സ്ഥിരമായി വെള്ളം നിറയ്ക്കുമ്പോൾ വാട്ടർ ബോട്ടിലുകളുടെ ഉൾവശം പെട്ടെന്ന് അഴുക്കാവാനിടയുണ്ട്. അത് കഴുകിയെടുക്കുകയെന്നത് വലിയൊരു ടാസ്‌കുമാവും പലപ്പോഴും. നിത്യവും ഉപയോഗിക്കുന്ന ബോട്ടിലുകൾ എങ്ങനെയാണ് വൃത്തിയാക്കുന്നതെന്ന് നോക്കാം.
എല്ലാത്തരം ബോട്ടിലുകളും രണ്ടുദിവസം കൂടുമ്പോൾ അല്പം വാഷിങ് ലിക്വിഡും ചെറുചൂടുവെള്ളവുമൊഴിച്ച് കഴുകുന്നതാണ് നല്ലത്. അങ്ങനെ ചെയ്താൽ ബോട്ടിൽ എന്നും പുതുമയോടെ നിൽക്കും. മാത്രമല്ല, ഓരോ തവണയും ആ ബോട്ടിലിൽ നിറച്ച വെള്ളം കഴിഞ്ഞാൽ, അതൊന്ന് കഴുകുന്നത് നല്ലതാണ്. അധികം അഴുക്കാവാതിരിക്കാൻ ഇത് സഹായിക്കും.
എല്ലാത്തരം ബോട്ടിലും ആഴ്ചയിലൊരിക്കൽ നന്നായി (deep cleaning) വൃത്തിയാക്കണം. വെള്ളത്തിൽ അതേ അളവിൽ വിനാഗിരി ചേർത്ത് കഴുകുന്നതാണ് ഫലപ്രദം. കറകളയാൻ നല്ലത് ബേക്കിങ് സോഡയാണ്.
പ്ലാസ്റ്റിക് ബോട്ടിൽ ഡീപ് ക്ലീൻ ചെയ്യാൻ വെള്ളവും വിനാഗിരിയും ബേക്കിങ് സോഡയുമാണ് ആവശ്യം. വെള്ളത്തിൽ വിനാഗിരിയും ബേക്കിങ് സോഡയുമിട്ട് യോജിപ്പിക്കുക. ഇത് ബോട്ടിലിൽ ഒഴിച്ച് 10 മിനിറ്റ് വെയ്ക്കുക. ശേഷം ബ്രഷ് കൊണ്ട് പതുക്കെ ഉരച്ച് കഴുകാം.
ഗ്ലാസ് ബോട്ടിൽ കഴുകാൻ അധികം വീര്യമില്ലാത്ത ഡിഷ് വാഷ് സോപ്പാണ് നല്ലത്. ഡിഷ് സോപ്പും ബോട്ടിൽ ബ്രഷും കൊണ്ട് ആദ്യം കഴുകുക. അതിലേക്ക് അല്പം വിനാഗിരിയും വെള്ളവുമൊഴിച്ച് കുറച്ചുനേരം വെയ്ക്കുക. എന്നിട്ട് നന്നായി കുലുക്കിയശേഷം വൃത്തിയാക്കാം. ബേക്കിങ് സോഡയും വെള്ളവും യോജിപ്പിച്ച് ബോട്ടിലിലൊഴിക്കുക. ഉള്ളിലുള്ള അഴുക്ക് നീക്കാൻ ഇത് വളരെ ഫലപ്രദമാണ്.
സ്റ്റെയിൻലസ് സ്റ്റീൽ വാട്ടർബോട്ടിൽ ഓരോ തവണയും ഉപയോഗിച്ചശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ഒരു ബോട്ടിൽ ബ്രഷിൽ അല്പം ഡിഷ് വാഷ് സോപ്പ് ചേർത്ത് ബോട്ടിലിനുൾവശം പതുക്കെ ഉരച്ചുകഴുകുക.
ന്യൂസ് പേപ്പർ ചെറിയ കഷണങ്ങളാക്കി ബോട്ടിലിട്ടശേഷം വെള്ളമൊഴിക്കുക. എന്നിട്ട് നന്നായി കുലുക്കിയാൽ ഒരുവിധം അഴുക്കെല്ലാം അകറ്റാം. ഉള്ളിലെ ദുർഗന്ധമകറ്റാൻ ചെറുനാരങ്ങ നല്ലതാണ്. ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കിയതും വെള്ളവും ബോട്ടിലിടുക. അല്പനേരം വെച്ചശേഷം നന്നായി കുലുക്കിയശേഷം, കഴുകിയാൽ മതി.
വിചിത്രമായ ആകൃതികളിലുള്ള ചില ബോട്ടിലുകളുണ്ട്. അത് സാധാരണ ബ്രഷ് കൊണ്ട് കഴുകാൻ പറ്റില്ല. അങ്ങനെയുള്ളവ കഴുകുമ്പോൾ, അരി ഉപയോഗിക്കുന്നതാണ് നല്ലത്. ആദ്യം ബോട്ടിലിൽ വെള്ളമൊഴിക്കുക. പിന്നാലെ കഴുകാനുള്ള ലിക്വിഡും ഒരു ടേബിൾസ്പൂൺ അരിയുമിടുക. മൂടിയശേഷം, ബോട്ടിൽ നന്നായി കുലുക്കുക. കുറച്ചുനേരം വെച്ചശേഷം വീണ്ടും കുലുക്കണം. എന്നിട്ട് വെള്ളം പുറത്തേക്ക് കളയുക. ഇനി അല്പം ചൂടുവെള്ളമൊഴിച്ച് കഴുകാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deep clean plastic, glass, and steel water bottles weekly using vinegar and baking soda. Use lemon to eliminate stubborn bad odors from bottles. Utilize newspaper pieces and rice grains with liquid soap to clean hard-to-reach areas in uniquely shaped bottles.
Published: 23 Sept 2026, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented