ബോളിവുഡ് നടി സോനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും വർഷങ്ങളോളം പ്രണയം രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിലും, അത് ആദ്യം തന്നെ തിരിച്ചറിഞ്ഞത് നടൻ സൽമാൻ ഖാൻ ആയിരുന്നുവെന്ന് സോനാക്ഷി വെളിപ്പെടുത്തി. നേഹ ധൂപിയയും അങ്കദ് ബേദിയും അവതരിപ്പിക്കുന്ന 'Double Date' എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോഴാണ് ഇരുവരും ഈ രസകരമായ അനുഭവം പങ്കുവെച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് പറയുന്നതിന് മുമ്പേ സൽമാൻ എല്ലാം മനസ്സിലാക്കിയിരുന്നുവെന്നാണ് സഹീർ ഇഖ്ബാൽ പറഞ്ഞത്. 
“ഞങ്ങൾ പറയുന്നതിന് മുമ്പേ തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായിരുന്നു,” സഹീർ പറഞ്ഞു.

സൽമാൻ പലതവണ ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴും, 'അങ്ങനെ ഒന്നുമില്ല' എന്നായിരുന്നു ഇരുവരുടെയും മറുപടി. എന്നാൽ ആ വിശദീകരണം സൽമാനെ വിശ്വസിപ്പിച്ചില്ലെന്ന് സോനാക്ഷി പറയുന്നു.

“ഞങ്ങൾക്കിടയിലെ കെമിസ്ട്രി അദ്ദേഹം വ്യക്തമായി കണ്ടിരുന്നു. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു, 'ഒരു ദിവസം നിങ്ങൾ രണ്ടുപേരും ബ്രേക്ക്അപ്പ് ചെയ്യും. അപ്പോൾ നീ ഇവിടെ വന്ന് കരയും, അവൻ അവിടെ വന്ന് കരയും. നിങ്ങളെ രണ്ടുപേരെയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. അതുകൊണ്ട് ആരുടെയും പക്ഷം പിടിക്കാൻ എനിക്ക് താൽപര്യമില്ല.' ആ വാക്കുകൾ കേട്ട് ഞങ്ങൾ അമ്പരന്നു. ഞങ്ങളുടെ ബന്ധം അദ്ദേഹം പൂർണമായും മനസ്സിലാക്കിയിരുന്നു,” സോനാക്ഷി പറഞ്ഞു.

ഒരു ട്രെക്കിങ് യാത്രയ്ക്കിടെയാണ് സൽമാൻ അവരുടെ പ്രണയത്തെക്കുറിച്ച് നേരിട്ട് സൂചിപ്പിച്ചതെന്നും സോനാക്ഷി ഓർത്തെടുത്തു. സഹീറിനെ നോക്കി സൽമാൻ വെറും മൂന്ന് വാക്കുകൾ മാത്രമാണ് പറഞ്ഞത് 'ദിഖ് രഹാ ഹൈ സബ്' (എല്ലാം കാണുന്നുണ്ട്).

ആ നിമിഷം മുതൽ ഇനി ഒന്നും നിഷേധിക്കാൻ കഴിയില്ലെന്ന് തങ്ങൾ തിരിച്ചറിഞ്ഞതായി ഇരുവരും പറഞ്ഞു. അവരുടെ പെരുമാറ്റത്തിലും പരസ്പരമുള്ള അടുപ്പത്തിലും നിന്നുതന്നെ സൽമാൻ പ്രണയം തിരിച്ചറിഞ്ഞിരുന്നു.

സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിലാണ് സോനാക്ഷിയും സഹീറും ആദ്യമായി അടുത്തിടപഴകാൻ തുടങ്ങിയത്. 2017 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളോളം ബന്ധം സ്വകാര്യമായി സൂക്ഷിച്ച ശേഷമാണ് 2024 ജൂൺ 23-ന് Special Marriage Act പ്രകാരം സിവിൽ വിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചത്.

പ്രൈം വീഡിയോയിലെ 'System' എന്ന ചിത്രത്തിലാണ് സോനാക്ഷി സിൻഹ ഒടുവിലായി അഭിനയിച്ചത്. ജ്യോതികയും അശുതോഷ് ഗോവാരിക്കറും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് പിന്നാലെ, ഹിറ്റ് ക്രൈം ത്രില്ലർ സീരീസായ 'Dahaad'-ന്റെ രണ്ടാം സീസണിലും സോനാക്ഷി എത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi