“തൂക്കി ചുവന്ന കരങ്ങളോടെ...” വാഴ-2വിലെ ഈ ഗാനം സോഷ്യൽമീഡിയ ‘തൂക്കി’യിരിക്കുകയാണ്. നടനും ഗാനരചയിതാവുമായ ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം നൽകിയത് ആർക്കേഡോയാണ്. തമിഴ് ഗായിക മാളവിക സുന്ദറിന്റെ വേറിട്ട ശബ്ദം ഗാനത്തിന് പ്രത്യേക എനർജിയും താളവുമാണ് നൽകുന്നത്. ഒമ്പത് സംഗീതസംവിധായകർ ചേർന്നൊരുക്കിയ പത്ത് പാട്ടുകളാണ് വാഴ 2 ചിത്രത്തിലുള്ളത്. ഓരോ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെങ്കിലും, ഈ തെരഞ്ഞെടുപ്പ് കാലത്ത് റീലുകളിലും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞുനിന്നത് ഒരേയൊരു ഗാനമാണ്, 'തൂക്കി ചുവന്ന കരങ്ങളോടെ'... ഒരുപാട്ട് കൊണ്ട് മുഴുവൻ പ്രേക്ഷകരുടെയും ഹൃദയം 'തൂക്കി'യ ഗാനരചയിതാവ് ശബരീഷ് വർമ്മ ആ സന്തോഷം പങ്കുവയ്ക്കുന്നു.
“വെടിയുംപുകയുംപോലെ പെട്ടെന്ന് കഴിഞ്ഞിരുന്നു പാട്ടെഴുത്ത്. നാളെ സെൻസർ ചെയ്യാൻ കൊടുക്കേണ്ടതാണ്, ഇന്ന് തന്നെ പാട്ട് എഴുതിത്തരണമെന്ന് പറഞ്ഞാണ് വിളിയെത്തുന്നത്. ‘തൂക്കി ചുവന്ന കരങ്ങളോടെ’ എന്ന പാട്ടിന്റെ ഐഡിയ സംഗീതസംവിധായകന്റേതാണ്. Caught red handed, എന്നത് പതിനഞ്ചാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ ഉള്ള ഒരു സ്‌കോട്ടിഷ് പഴഞ്ചൊല്ലാണ്. എഴുതിത്തുടങ്ങാൻ ഈ ഒരു ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സീനുകളുടെ വിഷ്വലുകൾ അയച്ചുതരാൻ ആവശ്യപ്പെട്ടു. ഏത് കഥാപശ്ചാത്തലത്തിലാണ് പാട്ട് വരുന്നതെന്ന് അറിഞ്ഞപ്പോൾ രണ്ട് മൂന്ന് ആശയങ്ങൾ ഞാൻ അവരോട് പറഞ്ഞു. പിന്നീട് അര-മുക്കാൽ മണിക്കൂറിനുള്ളിൽ എഴുത്തും ബാക്കി പരിപാടികളും കഴിഞ്ഞിരുന്നു. പാട്ട് അയച്ചുകൊടുത്തപ്പോൾ വിപിൻദാസും സംവിധായകൻ സവിൻ സായുമൊക്കെ ഹാപ്പിയായിരുന്നു.

To advertise here,

എനിക്ക് പരിചയമുള്ളവരായതുകൊണ്ട് അവരുടെ പാട്ടുരുചികളെപ്പറ്റി അറിയാം. എനിക്ക് പരീക്ഷണങ്ങൾ നടത്താനുള്ള സ്‌പേസുണ്ട്. സാധാരണ പുതിയ ആശയങ്ങൾ നമ്മൾ പറയുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ മാറ്റാൻ പറയും. പക്ഷേ, ഇവിടെ വാഴ-2 ടീം പൂർണസ്വാതന്ത്ര്യത്തോടെ പാട്ട് ചിട്ടപ്പെടുത്താനുള്ള വേദിയാണ് ഒരുക്കിത്തന്നത്. ഞാൻ സ്ഥിരമായി എഴുതുന്നൊരാളല്ല, വളരെ സെലക്ടീവായിട്ടാണ് പാട്ടെഴുതാറ്. പ്രേമത്തിനുശേഷം കുറച്ചധികം പാട്ടുകൾ എഴുതിയിരുന്നു. ഗാനരചയിതാവ് എന്ന കരിയറായിരുന്നില്ല ഞാൻ ആഗ്രഹിച്ചത്. അഭിനയത്തിനൊപ്പം പാർട്ട് ടൈം ബിസിനസ് എന്നപോലെയാണ് പാട്ടെഴുത്ത് കൊണ്ടുപോകുന്നത്. അങ്ങനെ ചെയ്യുമ്പോൾ തൃപ്തികരമായ ഗാനങ്ങൾ ഉണ്ടാവണമെന്ന് നിർബന്ധമുണ്ട്.
‘നേര’ത്തിലെ പിസ്ത സുമകിറ, ‘പ്രേമ’ത്തിലെ സീൻ കോൺട്ര, ‘ജയ ജയ ജയ ജയഹേ’യിലെ പഞ്ച് ട്രിപ്പിൾ പഞ്ച്, ‘പടക്കള’ത്തിലെ വിസില് ബിഗില്, ‘പെറ്റ് ഡിറ്റക്ടീവി’ലെ തരളിത യാമം...തുടങ്ങിയ ഗാനങ്ങളൊക്കെ അത്തരം പരീക്ഷണങ്ങളിലൂടെ പിറന്നവയാണ്. എന്നുകരുതി എന്റെ എല്ലാ പാട്ടുകളും വലിയ റീച്ച് നേടി എന്നല്ല പറയുന്നത്. പക്ഷേ, വൈറലായ തൊണ്ണൂറ് ശതമാനം പാട്ടുകളും പരീക്ഷണങ്ങളായിരുന്നു. അതിന്റെ ഒരു സുഖമുണ്ട്.

ലളിതവും കേൾക്കാൻ രസവുമുള്ള വാക്കുകൾ വരുമ്പോൾ പാട്ടിന് പുതുമതോന്നും. തൂക്കി ചുവന്ന കരങ്ങളോടെ എന്ന പാട്ടിൽ ഇതെല്ലാം ഒത്തുചേർന്നുവരികയായിരുന്നു. എന്റെ സ്വഭാവം പ്രതിഫലിക്കുന്ന പാട്ടുകൾ ജനങ്ങൾക്കിടയിൽ സ്വീകരിക്കപ്പെട്ടു എന്നതിൽ സന്തോഷമുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് സോഷ്യൽമീഡിയയിൽ തൂക്കി ചുവന്ന കരങ്ങളോടെ എന്ന ഗാനത്തിന് വേറൊരു മാനം കണ്ടെത്തുകയായിരുന്നു. അതിനൊപ്പം എന്റെ പേരും ശ്രദ്ധിക്കപ്പെടുന്നു, ഈ ചെറിയ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളല്ലേ ഇതൊക്കെ.

നല്ല നേരം
ആലുവാപ്പുഴയുടെ ചുറ്റുവട്ടത്തുനിന്ന് ചെന്നൈയിൽ പഠിക്കാനെത്തിയ കുറച്ച് കൂട്ടുകാരുടെ സ്വപ്‌നമായിരുന്നു സിനിമ. ഒരേ വൈബുള്ള സുഹൃത്തുക്കളെയെല്ലാം ഒരുമിപ്പിച്ചുകൊണ്ട് അൽഫോൺസ് പുത്രൻ ഒരുക്കിയ ചിത്രമായിരുന്നു നേരം. അതിൽ ഞാൻ എഴുതി പാടിയ 'പിസ്ത സുമാ കിറാ സോ മാറി ജമാ കിറായ...' എന്ന പാട്ട് വൈറലാവുകയും ചെയ്തു. പിന്നീട് അൽഫോൺസിന്റെ പ്രേമത്തിലെ മലരേ, ആലുവാപ്പുഴ, സീൻ കോൺട്ര... തുടങ്ങി എല്ലാ പാട്ടുകളും ഹിറ്റായി. അഭിനയവും അവിടുന്നാണ് തുടങ്ങുന്നത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ, വാസന്തി, ഭീമന്റെ വഴി, ഉപചാരപൂർവം ഗുണ്ടജയൻ, ഗോൾഡ്, വെള്ളരി പട്ടണം, സുലൈഖ മൻസിൽ, കണ്ണൂർ സ്‌ക്വാഡ്, ടർബോ, പ്രാവിൻകൂട് ഷാപ്പ്, ജങ്കാർ, ധീരൻ, സാഹസം, പാതിരാത്രി, ഇൻസ്‌പെക്ഷൻ ബംഗ്ലാവ്, ഡർബി..തുടങ്ങിയ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചു.

അൽഫോൺസ് ചെന്നൈയിൽ ഡിജിറ്റൽ ഫിലിം മേക്കിങ്ങും ഞാൻ ഓഡിയോ എൻജിനീയറിങ്ങുമാണ് പഠിച്ചത്. സംഗീത സംവിധായകരായ മുജീബ് മജീദ്, രാജേഷ് മുരുകേശ്, സൗണ്ട് എൻജിനീയർ ശങ്കർ, എബിൻ, ഗോവിന്ദ് വസന്ത, ക്രിസ്റ്റി, വിപിൻ ലാൽ, കൈലാസ് മേനോൻ, അമിത് കൃഷ്ണൻ... തുടങ്ങി ധാരാളം സുഹൃത്തുക്കളെയും അവിടന്നാണ് കിട്ടിയത്. തൊബാമ സിനിമയുടെ സംവിധായകൻ മൊഹസിൻ കാസിം, ഷിയാസ്, ഷറഫുദ്ദീൻ... എല്ലാവരും ആലുവയിലുള്ളവരാണ്.
ആലുവ എംഇഎസ് കോളേജ് മാറമ്പള്ളിയിലാണ് അൽഫോൺസും ഞാനും കിച്ചുവും (കൃഷ്ണശങ്കർ) ഡിഗ്രി ചെയ്തത്. അൽഫോൺസ് ഞങ്ങളുടെ സീനിയറായിരുന്നു. എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയിൽ ഒരു പൊടിക്ക് എക്‌സ്ട്രാ ആക്ടീവായിരുന്നു ഞങ്ങൾ. 'നാടോടിക്കാറ്റി'ലെ സിഐഡി രാംദാസിനെപ്പോലെ ബികോം ഫസ്റ്റ് ക്ലാസാണ്. സിനിമ ചെയ്യാം എന്ന ഐഡിയ എന്റെ തലയിലേക്കിടുന്നത് അൽഫോൺസാണ്. അവസാനവർഷമായപ്പോൾ, നമുക്ക് ഒരു ഷോർട്ട് ഫിലിം ചെയ്താലോ എന്ന് അൽഫോൺസ് ചോദിച്ചു. അതിന്റെ എഴുത്തിനൊപ്പം നായകനായും ഞാൻ അഭിനയിച്ചു. അങ്ങനെയാണ് ഞങ്ങളുടെ സിനിമാപിടിത്തം തുടങ്ങിയത്.

വീണ്ടുമൊരു അൽഫോൺസ് ചിത്രം
നിവിനെ നായകനാക്കി അൽഫോൺസ് ഒരുക്കുന്ന സിനിമ പ്ലാനിലുണ്ട്. പക്ഷേ, എല്ലാവരും തിരക്കിലാണ്. അൽഫോൺസ് അഭിനയിക്കാനും തുടങ്ങിയല്ലോ. ചർച്ചകൾ നടക്കുന്നുണ്ട്. അധികം വൈകാതെ നടക്കുമെന്ന് കരുതുന്നു. ഷറഫ് ആദ്യമായി നിർമിച്ച ചിത്രം 'പെറ്റ് ഡിറ്റക്ടീവി'ലും ഞാൻ പാട്ടെഴുതിയിരുന്നു. സുഹൃത്തുക്കളുടെ സിനിമകൾ ചെയ്യാൻ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് കൂടുതലും ചെയ്തിട്ടുള്ളതും. അൽത്താഫ്, ജൂഡ് ആന്റണി ജോസഫ്, ഷിനോസ്, സജാസ്... മിക്കവരും സുഹൃത്തുക്കളാണ്. ചെറുപ്പംതൊട്ട് കൂടെ പഠിച്ചവരും നാട്ടുകാരും പാടത്ത് ക്രിക്കറ്റ് കളിച്ചവരും... അങ്ങനെയൊക്കെ കൂട്ടുകൂടിയവരാണ്. സിനിമയായിരുന്നു ഞങ്ങളുടെ പൊതുവിഷയം. സിനിമ സ്വപ്‌നംകണ്ടവരെല്ലാവരും സിനിമയിലെത്തി എന്നതാണ് സന്തോഷം. ആരെങ്കിലും വിട്ടുപോയിരുന്നെങ്കിൽ സങ്കടമായേനെ. അൽഫോൺസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ‘നേരം’ സിനിമ ചെയ്യുമ്പോൾ എല്ലാവരും കൂടെയുണ്ടാവണമെന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഉള്ള എല്ലാ സുഹൃത്തുക്കളെയും അൽഫോൺസ് കൂടെക്കൂട്ടി. പല നിർമാതാക്കളെയും അവൻ വേണ്ടെന്നുവെച്ചിട്ടുണ്ട്. കാരണം, അവരൊക്കെ ഞങ്ങളെ മാറ്റണമെന്നു പറഞ്ഞവരായിരുന്നു. ഒരുപണിയുമറിയാതെ തുടങ്ങിയതാണ്. ഇപ്പോൾ സിനിമയുടെ മുന്നിലും പിന്നിലുമായി എല്ലാവരും തുടരുന്നു…

 

പാട്ടെഴുത്തിലേക്ക്…
അഭിനയവും എഴുത്തുമായിരുന്നു ഇഷ്ടം, അന്നും ഇന്നും. അതിനുവേണ്ടി തന്നെയാണ് പഠിച്ചതും സിനിമയിലേക്ക് വന്നതും. കവിതകളൊക്കെ എഴുതുമെങ്കിലും സിനിമയിൽ പാട്ടെഴുതുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. 'നേര'ത്തിൽ 'പിസ്ത സുമാ കിറാ' എഴുതുമ്പോൾപ്പോലും അതേപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. പ്രേമത്തിലെ പാട്ടുകളെഴുതിയതിനുശേഷമാണ് അതിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഞാൻ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണ്. മലയാളത്തിലെ വൃത്തം, അലങ്കാരം തുടങ്ങി ഭാഷയെപ്പറ്റി കൂടുതലൊന്നും ഞാൻ പഠിച്ചിട്ടില്ല. പക്ഷേ, ചെറുപ്പത്തിലേ കുഞ്ഞ് കവിതകളെഴുതും. പ്രേമം ചെയ്യുമ്പോൾ അൽഫോൺസ് പറഞ്ഞത് 'പവിഴംപോൽ പവിഴാധരംപോൽ' എന്ന പാട്ടിലെ വരികൾപോലെ, ഭംഗിയുള്ള വാക്കുകൾ വേണമെന്നാണ്. അങ്ങനെയാണ് 'മലരേ' എന്ന ഗാനം എഴുതുന്നത്. വേറെ ഒരാളെപ്പോലെ ഞാൻ അത് എഴുതുകയായിരുന്നു. കാരണം എന്റെ ഒറിജിനാലിറ്റി, 'അവൾ വേണ്ട്ര ഇവൾ വേണ്ട്ര' എന്ന ടൈപ്പ് പാട്ടുകളെഴുതുന്നതാണ്.

'കണ്ണ് ചുവക്കണ്...' എന്ന പാട്ടുപോലെ 'റോ' ആയിട്ട് പറയുന്നതാണ് എനിക്കിഷ്ടം. സ്വതസ്സിദ്ധമായി അങ്ങനെയാണ് വരുന്നത്. ഇപ്പോൾപിന്നെ എഴുതിയെഴുതി ഏതുതരവും എഴുതാമെന്ന ആത്മവിശ്വാസം വന്നു. 'പടക്കള'ത്തിലെ 'വിസില് ബിഗില്' എന്ന പാട്ട് എഴുതാനിരിക്കെ അതിന്റെ സംവിധായകനും നിർമാതാവ് വിജയ് ബാബുവും പിസ്തപോലത്തെ പാട്ടാണ് റെഫറൻസായി തന്നത്. ആദ്യകേൾവിയിൽ പ്രത്യേകിച്ചൊന്നും തോന്നില്ലെങ്കിലും ഈ പാട്ടുകൾക്കെല്ലാം അർഥമുണ്ട്.

പിസ്ത പാട്ട് എഡിറ്റിങ് ടേബിളിൽ ഉണ്ടായതാണ്. സിനിമയിലെ ആ ഭാഗം നാക്കുമുക്ക പാട്ട് വെച്ചാണ് അൽഫോൺസ് എഡിറ്റ് ചെയ്തത്. എന്നിട്ട് ഇതുപോലെ നല്ല ഗ്രിപ്പുള്ള പാട്ട് വേണമെന്ന് പറഞ്ഞു. ''നീ ജഗതിച്ചേട്ടന്റെ പാട്ട് പാടാറില്ലേ. അത് ഇതിലേക്ക് ചേരുമോ'' എന്ന് അൽഫോൺസ് ചോദിച്ചു. അങ്ങനെയാണ് 1983-ൽ റിലീസായ കിന്നാരം സിനിമയിൽ ജഗതിച്ചേട്ടൻ പാടിയ ആ വരികൾക്കൊപ്പം കുറച്ച് വരികൾകൂടി എഴുതിച്ചേർത്ത് പിസ്ത പൂർത്തിയാക്കിയത്. 'സീൻ കോൺട്ര' രണ്ടുവർഷം എന്റെ പെട്ടിക്കകത്ത് ഇരുന്ന പാട്ടായിരുന്നു. അന്നത് എഴുതുമ്പോൾ അയ്യേ ഇത് പഴഞ്ചനായല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. അതും 'കലിപ്പ്' പാട്ടുമൊന്നും സിനിമയ്ക്കുവേണ്ടി എഴുതിയതല്ല.
'ആലുവാപ്പുഴയുടെ തീരത്ത്' ആണ് പ്രേമത്തിനുവേണ്ടി ആദ്യമായി എഴുതിയത്. അതും അൽഫോൺസിന്റെ നിർദേശമായിരുന്നു, പ്രേമലേഖനത്തിലെ ഉള്ളടക്കം പാട്ടിൽ വരണമെന്നത്. ഈ സിനിമകളുടെയൊക്കെ തുടക്കംമുതൽ ഞാനും സഞ്ചരിക്കുന്നതുകൊണ്ട് എഴുത്ത് കൂടുതൽ എളുപ്പമായിരുന്നു. 'ജയ ജയ ജയ ജയഹേ'യിലെ 'പഞ്ച് ട്രിപിൾ പഞ്ച്' എഴുതാനിരിക്കുമ്പോൾ, വരികളുടെ ഭംഗിയല്ല താളത്തിന്റെ ചടുലതയാണ് വേണ്ടതെന്നാണ് സംവിധായകൻ വിപിൻദാസ് പറഞ്ഞത്. പണ്ട് കണ്ട വിജയശാന്തിയുടെ ആക്ഷൻസിനിമകളുടെ സ്വാധീനത്തിലാണ് ആ പാട്ടിൽ 'പോരാട്ടമെന്നാൽ അല്ല ഗാന്ധി അടിമുടി ഇവൾ വിജയശാന്തി' എന്ന വരിയെഴുതിയത്. ധീരന്റെ തീം സോങ്ങും പത്തുമിനിറ്റുകൊണ്ട് എഴുതാൻപറ്റി.
എഴുതിയ മിക്ക പാട്ടുകളും ഞാൻ തന്നെയാണ് പാടിയത്. മറ്റ് സിനിമകളിൽ പാടിയത് കുറവാണ്. 'ഭരതനാട്യം' സിനിമയിൽ ഞാനും അജുവും ചേർന്ന് ഒരു പാട്ട് പാടിയിട്ടുണ്ട്. പലപ്പോഴും എഴുതിവരുമ്പോൾത്തന്നെ എനിക്കും സംവിധായകർക്കും മനസ്സിലാകും, ഇത് എനിക്ക് പാടാൻ പറ്റിയ പാട്ടാണെന്ന്. എന്നോട് ചേർന്നുനിൽക്കുന്ന പാട്ടുകൾക്കൊക്കെ എന്നെ വിളിക്കാറുണ്ട്.

പുതുകാലം പുതുതാളം
ഓരോ സംഗീതജ്ഞനും ഐഡന്റിറ്റിയുണ്ട്. വിനായക് ശശികുമാർ, സുഹൈൽ, വൈശാഖ് സുഗുണൻ, മുഹസിൻ, സന്തോഷ് വർമ, അൻവർ അലി, റഫീക്ക് അഹമ്മദ്...ദാ കൈതപ്രം 'മിന്നൽവള'യുമായി തിരിച്ചെത്തി. അങ്ങനെ സിനിമാഗാനമേഖല വളരെ സമ്പന്നമായ കാലഘട്ടത്തിലാണ് നിൽക്കുന്നത്. എഴുത്തുതന്നെയാണ് എല്ലാവരെയും വ്യത്യസ്തരാക്കുന്നത്. എന്റെ അച്ഛൻ എഴുത്തുകാരനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ എഴുത്തുരീതിയോ പദസമ്പത്തോ അല്ല എനിക്ക്. എല്ലാ സംഗീതജ്ഞർക്കും കൃത്യമായ പ്ലേസ്മെന്റ് ഇന്ന് കിട്ടുന്നുണ്ട്. പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്ന ഫിലിം മേക്കേഴ്സുമുണ്ട്. ആവർത്തന വിരസത വരരുത് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉണ്ടായിട്ടുണ്ട്.
ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ മറ്റൊരു സിനിമയിലെ പാട്ടെഴുതേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാറുണ്ട്. കാരണം അഭിനയിക്കുമ്പോൾ ഞാൻ ആ കഥയ്ക്കുള്ളിലാണ്, കഥാപാത്രത്തിനുള്ളിലാണ്. ആ സിനിമയ്ക്കു വേണ്ടി എളുപ്പത്തിൽ പാട്ടെഴുതാൻ സാധിക്കും. പക്ഷേ, മറ്റൊരു സിനിമയുടെ കഥയും കഥാപാത്രങ്ങളും മനസ്സിലാക്കി എഴുതുന്നത്...അതൊരു ശല്യമായിട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത്. ചിലപ്പോൾ അതെന്റെ പോരായ്മയാകാം. കാരണം ക്രിയേറ്റീവ് സ്പേസിൽ നമുക്ക് പെട്ടെന്ന് സ്വിച്ച് ചെയ്യാൻ പറ്റണം. ചില സംവിധായകർ ആശയം വ്യക്തമാക്കില്ല. അപ്പോൾ എഴുതാൻ പാടാകും. അതാണ് ഏറ്റവും വലിയ വെല്ലുവിളി. മിക്ക ഗാനരചയിതാക്കളോട് ചോദിച്ചാലും സമാനമായ വെല്ലുവിളികളുടെ കഥ പറയാനുണ്ടാവും. പാട്ടെഴുത്ത് നമ്മുടെ ബാധ്യതയായിമാറും. അങ്ങനെയാണ് എനിക്കും പറ്റിയത്. മൂന്നാല് പ്രാവശ്യം എഴുതിയിട്ടും ഇതല്ല വേണ്ടത് എന്നുപറയുമ്പോൾ ഇനിയെന്തെഴുതും എന്ന ആശയക്കുഴപ്പത്തിലാകും. അതുകൊണ്ട് എഴുത്ത് ഞാനങ്ങ് കുറച്ചു.

അഭിനയവഴിയേ…
കൊറോണ കഴിഞ്ഞപ്പോൾ വലിയൊരു മാറ്റം വന്നു. പല തിരിച്ചറിവുകളുമുണ്ടായി. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻതുടങ്ങി. ആ സമയത്ത് കുറച്ച് നല്ല സിനിമകളും വന്നു. 'കണ്ണൂർ സ്‌ക്വാഡും' 'ടർബോ'യുമൊക്കെ. ടർബോ ചെയ്യുമ്പോൾ രാജ് ബി.ഷെട്ടി പറഞ്ഞൊരു കാര്യമുണ്ട്, ഇങ്ങനെയുള്ള പടങ്ങൾക്കാണ് കൂടുതൽ റീച്ച് കിട്ടുന്നതെന്ന്. സിനിമ കൂടുതൽ ആളുകളിലേക്കെത്തുമെന്ന്. അത് സത്യമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. എന്റെ കരിയറിൽ 'പ്രേമ'ത്തിനുശേഷം ബ്രേക്ക് നൽകിയത് 'കണ്ണൂർ സ്‌ക്വാഡ്' ആണ്. അവിടംതൊട്ടാണ് അഭിനയത്തെ ഗൗരവമായി സമീപിക്കുന്നത്. ശരിക്കും കണ്ണൂർ സ്‌ക്വാഡിനുമുൻപും ശേഷവും ജീവിതം മാറിയിട്ടുണ്ട്. എന്നിൽ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്.
ആ സിനിമകളിൽ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുമ്പോൾ സന്തോഷമായിരുന്നു. സിനിമയ്ക്ക് ആരെയുംവേണ്ട, നമുക്കാണ് സിനിമയെവേണ്ടത് എന്ന അദ്ദേഹത്തിന്റെ വാക്കുകളോട് നൂറുശതമാനവും നീതിപുലർത്തുന്നയാളാണ് അദ്ദേഹം. വലിയ പോരാളി. എത്ര പ്രാവശ്യം വീണിട്ടും, തലമുറകൾ മാറിയിട്ടും അദ്ദേഹം തീവ്രമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയല്ലേ. വൈകാരികമായ സീനുകളൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട്. കാരണം സ്‌ക്രീനിൽ മമ്മൂക്കയുടെ തൊണ്ടയിടറിയാൽ നമുക്കും സങ്കടംവരുമല്ലോ. അത് ഫീൽ ചെയ്തുതന്നെ അഭിനയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
സിനിമ സ്വപ്‌നംകണ്ട് തുടങ്ങിവെച്ചതാണ് ഇതെല്ലാം. മുന്നോട്ടും സിനിമയിൽത്തന്നെ തുടരണമെന്നാണ് ആഗ്രഹം. ഇന്ന ആളുകൾക്കൊപ്പമോ സംവിധായകർക്കൊപ്പമോ എന്നില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണം. അത് ആര് കൊണ്ടുത്തന്നാലും സ്വീകരിക്കും. ജനങ്ങൾ സ്വീകരിക്കുന്ന, അവരുടെ ഉള്ളിൽ പതിയുന്ന കഥാപാത്രങ്ങൾ ചെയ്യുക. എന്നെ എന്റർടെയിൻ ചെയ്ത ആർട്ടിസ്റ്റുകളെപ്പോലെ ഒരുദിവസം എനിക്കും പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ കഴിയണം. ആളുകളെ ചിരിപ്പിക്കാൻ വലിയ ഇഷ്ടമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾക്കാണ് കൂടുതൽ റീച്ച് കിട്ടുന്നത്. ചിരിപ്പിക്കുന്നവരെയും ചൊറിയുന്നവരെയും ആളുകൾ ഒരിക്കലും മറക്കില്ല. 'കിരീട'ത്തിലെ കീരിക്കാടൻ ജോസിനെ ആരും മറക്കില്ലല്ലോ, അതുപോലെ. മരണംവരെ പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രമായി ജീവിക്കണം. ഏത് ഭാഷയിൽനിന്ന് വിളിച്ചാലും ഞാൻ അഭിനയിക്കും. ഒപ്പം പതിയെ സ്റ്റേജ് പ്രോഗ്രാം ചെയ്യണം. എന്റെ പാട്ടുകൾ കോർത്തിണക്കി ഷോ ഡിസൈൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തിരക്കഥയെഴുത്താണ് ആദ്യം സ്വപ്‌നംകണ്ടത്. അതിലേക്കും കടക്കണം. അന്ന് കോവിഡ് കാലത്ത് വീട്ടിലടച്ചിരുന്നപ്പോൾ വലിയ സാമ്പത്തിക പ്രശ്‌നമില്ലായിരുന്നു. പക്ഷേ, മുന്നിൽ വീണ്ടും ഇതുപോലൊരു സാഹചര്യം വന്നാൽ സാമ്പത്തികസ്ഥിതിയെയും കരിയറിനെയും ബാധിക്കാം എന്ന തിരിച്ചറിവ് വന്നു. കൈയിൽ നാലാളുകൾ അറിയുന്ന സിനിമാപ്രവർത്തനമുണ്ട്. മിനിമം അതിൽതന്നെ തങ്ങിനിൽക്കുക, അതിനുമുകളിൽ കരിയർ കൊണ്ടുപോകുക എന്നൊക്കെ ചിന്തിച്ചിരുന്നു. അതിനോട് നീതിപുലർത്താൻ ശ്രമിക്കുന്നുണ്ട്. കുറച്ചുകൂടി പരിശ്രമിക്കണമെന്നാണ് ഇപ്പോൾ സംസാരിക്കുമ്പോൾപ്പോലും തോന്നുന്നത്. മാക്സിമത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. മാക്സിമം ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം. എഴുത്തിലും പാട്ടിലും അഭിനയത്തിലും പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi