ബോക്സ് ഓഫീസിൽ തുടർച്ചയായ മൂന്ന് സൂപ്പർഹിറ്റുകളുമായി കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോകുകയാണ് മമിത ബൈജു. എന്നാൽ ഈ വിജയത്തിളക്കത്തിനിടയിലും പനിയും ശരീരവേദനയും മൂലം താരം ആശുപത്രിയിലായ വാർത്ത ആരാധകരിൽ ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

To advertise here,

ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ, നടി തമിഴ് സൂപ്പർസ്റ്റാർ വിജയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്. തമിഴകത്തെ ദളപതിക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും, എന്നാൽ ആ അവസരം ഇനി ലഭിക്കില്ലെന്ന് താൻ ഒരു ഘട്ടത്തിൽ ഭയന്നിരുന്നുവെന്നും പഴയൊരു അഭിമുഖത്തിൽ മമിത പറഞ്ഞിരുന്നു.

മുൻപ് 'സില്ലിമോങ്ക്സ് മോളിവുഡിന്' നൽകിയ അഭിമുഖത്തിലാണ് മമിത തന്റെ ആശങ്ക പങ്കുവെച്ചത്. സൂര്യ അഭിനയിച്ച  'വണങ്കാൻ' എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ച സമയത്തായിരുന്നു അത്. "വിജയ് സാറിന്റെ സിനിമയിൽ അഭിനയിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരു സൂപ്പർതാരത്തിന്റെ ചിത്രത്തിലേക്ക് എന്നെ തെരഞ്ഞെടുത്തപ്പോൾ, ഇനി വിജയ് സിനിമയിൽ ഒരു അവസരം ലഭിക്കില്ലെന്ന ചിന്തയാണ് ആദ്യം മനസ്സിലേക്ക് വന്നത്" മമിത പറഞ്ഞു.

ചെറുപ്പം മുതലേ താൻ വിജയ് ചിത്രങ്ങളുടെ ആരാധകയാണെന്നും തിയേറ്ററുകളിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണെന്നും താരം പറഞ്ഞു. 'ഗില്ലി' കണ്ടാണ് താൻ വിജയ് ഫാനായതെന്നും ഓർത്തെടുത്തു.

എന്നാൽ മമിതയുടെ ആ ഭയം പിന്നീട് വെറുതെയായി. എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തത് മമിതയായിരുന്നു.

പനിയെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മമിത തന്റെ പൊതുപരിപാടികളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ 'ക്ലൈഡ് മലയാളി അസോസിയേഷൻ' സംഘടിപ്പിച്ച ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന താരം ആരോഗ്യാവസ്ഥ മൂലം യാത്ര വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi