2025-ൽ ഇൻസ്റ്റഗ്രാം റീലുകളിലൂടെയും മറ്റും ആളുകളുടെ മനസ്സിലേക്ക് കയറിയ കുറേ പാട്ടുകളുണ്ട്. ഭാഷയോ വരികളോ ഒന്നുമറിയാതെയാണ് പല പാട്ടുകളും അവർ നെഞ്ചോടുചേർത്തത്. ആ പാട്ടുകളുടെ ഭാവത്തെക്കുറിച്ചും വലിയ പിടിയില്ല. പക്ഷേ ഇതൊന്നും ആളുകൾക്ക് പ്രിയങ്കരമാകാൻ തടസ്സമായില്ല.

To advertise here,

വർഷമാദ്യം കടന്നുവന്നതൊരു തായ് പാട്ടാണ്. 'അനൻ താ പഡ് ചായേ, അപഡ് തി തീ തേനാ' എന്നാണ് യഥാർഥവരികൾ. പെട്ടെന്നാണ് ഈ പാട്ടിന് ലോകം മുഴുവൻ പ്രശസ്തി ലഭിക്കുന്നത്. യൂട്യൂബിലൂടെയും സ്‌പോട്ടിഫൈയിലൂടെയും ഇത് ജനഹൃദയം കീഴടക്കി. പക്ഷേ ഇന്ത്യയിലെത്തിയപ്പോഴേക്കും ആ വരികൾക്കെല്ലാം വ്യത്യാസം വന്നു. 'അന്നാന പാത്തിയ, അപ്പാത്ത കേട്ടിയ' എന്നായി വരികൾ. അധികം വൈകാതെ റീലുകൾ കീഴടക്കി ഈ തായ് ഗാനം.
 

അടുത്തത് 'ഡേമിയൻ ഗിർ'-ന്റെ കാലമായിരുന്നു. ജൂണിലാണിത് ആളുകളിലേക്കെത്തിയത്. ഈ പാട്ട് സോഷ്യൽമീഡിയയിൽ വമ്പൻ ചലനമാണ് സൃഷ്ടിച്ചത്. ടിക്ടോക് ഉപയോക്താക്കൾ ഇതുവെച്ച് റീലുകൾ ഉണ്ടാക്കിത്തുടങ്ങി. അധികം വൈകാതെ സ്ട്രീമിങ് ചാർട്ടുകളിലിടം പിടിക്കുകയും ചെയ്തു.


യൂണിവേഴ്‌സൽ മ്യൂസിക് റൊമാനിയയും ക്രിയേറ്റർ റെക്കോർഡ്‌സും ഒരുമിച്ച് പുറത്തിറക്കിയതാണ് ഈ ഗാനം. റൊമാനിയൻ ഗായികയായ കേറ്റ് ലിന്നും ഫാൻടോമലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

'ധുരന്ധറി'ലെ അറബിക് ഗാനമായ 'FA9LA'യും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിൽ അക്ഷയ് ഖന്നയുടെ ഇൻട്രൊഡക്ഷൻ സീനാണ് ഈ അറബിക് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചത്. അക്ഷയ് ഖന്നയുടെ ചുവടുകൾക്കും ഏറെ പ്രശംസ ലഭിച്ചു. അർത്ഥം അറിയാതെയും ആളുകൾ ഈ പാട്ട് ആസ്വദിച്ചു,  ആസ്വദിച്ചുകൊണ്ടിരിക്കുന്നു.


ഇപ്പോഴും ഈ പാട്ടിൽ റീലുകൾ ഇറങ്ങുന്നു. ഗൾഫ് ആസ്ഥാനമായുള്ള ഹിപ്-ഹോപ്പ് ആർട്ടിസ്റ്റ് ഫ്ളിപ്പറാച്ചിയാണ് ആലപിച്ചിരിക്കുന്നത്. 2024-ൽ പുറത്തിറങ്ങിയ ഈ ഗാനം, 'ധുരന്ധറി'ൽ ഉൾപ്പെടുത്തിയതോടെ ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
 

വർഷാവസാനമെത്തിയ 'കുട്ടു മ കുട്ടു'വും സോഷ്യൽ മീഡിയയെ കീഴടക്കുകയാണ്. 2017-ൽ പുറത്തിറങ്ങിയ നേപ്പാളി സിനിമയിലെ ഗാനമാണിത്. അതേവർഷം തന്നെ 100 മില്യൺ വ്യൂസ് നേടിയ ആദ്യ നേപ്പാളീസ് യൂട്യൂബ് വീഡിയോ ആയി ഇതുമാറി. ഇപ്പോൾ 200 മില്യണിലേറെ വ്യൂസാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi