാഡ് തുറക്കൂ. കഴിഞ്ഞ ഒരാഴ്ചയിലെ ചെലവുകൾ എഴുതിവെക്കൂ. തുടർന്ന് അവയെ മൂന്ന് വിഭാഗങ്ങളാക്കാം:
- അത്യാവശ്യ ചെലവുകൾ
- ഉപകാരപ്രദമായ ചെലവുകൾ
- ഒഴിവാക്കാമായിരുന്ന ചെലവുകൾ
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ച് നമ്മൾ പലപ്പോഴും വലിയ ആശയങ്ങൾ സംസാരിക്കുന്നു. നിക്ഷേപം, സമ്പത്ത് സൃഷ്ടി, വിരമിക്കൽ പദ്ധതി, സാമ്പത്തിക സ്വാതന്ത്ര്യം... എന്നാൽ ഇവയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് വളരെ ചെറിയൊരു ചുവടുവെപ്പിലൂടെയാണ്. 'ഇന്ന് ഞാൻ എവിടെയാണ് പണം ചെലവഴിച്ചത്?' ഈ ഒരു ചോദ്യത്തിന് ദിവസവും ഉത്തരം കണ്ടെത്താൻ തുടങ്ങുന്ന നിമിഷം മുതൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയും തുടങ്ങുന്നു. കാരണം പണം കൈകാര്യം ചെയ്യുന്നതിന് മുമ്പ്, പണത്തിന്റെ ഒഴുക്ക് മനസ്സിലാക്കണം.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 05 Jun 2026, 01:13 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented