തമിഴ് സിനിമയിൽ രജനീകാന്തിന്റെ പേര് തെളിയുമ്പോൾ ആവേശം ഇരട്ടിയാക്കുന്ന സംഗീതമുണ്ട്. ആ മാസ് സംഗീതത്തിന് പിന്നിലെ ശ്രദ്ധേയനായ സംഗീതസംവിധായകനായിരുന്നു ദേവ. ചെന്നൈയിലെ തെരുവുകളിൽ സാധാരണക്കാരുടെ ജീവിതത്തോടൊപ്പം വളർന്ന ജനകീയ സംഗീതശൈലിയായ ഗാണായുടെ തനതായ താളവും ആലാപനശൈലിയും തമിഴ് സിനിമാഗാനങ്ങളിലേക്ക് എത്തിച്ചാണ് ദേവ ശ്രദ്ധേയനായത്. 'തേൻഇസൈ തെൻട്രൽ' എന്ന വിശേഷണത്തിൽ അറിയപ്പെട്ട ദേവയുടെ സംഗീതം പതിറ്റാണ്ടുകളോളം ആസ്വാദകരെ ആവേശംകൊള്ളിച്ചു.

ദേവയുടെ വിയോഗവാർത്ത തമിഴ് സിനിമാലോകത്തെയും സംഗീതപ്രേമികളെയും ഒരുപോലെയാണ് ദുഃഖത്തിലാഴ്ത്തിയത്. സൺ ന്യൂസിനോട് സംസാരിച്ച ഡോക്ടറുടെ വിശദീകരണമനുസരിച്ച്, ഹൃദയാഘാതത്തെത്തുടർന്ന് പൾസ് ഇല്ലാത്ത നിലയിലാണ് അദ്ദേഹത്തെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ എത്തിച്ചത്. സി.പി.ആർ., ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ ഒന്നര മണിക്കൂറോളം നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400-ലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ദേവയുടെ കരിയർ നിരവധി പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്നതാണ്. സിനിമയിലെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പം അവസാനിച്ചിരുന്നില്ല. അടുത്തിടെ 'മീസയ മുറുക്ക് 2' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംഗീതസംവിധായകൻ ഹിപ്‌ഹോപ് തമിഴ ആദിയെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ച ദേവ, പുതിയ തലമുറയിലെ കലാകാരന്മാരുമായും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

'ബാഷ' മുതൽ 'പടയപ്പ' വരെ; രജനീകാന്തിനൊപ്പം പിറന്ന സംഗീതവിസ്മയം
രജനീകാന്ത് എന്ന താരത്തിന്റെ സ്‌ക്രീൻ സാന്നിധ്യത്തിന് ആവേശം പകരുന്നതിൽ ദേവയുടെ സംഗീതത്തിനും വലിയ പങ്കുണ്ട്. 'അണ്ണാമലൈ', 'ബാഷ', 'മുത്തു', 'പടയപ്പ' തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർതാരത്തിന്റെ താരപ്രഭയ്ക്ക് സംഗീതത്തിന്റെ കരുത്തുകൂടി നൽകി അദ്ദേഹം. പ്രത്യേകിച്ച് 'ബാഷ'യിലെ പശ്ചാത്തലസംഗീതം ഇന്നും രജനീകാന്ത് ആരാധകരെ ആവേശംകൊള്ളിക്കുന്ന ഒന്നാണ്.

രജനീകാന്തിന്റെ മാസ് ഇമേജിനൊപ്പം ചേർന്നുനിൽക്കുന്ന ആ സംഗീതത്തിന്റെ സ്വാധീനം കാലം പിന്നിട്ടിട്ടും കുറഞ്ഞിരുന്നില്ല. 'ജയിലർ 2'യുമായി ബന്ധപ്പെട്ട് 'ബാഷ' തീം വീണ്ടും ശ്രദ്ധയിലെത്തിയതും ഈ സംഗീതത്തിന്റെ ജനപ്രീതി ഓർമിപ്പിക്കുന്നു. ഒരു കഥാപാത്രത്തിന്റെ വരവിനെ ആഘോഷമാക്കി മാറ്റാൻ പശ്ചാത്തലസംഗീതത്തിന് കഴിയുമെന്ന് തെളിയിച്ച ഈണങ്ങളിൽ ദേവയുടേതിന് സവിശേഷ സ്ഥാനമുണ്ട്.

സൂപ്പർതാര ചിത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സംഗീതലോകം. 'ആസൈ', 'കാതൽ കോട്ടൈ', 'നാട്ടാമൈ', 'നേരുക്ക് നേർ' തുടങ്ങിയ ചിത്രങ്ങളിലൂടെയും ദേവ ശ്രദ്ധേയമായ ഗാനങ്ങൾ സമ്മാനിച്ചു. പ്രണയവും വിരഹവും ആഘോഷവും ഗ്രാമീണജീവിതത്തിന്റെ താളവുമെല്ലാം അദ്ദേഹത്തിന്റെ ഈണങ്ങളിൽ ഇടംനേടിയിരുന്നു.

ദേവയുടെ സംഗീതത്തെ വ്യത്യസ്തമാക്കിയത് ചെന്നൈയുടെ തനതായ ഗാണാ സംഗീതത്തോടുള്ള അടുപ്പമായിരുന്നു. നഗരത്തിലെ തെരുവുകളിലും സാധാരണക്കാരുടെ ജീവിതത്തിലും വേരുകളുള്ള ഈ സംഗീതശൈലിയെ സിനിമയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അക്കാലത്ത് ഇളയരാജയും എ.ആർ. റഹ്‌മാനും തമിഴ് സിനിമാസംഗീതത്തിൽ ശക്തമായ സാന്നിധ്യമായിരുന്നപ്പോൾ, ഗാണയുടെ താളവും ചടുലതയും സിനിമാഗാനങ്ങളിൽ ചേർത്തുകൊണ്ട് ദേവ വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു.

'വാ വാ വസന്തമേ', 'വെള്ളരിക്ക പിഞ്ചു വെള്ളരിക്ക', 'കവലൈപ്പെടാതെ സഹോദരാ', 'കാത്തടിക്കുത് കാത്തടിക്കുത്' തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഗീതശൈലിയുടെ അടയാളങ്ങളാണ്. ലളിതമായ വരികളും പെട്ടെന്ന് മനസ്സിൽ പതിയുന്ന ഈണങ്ങളും താളപ്രധാനമായ സംഗീതവും ചേർന്നപ്പോൾ അവ ജനപ്രിയ ഗാനങ്ങളായി മാറുകയായിരുന്നു.

ഗാണാ സംഗീതം തന്റെ കൈയൊപ്പായി മാറിയതിൽ ദേവ അഭിമാനം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഗാണയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സംഗീതബോധം. മെലഡിക്കും തുല്യപ്രാധാന്യം നൽകിയ അദ്ദേഹം, വ്യത്യസ്ത സംഗീതശൈലികളെ സിനിമയുടെ ആവശ്യത്തിനനുസരിച്ച് സമന്വയിപ്പിച്ചു. തെരുവുകളുടെ താളത്തെ സിനിമയുടെ സംഗീതഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതായിരുന്നു ദേവയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്.

സിനിമകൾക്കായി ഒരുക്കിയ ഗാനങ്ങളുടെ എണ്ണത്തിലോ ഹിറ്റുകളുടെ പട്ടികയിലോ മാത്രം ഒതുക്കാനാവില്ല ദേവയുടെ സംഭാവന. നഗരത്തിന്റെ ജനകീയ സംഗീതപാരമ്പര്യമായ ഗാണയെ കൂടുതൽ വലിയൊരു ആസ്വാദകവൃന്ദത്തിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന സംഗീതത്തിനും സിനിമയിൽ വലിയ ഇടമുണ്ടെന്ന് അദ്ദേഹത്തിന്റെ ഗാനങ്ങൾ തെളിയിച്ചു.

കാലം മാറിയാലും ചില ഈണങ്ങൾ ഓർമകളിൽനിന്ന് മായില്ല. രജനീകാന്തിന്റെ വരവിനെ ആഘോഷമാക്കുന്ന പശ്ചാത്തലസംഗീതമായും പ്രണയത്തിന്റെ മധുരമായി മാറിയ ഗാനങ്ങളായും ചെന്നൈയുടെ തെരുവുതാളങ്ങളായും ദേവയുടെ സംഗീതം ആസ്വാദകരോടൊപ്പം തുടരും. തമിഴ് സിനിമയിൽ ഗാണയ്ക്ക് പുതിയൊരു വാതിൽ തുറന്ന സംഗീതസംവിധായകൻ എന്ന നിലയിൽ, ദേവയുടെ പേര് ആ സംഗീതചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi