തമിഴക വെട്രി കഴകത്തിൻ്റെ (TVK) ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രവേശനത്തിന് തുടക്കം കുറിച്ചുകൊണ്ട്, പാർട്ടി സ്ഥാപകനും നടനുമായ വിജയ്, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതൊരു തലമുറയുടെ തിരഞ്ഞെടുപ്പാണെന്ന് വിജയ് പറഞ്ഞു. "എൻ്റെ ആഡംബര ജീവിതം ഉപേക്ഷിച്ച് ഞാൻ ഇവിടെ വന്നിരിക്കുന്നത് നിങ്ങൾക്കു വേണ്ടി മാത്രമാണ്... നിങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ. എൻ്റെ ഹൃദയത്തിലെ എല്ലാ വേദനകളും സഹിച്ചുകൊണ്ട് ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്കു വേണ്ടി മാത്രമാണ്. ഞാൻ നിങ്ങളെ കള്ളം പറഞ്ഞ് ചതിക്കില്ല. ചിലർ ഇത് നാല് പാർട്ടികൾ തമ്മിലുള്ള പോരാട്ടമാണെന്നും മറ്റു ചിലർ ഇത് 40 സീറ്റുകളുടെ മത്സരമാണെന്നും പറയുന്നു. ആര് എന്തു പറഞ്ഞാലും, ഈ തിരഞ്ഞെടുപ്പ് ടി.വി.കെയും ഡി.എം.കെയും തമ്മിലുള്ള പോരാട്ടമാണ്."

ഭരണകക്ഷിയെയും മുഖ്യമന്ത്രി സ്റ്റാലിനെയും (tamilnadu politics) അദ്ദേഹം പരിഹസിച്ചു. "ജനവിരുദ്ധ സർക്കാർ നയിക്കുന്ന സ്റ്റാലിൻ സാറിനെയാണോ, അതോ തൻ്റെ ജനങ്ങളെ സ്നേഹിക്കുന്ന വിജയിയെയാണോ നിങ്ങൾക്ക് വേണ്ടത് എന്ന് നിങ്ങൾ തീരുമാനിക്കുക. ഈ തിരഞ്ഞെടുപ്പ് അതിനെക്കുറിച്ചായിരിക്കും. അതുകൊണ്ട്, നിങ്ങളുടെ വിജയ്ക്ക്, നിങ്ങളുടെ സഹോദരന്, നിങ്ങളുടെ മകന്—ഒരവസരം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം കൈകൂപ്പി പറഞ്ഞു.

അധികാരത്തിലെത്തിയാൽ സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വിമുക്ത തമിഴ്‌നാട് സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും. എല്ലാ സർക്കാർ പരീക്ഷകളും കൃത്യസമയത്ത് നടത്തുമെന്നും ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമ ഹോൾഡർമാർക്ക് 2,000 രൂപയും സഹായമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിനിമയിൽ നിന്ന് വിരമിക്കാൻ വിജയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ജനുവരി 9-ന് തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിൻ്റെ അവസാന ചിത്രം 'ജനനായകൻ' സെൻസർഷിപ്പ് വിവാദത്തിൽപ്പെട്ട് റിലീസ് വൈകുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi