
മാസാവസാനം ശമ്പളം അക്കൗണ്ടിലെത്തുന്ന ദിവസം വലിയ സന്തോഷമാണ്. അക്കൗണ്ടിലെ ബാലൻസ് നോക്കുമ്പോൾ ഒരു ചെറിയ അഭിമാനവും തോന്നും. പക്ഷേ ആ സന്തോഷത്തിന് ആയുസ്സ് അധികമില്ല. വാടക, ഇ.എം.ഐ, ക്രെഡിറ്റ് കാർഡ് ബിൽ, കുട്ടികളുടെ ഫീസ്, ഓൺലൈൻ ഷോപ്പിങ്, വൈദ്യുതി ബിൽ, ഫോൺ ബിൽ, ഒ.ടി.ടി സബ്‌സ്‌ക്രിപ്ഷൻ, പുറത്തുനിന്നുള്ള ഭക്ഷണം...ഒടുവിൽ അടുത്ത ശമ്പളത്തിനായി കാത്തിരിക്കേണ്ടി വരും. 'ശമ്പളം കുറവായതുകൊണ്ടാണ് സേവിങ്‌സ് ഇല്ലാത്തത്' എന്നായിരുന്നു കുറച്ചുകാലം നമ്മൾ പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് കഥ കുറച്ചുകൂടി വ്യത്യസ്തമാണ്.
30,000 രൂപ ശമ്പളം വാങ്ങിയിരുന്നപ്പോൾ സേവിങ്‌സ് ഇല്ലാതിരുന്ന ഒരാൾക്ക് 1 ലക്ഷം ശമ്പളം കിട്ടിത്തുടങ്ങിയിട്ടും സേവിങ്‌സ് ഇല്ലെങ്കിൽ? അപ്പോൾ പ്രശ്‌നം ശമ്പളത്തിലല്ല. ജീവിതനിലവാരം സാമ്പത്തികസുരക്ഷയെക്കാൾ മുന്നേറി. ഇതിനെയാണ് പേഴ്‌സണൽ ഫിനാൻസിൽ Lifestyle Inflation എന്നു പറയുന്നത്.
ശമ്പളം കൂടുമ്പോൾ ചെലവും കൂടും
30,000 ശമ്പളം കിട്ടിയിരുന്ന കാലത്ത് ബസിലായിരുന്നു യാത്ര. ശമ്പളം 60,000 ആയപ്പോൾ ബൈക്ക് വാങ്ങി. 1 ലക്ഷം ആയപ്പോൾ കാർ വാങ്ങി. ആദ്യം ചെറിയ വീട്. പിന്നെ കുറച്ചുകൂടി വലിയ വീട്. പിന്നെ നല്ല ഫർണിച്ചർ. പിന്നെ പുതിയ ഫോൺ. പിന്നെ വിദേശ യാത്ര. പിന്നെ കുട്ടികൾക്ക് കൂടുതൽ ചെലവുള്ള സ്‌കൂൾ. ഇതൊന്നും തെറ്റല്ല. സ്വന്തം വരുമാനം കൂടുമ്പോൾ ജീവിതം കുറച്ചുകൂടി സുഖകരമാക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പ്രശ്‌നം മറ്റൊന്നാണ്.
വരുമാനം കൂടുന്ന ഓരോ തവണയും ചെലവാണ് ആദ്യം കൂടുന്നതെങ്കിൽ, സമ്പത്ത് എപ്പോഴാണ് കൂടുന്നത്? 30,000 കിട്ടുമ്പോൾ 29,000 ചെലവഴിച്ചു. 50,000 കിട്ടിയപ്പോൾ 48,000 ചെലവായി. 1 ലക്ഷം കിട്ടുമ്പോൾ 98,000 ചെലവാകുന്നു. ശമ്പളം കൂടിയിട്ടും സാമ്പത്തികസ്ഥിതി മാറിയില്ല. സംഖ്യകൾ മാത്രം മാറി!
'ആവശ്യം' പതുക്കെ 'ആഗ്രഹം' ആകുമ്പോൾ
Lifestyle inflation-ന്റെ ഏറ്റവും രസകരമായ ഭാഗം ഇതാണ്. ഇന്നലെ വരെ ആവശ്യമില്ലെന്ന് തോന്നിയ ഒരു കാര്യം ഇന്ന് അത്യാവശ്യമായി തോന്നും. 40,000 ശമ്പളത്തിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം മതിയായിരുന്നു. 80,000 കിട്ടുമ്പോൾ ആഴ്ചയിൽ രണ്ടുതവണ റെസ്റ്റോറന്റ് ഭക്ഷണം. 1.5 ലക്ഷം കിട്ടുമ്പോൾ വീക്കെൻഡ് ഡൈനിങ്. അതിനുശേഷം ഫുഡ് ഡെലിവറി ആപ്പിലെ ഓഫർ കാണുമ്പോൾ, 'ഇന്ന് പാചകം ചെയ്യേണ്ട' എന്നതാണ് ഫിനാൻഷ്യൽ പ്ലാനിങ്.
ഇതുപോലെ തന്നെയാണ് വസ്ത്രം, ഫോൺ, യാത്ര, കാർ, വീട്, ഗാഡ്ജറ്റ്‌സ് തുടങ്ങി പല കാര്യങ്ങളിലും സംഭവിക്കുന്നത്. നമ്മുടെ വരുമാനം കൂടുന്നതിനൊപ്പം 'നോർമൽ' എന്നതിന്റെ നിർവചനവും മാറുന്നു.
പുതിയ തലമുറയുടെ പ്രശ്‌നം കുറച്ചുകൂടി വ്യത്യസ്തം
ജെൻ സിയുടെ ജീവിതത്തിൽ lifestyle inflation കൂടുതൽ എളുപ്പത്തിൽ സംഭവിക്കാം. കാരണം ഇന്ന് ചെലവഴിക്കാനുള്ള അവസരങ്ങൾ നമ്മുടെ കൈയിലുള്ള മൊബൈലിൽ തന്നെയുണ്ട്. ഒരു ക്ലിക്ക് മതി. ഭക്ഷണം വീട്ടിലെത്തും. വസ്ത്രം വീട്ടിലെത്തും. ഗാഡ്ജറ്റ് വീട്ടിലെത്തും. ലോൺ വീട്ടിലെത്തും! 'Buy Now, Pay Later' എന്ന സൗകര്യം വന്നതോടെ പണം കൈയിലില്ലെങ്കിലും വാങ്ങാൻ കഴിയുന്ന കാലമാണിത്. പക്ഷേ ഒരു കാര്യം ഓർക്കണം: ഇന്ന് വാങ്ങിയ സാധനത്തിന്റെ സന്തോഷം ഇന്നത്തേതാണ്. അതിന്റെ ഇ.എം.ഐ നാളെയുടേതാണ്.
പഴയ തലമുറയും ഇതിൽ നിന്ന് മുക്തരല്ല
Lifestyle inflation പുതിയ തലമുറയുടെ മാത്രം പ്രശ്‌നമല്ല. വിരമിക്കാനിരിക്കുന്ന ഒരാൾക്ക് ശമ്പളം 80,000 ആയിരുന്നപ്പോൾ മാനേജ് ചെയ്യാൻ കഴിഞ്ഞു. പക്ഷേ റിട്ടയർമെന്റിനുമുമ്പ് 1.2 ലക്ഷം ആയി. അതിനനുസരിച്ച് ജീവിതച്ചെലവും ഉയർന്നു. റിട്ടയർമെന്റ് കഴിഞ്ഞപ്പോൾ പെൻഷൻ 70,000. അപ്പോൾ മനസ്സിലാകും, ശമ്പളം കുറഞ്ഞതല്ല പ്രശ്‌നം. ചെലവിന്റെ ശീലം വലുതായതാണ് പ്രശ്‌നം.
അതുകൊണ്ടുതന്നെ റിട്ടയർമെന്റ് പ്ലാനിങ് എന്നത് വിരമിക്കുന്നതിന് അഞ്ച് വർഷം മുമ്പ് തുടങ്ങേണ്ട കാര്യമല്ല. വരുമാനം ലഭിക്കുന്ന ആദ്യ ദിവസം മുതൽ തുടങ്ങേണ്ട കാര്യമാണ്.
ശമ്പളം കൂടുമ്പോൾ ആദ്യം കൂട്ടേണ്ടത് എന്ത്?
ചെലവല്ല, സേവിങ്‌സും ഇൻവെസ്റ്റ്‌മെന്റും. ഉദാഹരണത്തിന് ഒരാളുടെ ശമ്പളം 50,000-ൽ നിന്ന് 70,000 ആയി. 20,000 അധികമായി കിട്ടി. മുഴുവൻ തുകയും ജീവിതശൈലി മെച്ചപ്പെടുത്താൻ (Lifestyle upgrade)് ഉപയോഗിക്കേണ്ടതില്ല. അതിൽ ഒരു ഭാഗം മാത്രം ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കാം. ബാക്കിയുള്ളത് എമർജൻസി ഫണ്ട്, റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വീട്, മറ്റ് സാമ്പത്തികലക്ഷ്യങ്ങൾ എന്നിവയ്ക്കായി മാറ്റിവയ്ക്കാം. അപ്പോൾ ശമ്പള വർധനവിന് രണ്ട് ഫലമുണ്ടാകും. ജീവിതം കുറച്ചുകൂടി സുഖകരമാകും. ഭാവി കുറച്ചുകൂടി സുരക്ഷിതമാകും. ഇതാണ് ആരോഗ്യകരമായ lifestyle inflation.
'ആദ്യം എനിക്ക്' എന്നൊരു ചെറിയ മാറ്റം
ശമ്പളം അക്കൗണ്ടിലെത്തിയാൽ ആദ്യം ഇ.എം.ഐ, ഷോപ്പിങ്, ബില്ലുകൾ, എന്റർടെയിൻമെന്റ് എന്നിവയ്ക്കായി പണം മാറ്റിവച്ച് ബാക്കിയുള്ളത് സേവിങ്‌സ് ആക്കരുത്. അങ്ങനെ ചെയ്താൽ പലപ്പോഴും ബാക്കി ഒന്നും ഉണ്ടാകില്ല! പകരം, Salary- Savings/Investment- Expenses എന്ന ക്രമം പരീക്ഷിക്കാം. ശമ്പളം കിട്ടുന്ന ദിവസം തന്നെ ഒരു നിശ്ചിത തുക മറ്റൊരു അക്കൗണ്ടിലേക്കോ നിക്ഷേപത്തിലേക്കോ മാറ്റുക. കണ്ണിൽപ്പെടാത്ത പണം ചെലവാകാനുള്ള സാധ്യതയും കുറയും.
'ശമ്പളം കൂടിയാൽ ഞാൻ എന്ത് മാറ്റും?'
അടുത്ത ശമ്പളവർധനവ് കിട്ടുമ്പോൾ ഒരു ചെറിയ പരീക്ഷണം നടത്താം. സ്വയം മൂന്ന് ചോദ്യങ്ങൾ ചോദിക്കുക:
1. എന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ ആവശ്യമായ എന്താണ് കൂട്ടേണ്ടത്?
2. ഏത് ചെലവാണ് ശീലമായത്?
3. ശമ്പളവർധനവിൽ എത്ര ശതമാനം എന്റെ ഭാവിക്കായി മാറ്റിവയ്ക്കും?
മൂന്നാമത്തെ ചോദ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കാരണം നമുക്ക് പലപ്പോഴും അറിയാം, 'ശമ്പളം കൂടുമ്പോൾ കുറച്ചുകൂടി നിക്ഷേപിക്കണം.' പക്ഷേ എത്ര? അത് തീരുമാനിക്കാതെ പോയാൽ ജീവിതശൈലി തന്നെയാണ് ആ തീരുമാനം എടുക്കുക.
1 ലക്ഷം ശമ്പളത്തിന്റെ ഒരു ചെറിയ പരീക്ഷണം
1 ലക്ഷം ശമ്പളം കിട്ടുന്ന ഒരാൾക്ക് 30,000 ശമ്പളക്കാരന്റെ ജീവിതം നയിക്കണം എന്നല്ല പറയുന്നത്. അത് പ്രായോഗികവുമല്ല. പക്ഷേ ഒരു കാര്യം ചെയ്യാം.
ശമ്പളം 1 ലക്ഷം ആയപ്പോൾ ജീവിതച്ചെലവ് 1 ലക്ഷമാകേണ്ടതില്ല. ഉദാഹരണത്തിന് ശമ്പളം കൂടിയതിന്റെ ഒരു ഭാഗം മാത്രമേ ജീവിതശൈലി മെച്ചപ്പെടുത്താൻ ഉപയോഗിക്കൂ. മറ്റൊരു ഭാഗം ഇൻവെസ്റ്റ്‌മെന്റ്‌സിലേക്ക്. മറ്റൊരു ഭാഗം എമർജൻസി ഫണ്ടിലേക്ക്. ഇങ്ങനെ ചെയ്താൽ ഓരോ ശമ്പളവർധനവും ഒരു പുതിയ ഹാൻഡ്ബാഗ്, പുതിയ ഫോൺ, പുതിയ ഇ.എം.ഐ എന്നതിലുപരി ഒരു പുതിയ ഫിനാൻഷ്യൽ അസറ്റ് ആയി മാറും.
യഥാർത്ഥ ശമ്പളവർധന എപ്പോഴാണ് സംഭവിക്കുന്നത്?
ശമ്പളം 50,000-ൽ നിന്ന് 75,000 ആയാൽ അക്കൗണ്ടിൽ വരുന്ന തുക കൂടിയതാണ്. പക്ഷേ അതുകൊണ്ട് മാത്രം നമ്മുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയാനാകില്ല. നിക്ഷേപം കൂടിയോ? കടം കുറഞ്ഞോ? എമർജൻസി ഫണ്ട് ഉണ്ടാക്കിയോ? റിട്ടയർമെന്റ് കാലത്തേക്കള്ള സമ്പാദ്യം വളർന്നോ? ഇൻഷുറൻസ് സുരക്ഷ മെച്ചപ്പെട്ടോ? ഇവയ്ക്കാണ് യഥാർത്ഥ പ്രാധാന്യം. ശമ്പള സ്ലിപ്പിലെ വർധനവിനേക്കാൾ ബാങ്ക് സ്റ്റേറ്റ്‌മെന്റിലെ സാമ്പത്തിക സുരക്ഷയാണ് പ്രധാനപ്പെട്ടത്.
സ്ത്രീകൾക്ക് ഇത് പ്രത്യേകിച്ച് പ്രധാനമാണ്
സ്വന്തം വരുമാനമുള്ള സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം ശമ്പളം വാങ്ങുന്നതിൽ അവസാനിക്കുന്നില്ല. അവൾ സമ്പാദിക്കുന്ന പണത്തിൽ ഒരു ഭാഗം സ്വന്തം പേരിൽ സമ്പത്തായി മാറ്റിവയ്ക്കാനും കഴിയണം. വീട്ടുചെലവുകൾ നടത്തണം. കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റണം. കുടുംബത്തെ സഹായിക്കണം. അതോടൊപ്പം സ്വന്തം റിട്ടയർമെന്റിനും എമർജൻസിക്കും ഇൻവെസ്റ്റ്‌മെന്റിനും പണം മാറ്റിവയ്ക്കണം. 'കുടുംബത്തിനായി എല്ലാം' എന്ന മനോഹരമായ ആശയം ചിലപ്പോൾ 'എനിക്കായി ഒന്നുമില്ല' എന്ന അപകടകരമായ അവസ്ഥയിലേക്ക് എത്തരുത്. സ്വന്തം സാമ്പത്തികസുരക്ഷ സ്വാർത്ഥതയല്ല. അത് ഉത്തരവാദിത്തമാണ്.
ശമ്പളം കൂടുമ്പോൾ ജീവിതം വളരട്ടെ; ചെലവ് മാത്രം വളരരുത്
കൂടുതൽ സമ്പാദിക്കണം. നന്നായി ജീവിക്കണം. നല്ല ഭക്ഷണം കഴിക്കണം. യാത്ര ചെയ്യണം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. ഇതെല്ലാം വേണം. പക്ഷേ അതിനൊപ്പം മറ്റൊന്നുകൂടി വേണം. സാമ്പത്തിക സുരക്ഷ. ശമ്പളം കൂടുമ്പോൾ വീടിന്റെ വലുപ്പം കൂടാം. കാറിന്റെ നിലവാരം കൂടാം. യാത്രകൾ കൂടാം.
പക്ഷേ അതോടൊപ്പം ബാങ്കിലെ നിക്ഷേപവും നിക്ഷേപങ്ങളുടെ മൂല്യവും സാമ്പത്തിക ആത്മവിശ്വാസവും കൂടണം.
അല്ലെങ്കിൽ ഉയർന്ന ശമ്പളം കിട്ടിയിട്ടും നമ്മൾ പഴയ സാമ്പത്തികജീവിതം തന്നെയായിരിക്കും ജീവിക്കുന്നത്. ഒരേയൊരു വ്യത്യാസം-പഴയകാലത്ത് പണം കുറവായിരുന്നു. ഇന്ന് പണം എവിടെ പോയെന്ന് അറിയില്ല!
അതുകൊണ്ട് അടുത്ത തവണ ശമ്പളം അക്കൗണ്ടിലെത്തുമ്പോൾ ഒരു ചോദ്യം സ്വയം ചോദിക്കാം: 'ഈ മാസം ഞാൻ എത്ര ചെലവഴിക്കും?' എന്നതിനു മുമ്പ് 'ഈ മാസം എന്റെ ഭാവിക്കായി എത്ര മാറ്റിവയ്ക്കും?' ആ ഒരു ചോദ്യം മാറുമ്പോഴാണ് ശമ്പളം വരുമാനത്തിൽ നിന്ന് സമ്പത്തിലേക്ക് മാറിത്തുടങ്ങുന്നത്.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Higher salary often leads to higher expenses, known as lifestyle inflation. Savings do not automatically increase with a salary hike unless intentionally managed. Gen Z and older generations both fall into the trap of Buy Now Pay Later and lifestyle upgrades.
Published: 22 Sept 2026, 02:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented