സവാള നുറുക്കുമ്പോൾ കണ്ണുകൾ എരിയാത്തവരുണ്ടോ? ഒടുവിൽ അതവസാനിക്കുക നിറഞ്ഞുതുളുമ്പിവരുന്ന കണ്ണീരിലും. എന്തുകൊണ്ടായിരിക്കും സവാള നുറുക്കുമ്പോൾ കണ്ണുകൾ നിറയുന്നത്?

To advertise here,

സവാളയും ഉള്ളിയും ഭൂമിക്കടിയിൽ വളരുന്ന സസ്യഭാഗങ്ങളാണ്. സ്വാഭാവികമായും ഇവ കരണ്ടുതിന്നാൻ എലികൾ പോലുള്ളവയെത്തും. ഇത്തരം ജീവികളിൽ നിന്ന് സംരക്ഷണം നേടുന്നതിനായി, വളർച്ചാഘട്ടത്തിൽ തന്നെ സവാളയിൽ ഒരു പ്രത്യേക പ്രതിരോധ സംവിധാനം ഒരുങ്ങിയിട്ടുണ്ട്. നിരവധി അമിനോ ആസിഡുകളും എൻസൈമുകളും അടങ്ങിയ സംരക്ഷണകവചം.

സവാള നുറുക്കുമ്പോൾ അതിൽ നിന്ന് എൻസൈമുകളും സൾഫെനിക് ആസിഡും പുറത്തുവരുന്നു. ഇവ തമ്മിൽ സംയോജിച്ച് 'പ്രൊപ്പനേത്തിയൽ എസ്-ഓക്‌സൈഡ്' എന്ന അസ്വസ്ഥതയുണ്ടാക്കുന്ന വാതകം രൂപപ്പെടുന്നു. കണ്ണിൽ തട്ടുമ്പോൾ കണ്ണുനീർ വരാൻ കാരണമാകുന്ന ഒരു പദാർത്ഥമാണ് പ്രൊപ്പനേത്തിയൽ എസ്-ഓക്‌സൈഡ്. കണ്ണിന്റെ കൃഷ്ണമണിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ജലപാളിയിൽ ഈ വാതകം സ്പർശിക്കുമ്പോൾ അത് സൾഫ്യൂരിക് ആസിഡായി മാറുന്നു. അങ്ങനെയാണ് കണ്ണിൽ വെള്ളംനിറയുന്നത്. ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുന്നത്. ചിലർക്ക് പെട്ടെന്ന് കണ്ണുനിറയും, എന്നാൽ മറ്റു ചിലരിൽ അത്ര പ്രകടമായി ഇത് കാണപ്പെടില്ല.

കണ്ണെരിച്ചിൽ തടയാൻ
തടയാൻ കഴിയില്ലെങ്കിലും, ചില പൊടിക്കൈകളിലൂടെ ഇവയുടെ തീവ്രത കുറയ്ക്കാം. സവാള മുറിക്കുമ്പോൾ കണ്ണുനീർ വരുന്നത് കുറയ്ക്കാനോ പൂർണ്ണമായും ഒഴിവാക്കാനോ ഉള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം, അതിലെ സൾഫ്യൂരിക് ആസിഡ് സംയുക്തങ്ങളുടെ അളവ് കുറയ്ക്കുക എന്നതാണ്. സവാള മുറിക്കുന്നതിന് മുൻപ് 30 മിനിറ്റ് നേരം ഐസ് വെള്ളം നിറച്ച പാത്രത്തിൽ ഇട്ടു വെച്ച് തണുപ്പിക്കുക. അപ്പോൾ കണ്ണെരിച്ചിൽ കുറയും. സവാളയുടെ തൊലികളഞ്ഞ് കുറച്ചുനേരം ഫ്രീസറിൽ വെക്കുക. അതിനുശേഷം നുറുക്കാം. ഇതും നല്ലൊരു മാർഗമാണ്. സവാള നുറുക്കുമ്പോൾ ഗോഗിൾസ് ധരിക്കുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു.

മൂർച്ചയുള്ള കത്തി ഉപയോഗിക്കുന്നതും സഹായകമായേക്കാം. കത്തിക്ക് മൂർച്ച കൂടുതലാണെങ്കിൽ, കണ്ണെരിച്ചിലിന് കാരണമാകുന്ന ഘടകങ്ങൾ വായുവിലേക്ക് കുറഞ്ഞ അളവിലേ പുറത്തുവിടുകയുള്ളൂ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi