സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ഗ്രീസിൽ വെച്ച് നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലാണ് ഇരുവരും ഒന്നായത്. വിവാഹത്തിന് പിന്നാലെ ആഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അനിരുദ്ധ് തന്നെ സംഗീതം നൽകിയ 'വേട്ടയ്യൻ' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ 'മനസ്സിലായോ'യ്ക്ക് സൂപ്പർസ്റ്റാർ രജനികാന്ത് ചുവടുവെക്കുന്ന വീഡിയോയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. തലൈവരുടെ തകർപ്പൻ ഡാൻസിന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന നവദമ്പതികളെയും വീഡിയോയിൽ കാണാം.
Also Read
നവംബർ 10, 11 തീയതികളിലായിരുന്നു ഗ്രീസിലെ വിവാഹ ആഘോഷങ്ങൾ. "എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം, ഇനിയുള്ള കാലത്തേക്ക് എന്ന ഹൃദ്യമായ കുറിപ്പോടെ അനിരുദ്ധ് തന്നെയാണ് വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
വിവാഹദിനത്തിൽ പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഇരുവരും തിളങ്ങിയത്. ഐവറി നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു അനിരുദ്ധിന്റെ വേഷം. ഇതിനൊപ്പം മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള നീളൻ ജാക്കറ്റും അദ്ദേഹം അണിഞ്ഞിരുന്നു.
ബ്ലഷ്-പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു കാവ്യ മാരന്റേത്. സൂക്ഷ്മമായ എംബ്രോയ്ഡറി, സീക്വിൻ വർക്കുകൾ നിറഞ്ഞ ലെഹങ്കയ്ക്ക് ഇണങ്ങുന്ന ബ്ലൗസും, സ്റ്റേറ്റ്‌മെന്റ് ചോക്കറും കമ്മലുകളുമാണ് കാവ്യ അണിഞ്ഞത്. രജനികാന്തും കുടുംബവും, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബവും വിവാഹത്തിൽ പങ്കെടുക്കാൻ ഗ്രീസിലേക്ക് തിരിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വിവാഹത്തിന് പിന്നാലെ നവംബർ 21-ന് ചെന്നൈയിൽ വെച്ച് ഗംഭീരമായ വിവാഹ സൽക്കാരം ഒരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽ കണ്ട് ക്ഷണിച്ചതോടെയാണ് റിസപ്ഷൻ തീയതി ഔദ്യോഗികമായി പുറത്തുവന്നത്. രാഷ്ട്രീയ, സിനിമ, കായിക രംഗങ്ങളിലെ പ്രമുഖരുടെ വലിയൊരു നിര തന്നെ ചെന്നൈയിലെ വിരുന്നിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയ ദേശീയ നേതാക്കൾ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. ഇവർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സിനിമാ ലോകത്തുനിന്ന് രജനികാന്ത്, കമൽഹാസൻ, എ.ആർ. റഹ്മാൻ, ധനുഷ്, അജിത് കുമാറും ഭാര്യ ശാലിനിയും, അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും, ശിവകാർത്തികേയനും ഭാര്യ ആരതിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. സംവിധായകൻ നെൽസൺ ദിലീപ്കുമാർ, ആൻഡ്രിയ ജെറമിയ, പ്രസന്ന, മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂട് എന്നിവർക്കും ക്ഷണമുണ്ട്. കൂടാതെ, സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള കാവ്യയുടെ ബന്ധം മുൻനിർത്തി അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങി ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങളും വിരുന്നിനെത്തുമെന്നാണ് സൂചന.
'വൈ ദിസ് കൊലവെറി ഡി' എന്ന ഒറ്റ ഗാനത്തിലൂടെ തരംഗമായി മാറിയ അനിരുദ്ധ്, ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകനാണ്. രജനികാന്തിന്റെ 'ജയിലർ 2' ആണ് അനിരുദ്ധിന്റെ ഏറ്റവും പുതിയ പ്രോജക്ട്. യുകെയിലെ വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ കാവ്യ മാരൻ, 2019-ലാണ് സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ കൂടിയാണ് കാവ്യ.
2025-ൽ റെഡ്ഡിറ്റിലൂടെയാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ ആദ്യം പ്രചരിച്ചത്. എന്നാൽ അന്ന് "വിവാഹമോ? അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കൂ" എന്ന് പറഞ്ഞ് അനിരുദ്ധ് വാർത്തകൾ തള്ളിക്കളഞ്ഞിരുന്നു. ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര ഒരു അഭിമുഖത്തിൽ അനിരുദ്ധിന്റെ വിവാഹം ഉടൻ നടക്കുമെന്ന് സൂചിപ്പിച്ചതോടെ ആരാധകർ ആകാംക്ഷയിലായിരുന്നു. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടാണ് ഇപ്പോൾ ഇരുവരും ഒന്നായിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Music director Anirudh Ravichander and SRH co-owner Kavya Maran got married in a destination wedding in Greece., Superstar Rajinikanth danced to the 'Manasilaayo' song at the wedding celebrations, which went viral., A grand wedding reception is scheduled for November 21 in Chennai, attended by prominent political, cinema, and sports figures.
Published: 12 Nov 2026, 01:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented