അൾജീരിയക്കെതിരായ അർജന്റീനയുടെ മത്സരത്തിൽ (Fifa World Cup 2026) ഗോളടിച്ചശേഷം സൂപ്പർതാരം മെസ്സി (Messi) വികാരാധീനനായിരുന്നു. മത്സരത്തിൽ ഹാട്രിക് നേടിയശേഷം ക്യാമറയെ നോക്കി, 'ഐ ലവ് യു ഡാഡ്' എന്ന് മെസ്സി പറയുന്നതും കാണാമായിരുന്നു. മെസ്സിയുടെ കണ്ണീരും ഈ വാക്കുകളും കേട്ട ആരാധകർ ഇതിനുപിന്നിലെ കാരണമന്വേഷിച്ച് രംഗത്തെത്തി.

മെസ്സിയുടെ പിതാവ് ജോർജ് മെസ്സി മരിച്ചുവെന്നും അതുകൊണ്ടാണ് മെസ്സി കണ്ണീരണിഞ്ഞതെന്നും ഒരു ചാനൽ വാർത്ത പുറത്തുവിടുകയും ചെയ്തു. എന്നാൽ, ഇത് വ്യാജവാർത്തയാണെന്ന് കുടുംബം തന്നെ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ആ വാർത്ത വായിച്ച അവതാരക രാജിവെക്കേണ്ടിയും വന്നു. ഒടുവിൽ മെസ്സി തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് ഫുട്‌ബോളുമായി ബന്ധപ്പെട്ട വിഷയമല്ലെന്നുമാണ് മെസ്സി പറഞ്ഞത്.

അതിനിടെ മെസ്സിയുടെ പിതാവ് ജോർജിന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതാണ് കാരണമെന്നും അഭ്യൂഹങ്ങളുണ്ടായി. ഇതിനെക്കുറിച്ച് മെസ്സി പിന്നീടൊന്നും പറഞ്ഞില്ലെങ്കിലും, പിതാവിന്റെ അസുഖം വല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. ഒരു സാധാരണ അച്ഛൻ-മകൻ ബന്ധമല്ല മെസ്സിയും ജോർജും തമ്മിലുള്ളത്. മെസ്സിയുടെ കരിയറും ജീവിതവും രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളായ ജോർജിന്റെയും സീലിയ കുച്ചിറ്റിനിയുടെയും പങ്ക് വളരെ വലുതാണ്.

എന്നാൽ അവരെ സംബന്ധിച്ചിടത്തോളം മെസ്സിക്ക് ലഭിക്കുന്ന അംഗീകാരങ്ങളേക്കാൾ അവർ വിലമതിച്ചത് താരത്തിന്റെ വ്യക്തിത്വത്തെയാണ്. ''ഞാൻ എപ്പോഴും പറയാറുള്ളത് ഒന്നുതന്നെയാണ്: ലിയോ എന്ന വ്യക്തിയാണ് എന്നെ അഭിമാനിയാക്കുന്നത്'', ഒരിക്കൽ ജോർജ് പറഞ്ഞതിങ്ങനെ. ''തീർച്ചയായും, ഫുട്‌ബോളിലെ അവന്റെ വിജയങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്; എന്നാൽ അവൻ ഒരു നല്ല മനുഷ്യനാണ് എന്നതിനാണ് ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിൽ ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്'', അദ്ദേഹം കൂട്ടിച്ചേർത്തു. നാലുമക്കളാണ് ജോർജിനും സീലിയയ്ക്കും.

മെസ്സി ബാഴ്‌സലോണയിൽ തന്റെ കരിയർ തുടങ്ങിയപ്പോൾ, ജോർജും സീലിയയും മറ്റു മക്കൾക്കൊപ്പം സ്‌പെയിനിലേക്ക് പോന്നു. പിന്നീട് സീലിയ മൂന്നുമക്കളെയും കൂട്ടി അർജന്റീനയിലേക്ക് തിരിച്ചുപോയി. മെസ്സിയാണെങ്കിൽ പിതാവിനൊപ്പം സ്‌പെയിനിലും. സീലിയ മടങ്ങിപ്പോയത് മെസ്സിയെ വിഷമിപ്പിച്ചു. താൻ പല രാത്രികളിലും ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നുവെന്ന് പിന്നീട് മെസ്സി പറഞ്ഞു.

''അതെന്നെ സംബന്ധിച്ചിടത്തോളം വളരെ കടുപ്പമേറിയതായിരുന്നു. കടുത്ത ദുഃഖവും ഹോംസിക്‌നെസ്സും അനുഭവിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും, ഇതെല്ലാം ഉപേക്ഷിച്ച് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല'', താരം വെളിപ്പെടുത്തി.

''ലിയോയ്ക്ക് അവന്റെ അമ്മയെ ആവശ്യമുണ്ട്. എനിക്ക് എന്റെ മകളെയും കാണണമായിരുന്നു. ആദ്യത്തെ മൂന്ന് വർഷങ്ങളിൽ, നാല് മാസത്തിലൊരിക്കൽ മാത്രമാണ് ലിയോയ്ക്ക് തന്റെ അമ്മയെ കാണാൻ കഴിഞ്ഞിരുന്നത്'', ജോർജ് ഒരിക്കൽ പറഞ്ഞു.

മാതാപിതാക്കളോടുള്ള സ്‌നേഹം എന്നും വളരെ വ്യത്യസ്തമായും വ്യക്തമായും പ്രകടിപ്പിക്കുന്നയാളാണ് മെസ്സി. ഒരിക്കൽ ഒരു മത്സരത്തിനിടെ തന്റെ ഇന്നർ ഷർട്ട് ഉയർത്തിയതിന് മെസ്സിക്ക് പിഴ ചുമത്തുകയും മഞ്ഞക്കാർഡ് നൽകുകയും ചെയ്തിരുന്നു. ക്യാമറകൾ അല്പനേരം കൊണ്ടുതന്നെ ആ ഷർട്ടിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്തു. ആ ഷർട്ടിൽ സ്വന്തം കൈപ്പടയിൽ ഇങ്ങനെ എഴുതിയിരുന്നു, 'Feliz cumple mami' (പിറന്നാളാശംസകൾ അമ്മേ).

മെസ്സിയുടെ ആദ്യകാല ഏജന്റും മാനേജറും ജോർജ് തന്നെയായിരുന്നു. മെസ്സിയുടെ ഫുട്‌ബോൾ യാത്രയ്ക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ. അർജന്റീനയിലെ പ്രാദേശികക്ലബിൽ പരിശീലനകനായിരുന്ന ജോർജിനുകീഴിലാണ് മെസ്സി ആദ്യം ഫുട്‌ബോൾ കളിച്ചുതുടങ്ങിയത്. ചെറുപ്പത്തിൽ മെസ്സിക്ക് ശരിയായ വളർച്ചയുണ്ടായിരുന്നില്ല. അത് പരിഹരിക്കാൻ വളരെ ചെലവേറിയ ഹോർമോൺ ചികിത്സ ആവശ്യമായി വന്നു.

ആദ്യമൊക്കെ ചികിത്സ ശരിയായി പോയെങ്കിലും കാലക്രമേണ കുടുംബത്തിന് ആ ചെലവ് താങ്ങാൻ കഴിയാതെ വന്നു. ഒടുവിൽ അതിനും ജോർജ് വഴികണ്ടു. മകനെയും കൂട്ടി സ്‌പെയിനിലേക്ക് പോയി, ബാഴ്‌സലോണ എഫ്‌സിയുമായി സംസാരിച്ചു. ഭാവിയിലെ സൂപ്പർതാരത്തിന്റെ ചികിത്സാച്ചെലവ് വഹിക്കാൻ അവരെക്കൊണ്ട് സമ്മതിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ എല്ലാ വിധത്തിലും മകന്റെ കരിയറിനെ പിന്തുണച്ചു ജോർജും സീലിയയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi